150 കോടി സ്വന്തമാക്കിയത് 16 സിനിമകള്‍! മലയാള സിനിമയുടെ അവസ്ഥ എന്താണ്? എല്ലാം തലൈവര്‍ക്ക് സ്വന്തം
ബിഗ് ബജറ്റ് ചിത്രങ്ങളുമായി ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മുതല്‍ മുടക്ക് കൂടുതലാണെന്നത് മാത്രമല്ല ഈ സിനിമകള്‍ ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുന്നതാണ് ശ്രദ്ധേയം. മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനായിരുന്നു ആദ്യ നൂറ് കോടി കൊണ്ടു വന്നത്. പിന്നാലെ നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയും ഈ നേട്ടത്തിലെത്തി.
പുലിമുരുകുന്‍ 150 കോടി കളക്ഷൻ നേടി എന്നാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ട കണക്കുകളിൽ പറഞ്ഞിരുന്നത്. അങ്ങനെ എങ്കിൽ തെന്നിന്ത്യന്‍ സിനിമയുടെ കണക്കുകളെടുത്താല്‍ പതിനാറോളം സിനിമകളാണ് ഇതുവരെ 150 കോടിയ്ക്ക് മുകളില്‍ സ്വന്തമാക്കിയിരിക്കുന്നത്. അതില്‍ കൂടുതലും സ്‌റ്റൈല്‍ മന്നനും തലൈവരുമായ രജനികാന്തിന്റെയാണെന്നുള്ളതാണ് ശ്രദ്ധേയം. മലയാളത്തിന് നേടാന്‍ കഴിയാതെ പോയ നേട്ടങ്ങള്‍ സ്വന്തമാക്കിയ പതിനാറ് ചിത്രങ്ങള്‍ ഇവയാണ്.

ശിവാജി
തെന്നിന്ത്യയില്‍ നിന്നും ആദ്യ 150 കോടി നേടിയ സിനിമ എന്ന റെക്കോര്‍ഡ് രജനികാന്തിന്റെ ശിവാജിയ്ക്കാണ്. 2007 ജൂണില്‍ എസ് ശങ്കറിന്റെ സംവിധാനത്തില്‍ പിറന്ന ശിവാജി ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ സിനിമയെന്ന ഖ്യാതിയോടെയാണ് റിലീസ് ചെയ്ത്. 70 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമ റിലീസിനെത്തി ആദ്യ മൂന്ന് ആഴ്ചക്കുള്ളില്‍ ബോക്‌സോഫീസില്‍ നിന്നും 100 കോടി സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ 150 കോടിയെന്നത് അനായാസമായി മറികടക്കുകയായിരുന്നു.

യന്തിരന്‍
വീണ്ടുമൊരു രജനികാന്ത് ചിത്രത്തിന് തന്നെയാണ് ആ നേട്ടം വീണ്ടുമുണ്ടായത്. രജനികാന്തിനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ ചിത്രം യന്തിരന്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ സിനിമകളില്‍ ഒന്നായിരുന്നു. രജനികാന്ത് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ റോബര്‍ട്ടുകളുമായി പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ശിവാജിയ്ക്ക് ശേഷം എസ് ശങ്കര്‍, രജനികാന്ത് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ വീണ്ടുമൊരു സൂപ്പര്‍ ഹിറ്റായിരുന്നു ലഭിച്ചത്. ഇന്നും തെന്നിന്ത്യയിലെ ഹിറ്റ് സിനിമകളില്‍ ഒന്ന് യന്തിരനാണ്. 150 കോടി അതിവേഗം സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

ഐ
തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമകളില്‍ ഒന്നായിരുന്നു ഐ. വിക്രം നായകനായെത്തിയ സിനിമയില്‍ സുരേഷ് ഗോപിയായിരുന്നു വില്ലന്‍. ഈ സിനിമയും ശങ്കര്‍ സംവിധാനം ചെയ്താണെന്നുള്ളതായിരുന്നു ശ്രദ്ധേയം. തമിഴ്‌നാട്ടില്‍ നിന്നും നിര്‍മ്മിച്ച മൂന്ന് സിനിമകളും 150 കോടിയ്ക്ക് മുകളിലെത്തിക്കാന്‍ കഴിഞ്ഞതോടെ ശങ്കര്‍ എന്ന സംവിധായകന്റെ റേഞ്ച് ഉയരുകയായിരുന്നു.

