എനിക്ക് 54 വയസ്സായി, മക്കളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്; അക്കാര്യത്തിൽ അവർ ദേഷ്യപ്പെടാറുണ്ട്!
യോദ്ധ എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് മധുബാലയെ ഓർക്കാൻ. തൈപ്പറമ്പില്‍ അശോകന്റെ കാമുകി അശ്വതിയായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികയാണ് മധുബാല. റോജ, ജെന്റിൽമാൻ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും പ്രിയങ്കരിയാണ് നടി. 90കളിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം തിരക്കുള്ള നായികയായി തിളങ്ങി നിന്ന മധുബാല ഇന്നും സിനിമകളിൽ സജീവമാണ്.
എന്നാൽ കരിയറിനൊപ്പം തന്നെ നല്ലൊരു കുടുംബജീവിതവും മുന്നോട്ട് കൊണ്ടുപോവുന്നുണ്ട് നടി. 1999 ലാണ് മധുബാല വിവാഹിതയായത്. ആനന്ദ് ഷായാണ് ഭർത്താവ്. അമേയ, കിയ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. ഇപ്പോഴിതാ മക്കളെ കുറിച്ചും തന്റെ ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മധുബാല. ഗലാട്ട തമിഴ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

'ഫിറ്റ്നസും ഹെൽത്തും സ്പിരിച്ചാലിറ്റിയും ഒക്കെയാണ് ഇപ്പോഴത്തെ കൾച്ചർ. എല്ലാവരും സ്വന്തം ശരീരം നോക്കുന്നവരും ഭംഗിയായി നടക്കാൻ ആഗ്രഹിക്കുന്നവരുമാണ്. എനിക്ക് രണ്ടു പെണ്മക്കളാണ്. മൂത്തയാൾക്ക് 23 വയസായി. ഷോപ്പിങിന് പോകുമ്പോഴൊന്നും ഞാൻ അവരുമായി വഴക്കുണ്ടാക്കാറില്ല. അവർക്ക് എന്തുവേണമോ അത് ഞാൻ വാങ്ങി കൊടുക്കും. പൊങ്കലിനൊക്കെ അവർ രണ്ടുപേരും എന്റെ ഡ്രസ്സുകൾ എടുത്ത് ഇടാറുണ്ട്. അവർ വീട്ടിൽ ഇല്ലാത്തപ്പോൾ ഞാൻ അവരുടെ ഡ്രസുകളും എടുത്തിടും,'
'അതിന്റെ ഫോട്ടോ ഞാൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമ്പോൾ രണ്ടുപേരും അടിയുണ്ടാക്കാൻ വരും. രണ്ടുപേരും ലണ്ടനിൽ ആയതുകൊണ്ട് അവിടെയിരുന്ന് എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ എന്ന് വയ്ക്കും. എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരും വിദേശത്ത് ആയത് കൊണ്ട് ഫാഷന്റെ കാര്യത്തിലൊക്കെ ഒരുപാട് അപ്‌ഡേറ്റഡാണ്. എനിക്ക് രണ്ടുപേരും ഒരുപാട് ഉപദേശങ്ങളും സജഷൻസും തരാറുണ്ട്. ഞാൻ ഏതെങ്കിലും പരിപാടികൾക്ക് അവർക്ക് ഇഷ്ടമില്ലാത്ത വസ്ത്രം ധരിച്ച് പോയാൽ അവർ ദേഷ്യപ്പെടാറുണ്ട്,' മധു ബാല പറയുന്നു.

'എന്തെങ്കിലും പരിപാടി വരുമ്പോൾ മൂത്തമകളോട് ചോദിച്ച് ഏത് ഡ്രസ് വേണമെന്ന് തീരുമാനിക്കാനാണ് ഭർത്താവ് പറയുക. ഞാൻ അവളെ വിളിച്ചു ചോദിക്കും, അവളായിരിക്കും എന്നെ സ്റ്റൈൽ ചെയ്യുന്നത്. അത് പോസ്റ്റ് ചെയ്യുമ്പോൾ അവളെ മെൻഷൻ ചെയ്യാനും നിർദേശിക്കാറുണ്ട്. ഞാൻ അവരിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. നിങ്ങളെ മൂന്നുപേരെയും കണ്ടാൽ സിസ്റ്റേഴ്സ് ആണെന്ന് പറയുമല്ലോ, അമ്മ മക്കളെക്കാൾ സുന്ദരി ആണെല്ലോ എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ ഇപ്പോൾ അവരതിനെ പോസിറ്റീവായി എടുക്കാറുണ്ട്,'
'അഞ്ചു വർഷം മുൻപ് അവർക്ക് അൽപം തടി ഉണ്ടായിരുന്നപ്പോൾ ഇത് കേൾക്കുന്നത് ഇഷ്ടമില്ലായിരുന്നു. 23 വയസും 21 വയസുമാണ് രണ്ടുപേരുടെയും പ്രായം. എനിക്ക് 54 വയസ്സായി. മക്കൾക്ക് എന്നെയോർത്ത് അഭിമാനമാണ്. അമ്മ ഇപ്പോഴും സുന്ദരിയായി ഇരിക്കുന്നതിൽ അവർക്ക് സന്തോഷമാണ്. എനിക്ക് ഇപ്പോഴും എന്റെ മക്കളും കുടുംബവും തന്നെയാണ് വലുത്. മക്കളാണോ കരിയറാണോ എന്ന് ഒരു ചോദ്യം വന്നാൽ ഉറപ്പായും മക്കൾ ആണെന്നേ ഞാൻ പറയൂ,' മധുബാല പറഞ്ഞു.


Click it and Unblock the Notifications