സ്വാതന്ത്രത്തിനായുള്ള പോരാട്ടം; വേറിട്ട കഥകളുമായി ഇന്ത്യയിലെ മികച്ച ജീവചരിത്ര സിനിമകൾ ഏതെല്ലാം....
രാജ്യത്തിനു വേണ്ടി പോരാടി മരിച്ചവരും പോരാടി ജീവിച്ചവരും നമുക്ക് മുന്നിൽ തന്നെയുണ്ട്. ലോക പ്രശസ്തരായ വ്യക്തികൾ മാത്രമല്ല, ആരും അധികം ശ്രദ്ധിക്കാതെ പോയ യോദ്ധാക്കളും നമ്മുടെ ഭാരതത്തിലുണ്ട്. അതിനാൽ യുദ്ധ സിനിമകൾ മാത്രമല്ല യഥാർത്ഥ ജീവിതത്തിൽ രാജ്യത്തിനായി പ്രവർത്തിച്ച മഹത് വ്യക്തികളുടെ കഥ പറഞ്ഞ ചിത്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യ ഇന്ന് 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ദേശസ്നേഹത്തെ കുറിച്ച് തുറന്നു കാട്ടുന്ന മികച്ച ബയോപിക്കുകൾ ഏതൊക്കെയെന്ന് നോക്കാം.
ഗാന്ധി
മഹാത്മാ ഗാന്ധിയുടെ ജീവചരിത്രം സിനിമയാക്കി അവതരിപ്പിച്ചതാണ് ഗാന്ധി. ബെൻ കിങ്സ്ലി ഗാന്ധിയായി ജീവിക്കുകയായിരുന്നു. 1982ൽ റിലീസ് ചെയ്ത ചിത്രം സ്വാതന്ത്ര സമരത്തെ കുറിച്ചുള്ള വേറിട്ട ചിത്രം സമ്മാനിക്കുന്നു. ഇന്ത്യൻ ഇംഗ്ലീഷ് ചിത്രമായ ഗാന്ധി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കി. സ്വാതന്ത്ര്യ ദിനത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്.

നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫൊർഗോട്ടൻ ഹീറോ
ഇന്ത്യയുടെ എപ്പിക് വാർ മൂവിയാണ് നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫൊർഗോട്ടൻ ഹീറോ. സുഭാഷ് ചന്ദ്രബോസായി 'സച്ചിൻ ഖേദ്കർ' അവിസ്മരണീയമാക്കി. രജിത് കപൂർ, ദിവ്യ ദത്ത, അരിഫ് സക്കറിയ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സച്ചിൻ ഖേദ്കറിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് നേതാജി സുഭാഷ് ചന്ദേബോസ്. 2005ൽ റിലീസ് ചെയ്ത ചിത്രത്തിന് ദേശീയ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടി.
ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ
ഗുഞ്ചൻ സക്സേന എന്ന എയർ ഫോർസ് ഉദ്യോഗസ്ഥയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പതമാക്കി ശരൺ ശർമ സംവിധാനം ചെയ്ത ചിത്രമാണിത്. യുദ്ധ മേഖലയിൽ ആദ്യമായി ഫ്ലൈറ്റ് ചെയ്ത വനിതാ ഐ.എ.എഫ് ഓഫീസറാണ് ഗുഞ്ചൻ സക്സേന. ഒരു പൈലറ്റാവണം എന്ന് ആഗ്രഹിച്ച ഗുഞ്ചൻ അവസാനം എയർഫോഴ്സിലേക്ക് എത്തുന്നു. പിന്നീട് ഗുഞ്ചനിൽ ഉണ്ടാവുന്ന മാറ്റങ്ങളും കാർഗിൽ യുദ്ധത്തിലെ ഗുഞ്ചൻ സ്കസേനയുടെ പ്രാധാന്യവുമെല്ലാം ഇമവെട്ടാതെ കണ്ടിരിക്കാം. ജാൻവി കപൂർ, പങ്കജ് ത്രിപാതി, അങ്കട് ബേദി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
ഷേർഷാ...
വിക്രം ബാത്ര എന്ന ഇന്ത്യൻ ആർമി ഓഫീസറിന്റെ യഥാർത്ഥ കഥ പറഞ്ഞ ഷേർഷാ 2021ലെ വൻ വിജയമായിരുന്നു. സിദ്ധാർത്ഥ് മൽഹോത്ര ക്യാപ്റ്റൻ വിക്രം ബാത്രയും സഹോദരൻ വിശാൽ ബാത്രയുമായി ഇരട്ട വേഷത്തിലെത്തിയപ്പോൾ കിയാര അദ്വാനി നായികയായി എത്തി. കാർഗിൽ യുദ്ധത്തിലെ പോരാട്ടത്തിനിടെ പാക്കിസ്ഥാനി ആർമിയാൽ കൊല്ലപ്പെടുകയായിരുന്നു വിക്രം.
സർദാർ ഉദ്ദം
സ്വാതന്ത്ര്യ സമരസേനാനിയായ സര്‍ദ്ദാര്‍ ഉദ്ദം സിംഗിന്റെ കഥ പറയുന്ന സിനിമ ഷൂജിത്ത് സിർകാറാണ് സംവിധാനം ചെയ്തത്. വിക്കി കൗശല്‍ നായകനായ സര്‍ദ്ദാര്‍ ഉദ്ദം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസായത്. ചിത്രത്തിന് വലിയ രീതിയിൽ ജനപ്രീതി നേടിയിരുന്നു. വിക്കി കൗശാലിന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയായിരുന്നു ചിത്രത്തിലുടനീളം. ബോളിവുഡ് കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നു കൂടിയാണ് സർദ്ദാർ ഉദ്ദം.

ദി ലെജന്റ് ഓഫ് ഭഗത് സിംഗ്
ഭഗത് സിംഗിന്റെ കഥ പറഞ്ഞ് രാജ് കുമാർ സന്തോഷി സംവിധാനം ചെയ്ത ചിത്രമാണിത്. ഭഗത് സിംഗിന്റെ യഥാർത്ഥ ജീവിതം തുറന്ന് കാണിച്ച ചിത്രമാണിത്. ഭഗത് സിംഗായി അജയ് ദേവ്ഗണിന്റെ അസാധാരണ പ്രകടനമായിരുന്നു. മാത്രമല്ല മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരവും അജയ് ദേവിഗൺ നേടി. 2002ലാണ് ചിത്രം റിലീസ് ചെയ്തത്.
മേജർ
മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥയെ ആസ്പതമാക്കി ശശി കിരൺ ടിക്ക സംവിധാനം ചെയ്ത ചിത്രമാണ് മേജർ. അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണനായി അഭിനയിച്ചു ത്രസിപ്പിച്ചു. പ്രകാശ് രാജ്, ശോഭിത ദുലിപാല, രേവതി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. തെലുഗു ഭാഷയിൽ റിലീസ് ചെയ്ത ചിത്രത്തിന് ഇന്ത്യയിലുടനീളം സ്വീകാര്യത ലഭിച്ചു. ചിത്രം 2022ൽ റിലീസ് ചെയ്തു.


Click it and Unblock the Notifications











