'ഇവിടെവരെ എത്തിച്ചത് ബോസിന്റെ വാക്കുകൾ; മരിക്കുമ്പോൾ ഇടാനായി വച്ചിരിക്കുന്ന പാട്ടാണ് അത്'; വിനായകൻ പറഞ്ഞത്
അഭിനയം കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച നടനാണ് വിനായകന്‍. ജയിലറിലൂടെ തമിഴകത്തും താരമായി മാറിയിരിക്കുകയാണ് നടനിപ്പോൾ. കൊച്ചിയിൽ ഫയർ ഡാൻസും മറ്റുമായി നടന്ന സാധാരണക്കാരനായ യുവാവാണ് ഇന്ന് തെന്നിന്ത്യ അറിയുന്ന വിനായകൻ എന്ന നടനായി മാറിയിരിക്കുന്നത്. 1995ൽ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മന്ത്രികത്തിൽ ചെറിയ വേഷം ചെയ്തു കൊണ്ടായിരുന്നു വിനായകന്റെ സിനിമാപ്രവേശം.
വീണ്ടും അന്നത്തിനായി ഡാൻസിന്റെ വഴിയേ പോയ വിനായകന് കുറച്ചു വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ഒന്നാമനിലേക്കും വിളിയെത്തി. അവിടെ നിന്നാണ് നടന്റെ യഥാർത്ഥ സിനിമ ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒരുപിടി സിനിമകളിൽ ചെറുവേഷങ്ങൾ ചെയ്ത് വിനായകൻ മലയാളികൾക്ക് സുപരിചിതനായി. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും തന്റെ കൈയ്ക്കുള്ളിൽ ഭദ്രമാണ് എന്ന് തെളിയിച്ചുകൊണ്ടായിരുന്നു വിനായകന്റെ വളർച്ച.

ആ യാത്രയാണ് ഇപ്പോൾ ജയിലറിൽ എത്തി നിൽക്കുന്നത്. ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിക്കുന്ന ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൊന്നാണ് ജയിലറില്‍ വിനായകന്റേത്. അതിന് ലഭിക്കുന്ന സ്വീകാര്യതയും മുൻപെങ്ങും ഇല്ലാത്ത വിധമാണ്. അതിനിടെ വിനായകൻ മുൻപൊരിക്കൽ റെഡ് എഫ്എമ്മിന് നൽകിയ ഒരു അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലയാള സിനിമയോ താനോ തന്നെ എക്‌സ്‌പ്ലോർ ചെയ്തിട്ടില്ല എന്നാണ് വിനായകൻ പറയുന്നത്. അതിന്റെ ഉത്തരവാദിത്തവും വിനായകൻ ഏറ്റെടുക്കുന്നു. കുറെ സിനിമകൾ ചെയ്തു പോകുക എന്നതല്ല എന്റെ ടാർഗറ്റ്. വേറെ സംഭവമാണ്, അതിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോൾ കാശിനു പ്രശ്‍നം വരും. അപ്പോൾ ഒരു പടം ചെയ്യുകയാണ് ചെയ്യുന്നതെന്ന് വിനായകൻ പറയുന്നു.
താൻ ഇന്നിവിടെ എത്താൻ കാരണം തന്റെയൊരു ബോസ് ആണെന്നും വിനായകൻ പറഞ്ഞിരുന്നു. മലയാളത്തിൽ കൊറിയോഗ്രാഫർ ആവാനായിരുന്നു ആഗ്രഹം, അത് നടന്നില്ല. ബോബൈയിൽ ഫിലിം ഫെയറിൽ ഡാൻസ് ചെയ്യാൻ ആഗ്രഹവുമായി പോയി. അതും നടന്നില്ല, എന്റെ ബോസ് സമ്മതിച്ചില്ല. പുള്ളി അന്ന് എന്നെ പറഞ്ഞു വിട്ടതുകൊണ്ടാണ് ഞാൻ ഇന്നിവിടെ ഇരിക്കുന്നത്. പത്തിരുപത് കൊല്ലം മുൻപ് പുള്ളി തന്ന പവർഫുൾ ആയ ഒരു വാക്കാണ് ജീവിതത്തിൽ സഹായിച്ചത്.
നീ പോയി അവസരം അന്വേഷിക്ക് നടക്കാതെ തിരിച്ചുവന്നാൽ 25,000 രൂപ ശമ്പളമുള്ള ഒരു ജോലി നിനക്ക് ഞാൻ തരാമെന്ന് അദ്ദേഹം പറഞ്ഞു. ആ ജോലി ഉണ്ടെന്ന ഉറപ്പിലാണ് ഇറങ്ങിയത്, അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ആ ബോസ് ഇന്ന് ജീവനോടെയില്ലെന്നും വിനായകൻ പറഞ്ഞു.
ഒരു സിനിമ കഴിഞ്ഞാൽ ഞാൻ ബ്രേക്ക് എടുക്കും. വെറുതെ ഇരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. യാത്രയൊക്കെ ഇഷ്ടമായിരുന്നു, യുഎസിൽ ഒക്കെ പോകുന്നത് എനിക്കിഷ്ടമാണ്. പക്ഷെ അതിന് വേണ്ടി കുളിച്ചൊരുങ്ങി, ഫ്ലൈറ്റ് ഒക്കെ കയറി പോകാൻ മടിയാണ്. വീടും അതുപോലെ ഞാൻ പോകുന്ന രണ്ടുമൂന്നു കംഫർട്ട് ആയ സ്ഥലങ്ങളും ഉണ്ട്, അവിടെ മാത്രമേ പോകാറുള്ളൂ. വേറെ എവിടെയും പോകാറില്ല.

