വിളമ്പുകാരന്‍ ചെറുപ്പക്കാരനെ നോക്കി 'മോനേ' എന്ന് വിളിച്ചത്; മോഹന്‍ലാലിനെക്കുറിച്ച് എഴുത്തുകാരി
മലയാളികളുടെ പ്രിയ നടനാണ് മോഹന്‍ലാല്‍. വിശേഷങ്ങളൊന്നും തന്നെ ആവശ്യമില്ല മോഹന്‍ലാലിനെക്കുറിച്ച്. എഴുത്തുകാരിയായ ഫര്‍സാന ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും ഫര്‍സാന പങ്കുവച്ചിട്ടുണ്ട്.
ഫര്‍സാനയുടെ പുതിയ പുസ്തകമായ എല്‍മയുടെ കവര്‍ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്തത്. താരത്തെക്കുറിച്ച് ഫര്‍സാന എഴുതിയ ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഏതു നേരത്തു വേണമെങ്കിലും കോണ്‍ടാക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന ബോധ്യമുണ്ടായിട്ടും എന്റേതായ ഏതൊരു കാര്യത്തിനും ഇന്നുവരെ ലാലേട്ടനെ സമീപിച്ചിട്ടില്ല. എത്രയേറെ വട്ടം സംസാരിച്ചിട്ടുണ്ടെങ്കിലും ഇന്നും അദ്ദേഹത്തിന്റെ മുന്നില്‍ എത്തുമ്പോള്‍ വാക്കുകള്‍ ശൂന്യമാവും. അക്ഷരങ്ങള്‍ കൂട്ടിപ്പറയാന്‍ ശ്രമിക്കുന്ന ഒരു ശിശുവിനെപ്പോലെ വാക്കുകള്‍ പലകുറി വിലങ്ങിപ്പോവും. ഏറ്റവും ശോഭയുള്ള താരകമിങ്ങനെ വിണ്ണില്‍ വിളങ്ങി നില്‍ക്കുന്നത് അമ്പരപ്പോടെ മണ്ണില്‍ നിന്ന് നോക്കിക്കാണാനാണല്ലോ ആരും താല്പര്യപ്പെടുക!
ഞാനും അതേ!
ഏതോ കാലത്ത് മനസ്സിലേറിയ മോഹമായിരുന്നു പുസ്തകപ്രകാശന വേദിയില്‍ ലാലേട്ടന്‍ ഉണ്ടാവുകയെന്നത്. പക്ഷെ, കാലം മാറി.
എല്‍മയുടെ കാര്യം ലാലേട്ടനോട് സംസാരിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദത്തോടെ നോവലിന്റെ ഉള്ളടക്കത്തെ കുറിച്ചാണ് ആദ്യം അന്വേഷണമുണ്ടായത്. ആവശ്യപ്പെട്ട കാര്യം മറക്കാതെ, ദിവസങ്ങളോളം അത് മനസ്സിലിട്ട് നടന്ന്, ഞാനുമായി കൃത്യമായ ഫോളോ അപ്പ് നടത്തിയത് ഇന്ത്യ കണ്ട ഏറ്റവും തിരക്കുള്ള മോഹന്‍ലാല്‍ എന്ന നടനാണ്.
വ്യക്തിബന്ധങ്ങള്‍ക്ക് ലാലേട്ടന്‍ കല്‍പ്പിക്കുന്ന മൂല്യം എത്രയാണെന്നത് പലകുറി നേരിട്ടറിഞ്ഞവളാണെങ്കിലും ശരി, എന്റെ അത്ഭുതം ആറുന്നേയില്ല.
ഒരിക്കല്‍, ഈ ഫോട്ടോ എടുത്ത നാളില്‍ ഊണ് കഴിക്കുന്നതിനിടെ വിളമ്പുകാരന്‍ ചെറുപ്പക്കാരനെ നോക്കി 'മോനേ' എന്ന് വിളിച്ചത് കേട്ട് മാത്രം എന്റെയുള്ളിലൊരു ആനന്ദം ഉടലെടുത്തിരുന്നു.
ഏറ്റവും സുന്ദരമായി മനുഷ്യരോട് ഇടപെടാനറിയുന്ന ലാലേട്ടനിലൂടെ, ഇന്ന് വൈകുന്നേരം 7 മണിക്ക് ലാലേട്ടന്റെ FB പേജ് വഴി, എല്‍മയുടെ കവര്‍ പ്രകാശിതമാവുമ്പോള്‍ ഉള്ളില്‍ ഉറവയെടുത്തുകൊണ്ടിരിക്കുന്ന ആഹ്ലാദത്തിന് അതിരില്ല!


Click it and Unblock the Notifications