ആ രണ്ടു കടങ്ങളും ജീവിതത്തിലെ വലിയ കടപ്പാടുകളാണ്! ഒന്നും പ്രതീക്ഷിക്കാതെ സഹായിച്ചവർ; യേശുദാസ് പറഞ്ഞത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ഗാനഗന്ധർവൻ യേശുദാസ്. കാലത്തെ അതിജീവിച്ച സ്വരമാധുരികൊണ്ട് ഇന്ത്യയൊട്ടാകെയുള്ള സംഗീതാസ്വാദകരെ ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി സംഗീത ലോകത്ത് നിറഞ്ഞുനിൽക്കുന്ന യേശുദാസ് 50,000 ത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രായം 80 കടന്നെങ്കിലും ആ സ്വരമാധുര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ല.
ആരെയും മോഹിപ്പിക്കുന്ന കരിയറാണ് യേശുദാസിന്റേത്. മറ്റാർക്കും ഒപ്പം എത്താനാകാത്ത ഒന്ന്. എന്നാൽ ആ യാത്രയുടെ തുടക്കം യേശുദാസിനെ സംബന്ധിച്ച് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല. മുൻപൊരിക്കൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ യേശുദാസ് തന്റെ തുടക്കകാലത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ആ അഭിമുഖം വീണ്ടും ശ്രദ്ധനേടുകയാണ്. പണമില്ലാതെ മറ്റുള്ളവരുടെ സഹായത്താൽ ചെന്നൈയിൽ ആദ്യമായി പാടാൻ പോയതിനെ കുറിച്ച് മറ്റുമാണ് അദ്ദേഹം മനസുതുറന്നത്.

"കഷ്ടപ്പെട്ടും പട്ടിണി കിടന്നുമൊക്കെയായിരുന്നു പഠനം. അപ്പച്ചന് (അഗസ്റ്റിൻ ജോസഫ്) വളരെ അടുപ്പമുള്ളവർ സിനിമയിലുണ്ടായിരുന്നെങ്കിലും ഒരിക്കലും എനിക്കു വേണ്ടി ശുപാർശ ചെയ്തിട്ടില്ല. ആദ്യ പാട്ടു പാടാനായി ഞാൻ മദ്രാസിലേക്കു പോകാനൊരുങ്ങുമ്പോൾ അദ്ദേഹം സുഖമില്ലാതെ കിടപ്പിലായിരുന്നു. ടിക്കറ്റ് എടുക്കാൻ പോലും പണമില്ലാതെയാണു ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. ഫോർട്ട് കൊച്ചിയിലെ കൂട്ടുകാരനായ തങ്ങളാണ് എല്ലാറ്റിനും തുണയായി ഉണ്ടായിരുന്നത്.
തങ്ങളുടെ ബാപ്പ തയ്കാവ് തങ്ങളും എന്റെ അപ്പച്ചനും അടുത്ത കൂട്ടുകാരായിരുന്നു. പള്ളുരുത്തിയിലെ ടാക്സി ഡ്രൈവർ മത്തായിയുടെ കാറുമായി വന്നാണ് തങ്ങൾ എന്നെ വില്ലിങ്ഡൺ ഐലൻഡിലെ റെയിൽവേ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയത്. കയ്യിൽ ഒരു കാശുമില്ലാത്ത കാര്യം കാറിലിരുന്നു തങ്ങളോടു പറഞ്ഞു സങ്കടപ്പെടുമ്പോൾ എന്താ പിറുപിറുക്കുന്നതെന്നായി മത്തായിച്ചേട്ടൻ. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ എനിക്ക് അദ്ദേഹം പോക്കറ്റിൽനിന്ന് 16 രൂപ ഒരു മടിയും കൂടാതെ എടുത്തു തന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം അതു തന്നത്.
11 രൂപയായിരുന്നു ടിക്കറ്റിനെന്നാണ് ഓർമ. എന്തെങ്കിലും കഴിച്ചോയെന്നു പോലും ഓർമയില്ല. മനസ്സിൽ നിറയെ പാടാൻ പോകുന്ന പാട്ടായിരുന്നു. ലോക്കൽ കംപാർട്മെന്റിൽ ചടഞ്ഞുകൂടി മദ്രാസ് വരെ ഒറ്റയ്ക്കുള്ള യാത്ര എന്നെ അവശനാക്കിയിരുന്നു. മൈലാപ്പൂരിൽ ഒരു അമ്മാവന്റെ വീട്ടിലായിരുന്നു താമസം. അവിടെയെത്തിയ ഉടൻ പനി പിടിപെട്ടതോടെ തീരുമാനിച്ചിരുന്ന ദിവസം പാടാൻ പോകാനായില്ല.
കാണുമ്പോൾ ഞാനൊരു കാരിരുമ്പ്... എന്നൊരു പാട്ടാണ് എനിക്കായി നിശ്ചയിച്ചിരുന്നത്. ആ അവസരം നഷ്ടപ്പെട്ടതോടെ പിന്നെ അലച്ചിലിന്റെ ദിവസങ്ങൾ. ഒടുവിൽ എന്നെ വെറുതെ മടക്കി അയയ്ക്കുന്നതിൽ സങ്കടം തോന്നിയ സംഗീത സംവിധായകൻ എം.ബി.ശ്രീനിവാസൻ സർ ദയ തോന്നിയാണു നാലുവരി പാടിച്ചത്", യേശുദാസ് ഓർമിച്ചു.

അപ്പച്ചൻ മരിച്ച സമയത്ത് ആശുപത്രിയിൽനിന്നു മൃതദേഹം വിട്ടുകിട്ടാൻ ബിൽ അടയ്ക്കാനായി പണമില്ലാതെ ഓടിയപ്പോൾ 800 രൂപ തന്നു സഹായിച്ചതു പി.ഭാസ്കരൻ മാഷാണെന്നും അദ്ദേഹം ഓർത്തു. മത്തായി 16 രൂപ തന്ന പോലെ ഒന്നും തിരികെ പ്രതീക്ഷിക്കാതെയാണ് മാഷും ആ പണം തന്നത്. ആ രണ്ടു കടങ്ങളും ജീവിതത്തിലെ വലിയ കടപ്പാടുകളാണ്.
അപ്പച്ചന്റെ അനുഭവം പ്രതിഫലം കൃത്യമായി വാങ്ങണമെന്ന് തന്നെ പഠിപ്പിക്കുന്നതായിരുന്നുവെന്നും യേശുദാസ് പറഞ്ഞു. സമ്പാദിച്ചതൊന്നും അനാവശ്യമായി ചെലവഴിച്ചില്ല. പ്രതിഫലം വാങ്ങാതെ സ്ഥിരമായി പാടുന്ന സംഗീത വേദികളുമുണ്ട്. പാടുമ്പോൾ മനഃസംതൃപ്തിയാണു പ്രധാനമെന്നും യേശുദാസ് അഭിമുഖത്തിൽ പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ചു കാലമായി പഴയതുപോലെ അത്ര സജീവമല്ല യേശുദാസ്. അമേരിക്കയിൽ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം.


Click it and Unblock the Notifications