വിനായകൻ എന്ന വ്യക്തിയെ ഏറ്റവും നന്നായി അറിയുന്ന സുഹൃത്ത് വിനായകൻ തന്നെയാണെന്നും നടൻ പറഞ്ഞു. അതിലും വലിയ ഒരു സുഹൃത്തും എനിക്കില്ല. ചെയ്ത കഥാപാത്രങ്ങളിൽ ഇഷ്ട കഥാപാത്രം എന്നൊന്നില്ല, എല്ലാ കഥാപാത്രങ്ങളും ഇഷ്ടമാണ്. ഒരെണ്ണം പറയാൻ പറഞ്ഞാൽ ഞാൻ പറയില്ല. എന്റെ രീതിയിൽ ഏറ്റവും തകർത്താണ് ഞാൻ എല്ലാം അഭിനയിക്കുന്നത്. ജനത്തിന് ഇഷ്ടമാവുമോ എന്നത് എനിക്ക് അറിയില്ല.
ഒരു വ്യക്തിയന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഡാൻസ് ചെയ്യാനാണ്. ഇഷ്ടം അല്ലാത്തത് എന്നെ തന്നെയും, എനിക്ക് എന്നെ ഇഷ്ടമില്ലാതെ ആകുന്നതാണ്. എന്റെ ടാർഗെറ്റിൽ ഉള്ള മറ്റൊന്ന് മ്യൂസിക് ആണ്. സിനിമ എനിക്ക് ജോലി മാത്രമാണ്, എനിക്ക് ഉണ്ടാക്കാനുള്ളത് മ്യൂസിക്കാണ്. എനിക്ക് ചിന്തിക്കാൻ പറ്റുന്ന മ്യൂസിക്കും ഡാൻസ് ചെയ്യാൻ പറ്റുന്ന മ്യൂസിക്കും ഉണ്ടാക്കണം. വാക്കുകൾ എന്ന് പറയുന്നതിന് ഞാൻ വലിയ വില കൊടുക്കുന്നില്ല. ഇത്രയും കാലം കൊണ്ട് ഞാൻ ചിട്ടപ്പെടുത്തി വച്ചിരിക്കുന്ന 56 പാട്ടുണ്ട്.
കമ്മട്ടിപ്പാടത്തിലെ 'പുഴു പുലികൾ' എന്ന പാട്ട് എടുക്കുമ്പോൾ എന്റെ കയ്യിലുള്ള കുറെ പാട്ടിൽ ഏതെങ്കിലും എടുത്തു പ്ലേസ് ചെയ്യാം എന്നാണ് വിചാരിച്ചത്. പക്ഷെ പുതിയ ക്രീയേഷൻ ക്രിയേറ്റ് ആയില്ലെങ്കിലോ എന്ന് കരുതി അതൊക്കെ മാറ്റി വച്ചു. എന്നിട്ട് പുതിയതായി ഒരു ഹമ്മിങ് ഉണ്ടാക്കിയതാണ്. ഞാൻ മരിക്കുമ്പോൾ ഇടാനായി വച്ചിരിക്കുന്ന പാട്ടാണ് ഇത്. ഞാൻ പാട്ട് പാടില്ല, പക്ഷെ കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളിൽ ഒന്ന് 'മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ' എന്ന പാട്ടാണെന്നും വിനായകൻ പറഞ്ഞു.


Click it and Unblock the Notifications