സിനിമ വിജയിച്ചപ്പോൾ മാറ്റി നിർത്തി; അവസാനം കഥയുടെ ക്രെഡിറ്റ് സംവിധായകൻ തന്നെ ഏറ്റെടുത്തു
മലയാളത്തിലെ ഫീൽ ഗുഡ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ച സിനിമയാണ് എം. മോഹനൻ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികൾ. സിനിമയും കഥ പറയുന്ന രീതിയും അതിലെ അഭിനേതാക്കൾ പോലും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നുണ്ട്. സിനിമയുടെ എഴുത്തുകാരൻ ശ്രീനിവാസനാണെന്ന ധാരണ പലർക്കും ഉണ്ടായിരുന്നു. രാജേഷ് രാഘവന്റെ എഴുത്തിൽ സൃഷ്ടിച്ച ഏറ്റവും മനോഹരമായ തിരക്കഥയാണ് അരവിന്ദന്റെ അതിഥികൾ.
സിനിമയിൽ നിന്ന് പൂർണമായി മാറ്റി നിർത്തപ്പെട്ട എഴുത്തുകാരനാണ് ഇദ്ദേഹം. സിനിമയുടെ പ്രമോഷനു പോലും കാണാത്ത ഇദ്ദേഹത്തെ കുറിച്ച് സംവിധായകൻ പോലും ഇതുവരെ സംസാരിച്ചിട്ടില്ല എന്നത് വേദനാജനകം. മൂകാംബികയുടെ പശ്ചാത്തലത്തിലൊരുങ്ങിയ ഒരു ഫീൽഗുഡ് ചിത്രമാണ് അരവിന്ദന്റെ അതിഥികൾ. ഈ സിനിമയെ കുറിച്ച് മാസ്റ്റർ ബിൻ ചാനലിലൂടെ രാജേഷ് രാഘവൻ പറയുന്നു.

"എം. മോഹനന്റെ മറ്റു രണ്ടും സിനിമകളായ നയൺ വൺ സിക്സ്, മൈ ഗോഡ് എന്നീ ചിത്രങ്ങൾ പരാജയമായിരുന്നു. ആ രണ്ട് സിനിമകളും എഴുതിയതും അദ്ദേഹം തന്നെയാണ്. അങ്ങനെയിരിക്കുമ്പോൾ ശ്രീനിയേട്ടനാണ് എന്നെ നിർദ്ദേശിച്ചത്. അതുവഴിയാണ് മോഹനൻ എന്നെ അന്വേഷിച്ചു വരുന്നത്. അദ്ദേഹത്തിന് ഈ കഥ ഇഷ്ടപ്പെടുകയും സിനിമ ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു. വിനീതിന്റെ മുഖം മനസിൽ വന്ന പോലെ തന്നെ അരവിന്ദനായി കാളിദാസിനെ കുറിച്ചും ഓർത്തിരുന്നു. എന്നാൽ എം. മോഹനൻ തന്നെയാണ് വിനീത് മതിയെന്ന് തീരുമാനിക്കുന്നത്."
കുടുംബക്കാർ എല്ലാവരും ഒന്നിച്ചപ്പോൾ രാജേഷ് രാഘവനെ പുറത്താക്കി. പ്രമോഷന്റെ സമയത്ത് പോലും ഈ പേര് എവിടെയും കേട്ടിട്ടില്ല. രാജേഷിന്റെ പേര് അധികം ആരും ശ്രദ്ധിക്കപ്പെടരുത് എന്ന ചിന്തയിൽ മനപ്പൂർവം മാറ്റി നിർത്തിയെന്നാണ് രാജേഷ് രാഘവൻ പറയുന്നത്. ഇതെല്ലാം ഏറെ വിഷമിപ്പിച്ചിച്ചുണ്ട്. "എന്നാൽ കൂടുതൽ വേദന തോന്നിയത് ഒരിക്കൽ എം. മോഹനന്റെ ഒരു അഭിമുഖം കണ്ടിട്ടാണ്. വനിതയിൽ ഒരു ആർട്ടിക്കിൾ വായിച്ചിട്ട് അവരുടെ അനുഭവത്തിൽ നിന്നാണ് ഈ കഥ കിട്ടിയത് എന്നാണ് അദ്ദേഹം പറഞ്ഞത്." രാജേഷ് കൂട്ടിച്ചേർത്തു.
സത്യത്തിൽ അരവിന്ദന്റെ അതിഥികൾ ജനിക്കുന്നത് ഒരു ലോഡ്ജിൽ നിന്നാണെന്ന് രാജേഷ് പറയുന്നുണ്ട്. "ഒരു യാത്രയുടെ ഭാഗമായി കോഴിക്കോട് ഒരു ലോഡ്ജിൽ ഞാൻ മുറി എടുത്തിരുന്നു. എല്ലാ ആവശ്യങ്ങൾക്കും ഓടി നടക്കുന്ന ഒരു പയ്യൻ അവിടെയുണ്ടായിരുന്നു. അവൻ ഇടക്കിടെ വന്ന് എനിക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടോയെന്ന് അന്വേഷിക്കുമായിരുന്നു. എന്നാൽ പിന്നീട് എനിക്ക് ഇത് അസ്വസ്ഥതയായി തോന്നി. മാറി നിന്ന് എന്നെ നോക്കിക്കൊണ്ട് ഇരിക്കുമായിരുന്നു. അവിടുന്ന് ഇറങ്ങുമ്പോൾ ഒരു 200 രൂപ അവന് എടുത്ത് കൊടുത്ത്. അവൻ വാങ്ങിയില്ല.

പല ആവശ്യങ്ങൾക്കും ഓടി നടന്ന ഒരാളായിരുന്നു, പക്ഷേ അവൻ പൈസ വാങ്ങിയില്ല. അവന്റെ ചെറുപ്പത്തിൽ നഷ്ടമായ മൂത്ത സഹോദരന്റെ രൂപ സാദൃശ്യം എനിക്കുണ്ടായിരുന്നു. അത് കൊണ്ടാണ് അവൻ എന്നെ നോക്കി നിന്നത് എന്ന് വൈകിയാണ് ഞാനും തിരിച്ചറിഞ്ഞത്. അന്ന് വല്ലാത്ത കുറ്റബോധം തോന്നി. ഈ പയ്യനെ കുറിച്ച് ഓർത്തപ്പോഴാണ് അരവിന്ദന്റെ അതിഥികളുടെ ഒരു സ്റ്റോറി ലൈൻ മനസിലേക്ക് വരുന്നത്. ഒരു ലോഡ്ജും അവിടെ വരുന്ന കുറേ അതിഥികളും." രാജേഷ് രാഘവൻ പറയുന്നു.
അരവിന്ദന്റെ അതിഥികൾ സിനിമയുടെ കഥയുണ്ടാവുന്നത് ഇങ്ങനെയാണ്. രാജേഷ് രാഘവന്റെ തിരിച്ചുള്ള യാത്രയിലാണ് ഈ പയ്യനെ ഡെവലപ്പ് ചെയ്ത് അരവിന്ദൻ എന്ന കഥാപാത്രത്തിലേക്ക് എത്തിക്കുന്നത്. ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിനീതിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും അരവിന്ദൻ തന്നെ.


Click it and Unblock the Notifications