അന്ന് തട്ടില്‍ കണ്ട പാവടക്കാരി; മറക്കാതെ തിലകന്‍ മനസില്‍ സൂക്ഷിച്ച ആ ഡയലോഗ്..!
അച്ഛന്‍-അമ്മ വേഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം കടന്നു വരുന്ന രണ്ട് മുഖങ്ങളാണ് തിലകന്റേയും കവിയൂര്‍ പൊന്നമ്മയുടേയും. പലപ്പോഴും മോഹന്‍ലാലിന്റെ ഓണ്‍ സ്‌ക്രീന്‍ അച്ഛനും അമ്മയുമായാണ് ഇരുവരും എത്താറുള്ളത് എന്നത് കൗതുകകരമായ വസ്തുതയാണ്. മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത നിരവധി സിനിമാ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് ഇരുവരും.
കിരീടം ഉള്‍പ്പടെയുള്ള സിനിമകളില്‍ തനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് കവിയൂര്‍ പൊന്നമ്മയുടെ പിന്തുണ മൂലമാണെന്നാണ് ഒരിക്കല്‍ തിലകന്‍ പറഞ്ഞിട്ടുള്ളത്. സിനിമയിലെത്തുന്നതിനും ഒരുപാട് മുമ്പേയുള്ള ബന്ധമാണ് ഇരുവരും തമ്മില്‍. നാടകകാലത്ത് തുടങ്ങിയ ബന്ധം. പിന്നീട് സിനിമയിലും അവര്‍ ഒരുമിച്ചു. വര്‍ഷങ്ങളുടെ സൗഹൃദം നല്‍കുന്ന കംഫര്‍ട്ടായിരുന്നു അവരുടെ രംഗങ്ങളെ മനോഹരമാക്കിയത്.

ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മയെ ആദ്യമായി കണ്ടതിനെക്കുറിച്ചും അവരുമായുള്ള സൗഹൃദത്തെക്കുറിച്ചുമൊക്കെ തിലകന്‍ സംസാരിച്ചിരുന്നു. താന്‍ ആദ്യമായി കാണുമ്പോള്‍ ഹാഫ് സാരിക്കാരിയായിരുന്നു പൊന്നമ്മയൊന്നാണ് തിലകന്‍ ഓര്‍ക്കുന്നത്. അമൃത ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം കവിയൂര്‍ പൊന്നമ്മയെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ഞാന്‍ പൊന്നമ്മയെ ആദ്യമായി കണ്ടിട്ടുള്ളത് പെരിയാറില്‍ ആണ്. പിന്നെ കണ്ടിട്ടുള്ളത് സ്റ്റേജില്‍ ആണ്. മൂലധനം എന്ന നാടകത്തില്‍. അതില്‍ പൊന്നമ്മ അഭിനയിക്കുമ്പോള്‍ ഒരു പാവാടയും ബ്ലൗസും ഒരു ഹാഫ് സാരിയും ആണ്. വട്ട മുഖവും. അതിനു ശേഷം ഞാന്‍ കണ്ടത് അള്‍ത്താര എന്ന കാളിദാസ കലാകേന്ദ്രത്തിന്റെ നാടകത്തിലാണ്. അള്‍ത്താരയില്‍ പ്രധാന വേഷമായിരുന്നു പൊന്നമ്മക്ക്. അതിലെ പൊന്നമ്മയുടെ കഥാപാത്രം എന്റെ മനസിനെ സ്പര്‍ശിച്ചു. ആ കഥാപാത്രം ഇപ്പോഴും ഓര്‍മയുണ്ട്. പൊന്നമ്മയുടെ ഡയലോഗ് വരെ ഓര്‍മയുണ്ട്. പൊന്‍കുന്നം വര്‍ക്കി എഴുതിയ നാടകമാണത്. ഒന്നിനെയും ജ്വലിപ്പിക്കാന്‍ കഴിയാത്ത ഒരു കരിക്കട്ടയാണ് ഞാന്‍ എന്നായിരുന്നു ഡയലോഗ്.

സിനിമയിലെ എന്റെ സ്ഥിരം ഭാര്യ ആയിരുന്നു പൊന്നമ്മ. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം അഭിനയം ഒരു വോളിബാള്‍ കളിയാണ്. മറ്റേ കോര്‍ട്ടില്‍ നിന്ന് സര്‍വീസ് ചെയ്യുന്ന പന്ത്. സെന്റര്‍ എടുത്തു ലിഫ്റ്റര്‍ക്ക് കൊടുക്കണം. ലിഫ്റ്റര്‍ അത് കറക്ടായി ലിഫ്റ്റ് ചെയ്ത കൊടുത്താല്‍. മറ്റേയാള്‍ ചാടി സ്മാഷ് ചെയ്യും. അപ്പോള്‍ സ്‌കോര്‍ നേടും. എന്ന് പറഞ്ഞപോലെ കറക്ടായി ലിഫ്റ്റ് ചെയ്തു കിട്ടിയാലേ സഹ അഭിനേതാവിനു സ്മാഷ് ചെയ്യാന്‍ പറ്റൂ.. അങ്ങനെ കറക്ട് ആയി സ്മാഷ് ചെയ്യുന്ന ആളാണ് പൊന്നമ്മ. കിരീടത്തിലോ മറ്റു ചിത്രങ്ങളിലോ എനിക്ക് എന്തെകിലും ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അത് പൊന്നമ്മയുടെസഹായത്താലാണ്'' എന്നാണ് തിലകന്‍ പറയുന്നത്.
മലയാളത്തിലെ ജനപ്രീയ താരങ്ങളില്‍ ഒരാളാണ് കവിയൂര്‍ പൊന്നമ്മ. മലയാള സിനിമയുടെ തന്നെ അമ്മ എന്നാകും അവരെ വിശേഷിപ്പിക്കാനാവുക. കിരീടം ഉള്‍പ്പടെ മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത സിനിമാനുഭവങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് തിലകന്‍-കവിയൂര്‍ പൊന്നമ്മ കോമ്പോ.തിലകന് പിന്നാലെ കവിയൂർ പൊന്നമ്മയും യാത്രയായിരിക്കുകയാണ്. മറക്കുക എന്നത് മലയാളിയ്ക്ക് അസാധ്യമാക്കുന്ന നിരവധി നിമിഷങ്ങള്‍ ബാക്കി വച്ചു കൊണ്ട്.


Click it and Unblock the Notifications











