പ്രമുഖ താരത്തിന്റെ മകനിൽ നിന്നും മോശം അനുഭവം; വെളിപ്പെടുത്തലുമായി നടി കൃതി ഷെട്ടി!
സമീപകാലത്തായി സിനിമയിൽ നിന്നും നേരിടുന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് നിരവധി നടിമാർ രംഗത്തെത്തിയിരുന്നു. അവസരത്തിന് പകരം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടുവെന്ന് മുന്‍നിര നടിമാരടക്കമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതല്ലാതെ നേരിടുന്ന മറ്റു മോശം അനുഭവങ്ങളെ കുറിച്ചും ഒരുപാട് താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. പുതുമുഖമെന്നോ മുൻനിര താരമെന്നോ വ്യത്യാസമില്ലാതെ പല നടിമാർക്കും മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇപ്പോഴിതാ അത്തരമൊരു അനുഭവം തുറന്നു പറഞ്ഞെത്തിയിരിക്കുകയാണ് നടി കൃതി ഷെട്ടി.
തെന്നിന്ത്യയിലെ യുവനായികമാരിൽ ശ്രദ്ധേയ താരമാണ് കൃതി ഷെട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ സിനിമ ലോകത്ത് തന്റേതായ സ്ഥാനമുറപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനകം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി അടക്കമുള്ള ഭാഷകളിൽ കൃതി അഭിനയിച്ചു കഴിഞ്ഞു. തെലുങ്കിലാണ് നടി കൂടുതൽ തിളങ്ങി നിൽക്കുന്നത്. കൃതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഒരു താരപുത്രനിൽ നിന്ന് താൻ നേരിടുന്ന മോശം അനുഭവത്തെ കുറിച്ച് കൃതി തുറന്നു പറഞ്ഞതയാണ് വാർത്തകൾ. ഒരു കോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം ഇതേക്കുറിച്ച് പറഞ്ഞു എന്നാണ് റിപ്പോർട്ട്. ഒരു സ്റ്റാർ ഹീറോയുടെ മകൻ തന്നെ നിരന്തരം ഉപദ്രവിക്കുന്നു എന്നാണ് കൃതി ഷെട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ ഒരു സീനിയർ നടനാണ് മകനാണ് ഇതെന്നാണ് വിവരം. പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും ഇയാൾ കാരണം മോശം അനുഭവങ്ങൾ ഉണ്ടാവുകയാണെന്ന് കൃതി ആരോപിക്കുന്നു.
അയാൾ പോകുന്ന ഇടത്തെല്ലാം വരാൻ ആവശ്യപ്പെടുകയാണ്. ഓരോ കാര്യങ്ങൾക്കും നിർബന്ധിക്കുന്നു, ഫോണിലൂടെ ഭീഷണി പെടുത്തുന്നു എന്നൊക്കെയാണ് ആരോപണങ്ങൾ. സൗഹൃദം സ്ഥാപിക്കാൻ അയാൾ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും അത് ഇഷ്ടമല്ലാത്തതിനാൽ കൃതി ഒഴിഞ്ഞു മാറുകയാണെന്നാണ് പറയുന്നത്. താരപുത്രന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ കോടികൾ വാഗ്‌ദാനം ചെയ്‌തെന്നും അതെല്ലാം താരം മാന്യമായി നിരസിച്ചു എന്ന വാർത്തയും സിനിമാ മേഖലയിൽ പ്രചരിക്കുന്നുണ്ട്.
ബോളിവുഡിലൂടെയായിരുന്നു കൃതിയുടെ സിനിമ അരങ്ങേറ്റം. 2019 ൽ പുറത്തിറങ്ങിയ സൂപ്പർ 30 എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഹൃത്വിക് റോഷനും മൃണാൽ താക്കൂറുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ കൃതിയുടെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടാണ് തെലുങ്കിലേക്ക് എത്തുന്നത്.
തെലുങ്കിൽ ആദ്യ ചിത്രത്തിലൂടെ തന്നെ തരംഗം സൃഷ്ടിച്ച കൃതി ഷെട്ടി, തുടർച്ചയായി മൂന്ന് ഹിറ്റുകളാണ് സമ്മാനിച്ചത്. എന്നാൽ പിന്നീട് വന്ന സിനിമകളൊക്കെ പരാജയമായി മാറുകയായിരുന്നു. ഉപ്പേന, ബംഗർരാജു, ശ്യാം സിംഗ് റോയ് തുടങ്ങിയവ ആയിരുന്നു കൃതിയുടെ വിജയിച്ച സിനിമകൾ. അതിന് ശേഷം, രാം പോത്തിനേനിക്കൊപ്പം ചെയ്ത ദ വാരിയർ, നിഥിനൊപ്പം അഭിനയിച്ച മച്ചേർള നിയോജകവർഗ്ഗം, ആ അമ്മായി കുറിച്ചി മീനു ചെപ്പാലി തുടങ്ങിയ സിനിമകളാണ് പരാജയപ്പെട്ടത്.

അടുത്തിടെ, നാഗ ചൈതന്യ നായകനായ കസ്റ്റഡി എന്ന സിനിമയിലും കൃതി അഭിനയിച്ചിരുന്നെങ്കിലും അതും വിജയിച്ചില്ല. ഇപ്പോൾ ശർവാനന്ദിനൊപ്പമുള്ള ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ടോവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണമാണ് കൃതിയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന സിനിമ. കൃതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമാണിത്.
പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. ടൊവിനോ ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂർണമായും 3D യിൽ ചിത്രീകരിച്ച സിനിമ, മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്.


Click it and Unblock the Notifications