'ആ ഒരു കത്താണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്, നിമിത്തമായത് ടിജി രവി ചേട്ടനും'; ഉണ്ണി മുകുന്ദൻ പറഞ്ഞത്
മലയാള സിനിമയിലെ യുവനടന്മാരിലെ മിന്നും താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിലളിയനും ഫിറ്റ്നസ് ഐക്കണുമായെല്ലാം യുവാക്കളുടെ ഹൃദയം കീഴടക്കിയ ഉണ്ണി ഇപ്പോൾ കുടുംബ പ്രേക്ഷകരുടെയും ഇഷ്ടതാരമായി മാറിയിരിക്കുകയാണ്. അടുത്ത കാലത്തായി ഇറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രങ്ങൾ എല്ലാം കുടുംബ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടനെന്നതിനപ്പുറം നിർമ്മാതാവായും മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ഉണ്ണി മുകുന്ദന് സാധിച്ചു.
ഏകദേശം പത്ത് വർഷത്തിലേറെയായി മലയാള സിനിമയുടെ ഭാഗമാണ് ഉണ്ണി മുകുന്ദൻ. 2002 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ വെള്ളിത്തിരയിലേക്ക് എത്തുന്നത്. 2011 ലാണ് ചിത്രം റിലീസ് ചെയുന്നത്. അതേവർഷം തന്നെ ബോംബേ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയായിരുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് ആണ് തന്റെ സിനിമയിലേക്കുള്ള വരവിന് കാരണക്കാരൻ എന്ന് ഉണ്ണി മുകുന്ദൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് എഴുതിയ ഒരു കത്താണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നും അതിന് നിമിത്തമായത് നടൻ ടി.ജി രവി ആണെന്നും ഒരിക്കൽ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. ആ വാക്കുകൾ ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.
'എനിക്ക് പണ്ട് മുതലേ ആർട്ട്സനോടായിരുന്നു താൽപര്യം. സ്‌കൂളിൽ പഠിക്കുമ്പോൾ ലിറ്ററേച്ചർ താൽപര്യമുള്ള വിഷയങ്ങളിൽ ഒന്നായിരുന്നു. സിനിമയിലേക്ക് എത്തണമെന്ന ആഗ്രഹം വീട്ടിലൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവുണ്ടാകുന്നത് ലോഹിതദാസ് സാറിന് ഞാൻ ഒരു കത്തയച്ചപ്പോഴാണ്,' ഉണ്ണി മുകുന്ദൻ പറയുന്നു.
'അതിൽ വേറെയൊരു സംഭവവും ഉണ്ട്. മാളികപ്പുറം സിനിമയിൽ ടി.ജി രവി സാർ അഭിനയിച്ചിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. സിനിമ ഹിറ്റായെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹം എന്നെ വിളിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്ന് ഉറപ്പിച്ച ശേഷം അദ്ദേഹത്തെ തിരിച്ചു വിളിച്ചു. കരിയറിലെ ഏറ്റവും വലിയ വിജയമാണ് എന്നൊക്കെ പറഞ്ഞ് അദ്ദേഹം ഒരുപാട് നല്ല വാക്കുകൾ പറഞ്ഞു. ഞാൻ അത് പറയാനല്ല വിളിച്ചതെന്ന് അദ്ദേഹത്തോട് പറഞ്ഞു,'
'രവി ചേട്ടന് അറിയോ ഇല്ലയോ എന്നെനിക്ക് അറിയില്ല, പക്ഷെ രവിയേട്ടൻ കാരണമാണ് ഞാൻ സിനിമയിൽ എത്തിയത് എന്ന് പറഞ്ഞു. ഞാൻ ഇത് വേറെ എവിടെയും പറഞ്ഞിട്ടില്ല. അച്ഛനോട് ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോൾ അച്ഛൻ തൃശ്ശൂരിലെ അച്ഛന്റെ സുഹൃത്തുക്കളെയാണ് ആദ്യം വിളിച്ചത്. അതിൽ ഗംഗാധരൻ എന്നൊരു അങ്കിളിനെ വിളിച്ചപ്പോൾ തൃശ്ശൂരിലെ സിനിമാക്കാരെ ആരെയെങ്കിലും വിളിച്ചാൽ നല്ലതായിരിക്കും എന്ന് പറഞ്ഞു,'

'അങ്ങനെ ലോഹിതദാസ് സാറിന്റെ വിലാസം കിട്ടാൻ ഗംഗാധരൻ അങ്കിൾ വിളിച്ചത് ടി.ജി രവി ചേട്ടനെ ആയിരുന്നു. അവർ സുഹൃത്തുക്കൾ ആയിരുന്നു. ആർക്കാണ് എന്നൊന്നും പറഞ്ഞില്ല, പക്ഷെ അദ്ദേഹമാണ് ലോഹിസാറിന്റെ വീട്ടിലെ അഡ്രസ് തന്നത്. അങ്ങനെ ആ അഡ്രസിലേക്കാണ് ഞാൻ കത്തയച്ചത്. അവസാനം എന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമയിൽ ടി.ജി രവി ചേട്ടനും അഭിനയിച്ചു. അദ്ദേഹമാണ് അതിന് നിമിത്തമായത്,' ഉണ്ണി മുകുന്ദൻ പറഞ്ഞു.
'എന്റെ സിനിമയിലും ജീവിതത്തിലുമെല്ലാം ഇങ്ങനെ എന്നെ ഇഷ്ടപ്പെടുന്ന ഓരോരുത്തരുടെ സഹായം ഉണ്ടായിട്ടുണ്ട്. ഒരു സിനിമ 100 കോടി അടിക്കുക. അതിനപ്പുറം ആളുകൾ അത് കണ്ട് കണ്ണു നിറഞ്ഞ് അയ്യപ്പ എന്നൊക്കെ വിളിക്കുക. അതൊക്കെ വലിയ കാര്യമാണ്. സിനിമയുടെ റിലീസിന് മുന്നേ ഞാൻ പറഞ്ഞിരുന്നതാണ് അങ്ങനെ ഒരു ഇഷ്ടം നമ്മുക്ക് കിട്ടുമെന്ന്,' ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications