തുടര്‍ പരാജയങ്ങളില്‍ നിന്നും തുടര്‍ വിജയങ്ങളിലേക്ക്; ആസിഫ് അലി തിരിച്ചുവന്ന 2024
2024 അവസാനിക്കുകയാണ്. ഒന്ന് തിരിഞ്ഞു നോക്കി, ഈ വര്‍ഷം ഏത് നായക നടന്റേതായിരുന്നുവെന്ന് ചോദിച്ചാല്‍ കണ്ണും പൂട്ടി പറയാന്‍ ഒരു പേരേ കാണൂ, ആസിഫ് അലി. തുടര്‍ പരാജയങ്ങളില്‍ നിന്നും തുടര്‍ വിജയങ്ങളുമായി ശക്തമായി ആസിഫ് അലി തിരിച്ചു വന്ന വര്‍ഷമാണ് 2024. അഭിനയ മികവുകൊണ്ടും ബോക്‌സ് ഓഫീസ് വിജയം കൊണ്ടുമെല്ലാം ആസിഫ് അലി നിറഞ്ഞു നിന്നൊരു വര്‍ഷമാണ് കടന്നു പോകുന്നത്.
അഞ്ച് സിനിമകളായിരുന്നു ആസിഫ് അലിയുടേതായി 2023 ല്‍ പുറത്തിറങ്ങിയത്. മഹേഷും മാരുതിയും, 2018, കാസര്‍ഗോള്‍ഡ്, ഒറ്റ, എ രഞ്ജിത് സിനിമ. ഇതില്‍ 2018 വലിയ വിജയം നേടി. ആസിഫ് അലിയുടെ പ്രകടനവും കയ്യടി നേടി. എങ്കിലും 2018 ന്റെ വിജയം ആസിഫലിയ്‌ക്കോ ചിത്രത്തിലെ മറ്റേതെങ്കിലും താരത്തിനോ മാത്രമായി അവകാശപ്പെടാവുന്ന ഒന്നായിരുന്നില്ല. എന്നാല്‍ മറ്റ് സിനിമകളെല്ലാം തീയേറ്ററില്‍ പരാജയപ്പെട്ടവായിരുന്നു.

2022 ലും ആസിഫ് അലിയുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡ് സമാനമായിരുന്നു. കൂമന്‍ ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടിയ സിനിമയായിരുന്നുവെങ്കില്‍ നിരൂപക പ്രശംസ നേടിയെങ്കിലും കുറ്റവും ശിക്ഷയും മഹാവീര്യരും വിജയിക്കാതെ പോയി. റോഷാക്കിലെ അതിഥി വേഷം ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഇന്നലെ വരേയും കൊത്തും പരാജയപ്പെട്ടു. കൊവിഡിന് ശേഷം ബോക്‌സ് ഓഫീസ് തിരികെ വന്ന 2021 ലും ആസിഫ് അലിയ്ക്ക് സോളിഡ് ഹിറ്റൊന്നുമുണ്ടായിരുന്നില്ല.
ഇങ്ങനെ തുടര്‍ പരാജയങ്ങള്‍ മൂലം പലരും വാഷ് ഔട്ടായെന്നും ഫീല്‍ഡ് ഔട്ടായെന്നുമൊക്കെ പരിഹസിച്ചിരുന്നു ആസിഫ് അലിയെ. അപ്പോഴും പരാജയപ്പെട്ട സിനിമകളിലൊന്നും ആസിഫ് അലി മോശമാക്കിയെന്ന അഭിപ്രായം ആര്‍ക്കുമുണ്ടായിരുന്നില്ല. നടനെന്ന നിലയില്‍ ആസിഫ് വളര്‍ന്നു കൊണ്ടേയിരിക്കുകയായിരുന്നു. പക്ഷെ ബോക്‌സ് ഓഫീസ് വിജയം മാത്രം അകന്നു നിന്നു.
ആസിഫ് അലിയുടെ കാത്തിരിപ്പിന്റേയും കഠിനാധ്വാനത്തിന്റേയും ഫലം കണ്ട വര്‍ഷമാണ് 2024. തലവന്‍ ആയിരുന്നു ആദ്യ സിനിമ. വിശ്വസ്തനായ ജിസ് ജോയ് ആയിരുന്നു സിനിമയുടെ സംവിധാനം. കൂട്ടിന് ബിജു മേനോനും. ജിസ് ജോയ്ക്കും തലവന്‍ വഴി മാറിയുള്ളൊരു നടത്തമായിരുന്നു. പൊലീസ് കഥ പറഞ്ഞ സിനിമ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി. ആസിഫ് അലിയുടെ പക്വതയുള്ള പ്രകടനവും കയ്യടി നേടി. ജിസ് ജോസ്-ആസിഫ് അലി കൂട്ടുകെട്ട് ശക്തമായി തിരികെ വന്നു.
അടുത്തതായി തീയേറ്ററിലേക്ക് എത്തുന്നത് ലെവല്‍ ക്രോസ് ആണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും മേക്കിംഗിലെ വ്യത്യസ്ത കൊണ്ടും ആസിഫിന്റെ പ്രകടനം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. പുതുതലമുറ നടന്മാരില്‍ ഏറ്റവും മികച്ചവരുടെ പട്ടികയില്‍ തനിക്കുള്ള ഇരിപ്പിടം ആസിഫ് ഒന്ന് വലിച്ച് അടുപ്പിച്ചിട്ടു. പിന്നെ ആസിഫിനെ കണ്ടത് അഡിയോസ് അമീഗോയിലാണ്. സുരാജ് വെഞ്ഞാറമൂട്-ആസിഫ് അലി കോമ്പോയില്‍ വന്ന സിനിമ ഫീല്‍ഗുഡ് സിനിമയായിരുന്നു. ബോക്‌സ് ഓഫീസിനേക്കാള്‍ കയ്യടി നേടാന്‍ ഒടിടിയിലൂടെ ചിത്രത്തിന് സാധിച്ചു. ഒരു പൊടിക്ക് മുകളില്‍ പോയിരുന്നുവെങ്കില്‍ കൈ വിട്ടു പോകുമായിരുന്ന കഥാപാത്രത്തെ കിറുകൃത്യമായിട്ടാണ് ചിത്രത്തില്‍ ആസിഫ് അവതരിപ്പിച്ചത്.

