ശ്വാസത്തില്‍ പോലും വേദനയുടെ ഭാരം; ലക്ഷ്മിയുടെ ചോദ്യങ്ങള്‍ ഓരോന്നും നമ്മളോടാണ്; ഹണി എഴുതുന്നു
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വലിയ വാര്‍ത്തകളായി മാറിയിരുന്നു. എന്നാല്‍ ഈ സമയത്തെല്ലാം മൗനം പാലിക്കുകയായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ആറു വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മൗനം വെടിഞ്ഞത്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. തന്റെ ഭര്‍ത്താവിന്റേയും മകളുടേയും ജീവനെടുത്ത അപകടത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ലക്ഷ്മി സംസാരിക്കുന്നത്.
ലക്ഷ്മിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തു. ഇപ്പോഴിതാ ലക്ഷ്മിയുടെ അഭിമുഖത്തെക്കുറിച്ചുളള എഴുത്തുകാരി ഹണി ഭാസ്‌കരന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ലക്ഷ്മിയുടെ വാക്കുകളില്‍ സത്യസന്ധത തോന്നി. അവരുടെ കണ്ണുകള്‍ അത് നമ്മോടു പറയുന്നുമുണ്ട്. അവര്‍ കുടിച്ച് വറ്റിച്ച കണ്ണീര്‍ക്കടലിന്റെ ആഴം അവരുടെ വാക്കുകളില്‍ നിറയുന്നുമുണ്ടെന്നാണ് ഹണി പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം
ഏത് വിഷയം ശ്രദ്ധയില്‍ പെട്ടാലും സോഷ്യല്‍ മീഡിയയിലൂടെ ഉടന്‍ പ്രതികരിക്കാന്‍ ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. സൈബര്‍ അറ്റാക്കുകള്‍ നിരന്തരം ഏറ്റു വാങ്ങിക്കൊണ്ടിരുന്ന കാലം. അതില്‍ നിന്ന് വിടുതല്‍ വാങ്ങുകയും ചാടിക്കേറി പ്രതികരിക്കാതെ സമയമെടുത്ത് അത്രയും അനിവാര്യമെന്നു തോന്നുന്ന വിഷയങ്ങളില്‍ മാത്രം മതി പ്രതികരണം എന്ന ബോധ്യത്തിലേക്കു എത്തുകയും അങ്ങനെ സോഷ്യല്‍ മീഡിയയില്‍ എഴുത്തിന്റെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ട് കുറച്ച് നാളായി.
അതിലേക്കു എത്തിച്ചതിനു പിന്നിലെ പ്രധാന കാരണം,
നെല്ലേതാ പതിരേതാ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വണ്ണം മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നുണ്ട് എന്നുള്ളതാണ്. സത്യം നമ്മള്‍ അറിഞ്ഞു തുടങ്ങുമ്പോഴേക്കും ആ വാര്‍ത്തകള്‍ വിശ്വസിച്ചു എഴുതിയ നമ്മുടെ എഴുത്തുകളിലൂടെ നുണ ലോകം ചുറ്റി സഞ്ചരിച്ചിട്ടുണ്ടാകും എന്ന് തിരിച്ചറിഞ്ഞ പല സംഭവങ്ങള്‍. പ്രതികരണങ്ങള്‍ വേണ്ടിയിരുന്നില്ല എന്ന് പല വട്ടം തോന്നിപ്പിച്ച എഴുത്തുകള്‍.
എവിടെയൊക്കെയോ അത്തരം എഴുത്തുകള്‍ നിരപരാധികളായ മനുഷ്യരുടെ കണ്ണുകള്‍ നിറയാന്‍ കാരണമാവുന്നില്ലേ എന്ന ഉറക്കം കെടുത്തുന്ന ചിന്ത. അങ്ങനെ ഒരു കൂട്ടം മനുഷ്യര്‍ സത്യത്തിനു എതിരായി എഴുതുമ്പോള്‍ അവരെന്തു മാത്രം വേദനിക്കുന്നുണ്ടാവും എന്ന യാഥാര്‍ഥ്യം.
വാക്കുകളോളം മുറിപ്പെടുത്തുന്ന ആയുധമില്ല എന്നറിയാവുന്നതിനാല്‍ സൂക്ഷിച്ചു മതി അവ ഉപയോഗിക്കുന്നത് എന്ന തീര്‍ച്ചപ്പെടുത്തല്‍ അങ്ങനെയാണ്. ലോകത്തിന്റെ ഏതൊക്കയോ അരികുകളില്‍ ഇരുന്ന് ഒരു ഇരയും നമ്മളെ വായിച്ച് മുറിപ്പെടല്ലേ എന്ന പ്രാര്‍ത്ഥന.
ഇപ്പോള്‍ ഇത് എഴുതാന്‍ കാരണമുണ്ട്.
