'രജനീകാന്തിന്റെ രണ്ടു പെൺമക്കളുടെയും അവസ്ഥ ഒരുപോലെ'; ഐശ്വര്യ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്!
തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ ഞെട്ടിച്ച വേര്‍പിരിയലുകളില്‍ ഒന്നാണ് നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും തമ്മിലുള്ളത്. ധനുഷിനെതിരെ പലതരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നപ്പോഴും ശക്തമായ പിന്തുണയോട് കൂടെനിന്ന ആളാണ് ഐശ്വര്യ. വളരെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന താരദമ്പതികളായാണ് ഇവരെ ആരാധാകർ കണ്ടിരുന്നത്. എന്നാൽ യാതൊരു സൂചനകളും നൽകാതെ പെട്ടെന്നൊരു ദിവസം തങ്ങൾ വേർപിരിയുകയാണെന്ന ഇവർ പ്രഖ്യാപിക്കുകയായിരുന്നു.
ആരാധകരെ സംബന്ധിച്ച് ഞെട്ടലുണ്ടാക്കുന്നതായിരുന്നു ഇവരുടെ പ്രഖ്യാപനം. പതിനെട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇവർ പിരിയാനുള്ള തീരുമാനം എടുത്തത്. ഇതുവരെയും എന്തുകൊണ്ടാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ധനുഷിന്റെ കടൽ കൊണ്ടേൻ എന്ന സിനിമ കണ്ടതിന് ശേഷം ഐശ്വര്യ രജനികാന്ത് ധനുഷുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു.

തങ്ങള്‍ നല്ല സുഹൃത്തുക്കളായി തുടരുമെന്ന് അറിയിച്ചാണ് ധനുഷും ഐശ്വര്യയും പിരിഞ്ഞത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. മക്കളുടെ ആവശ്യങ്ങൾക്ക് ഇരുവരും ഒന്നിച്ച് എത്താറുണ്ട്. മക്കളുടെ ഉത്തരവാദിത്തങ്ങൾ പങ്കുവയ്ക്കാം എന്ന തീരുമാനത്തിൽ ആയിരുന്നു ഇവരുടെ വേർപിരിയൽ. അതിനിടെ ഇടയ്ക്ക് ഇവർ വീണ്ടും ഒന്നിക്കുന്നു എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇരുവരെയും രമ്യതയിലെത്തിക്കാൻ ഐശ്വര്യയുടെ അച്ഛൻ നടൻ രജനികാന്ത് തന്നെ നേരിട്ട് ഇടപെടുന്നു എന്നായിരുന്നു വാർത്തകൾ.
ഈ വാർത്തകൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകി. എന്നാൽ പ്രതീക്ഷിച്ചത് പോലെയൊന്നും സംഭവിച്ചില്ല. ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വാർത്ത ഇതിനകം തമിഴ് ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. തമിഴ് സിനിമയിലെ ഒരു യുവ നടനുമായി ഐശ്വര്യ പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും ഉണ്ട്.
ചെന്നൈയിലെ പ്രശസ്തമായ ഒരു റിസോർട്ടിൽ യുവ നായകനൊപ്പം ഐശ്വര്യയെ കണ്ടെന്ന വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇത് ആരധകരെ ഞെട്ടിച്ചിട്ടുണ്ട്. നേരത്തെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യയും ആദ്യ വിവാഹബന്ധം ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. രജനികാന്തിന്റെ രണ്ടു പെൺമക്കളുടെയും ദാമ്പത്യ ജീവിതം ഒരേ രീതിയിലായി എന്നാണ് ആരാധകർ പറയുന്നത്.

ഐശ്വര്യയുടെ രണ്ടാം വിവാഹവാർത്ത പുറത്തുവന്നതോടെ നിരവധി ചർച്ചകളും അതിനെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. വിവാഹമോചിതയായ ഒരു സ്ത്രീ രണ്ടാമത് വിവാഹം കഴിക്കുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേരാണ് ഐശ്വര്യയ്ക്ക് പിന്തുണയുമായി എത്തുന്നത്. അതേസമയം തന്നെ രണ്ടു കുട്ടികളുള്ള ഐശ്വര്യ എന്തിനാണ് വീണ്ടും വിവാഹം കഴിക്കുന്നത് എന്ന ചോദ്യങ്ങളുമായും ചിലർ എത്തുന്നുണ്ട്. നിരവധി മോശം കമന്റുകളും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
2004 ൽ വിവാഹിതരായ ഐശ്വര്യയും ധനുഷും കഴിഞ്ഞ വർഷമാണ് വേർപിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം രണ്ടുപേരും സിനിമാ തിരക്കുകളിലേക്ക് കടന്നിരുന്നു. ദി ഗ്രേ മാൻ എന്ന ഹോളിവുഡ് ചിത്രമടക്കം നാല് സിനിമകളാണ് ധനുഷിന്റേതായി പുറത്തിറങ്ങിയത്.
ഇതിൽ തിരുച്ചിത്രമ്പലം, വാത്തി തുടങ്ങിയ സിനിമകൾ വലിയ ഹിറ്റായി മാറി. ക്യാപ്റ്റൻ മില്ലർ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്. ലാൽ സലാം എന്ന ചിത്രം സംവിധാനം ചെയ്യുന്ന തിരക്കിലാണ് ഐശ്വര്യ രജനികാന്ത്. രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.


Click it and Unblock the Notifications