ബാഹുബലി
ഇന്ത്യന്‍ സിനിമയില്‍ ബ്രഹ്മാണ്ഡ ചിത്രമായെത്തി അതിശയിപ്പിച്ച സിനിമയായിരുന്നു ബാഹുബലി. തെലുങ്കില്‍ നിന്നും രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ സിനിമ രണ്ട് ഭാഗങ്ങളിലായിട്ടാണ് നിര്‍മ്മിച്ചത്. ആദ്യഭാഗത്തെക്കാള്‍ ഹിറ്റായത് രണ്ടാം ഭാഗമായിരുന്നു. റിലീസിനെത്തിയ ആദ്യദിനം തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം ഇന്ത്യന്‍ ബോക്‌സോഫീസില്‍ 2000 കോടിയോളം സ്വന്തമാക്കിയിരുന്നു. രാജ്യത്ത് ആദ്യമായി ആയിരം കോടി മറികടന്ന സിനിമയാണെന്നുള്ള റെക്കോര്‍ഡും ബാഹുബലി സ്വന്തമാക്കിയിരുന്നു.

തെരി
വിജയ് നായകനായെത്തി ആറ്റ്‌ലി സംവിധാനം ചെയ്ത ഹിറ്റ് മൂവിയായിരുന്നു തെരി. സാമന്ത അക്കിനേനി, എമി ജാക്‌സണ്‍, ബേബി നൈനിക തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ 2016 ലായിരുന്നു റിലീസിനെത്തിയത്. വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയോടെ തിയറ്ററുകളിലേക്ക് എത്തിയ തെരി ബോക്‌സോഫീസില്‍ വമ്പന്‍ സാമ്പത്തിക വിജയമായിരുന്നു കരസ്ഥമാക്കിയത്.

കബാലി
പാ രഞ്ജിത്ത് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത രജനികാന്തിന്റെ മറ്റൊരു ഹിറ്റ് മൂവിയായിരുന്നു കബാലി. 2016 ല്‍ റിലീസിനെത്തിയ സിനിമയ്ക്ക് നൂറ് കോടി മുതല്‍ മുടക്ക് ആവശ്യം വന്നെങ്കിലും ബോക്‌സോഫീസില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

ഖൈദി നം 150
ചിരഞ്ജീവിയെയും കാജല്‍ അഗര്‍വാളിനെയും നായിക, നായകന്മാരാക്കി വിവി വിനായക് സംവിധാനം ചെയ്ത ഹിറ്റ് മൂവിയായിരുന്നു ഖൈദി നം. 150. 2017 ല്‍ റിലീസിനെത്തിയ സിനിമ മികച്ചൊരു ആക്ഷന്‍ ചിത്രമായിരുന്നു. ചിരഞ്ജീവിയുടെ മകന്‍ രാംചരണായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്. എല്ലാ കാലത്തെയും അപേഷിച്ച് തെലുങ്ക് സിനിമയിലെ ഹിറ്റ് മൂവിയായി മാറാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നു.

മെര്‍സല്‍
വിജയ് നായകനായെത്തി ഹിറ്റായ മറ്റൊരു മൂവിയാണ് മെര്‍സല്‍. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായെത്തിയ മെര്‍സല്‍ ആറ്റ്‌ലിയായിരുന്നു സംവിധാനം ചെയ്തിരുന്നത്. വിജയ് നായകനായപ്പോള്‍ നിത്യ മേനോന്‍, സാമന്ത അക്കിനേനി, കാജല്‍ അഗര്‍വാള്‍ എന്നിവരായിരുന്നു നായികമാര്‍. 120 കോടി ബജറ്റില്‍ നിര്‍മ്മിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും 254 കോടിയേളം സ്വന്തമാക്കിയിരുന്നു.

