സിനിമാ മേഖലയുമായി ബന്ധമില്ല, മലയാളിയുമല്ല; ആരാണ് അമല പോളിന്റെ കാമുകൻ ജഗത് ദേശായി? അറിയാം
തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് നടി അമല പോൾ. ഇന്നലെയാണ് അമല തന്റെ 32-ാം ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ദിനത്തിൽ താരത്തെ കാത്തിരുന്നത് വലിയൊരു സർപ്രൈസായിരുന്നു. സുഹൃത്ത് ജഗത് ദേശായിയുടെ വിവാഹാഭ്യർത്ഥനയായിരുന്നു അത്. സുഹൃത്തിന്റെ അഭ്യർത്ഥന അമല സ്വീകരിച്ചതോടെ ആ വിവാഹം കാണാനുള്ള കാത്തിരിപ്പും ആരംഭിച്ചിരിക്കുകയാണ് ആരാധകർ.
അമലയെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് ജഗതാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജഗതിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർത്ഥന നടത്തുകയായിരുന്നു. അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗതിന് സ്നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ട്.

'മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു' എന്നായിരുന്നു ജഗത് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു. വീഡിയോയും അമലയുടെ വിവാഹവാർത്തയും വൈറലായതോടെ ആരാണ് ജഗത് ദേശായി എന്നറിയാനുള്ള ആകാംക്ഷയാണ് പലർക്കും. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
അമല പോളിന്റെ പ്രതിശുത വരൻ ജഗത് ദേശായി ഗുജറാത്ത് സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന സൂറത്ത് ആണ് സ്ഥലം. ജീവിതത്തിലെ തുടക്കകാലം മുഴുവനും ജഗത് ഗുജറാത്തിലാണ് ചെലവിട്ടത്. എന്നാലിപ്പോൾ ഗോവയിലാണ് ജഗതിന്റെ താമസം.
സിനിമയുമായോ വിനോദമേഖലയുമായോ യാതൊരു ബന്ധവുമില്ലാത്ത ആളാണ് ജഗത് എന്നാണ് പുറത്തുവരുന്ന വിവരം. ടൂറിസം - ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുന്നു. ജോലിയുടെ ഭാഗമായാണ് ജഗത് ഗോവയിലേക്ക് താമസം മാറ്റിയിരിക്കുന്നത്.
യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണ് ജഗത്. അത് തന്നെയാകാം അമലയെയും ജഗത്തിനെയും ഒന്നിപ്പിച്ചത് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിരന്തരം യാത്രകൾ നടത്തുന്നയാളാണ് അമല പോൾ. അങ്ങനെ ഏതെങ്കിലും യാത്രകളിലാകും ഇവർ കണ്ടുമുട്ടിയതെന്ന് കരുതാം. അതേസമയം ഫിറ്റ്നെസ്സിന് ജീവിതത്തിൽ വലിയ പ്രാധാന്യം നൽകുന്നയാളാണ് ജഗത്. അത് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്‌തമാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നതിലും കമ്പമുള്ള ജഗത് അമലയുടെ ജീവിതചര്യകളുമായി ചേരുന്നയാൾ കൂടിയാണ്.

യാത്രകൾ ഇഷ്‌ടപ്പെടുന്നത് പോലെ നല്ലൊരു മൃഗസ്നേഹിയുമാണ് ജഗത്. ഇക്കാര്യത്തിലും അമലയുമായി ജഗത്തിന് സമാനതകൾ ഏറെയാണ്. വളർത്തു നായകളോടൊക്കെ വളരെയധികം സ്നേഹമുള്ള ആളാണ് ജഗത്. നിരന്തരം പാർട്ടിയും മറ്റുമായി നടക്കുന്ന ആൾ കൂടെയാണ്. അതേസമയം ഇരുവരും ഒന്നാകുന്നത് കാണനായി കാത്തിരിക്കുയാണ് ആരാധകർ. വിവാഹത്തീയതി മറ്റും അമലയും ജഗത്തും ചേർന്ന് ഉടനെ പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.
അതേസമയം അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ൽ സംവിധായകൻ എ.എൽ. വിജയുമായാണ് അമലയുടെ ആദ്യ വിവാഹം. നാല് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം, 2017ൽ ഇവർ വിവാഹമോചിതരായി. അമലയുമായി പിരിഞ്ഞശേഷം വിജയ് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. ഒരു മകളുമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് സംവിധായകൻ.
വിവാഹമോചനത്തിന് ശേഷം കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോവുകയായിരുന്നു അമല. ഭോല ആണ് അമലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അമലയുടെ ഹിന്ദി അരങ്ങേറ്റമായിരുന്നു ഇത്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കുന്ന ആടുജീവിതം, ധ്വിജ എന്നിങ്ങനെ വമ്പൻ സിനിമകളാണ് അമല പോളിന്റേതായി അണിയറയിൽ ഉള്ളത്. അതിനിടയിലാണ് നടി വിവാഹിതയാകാനും ഒരുങ്ങുന്നത്.


Click it and Unblock the Notifications