മോഹന്‍ലാലിന്റെ മുന്നിലിട്ട് അയാളെ തല്ലി; അതോടെ വേണു നാഗവള്ളിയ്ക്ക് സിനിമയില്ലാതായി: കെജി നായര്‍
മലയാള സിനിമയിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് വേണു നാഗവള്ളി. നടനായി മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അമ്പതോളം സിനിമകളില്‍ നായകനായും സഹനടനായുമെല്ലാം അഭിനയിച്ച അദ്ദേഹം സുഖമോ ദേവി, സര്‍വ്വകലാശാല, ലാല്‍ സലാം, ഏയ് ഓട്ടോ, ആയിരപ്പറ തുടങ്ങിയ ക്ലാസിക്കുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. കിലുക്കം പോലെ ഇന്നും മലയാളി ആസ്വദിച്ചു കാണുന്ന സിനിമ എഴുതുകയും ചെയ്തു.
അങ്ങനെ മലയാള സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ട പേരുകളിലൊന്നാണ് വേണു നാഗവള്ളി എന്നത്. പക്ഷെ ജീവിതത്തില്‍ വേണു നാഗവള്ളി പരാജയപ്പെട്ടുവെന്നാണ് ഒരിക്കല്‍ നിര്‍മ്മാതാവായ കെജി നായര്‍ പറഞ്ഞത്. അതിന് കാരണമായി കെജി നായര്‍ പറയുന്നത് വേണു നാഗവള്ളിയുടെ സ്വാഭാവമാണ്. ഒരിക്കല്‍ മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെജി നായര്‍ ആ സംഭവം പറയുന്നുണ്ട്.

നിര്‍മ്മാതാവ് കെആര്‍ജിയുടെ മകനെ വേണു നാഗവള്ളി ലൊക്കേഷനില്‍ വച്ച് മോഹന്‍ലാലടക്കമുള്ളവർക്ക് മുന്നില്‍ വച്ച് തല്ലിയെന്നും അതോടെയാണ് വേണു നാഗവള്ളിയ്ക്ക് സിനിമകള്‍ കുറഞ്ഞതെന്നുമാണ് കെജി നായര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
''ലാല്‍ സലാം, മോഹന്‍ലാലും മുരളിയുമൊക്കെ അഭിനയിച്ച സിനിമയാണ്. അതില്‍ കെ.വി തോമസ് മരിക്കുന്ന രംഗമാണ്. ആംബുലന്‍സ് വേണം. ആംബുലന്‍സ് സമയത്ത് വന്നില്ല. പ്രൊഡക്ഷന്‍ മാനേജരെ നോക്കിയപ്പോള്‍ ആരേയും കാണാനില്ല. ആ സമയത്താണ് കെആര്‍ജിയുടെ മകന്‍ കൂട്ടുകാരേയും കൊണ്ട് അവിടെ വന്നിറങ്ങുന്നത്. അവന്‍ കത്തി നില്‍ക്കുന്ന സമയമാണ്. ഇയാള്‍ ഒരൊറ്റ അടിയാണ് അവന്റെ കവാലക്കുറ്റിയ്ക്ക്. നീ ഇപ്പോഴാണോടാ കാര്യങ്ങള്‍ തിരക്കുന്നത്. നീ ഇതിന്റെ നിര്‍മ്മാതാവല്ലേടാ എന്ന് ചോദിച്ച്.'' കെജി നായര്‍ പറയുന്നു.
അങ്ങനെ ചെയ്യാന്‍ പാടുണ്ടോ. കെആര്‍ജി എന്നോട് ഓഫീസില്‍ വച്ച് പറഞ്ഞതാണ്, എന്റെ മോനെ തല്ലിയവനാണ് അവന്‍ സിനിമയില്‍ രക്ഷപ്പെടില്ല എന്ന്. അയാള്‍ എംജി ആറിനേയും ശിവാജിയേയും വച്ച് സിനിമയെടുത്തയാളാണ്. മോഹന്‍ലാലിനേയും മമ്മൂട്ടിയേയും വച്ച് സിനിമ ചെയ്തയാളാണ്. അത്രയും ശാപമുണ്ട് അയാള്‍ക്ക് എന്നും കെജി നായര്‍ പറയുന്നുണ്ട്.

അന്ന് അവിടെ നടന്ന സംഭവം സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായി മാറി.അതേസമയം, നേരത്തെ തന്നെ സംവിധായകനായി മാറിയാല്‍ വേണുവിന്റെ സ്വഭാവം മാറുമെന്ന് പല തവണ കെ.അര്‍.ജി തന്നോട് പറഞ്ഞിട്ടുള്ളതാണെന്നും കെജി നായർ പറയുന്നുണ്ട്. വേണുവാണ് സിനിമ ഡയറക്ട് ചെയ്യുന്നതെങ്കില്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞതാണ്. എന്നിട്ടും സിനിമ വേണുവിനെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് കെജി നായർ പറയുന്നത്. എന്തായാലും ആ സംഭവത്തോടെ വേണു നാഗവള്ളിയ്ക്ക് സിനിമ ലഭിക്കുന്നത് കുറഞ്ഞുവെന്നാണ് കെജി നായർ ഓർക്കുന്നത്.
1978 ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെയാണ് വേണു നാഗവള്ളി അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാള സിനിമയിലെ വിഷാദ നായകന്‍ ആയിരുന്നു ഒരുകാലത്ത് വേണു നാഗവള്ളി. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ സുഖേമോ ദേവിയാണ്. 2010 ലാണ് അദ്ദേഹം മരണപ്പെടുന്നത്. ഇന്നും മലയാളികള്‍ അദ്ദേഹത്തെ ഓർത്തിരിക്കുന്നുണ്ട്. വിഷാദ നായകനായിട്ടാണ് കയ്യടി നേടുന്നതെങ്കിലും തനിക്ക് തമാശയും വഴങ്ങുമെന്ന് ഏയ് ഓട്ടോ പോലുള്ള സിനിമകള്‍ സംവിധാനം ചെയ്തും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











