മമ്മൂക്കയെ അങ്ങനെ വിളിച്ചത് പൊല്ലാപ്പായി, അദ്ദേഹം ദേഷ്യപ്പെട്ടു; ഷൂട്ടിങ് വരെ നിർത്തിച്ചു: വിനോദ് കോവൂർ
എം80 മൂസയിലെ മൂസാക്കായിയായും മറിമായത്തിലെ മൊയ്ദുവായും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് വിനോദ് കോവൂർ. നാടക രംഗത്തു നിന്നാണ് വിനോദ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. എം80 മൂസയിലൂടെ ആയിരുന്നു അരങ്ങേറ്റം. മലബാർ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന വിനോദിനെ മൂസയായി പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. പിന്നാലെ എത്തിയ മറിമായത്തിലൂടെ നടന്റെ ജനപ്രീതി കൂടുതൽ വർധിച്ചു.
കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി കലാരംഗത്ത് സജീവമായ വിനോദ് കോവൂര്‍ നിരവധി സിനിമകളിലും തിളങ്ങിയിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഒപ്പമെല്ലാം അഭിനയിക്കാനായി. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മള്‍ പങ്കുവെക്കുന്ന വിനോദ് കോവൂരിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്.

എടോ എന്ന് വിളിച്ചതിന് മമ്മൂട്ടി ദേഷ്യപ്പെട്ടതും ഷൂട്ടിംഗ് നിര്‍ത്തി വച്ചതിനെ കുറിച്ചുമാണ് വിനോദ് കോവൂര്‍ പറയുന്നത്. ഒരിക്കൽ മാസ്റ്റര്‍ ബിൻ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം വിനോദ് കോവൂര്‍ പങ്കുവച്ചത്. അതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മമ്മൂട്ടി, ആശാ ശരത് എന്നിവരെ പ്രധാന കഥാപാതങ്ങളാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത വര്‍ഷം എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം.
'സിനിമയിൽ ഞാൻ മമ്മൂക്കയെ ഞാന്‍ എടാ എന്ന് വിളിക്കുന്നൊരു രംഗമുണ്ട്. പക്ഷെ എനിക്ക് അങ്ങനെ വിളിക്കാന്‍ തോന്നുന്നില്ല. നമ്മൾ ഒരുപാട് ബഹുമാനിക്കുന്നൊരു നടനെ എങ്ങനെയാണ് എടാ എന്ന് വിളിക്കുക. ഞാൻ സംവിധായകനോട് ചോദിച്ചു. കഥാപാത്രമല്ലേ വിനോദേ പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. അങ്ങനെ ഞാൻ വിളിച്ചു. എന്നാൽ അത് വിളിച്ചതിന്റെ പേരില്‍ ഒരുപാട് പൊല്ലാപ്പുണ്ടായി. മമ്മൂക്ക പിണങ്ങി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു', വിനോദ് കോവൂർ പറയുന്നു.
'അതിൽ ഞാന്‍ മമ്മൂക്കയുടെ കൈയില്‍ കയറി പിടിക്കുന്ന രംഗമുണ്ട്. പക്ഷെ മമ്മൂക്ക കൈ തന്നില്ല. എന്താ വിനോദേ കൈ പിടിക്കാത്തത് എന്ന് സംവിധായകന്‍ ചോദിച്ചു. മമ്മൂക്ക കൈ തന്നില്ലെന്ന് ഞാന്‍ പറഞ്ഞു. എന്താ മമ്മൂക്ക കൈ കൊടുക്കാത്തത് എന്ന് സംവിധായകന്‍ അദ്ദേഹത്തോട് ചോദിച്ചു. അവന് ഞാൻ കൈ കൊടുക്കില്ല. അവന്‍ എന്നെ എടോ പോടോ എന്ന് വിളിച്ചത് കേട്ടില്ലേയെന്ന് മമ്മൂക്ക പറഞ്ഞു',
ഭയങ്കര സീരിയസായി. കുറച്ച് നേരത്തേക്ക് ഷൂട്ടിംഗ് നിര്‍ത്തിവച്ചു. ഇതോടെ, ഞാനും സംവിധായകനും സോറി പറഞ്ഞു. ക്യാമറാമാന്‍ ഇറങ്ങി വന്നു. കുറച്ചു നേരത്തേക്ക് അവിടെ ആകെ മൊത്തം പ്രശ്‌നമായി. മമ്മൂക്ക അങ്ങനെ നില്‍ക്കുകയാണ്, ഒന്നും കേള്‍ക്കുന്നില്ല. അവസാനം ഞാന്‍ പറഞ്ഞു, മമ്മൂക്ക ഞാനല്ല വിളിച്ചത് എന്റെ കഥാപാത്രമാണെന്ന്. ഓ അതാണല്ലേ കാര്യം എന്നാല്‍ കൈ പിടിച്ചോ എന്ന് പറഞ്ഞ് മമ്മൂക്ക കൈ തന്നു',

മൂപ്പരൊരു നമ്പര്‍ ഇറക്കിയതായിരുന്നു. പക്ഷെ കുറച്ച് നേരത്തേക്ക് ഞാന്‍ മാത്രമല്ല, എല്ലാവരും പേടിച്ചു പോയി. ഷൂട്ട് വരെ നിർത്തി വച്ചു. സംവിധായകന്‍ അറിഞ്ഞുകൊണ്ട് കളിച്ച കളിയാണ്. ഡയറക്ടർ എന്റെ മുന്നിൽ അഭിനയിച്ചു. പക്ഷെ ബാക്കിയെല്ലാവരും ഞെട്ടിപ്പോയി', വിനോദ് പറഞ്ഞു.
മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ വർഷത്തിൽ അഭിനയിച്ച ശേഷം പടച്ചോൻ എന്നാണ് മമ്മൂട്ടിയുടെ പേര് സേവ് ചെയ്തിരിക്കുന്നതെന്ന് വിനോദ് കോവൂർ പറഞ്ഞിരുന്നു. മമ്മൂക്കയുടെ കൂടെ അഭിനയിച്ച വർഷം എന്ന സിനിമയിൽ അസ്ലം എന്ന എന്റെ കഥാപാത്രം മമ്മൂക്കയോട് സംസാരിക്കുന്ന ഒരു ഡയലോഗുണ്ട്. നീങ്ങളെന്റെ പടച്ചോനാണെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാന്‍ എന്റെ ഫോണില്‍ മമ്മൂക്കയുടെ പേര് ടൈപ്പ് ചെയ്ത് വെച്ചേക്കുന്നത് പടച്ചോന്‍ എന്നാണ്. അത്രയും വലിയ ഇഷ്ടമാണ് മമ്മൂക്കയോട്. ഇഷ്ടം മാത്രമല്ല ആരാധനയാണ്, ബഹുമാനമാണെന്നാണ് വിനോദ് കോവൂർ പറഞ്ഞത്.


Click it and Unblock the Notifications