മനുഷ്യരെ കേള്‍ക്കുന്നതിന്റെ എണ്ണം ഈയിടെയായി കൂട്ടിയിട്ടുണ്ട്.
വെളുപ്പാന്‍ കാലത്ത് കുറച്ച് നാളുകള്‍ക്കു ശേഷം മനസിരുത്തി കേട്ട ദൈര്‍ഘ്യമുള്ള ഒരു ഇന്റര്‍വ്യൂ - ലക്ഷ്മി ബാലഭാസ്‌കറിന്റെ. നിറഞ്ഞ ശാന്തതയില്‍ സ്‌കിപ് ചെയ്യാതിരുന്നു മുഴുവനും കേട്ടു.
കണ്ണും മനസും നനയിക്കുന്ന സംഭാഷണങ്ങള്‍. ജയമോഹന്റെ നിലവാരമുള്ള ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ക്കെല്ലാം ക്ലാരിറ്റിയുള്ള ഉത്തരങ്ങള്‍. ലക്ഷ്മിക്ക് ഒരു ചോദ്യത്തിന് മുന്‍പിലും പതര്‍ച്ചയോ ആശങ്കകളോ ഇല്ല.
അപകടത്തെ അവര്‍ വ്യക്തതയോടെ ഓര്‍ത്തെടുത്തു പറയുന്നുണ്ട്. അപകടത്തിനു ശേഷമുള്ള ആറു വര്‍ഷം അവരെ ധൈര്യമുള്ള സ്ത്രീയായി അവരുടെ അനുഭവങ്ങള്‍ മാറ്റിയിട്ടുണ്ട്. അവര്‍ ഇക്കാലമത്രയും മിണ്ടാതിരുന്നതിന്റെ കാരണങ്ങള്‍ പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ കവലയില്‍ ഇരുന്ന് ഒച്ച വെയ്ക്കുന്നതിനേക്കാള്‍ നിയമത്തിനു തന്റെ കൊണ്ട്രിബ്യൂഷന്‍ വന്നപ്പോഴെല്ലാം ആരോഗ്യ പ്രശ്‌നങ്ങളെ മാറ്റി നിര്‍ത്തി നിയമത്തിന്റെ വഴിക്ക് കൂടെ നിന്നതിനെ കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്.
അവര്‍ പറയുന്നു.'എന്റെ ഏറ്റവും വലിയ പ്രയോരിറ്റി ബാലുവും കുഞ്ഞും ആണ്. അവര്‍ക്ക് ചുറ്റും മാത്രം കറങ്ങി കൊണ്ടിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരിയായ വീട്ടമ്മ. എന്റെ ബോധം മറയുന്നതിനു തൊട്ട് മുന്‍പ് വരെയുള്ള കാര്യങ്ങള്‍ എനിക്ക് കൃത്യമായി ഓര്‍മ്മയുണ്ട്. ആര് ശ്രമിച്ചാലും എനിക്കറിയാവുന്ന സത്യങ്ങളില്‍ നിന്ന് എന്നെ മാറ്റി പറയിപ്പിക്കാന്‍ സാധിക്കില്ല. ബാലു മികച്ച മനുഷ്യന്‍ ആയിരുന്നു. അലിവുള്ളവനായിരുന്നു. സംഗീതത്തിലൂടെ അയാളെ ലോകം അറിയണമെന്ന് ആഗ്രഹിച്ച് അതിനെ ഫസ്റ്റ് പ്രയോരിറ്റി ആയി കൊണ്ടു നടന്ന മനുഷ്യന്‍. അദ്ദേഹം ഇപ്പോള്‍ സംഗീതത്തിന്റെ പേരിലാണോ അറിയപ്പെടുന്നത്? വിവാദങ്ങളുടെ പേരില്‍ അല്ലേ? വിവാദങ്ങളിലേക്ക് എന്നെയും എത്തിച്ചില്ലേ? എന്തൊക്കെ പറഞ്ഞു? ബാലുവിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെങ്കില്‍ അത് ആദ്യം തോന്നേണ്ടത് എനിക്കല്ലേ ? അത് തെളിയിക്കപ്പെടാന്‍ ആദ്യം ഇറങ്ങുക ഞാനല്ലേ? എന്റെ ജീവനും ജീവിതവുമായ രണ്ടു പേരെയാണ് എനിക്ക് നഷ്ടപെട്ടത്. ഭര്‍ത്താവ്, മകള്‍. എനിക്കിനി ഒന്നും ചിന്തിക്കാനില്ല.'
ഓരോ വരികള്‍ ഉരുവിടുമ്പോഴും അവരെ പിന്തുടരുന്ന ട്രോമകളിലേക്ക് വീണ്ടും ഇടറി വീഴാതെ സ്വയം താങ്ങി പിടിച്ചുള്ള ശാന്തമായ എന്നാല്‍ അവരുടെ ശ്വാസത്തില്‍ പോലും വേദനയുടെ ഭാരം നമ്മെ തോന്നിപ്പിക്കുന്ന നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന മറുപടികള്‍.
