ജഗദീഷ് ഉണ്ടോ, ഹിറ്റ് ഉറപ്പിക്കാം! 2024- ലെ ഹിറ്റ്മെഷീന്‍
2024 അവസാനിക്കുകയാണ്. പോയ വര്‍ഷം നിരവധി സിനിമകള്‍ തീയേറ്ററിലെത്തി. അതില്‍ ചിലതൊക്കെ വലിയ വിജയം നേടി, ചിലതൊക്കെ പരാജയപ്പെട്ടു. ചിലതിനെ തീയേറ്റര്‍ കൈ വിട്ടപ്പോള്‍ ഒടിടി സ്വീകരിച്ചു. 2024 ലെ ഹിറ്റുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അതിലെല്ലാം കാണാന്‍ സാധിക്കുന്നൊരു കോമണ്‍ ഫാക്ടറുണ്ട്, ജഗദീഷ്.
ഫാലിമിയും നേരും പുരുഷ പ്രേതവുമൊക്കെയായി ജഗദീഷ് ഗിയര്‍ മാറ്റിയ വര്‍ഷമായിരുന്നു 2023. ജഗദീഷ് 2.0 എന്ന് സിനിമാ ലോകവും ആരാധകരും പേരിട്ട കാലഘട്ടം. 2023 ല്‍ ജഗദീഷ് 2.0യുടെ തുടക്കമായിരുന്നു കണ്ടതെങ്കില്‍ അതിന്റെ പീക്കിലേക്ക് എത്തിയ വര്‍ഷമായിരുന്നു 2024. തൊട്ടതെല്ലാം പൊന്നാക്കിയ വര്‍ഷമായിരുന്നു ജഗദീഷിന്.

2024 ല്‍ ജഗദീഷിന്റേതായി തീയേറ്ററിലെത്തിയത് ഏഴ് സിനിമകളായിരുന്നു. അതില്‍ ഒരെണ്ണം പോലും തീയേറ്ററില്‍ പരാജയപ്പെട്ടില്ല. എല്ലാം വിജയങ്ങളായിരുന്നു. ഈ വര്‍ഷത്തെ തന്നെ ആദ്യ ഹിറ്റായ എബ്രഹാം ഓസ്ലറിലായിരുന്നു തുടക്കം. ചിത്രത്തില്‍ വേറിട്ട വില്ലന്‍ വേഷത്തിലെത്തി ജഗദീഷ് കയ്യടി നേടി. ജയറാമിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു എബ്രഹാം ഒസ്ലര്‍.
പിന്നെ ജഗദീഷിനെ കണ്ടത് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിലാണ്. പൃഥ്വിരാജിന്റേയും അനശ്വര രാജന്റേയു അച്ഛന്‍ വേഷത്തിലായിരുന്നു അദ്ദേഹം ചിത്രത്തില്‍ അഭിനയിച്ചത്. സിനിമ മികച്ച വിജയം നേടി. ബേസില്‍ ജോസഫും നിഖില വിമലുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. വീണ്ടുമൊരു അച്ഛന്‍ വേഷവുമായി വാഴയിലാണ് ജഗദീഷ് പിന്നീട് അഭിനയിച്ചത്.
ഒരു പറ്റം യുവതാരങ്ങളേയും പുതുമുഖങ്ങളേയും വച്ചൊരുക്കിയ വാഴ വലിയ വിജയമായി മാറി. 2024 സര്‍പ്രൈസ് ഹിറ്റുകളിലൊന്നായിരുന്നു വാഴ. അച്ഛന്‍ വേഷത്തില്‍ നിന്നും മാറി, നായകന്റെ മെന്റര്‍ വേഷത്തിലാണ് ജഗദീഷിനെ പിന്നെ കണ്ടത്. ടൊവിനോ നായകനായ അജയന്റെ രണ്ടാം മോഷണത്തില്‍. ഈ സിനിമയും വലിയ ഹിറ്റായി മാറി. ടൊവിനോയും ജഗദീഷുമുള്ള രംഗം തീയേറ്ററില്‍ കയ്യടി നേടിയതായിരുന്നു.
ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായിരുന്നു കിഷ്‌കിന്ധാ കാണ്ഡത്തിലെ വേഷം. മദ്യപാനിയായ കഥാപാത്രമായി ജഗദീഷ് നിറഞ്ഞാടി. സ്‌ക്രീന്‍ സ്‌പേസ് കുറവെങ്കിലും നിര്‍ണായകമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം. കുറച്ച് ഗൗരവ്വമുള്ള വേഷങ്ങള്‍ക്ക് ശേഷം അടിമുടി കോമഡി സിനിമയായ ഹലോ മമ്മിയിലാണ് പിന്നീട് ജഗദീഷ് അഭിനയിച്ചത്. ഷറഫൂദ്ദീനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിലെ ജഗദീഷിന്റെ അച്ഛന്‍ വേഷവും കയ്യടി നേടി.
വില്ലന്‍ നിന്നും ആരംഭിച്ച 2024 ജഗദീഷ് അവസാനിപ്പിക്കുന്നതും വില്ലനിലാണ്. ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയിലെ ക്രൂരനായ വില്ലനായി കയ്യടി നേടിയാണ് ഈ വര്‍ഷത്തിന് ജഗദീഷ് വിട പറയുന്നത്. നാളിതുവരെ കാണാത്ത അത്ര വില്ലത്തരവുമായാണ് ജഗദീഷ് മാര്‍ക്കോയിലെത്തിയിരിക്കുന്നത്.ചിത്രം ആദ്യ ദിവസം തന്നെ വലിയ സ്വീകരണമാണ് നേടിയത്. ഇക്കൊല്ലത്തെ ക്രിസ്തുമസ് മാര്‍ക്കോ എടുക്കുമ്പോള്‍ വില്ലനായി ജഗദീഷും കയ്യടി നേടുകയാണ്.
അങ്ങനെ 2024 ല്‍ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാകുന്ന നടനായി മാറിയിരിക്കുകയാണ് ജഗദീഷ്. ഒരിടവേളയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങളിലൂടെ ശക്തമായാണ് ജഗദീഷ് തിരികെ വന്നിരിക്കുന്നത്. 2025 ല്‍ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി തന്നിലെ നടനെ കൂടുതല്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നൊരു ജഗദീഷിനെ കാണാന്‍ സാധിക്കുമെന്നുറപ്പാണ്. കോമഡിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് കൂടി ആരാധകര്‍ ഈ വര്‍ഷം ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications