തിരക്കഥാകൃത്തിനെ മാറ്റണമാണെന്ന് ദിലീപ്, എങ്കിൽ ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന് ഞാൻ; വിനയൻ പറഞ്ഞത്
ഒട്ടനവധി പരീക്ഷണ ചിത്രങ്ങളെടുത്ത് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളാണ് അദ്ദേഹം. 90കളിൽ മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകൾ നൽകാൻ വിനയന് സാധിച്ചു. 2005 ൽ റിലീസ് ചെയ്ത അത്ഭുതദ്വീപ് പോലുള്ള വിനയന്റെ ഫാന്റസി സിനിമകൾക്ക് ഇന്നും ആരാധകരുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ വർഷം പത്തൊൻപതാം നൂറ്റാണ്ടിലൂടെ മറ്റൊരു ഹിറ്റ് കൂടി സ്വന്തമാക്കി സിനിമയിൽ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.
തന്റെ നിലപാടുകളുടെ പേരിൽ സിനിമയിൽ നിന്നും വിലക്കുകൾ നേരിടേണ്ടി വന്നിട്ടുള്ളയാളാണ് വിനയൻ. വിനയന്റെ കരിയറിനെ വലിയ രീതിയിൽ ബാധിച്ച ഒന്നായിരുന്നു ഈ വിലക്ക്. എന്നാൽ അതിലൊന്നും തളരാതെ ശക്തമായി മുന്നോട്ട് പോവുകയായിരുന്നു അദ്ദേഹം. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെയുള്ള വിലക്കിന് കാരണമായതെന്ന് വിനയൻ മുൻപ് പറഞ്ഞിട്ടുണ്ട്. ഒരുകാലത്ത് മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു ഇവരുടേത്.

കല്യാണ സൗഗന്ധികം, ഉല്ലാസ പൂങ്കാറ്റ്, അനുരാഗ കൊട്ടാരം, പ്രണയ നിലാവ്, വാർ ആൻഡ് ലവ് എന്നിങ്ങനെ ഒരുപിടി സിനിമകൾ ദിലീപ്-വിനയൻ കൂട്ടുക്കെട്ടിൽ ഒരുങ്ങി. അതിനിടെ ദിലീപിന്റെ പിടിവാശി കാരണം ഒരു സിനിമയിൽ നിന്നും ദിലീപിനെ വിനയൻ മാറ്റുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് പറയുന്ന വിനയന്റെ ഒരു പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
2002ൽ ജയസൂര്യയെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ഊമ പയ്യന് ഉരിയാടാ പയ്യനാണ് ആ ചിത്രം. ചിത്രത്തിൽ നായകനായി തീരുമാനിച്ചിരുന്നത് ദിലീപിനെ ആയിരുന്നു. നിർമാതാവ് അഡ്വാൻസ് തുക നൽകുകയും ചെയ്തു. എന്നാൽ തിരക്കഥാകൃത്തിനെ മാറ്റണമെന്ന് ദിലീപ് ആവാശയപ്പെട്ടതോടെ ദിലീപിനോട് മാറിക്കോളാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിനയൻ പറയുന്നു.
'എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു, സുഹൃത്ത് അല്ല, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഞാൻ അനുജനെ പോലെ കണ്ട ആളായിരുന്നു ദിലീപ്. അഞ്ചാറ് സിനിമകൾ ഞാൻ ദിലീപിനെ വെച്ച് ചെയ്തു. ഊമ പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമയ്ക്കായി നിർമാതാവ് പി കെ ആർ പിള്ള ദിലീപിന് അഡ്വാൻസ് നൽകിയിരുന്നു. എന്റെ സിനിമകൾ എന്ന് പറഞ്ഞാൽ നൂറ് ശതമാനം ചെയ്യുന്ന ആളായിരുന്നു ദിലീപ്. ഉമപ്പെണ്ണിന്റെ തിരക്കഥാകൃത്ത് മലയാള സിനിമയിലെ മുതിർന്ന തിരക്കഥാകൃത്തുകളിൽ ഒരാളായ കലൂർ ഡെന്നിസ് ചേട്ടനാണ്',

'ഡെന്നിസ് ചേട്ടനാണ് പി കെ ആർ പിള്ള സാറിന്റെ ഈ പ്രോജക്ട് കൊണ്ടുവരുന്നത്. അദ്ദേഹം എന്റെ കഥയ്ക്ക് തിരക്കഥ എഴുതാമെന്ന് പറഞ്ഞു. ഞാൻ അതിന് വാക്ക് കൊടുത്തു. അന്ന് ദിലീപിന്റെ ഇഷ്ടം എന്നൊരു സിനിമയൊക്കെ ഇറങ്ങി നിൽക്കുന്ന സമയമാണ്. അന്ന് ഈ സിനിമയുടെ റൈറ്ററുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ വന്നു. ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി. പഴയ സ്‌കൂൾ പുതിയ സ്‌കൂൾ എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചാണ്',
'ഞാൻ വാക്ക് കൊടുത്തു പോയതാണ് അദ്ദേഹമാണ് ഇതിന്റെ തിരക്കഥ എഴുതുന്നതെന്ന് ഞാൻ ദിലീപിനോട് പറഞ്ഞു. ദിലീപിന് അത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. രണ്ടു മൂന്ന് തവണ ദിലീപ് അഭ്യർത്ഥിച്ചപ്പോൾ ഞാൻ തന്നെയാണ് ദിലീപിനോട് പറഞ്ഞത് അങ്ങനെയൊരു ടെൻഷൻ ദിലീപിന് ഉണ്ടെങ്കിൽ ദിലീപ് ഈ സിനിമ ചെയ്യേണ്ടന്ന്. നമ്മുക്ക് മറ്റൊരു പ്രോജക്ട് ചെയ്യാമെന്ന്. എന്റെ വീട്ടിൽ വെച്ച് തന്നെയാണ് ഇത് പറഞ്ഞത്', വിനയൻ പറയുന്നു.


Click it and Unblock the Notifications