ആരാണെന്നോ എന്താണെന്നോ വിശദീകരിക്കാന്‍ വയ്യ; മമ്മൂട്ടിയ്ക്ക് ആരാണ് എംടി? മമ്മൂട്ടി പറയുന്നു
എഴുത്തിന്റെ പെരുന്തച്ചന്‍ എംടി വാസുദേവന്‍ നായര്‍ നായര്‍ വിട പറഞ്ഞിരിക്കുകയാണ്. എംടി യാത്രയുകുമ്പോള്‍ നാഥനില്ലാതാകുന്നത് മലയാള സാഹിത്യത്തിന് മാത്രമല്ല മലയാള സിനിമയ്ക്ക് കൂടിയാണ്. സംവിധായകനായും തിരക്കഥാകൃത്തായുമെല്ലാം മലയാള സിനിമയുടെ കാരണവര്‍ സ്ഥാനത്ത് എംടിയുണ്ടായിരുന്നു. കണ്ട് ശീലിച്ച സിനിമാ സങ്കല്‍പ്പങ്ങളെയല്ലാം പൊളിച്ചെഴുതിയ എംടി സിനിമയിലൊരു വിപ്ലവം തന്നെയായിരുന്നു.
എംടിയുടെ തിരക്കഥകള്‍ മമ്മൂട്ടി എന്ന താരത്തിന്റെ കരിയറിലുണ്ടാക്കിയ സ്വാധീനം സമാനതകളില്ലാത്തതായിരുന്നു. ഒരിക്കല്‍ താനും എംടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചിരുന്നു. കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സംസാരിച്ചത്. എം ടി വാസുദേവന്‍ നായര്‍ ആരാണ് മമ്മൂട്ടിക്ക്? എന്ന ചോദ്യത്തിനാണ് മമ്മൂട്ടി മറുപടി നല്‍കിയത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''ആരാണെന്നോ എന്താണൊന്നോ ഒന്നും വിശദീകരിക്കാന്‍ കഴിയാത്ത ഒരു ആത്മബന്ധം എനിക്ക് അദ്ദേഹത്തോട് തോന്നുന്നുണ്ട് അദ്ദേഹത്തോട്. വളരെ കാലങ്ങള്‍ക്കു മുന്‍പേ എനിക്ക് അദ്ദേഹത്തെ അറിയാം. ഞാന്‍ എം ടിയുടെ കഥാപാത്രങ്ങളായി പ്രായം കുറഞ്ഞ കാലത്തും ആ പ്രായമുള്ള കഥാപാത്രങ്ങളായി മനസില്‍ സ്വയം സങ്കല്പിക്കുകയും ആ സംഭാഷണ ശകലങ്ങള്‍ സ്വയം ഉരുവിടുകയും ചെയ്തു ശീലിച്ചിട്ടുണ്ട്. എന്തോ ഒരു കാര്യം അദ്ദേഹത്തോട് ഞാന്‍ സംസാരിച്ചപ്പോള്‍ എന്താണ് പേരെന്ന് ചോദിച്ചു അദ്ദേഹം. ഞാന്‍ പറഞ്ഞു മമ്മൂട്ടി എന്ന്. അന്ന് അങ്ങനെ പോയി.
പിന്നീടാണ് ഇരുനിലംകോട് എന്ന സിനിമ വരുന്നത്. പിന്നെ എന്റെ കൂടെ ഉണ്ടായിരുന്ന എസ് രമേശന്‍ എന്റെ സീനിയര്‍ ആയി പഠിച്ച ആള്‍...അന്ന് ഈ സംഘാടകരില്‍ ഒരാള്‍ ആണ്..അപ്പോള്‍ എന്റെ സിനിമ ഭ്രമം പുള്ളിക്ക് അറിയാം. അങ്ങനെ അദ്ദേഹത്തോട് സൂചിപ്പിച്ചു പുള്ളി. അങ്ങനെയാണ് ദേവലോകത്തേക്ക് വിളിക്കുന്നത്. അന്ന് മുതിര്‍ന്നവരെ ബഹുമാനിക്കണം എന്ന കാര്യം സീരിയസം ആയിട്ട് എടുത്തിട്ടില്ല..എടുത്തിട്ടില്ല എന്നല്ല..അന്ന് തൊട്ടേ ഈ നിഷേധിത്തരം ഉണ്ടല്ലോ നമുക്ക്. ഞാനന്ന് അദ്ദേഹത്തിന്റെ വേലി പൊളിച്ച് അകത്തേക്ക് കയറി അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കുന്നത്. ആ വേലിക്കുള്ളില്‍ ആളാണ് ഞാന്‍ ഇപ്പോഴും. എന്നെ അതിനകത്തു നിന്നും അദ്ദേഹം ഇപ്പോഴും പുറത്താക്കിയിട്ടില്ല''.
എം ടി വാസുദേവന്‍ നായരുടെ മനസ്സില്‍ അടുത്ത സിനിമയുണ്ടോ എന്ന് ഏറ്റവും കൗതുകത്തോടെ നോക്കിയിരിക്കുന്ന ആള്‍ മമ്മൂട്ടി അല്ലെ? എന്ന ചോദ്യത്തിനും മമ്മൂട്ടി അഭിമുഖത്തില്‍ മറുപടി പറയുന്നുണ്ട്. അത് ഇങ്ങനെയാണ്.

''അതെ. എനിക്ക് ഏറ്റവും അഭിമാനം തോന്നുന്ന ഒരു സന്തോഷകരമായ ഒരു കാര്യമുണ്ട്. എന്നോട് പുള്ളി പറഞ്ഞത്..ഞാന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതുമ്പോള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ സംഭാഷണങ്ങള്‍ കേള്‍ക്കാം എന്ന്. അത് വലിയ കോംപ്ലിമെന്റ് ആണ്. എല്ലാത്തിനും ഞാന്‍ ഉണ്ടാകും എന്ന് പറയുന്ന ഗുരുതുല്യനാണ് അദ്ദേഹം. ഞാന്‍ സിനിമയില്‍ വന്നതിനു ശേഷം എം ടിയുടെ ഏറ്റവും കൂടുതല്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ആള്‍ ഞാന്‍ ആണെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ അത്രത്തോളം എനിക്ക് ഈ സംഭാഷണ രീതിയോടും രചന ശൈലിയോടും അദ്ദേഹത്തിനെ കഥാപാത്ര സൃഷ്ടിയോടുള്ള അടുപ്പവും പരിചയവും ഉള്ളതുകൊണ്ടായിരിക്കണം അങ്ങനെ തോന്നുന്നത്.''


Click it and Unblock the Notifications