രംഗസ്ഥലം
രാംചരണിന്റെ കരിയറിലെ ഹിറ്റ് സിനിമകളിലൊന്നാണ് രംഗസ്ഥലം. സാമന്ത അക്കിനേനി നായികയായെത്തിയ ചിത്രം 2018 ലായിരുന്നു റിലീസിനെത്തുന്നത്. സുകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തുന്ന സമയത്തായിരുന്നു തിയറ്ററുകളിലേക്ക് എത്തിയതെങ്കിലും ഗംഭീര പ്രകടനമായിരുന്നു കാഴ്ച വെച്ചത്. 60 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചതെങ്കിലും 217 കോടിയോളം ബോക്‌സോഫീസില്‍ നിന്നും നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ഭാരത് ആനെ നേനു
തെലുങ്കില്‍ നിര്‍മ്മിച്ച പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമ ചിത്രമാണ് ഭാരത് ആനെ നേനു. മഹേഷ് ബാബു നായകനായെത്തിയ ചിത്രം കോരട്ടാല ശിവയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 2018 ല്‍ റിലീസിനെത്തിയ സിനിമ 60 കോടി മുതല്‍ മുടക്കിലായിരുന്നു നിര്‍മ്മിച്ചത്. രാഷ്ട്രീയ കഥ ആയതിനാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നു. 225 കോളിയോളം സ്വന്തമാക്കിയതിന് ശേഷമായിരുന്നു ഭാരത് ആനെ നേനു പ്രദര്‍ശനം അവസാനിപ്പിച്ചത്.

കാല
കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ രജനികാന്ത് സിനിമകളില്‍ ശ്രദ്ധേയമായ സിനിമയാണ് കാല. പാ രഞ്ജിത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്ത കാല 2018 ലായിരുന്നു റിലീസിനെത്തിയത്. കറുപ്പിന്റെ രാഷ്ട്രീയം പറഞ്ഞ സിനിമ സൗദിയിലും റിലീസ് ചെയ്തിരുന്നു. ഇന്ത്യയില്‍ നിന്നും ആദ്യമായി സൗദിയില്‍ റിലീസിനെത്തിയ സിനിമയാണെന്നുള്ള റെക്കോര്‍ഡ് അങ്ങനെ കാല സ്വന്തമാക്കിയിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായി തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 140 കോടി മുതല്‍ മുടക്കി ഉണ്ടാക്കിയ ചിത്രം 156 കോടിയായിരുന്നു കളക്ഷനായി നേടിയത്.

സര്‍ക്കാര്‍
കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് മുന്നോടിയായി റിലീസിനെത്തിയ വിജയിയുടെ ഹിറ്റ് സിനിമയാണ് സര്‍ക്കാര്‍. എആര്‍ മുരുഗോദാസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു നായിക. വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമ 253 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും കലക്ട് ചെയ്തിരിക്കുന്നത്.

2.0
രജനികാന്തിന്റെ മറ്റൊരു വിസ്മയ ചിത്രമായിരുന്നു 2.0. യന്തിരന്റെ രണ്ടാം ഭാഗമായി എസ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2018 ലാണ് റിലീസ് ചെയ്തത്. 543 കോടിയോളം മുതല്‍ മുടക്ക് ആവശ്യമായി വന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവ് കൂടിയ സിനിമയായിട്ടാണ് വന്നത്. വിക്കി പീഡിയ സൂചിപ്പിക്കുന്നത് പ്രകാരം ബോക്‌സോഫീസില്‍ 800 കോടിയോളം സിനിമയ്ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്.

കെജിഎഫ്
കന്നഡ സിനിമാലോകത്ത് നിന്നും വിസ്മയമായി മാറിയ സിനിമകളിലൊന്നാണ് കെജിഎഫ്. 2018 ലെ ക്രിസ്തുമസിന് മുന്നോടിയായി റിലീസിനെത്തിയ ചിത്രത്തില്‍ കന്നഡ റോക്ക് സ്റ്റാര്‍ എന്നറിയപ്പെടുന്ന യഷ് ആയിരുന്നു നായകന്‍. 50 മുതല്‍ 80 കോടിയ്ക്കുള്ളില്‍ മുടക്ക് മുതല്‍ ആവശ്യമായി വന്ന ചിത്രം 219 കോടി ബോക്‌സോഫീസില്‍ നിന്നും സ്വന്തമാക്കിയിരുന്നു.

പേട്ട
2019 ലെ രജനികാന്തിന്റെ ആദ്യ സിനിമയാണ് പേട്ട. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമായ പേട്ട സണ്‍പിക്‌ചേഴ്‌സിന്റെ ബാനറിലാണ് നിര്‍മ്മച്ചത്. ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രത്തില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, ജെ മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്. ഗംഭീര തുടക്കം ലഭിച്ച സിനിമ അതിവേഗം നൂറ്റിയമ്പത് കോടി മറികടന്ന് ജൈത്രയാത്ര തുടരുകയാണ്.


Click it and Unblock the Notifications











