പൊരുത്തപ്പെട്ട് പോകാനാകില്ലെന്ന് ഉറപ്പിച്ചവർ! അമൃതയും ഗോപി സുന്ദറും മുതൽ സജ്നയും ഫിറോസും വരെ!
മലയാള സിനിമാ-സീരിയൽ മേഖലയെ സംബന്ധിച്ച് ഒരുപാട് താരവിവാഹങ്ങളും അപ്രതീക്ഷിത ഒത്തുചേരലുകളും കുഞ്ഞുങ്ങളുടെ ജനനവുമൊക്കെ കണ്ടൊരു വർഷമാണ് കടന്നുപോകുന്നത്. എന്നാൽ അതിനിടെ ആരാധകരെ ഞെട്ടിച്ച ചില വേർപിരിയലുകളും ഉണ്ടായി. ആരാധകർ ആഘോഷമാക്കിയ പല താരദമ്പതികളും പകുതിക്ക് വെച്ച് വേർപിരിയുകയാണ് ഉണ്ടായത്. ഇതിൽ ചിലർ ഡിവോഴ്സിനായുള്ള തയ്യാറെടുപ്പിലാണ്.
അത്തരത്തിൽ ആരാധകരെ ഞെട്ടിച്ച ഒരു വേർപിരിയലാണ് നടി വീണ നായരുടേത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് വീണ നായർ. റേഡിയോ ജോക്കിയായ അമാനാണ് വീണയെ വിവാഹം ചെയ്തത്. ഇരുവർക്കും ഒരു മകനുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി ഇരുവരുടെയും വേർപിരിയൽ ആരാധകർക്കിടയിൽ ചർച്ചയാണ്. രണ്ടുപേരും വേർപിരിഞ്ഞു കഴിയുകയാണെന്നും മകൻ വീണയ്ക്ക് ഒപ്പമാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് തുറന്നു പറയാൻ വീണ തയ്യാറായിരുന്നില്ല.

ഒടുവിൽ ഈ വർഷം ആദ്യമാണ് ഒരു അഭിമുഖത്തിൽ വീണ വേർപിരിയലിനെ കുറിച്ച് മനസുതുറന്നത്. കഴിഞ്ഞ കുറച്ചു കാലമായി തങ്ങൾ വേർപിരിഞ്ഞാണ് കഴിയുന്നതെന്നും മകന്റെ കാര്യങ്ങൾ ഒരുമിച്ചാണ് നോക്കുന്നതെന്നും വീണ വെളിപ്പെടുത്തി. വിവാഹമോചനം നേടിയിട്ടില്ലെങ്കിലും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ചിലപ്പോൾ ഒന്നിച്ചേക്കാമെന്നും നടി പറഞ്ഞിരുന്നു. തങ്ങളുടെ ബന്ധത്തിന് ഒരു ക്‌ളൈമാക്‌സ് ആകുമ്പോൾ സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കുന്നത് ആണെന്നും വീണ പറയുകയുണ്ടായി.
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും സുന്ദറുമാണ് ഇതുപോലെ ആരാധകരെ ഞെട്ടിച്ചുകൊണ്ട് വേർപിരിഞ്ഞ രണ്ടുപേർ. 2023ൽ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ ചർച്ച ചെയ്തതും ഇവരുടെ വേർപിരിയൽ ആയിരുന്നു. 2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്.
'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്', എന്നാണ് പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച് ഇരുവരും കുറിച്ചത്. എന്നാൽ ഒരുവർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിനെ കുറിച്ച് അമൃതയോ ഗോപി സുന്ദറോ തുറന്നു സംസാരിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ കുറച്ചു കാലങ്ങളായി രണ്ടുപേരെയും ഒന്നിച്ചു കാണാറില്ല.

ബിഗ് ബോസ് താരങ്ങളായിരുന്ന സജ്‌ന-ഫിറോസ് ദമ്പതികളുടെ വേർപിരിയലാണ് ആരാധകരെ ഞെട്ടിച്ച മറ്റൊരു സംഭവം. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താനും ഫിറോസും വേർപിരിയുകയാണ് എന്നറിയിച്ചുകൊണ്ട് സജ്‌ന രംഗത്തെത്തിയത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സജ്നയുടെ വെളിപ്പെടുത്തൽ. രണ്ടുപേരും ചേർന്നെടുത്ത തീരുമാനമാണെന്നും സജ്‌ന പറഞ്ഞിരുന്നു. പിന്നാലെ പ്രതികരണവുമായി ഫിറോസുമെത്തി. മക്കളുടെ കാര്യങ്ങൾ ഒന്നിച്ചു നോക്കാനാണ് തീരുമാനമെന്ന് താരം പറഞ്ഞു.
അതുപോലെ കഴിഞ്ഞ ദിവസം വന്നൊരു വിവാഹമോചന വാർത്തയായിരുന്നു സീരിയൽ നടൻ രാഹുൽ രവിയുടേതാണ്. രണ്ടുവർഷം മുൻപ് വലിയ ആർഭാടത്തോടെ നടന്ന വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ രാഹുലിന്റെ അവിഹിതബന്ധവും, ശാരീരിക ഉപദ്രവങ്ങളും കാരണം ഭാര്യ ലക്ഷ്മി വിവാഹമോചനത്തിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ വാർത്ത പുറംലോകം അറിഞ്ഞത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം ഒളിവിൽ കഴിയുകയാണ് രാഹുൽ രവി. നടനുവേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.


Click it and Unblock the Notifications