തീര്‍ന്നില്ല, ഇനിയാണ് വെടിക്കെട്ട്. 2024 എന്ന വര്‍ഷം തന്നെ തന്റേതാക്കി മാറ്റുന്ന ആസിഫിനെയാണ് പിന്നെ കാണുന്നത്. കിഷ്‌കിന്ധാ കാണ്ഡം എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്ന് ആസിഫ് തന്റേതാക്കി മാറ്റി. വിജയരാഘവനും അപര്‍ണ ബാലമുരളിയുമായിരുന്നു ഒപ്പം അഭിനയിച്ചത്. ഈ വര്‍ഷത്തെ മാത്രമല്ല, സമീപകാലത്തെ തന്നെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തില്‍ താരങ്ങളോരോരുത്തരും മത്സരിച്ചാണ് അഭിനയിച്ചത്. വിജയരാഘവനെ പോലൊരു സീസണ്‍ഡ് ആയ നടനൊപ്പം പിടിച്ചുള്ള ആസിഫിന്റെ പ്രകടനം കാണേണ്ട കാഴ്ചയാണ്.
ഇതിന് മുമ്പ് ഇതുപോലെ ബോക്‌സ് ഓഫീസ് കയ്യടിയും നിരൂപക പ്രശംസയും ഒരുപോലെ നേടുന്ന ആസിഫ് അലിയെ കണ്ടത് 2019 ലാണ്. വിജയ് സൂപ്പറും പൗര്‍ണമിയിലും ആരംഭിച്ച് കെട്ട്യോളാണ് എന്റെ മാലാഖയിലാണ് 2019 ആസിഫ് അലി അവസാനിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും ഒരു വര്‍ഷം തന്റേതാക്കി മാറ്റിയിരിക്കുകയാണ് ആസിഫ് അലി. ഫീല്‍ഡ് ഔട്ട് എന്ന് വിളിച്ച് പരിഹസിച്ചവര്‍ക്ക് നാവടക്കാം, പ്രതിഭാശാലിയായൊരു കഠിധ്വാനിയെ എല്ലാ കാലത്തും വിജയം പടിയ്ക്ക് പുറത്ത് നിര്‍ത്തില്ല.


Click it and Unblock the Notifications