അവരുടെ ചോദ്യങ്ങള്‍ ഓരോന്നും നമ്മളോടാണ്.
അവര്‍ പറയുന്നുണ്ട്. എല്ലാ വിവാദങ്ങളും അവര്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും മുറിപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു.
അവരുടെ വാക്കുകളില്‍ സത്യസന്ധത തോന്നി. അവരുടെ കണ്ണുകള്‍ അത് നമ്മോടു പറയുന്നുമുണ്ട്. അവര്‍ കുടിച്ച് വറ്റിച്ച കണ്ണീര്‍ക്കടലിന്റെ ആഴം അവരുടെ വാക്കുകളില്‍ നിറയുന്നുമുണ്ട്.
അഭിമുഖം അവസാനിക്കുമ്പോള്‍ ബാലുവിന്റെ ഓര്‍മ്മകളില്‍ അവര്‍ പുഞ്ചിരിക്കുന്നുണ്ട്. ആ പുഞ്ചിരി ഇന്റര്‍വ്യൂ ചെയ്ത ജയമോഹന്‍ നല്‍കിയതാണ്. അത്രയും ശ്രദ്ധയോടെ മുന്‍പില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്നും സെന്‍സെഷണല്‍ ആക്കാവുന്ന ചോദ്യങ്ങള്‍ ചോദിക്കാതെ, മകളെ കുറിച്ച് ചോദിച്ച് കരയിപ്പിക്കാതെ അവസാനിപ്പിച്ച അഭിമുഖം. ഇടയിലേക്ക് ചോദ്യങ്ങള്‍ കുത്തി തിരുകി അലോസരം ഉണ്ടാക്കാതെ, പറയാനുള്ളതെല്ലാം പറയാന്‍ സമയം കൊടുത്ത, മുന്‍പില്‍ ഇരിക്കുന്ന ലക്ഷ്മിയുടെ മാനസികാവസ്ഥയെ പൂര്‍ണ്ണമായും മനസിലാക്കി വകതിരിവോടെയുള്ള അഭിമുഖം.

അഭിമുഖം കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സില്‍ തോന്നിയ ഒരു ഭാരമുണ്ട്. എന്റെ എഴുത്തുകളില്‍ അവര്‍ മുന്‍പ് ഒരിക്കല്‍ പോലും വന്നു പോയിട്ടില്ലെങ്കില്‍ കൂടിയും നമ്മുടെ എഴുത്തുകള്‍ ഒക്കെ മനുഷ്യരെ കുറിച്ചാകുമ്പോള്‍ ശ്രദ്ധയോടെ ആവണേ എന്ന വീണ്ടും പ്രാര്‍ത്ഥന. ദുരന്തങ്ങള്‍ അതിജീവിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ സോഷ്യല്‍ മീഡിയ വീണ്ടും മാനസിക തളര്‍ച്ചകളിലേക്ക് തള്ളിയിടുന്നുണ്ട്. ലക്ഷ്മി അതിന്റെ മറ്റൊരു ഉദാഹരണമാണ്.
ചില മനുഷ്യര്‍ നമ്മുടെ ചിന്തകളെ ഒന്നുകൂടി ശുദ്ധീകരിക്കും. നമ്മളെ കുറച്ച് കൂടി മെച്ചപ്പെട്ട മനുഷ്യരാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും...!
പ്രിയപ്പെട്ട ലക്ഷ്മീ... നിങ്ങളെ എനിക്ക് നേരിട്ടറിയില്ല. ഭര്‍ത്താവ് നഷ്ട്ടപ്പെട്ട ഭാര്യ എന്നതിനേക്കാള്‍ കുഞ്ഞിനെ നഷ്ട്ടപ്പെട്ട അമ്മയാണ് നിങ്ങള്‍. ആ കാരണം മാത്രം മതി എനിക്ക് നിങ്ങളെ സ്‌നേഹിക്കാന്‍. ലോകത്തിന്റെ മറ്റൊരു കോണില്‍ ഇരുന്ന് നിങ്ങളുടെ മുറിവുകളെ ഒന്നു കെട്ടിപ്പിടിക്കുന്നു...! ഇനിയും പെയ്തു തീരാത്ത നിങ്ങളുടെ സങ്കട കടലുകളില്‍ നിന്ന് ഇനിയും ധൈര്യത്തോടെ നടന്നു വരിക...! ജീവിതം ചിലപ്പോഴൊക്കെ ചിലര്‍ക്കെങ്കിലും ഓര്‍മ്മകളോടുള്ള പോരാട്ടം കൂടിയാണ്...!


Click it and Unblock the Notifications











