മോഹൻലാലിന് പ്രാധാന്യം കൂടി പോയെന്ന് പരാതി, ശങ്കർ ക്ലൈമാക്സ് അഭിനയിക്കാൻ വന്നില്ല; ശരത് ചന്ദ്രൻ പറയുന്നു
മമ്മൂട്ടിക്കും മോഹൻലാലിനും മുൻപ് മലയാള സിനിമയിൽ സൂപ്പർതാര പദവി അലങ്കരിച്ച നടനാണ് ശങ്കർ. യുവാക്കൾക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമേ തമിഴിലടക്കം തിളങ്ങിയ ശങ്കർ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. എന്നാൽ വൈകാതെ തന്നെ നടന്റെ പ്രതാപകാലം അവസാനിച്ചു. മമ്മൂട്ടിയും മോഹൻലാലുമെല്ലാം ശങ്കറിനെക്കാൾ വലിയ താരങ്ങളായി വളർന്നു.
1980ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു ശങ്കറിന്റെ മലയാളത്തിലെ അരങ്ങേറ്റം. ചിത്രത്തിൽ വില്ലനായെത്തിയത് മോഹൻലാൽ ആണ്. തമിഴിൽ ശങ്കർ നായകനായ ഒരു തലൈ രാഗം എന്ന ചിത്രം സൂപ്പർ ഹിറ്റായതോടെയാണ് ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ ശങ്കറിനെ നായകനാകുന്നത്. തുടർന്നാണ് മലയാളത്തിലും തമിഴിലുമെല്ലാം കൈനിറയെ അവസരങ്ങൾ ശങ്കറിന് ലഭിച്ചത്. ഒരു വർഷം 25 സിനിമകൾ വരെ ചെയ്തിരുന്നു ശങ്കർ. എന്നാൽ 90 കളിലേക്ക് കടന്നതോടെ ശങ്കർ ഫീൽഡ് ഔട്ടായി.

അതോടെ സിനിമകളിൽ നിന്ന് ഇടവേളയെടുത്ത ശങ്കർ പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയെങ്കിലും മലയാള സിനിമയിൽ ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് സീരിയലുകളിലേക്കും മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളിലേക്കുമായി നടൻ ഒതുങ്ങി. ഇന്ന് പഴയകാല നടന്‍ ശങ്കര്‍ എന്ന ലേബലിൽ അറിയപ്പെടുന്ന താരമായി ശങ്കർ മാറി. എങ്കിലും സിനിമ ഉപേക്ഷിക്കാൻ ശങ്കർ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഓർമകളിൽ ആണ് ശങ്കർ അവസാനമായി അഭിനയിച്ച സിനിമ.
മോഹൻലാലിന്റെ വളർച്ചയാണ് ശങ്കറിന്റെ കരിയറിന് അടിയായതെന്ന് പലരും പറയാറുണ്ട്. മോഹൻലാൽ താരമായി ഉയർന്നതോടെ മോഹൻലാൽ ചിത്രങ്ങൾ സെക്കൻഡ് ഹീറോയും മറ്റുമായാണ് ശങ്കറിന് അവസരങ്ങൾ ലഭിച്ചിരുന്നത്. ഇപ്പോഴിതാ അങ്ങനെയൊരു സിനിമയിൽ തനിക്ക് പ്രാധാന്യം കുറഞ്ഞുപോയി എന്നതിന്റെ പേരിൽ ശങ്കർ ക്‌ളൈമാക്‌സ് ചിത്രീകരണത്തിന് വരാതിരുന്നതിനെ കുറിച്ച് പറയുകയാണ് സംവിധായകനും നിർമാതാവുമായ ശരത് ചന്ദ്രൻ. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മോഹൻലാലുമായി വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. ഞാൻ സംവിധാനം ചെയ്യാൻ പോയപ്പോൾ ഡേറ്റ് തരാൻ തയ്യാറായ ആളാണ്. മമ്മൂട്ടിയുമായി അത്ര അടുപ്പമില്ല. എന്റെ കഥയിൽ ഒരുക്കിയ മോഹൻലാൽ ചിത്രം ഒപ്പം ഒപ്പത്തിനൊപ്പം ഹിറ്റായി മാറിയിരുന്നു. മേനകയും ശങ്കറും ഒക്കെ അഭിനയിച്ച സിനിമയാണ്. അതിൽ അഭിനയിക്കുമ്പോൾ ശങ്കറിന് പരാതി ഉണ്ടായിരുന്നു. 'എനിക്കെന്താണ് പ്രധാന കഥാപാത്രം നൽകാത്തത്. എന്തുകൊണ്ടാണ് മോഹൻലാലിനെ പുഷ് ചെയ്തത്' എന്നൊക്കെ ചോദിച്ചിരുന്നു", ശരത് ചന്ദ്രൻ പറയുന്നു.

നമ്മൾ കഥ എഴുതുന്നത് കഥാപാത്രത്തിന് അനുസരിച്ചായിരിക്കും. ഇവരുടെ ഈഗോയിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ശങ്കറും മോഹൻലാലും തമ്മിലുള്ള ഈഗോയുടെ തുടക്കം ഒപ്പം ഒപ്പത്തിനൊപ്പം സിനിമ മുതലാണ്. ആ സമയത്ത് തന്നെയാണ് മോഹൻലാലിന്റെ രാജാവിന്റെ മകൻ എന്ന സിനിമയൊക്കെ വരുന്നത്. ഒരുമിച്ചാണ് രണ്ടു സിനിമകളുടെയും ഷൂട്ടിംഗ് നടന്നിരുന്നത്. രണ്ടു സിനിമയും ഹിറ്റായി. എന്നാൽ ശങ്കറിന്റെ കഥാപാത്രത്തിന്റെ റോളുകൾ കുറച്ചു കളഞ്ഞു എന്നതാണ് ശങ്കറിനെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിലായിരുന്നു പരാതി. ഇതുകാരണം അവസാന സീനെടുക്കുന്ന സമയത്ത് ഇദ്ദേഹം വന്നില്ല. മോഹൻലാലിന് പ്രാധാന്യം കൂടി പോയെന്നത് ആയിരുന്നു കാരണം. ക്ളൈമാക്സിന്റെ സമയത്ത് രണ്ടു ദിവസമാണ് വരാതെയിരുന്നതെന്നും ശരത് ചന്ദ്രൻ പറഞ്ഞു. 1986ൽ സോമൻ സംവിധാനം ചെയ്ത സിനിമയാണ് ഒപ്പം ഒപ്പത്തിനൊപ്പം. ശരത് ചന്ദ്രന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് കലൂർ ഡെന്നിസ് ആണ്. മോഹൻലാൽ, ശങ്കർ എന്നിവരെ കൂടാതെ മേനക, ലാലു അലക്സ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്.


Click it and Unblock the Notifications