സിനിമകൾ കുറഞ്ഞതോടെ ആത്‌മീയതയിലേക്ക്; ഗീത സ്വാമിനിയെ പോലെ ജീവിക്കുന്നു: ബയിൽവാൻ രംഗനാഥൻ
മലയാളമടക്കം എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരുപോലെ തിളങ്ങിയിട്ടുള്ള നടിയാണ് ഗീത. വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ ഗീത ബിഗ്‌സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ട്. 70കളുടെ അവസാനം സിനിമയിലേക്ക് എത്തിയ ഗീത എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി സിനിമകളിലാണ് നായികയായത്. മലയാളത്തിലും തമിഴിലുമെല്ലാം വലിയ സ്വീകാര്യതയാണ് നടിയ്ക്ക് ലഭിച്ചത്. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താൻ ഗീതയ്ക്ക് സാധിച്ചിരുന്നു. നിരവധി ശ്രദ്ധേയ സിനിമകളിൽ നടി അഭിനയിച്ചു.
മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രഗൽഭരായ സംവിധായകരുടെ സിനിമകളിലെല്ലാം ഗീത നായികയായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ, റഹ്മാൻ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം താരം അഭിനയിച്ചു. എന്നാൽ ഇടക്കാലത്ത് താരം സിനിമകളിൽ നിന്നെല്ലാം മാറിനിന്നിരുന്നു. വിവാഹത്തോടെയാണ് ഗീത സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. 1997 ലായിരുന്നു ഗീതയുടെ വിവാഹം. അമേരിക്കയിൽ ചാർറ്റേർഡ് അക്കൗണ്ടന്റായ വാസനാണ് ഗീതയെ വിവാഹം ചെയ്തത്.

1999 ൽ ഇവർക്ക് ഒരു മകൻ ജനിച്ചു. അതിനു ശേഷം 2002 ലാണ് ഗീത സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തിരിച്ചുവരവിൽ അമ്മ വേഷങ്ങളാണ് ഗീതയ്ക്ക് ലഭിച്ചത്. ഇതിൽ വില്ല് അടക്കമുള്ള സിനിമകളിൽ വിജയുടെ അമ്മയായി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ കുടുംബത്തോടൊപ്പം അമേരിയ്ക്കയിലാണ് ഗീത താമസിക്കുന്നത് എന്നാണ് വിവരം.
അതിനിടെ നടിയെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ ചില കാര്യങ്ങൾ വൈറലായി മാറുകയാണ്. സിനിമകൾ കുറഞ്ഞതോടെ നടി ആത്മീയതയിലേക്ക് പോയെന്നും ഒരു പെൺ സ്വാമിയേ പോലെയാണ് നടിയുടെ ഇപ്പോഴത്തെ ജീവിതമെന്നും ബയിൽവാൻ പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബയിൽവാൻ ഇക്കാര്യം പറഞ്ഞത്.
'ബാലചന്ദറിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ഗീത. ഒരു സിനിമയിൽ റഹ്‌മാന്റെ നായികയായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് നിരവധി സിനിമകളിൽ അമ്മയായും സഹോദരിയായുമൊക്കെ എത്തി. എന്നാലിപ്പോൾ സിനിമകൾ കുറഞ്ഞു കുറഞ്ഞു വന്നതോടെ നടി ആത്മീയതയിലേക്ക് കടന്നിരിക്കുകയാണ്. തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളെല്ലാം സന്ദർശിച്ച്, അവിടെ മൂന്ന് ദിവസത്തോളമൊക്കെ താമസിച്ചു കൊണ്ട് നടക്കുകയാണ് നടി. അടുത്തിടെ കാഞ്ചീപുരത്ത് വച്ച് ഞാൻ കണ്ടിരുന്നു. ഒരു സ്വാമിനിയെ പോലെയാണ് ഗീത ഇപ്പോൾ ജീവിക്കുന്നത്', ബയിൽവാൻ രംഗനാഥൻ പറയുന്നു.

താരങ്ങളെ കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കുപ്രസിദ്ധി ലഭിച്ചിട്ടുള്ള ആളാണ് ബയിൽവാൻ രംഗനാഥൻ. അതുകൊണ്ട് തന്നെ നടന്റെ വാക്കുകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. അടുത്തിടെ തനിക്കെതിരെ നടക്കുന്ന ഒരു പ്രചാരണത്തിനെതിരെ ഗീത രംഗത്ത് എത്തിയിരുന്നു. താൻ ഇന്ത്യയ്ക്ക് പുറത്തായത് കൊണ്ട് അഭിനയിക്കാൻ വരില്ല എന്ന തരത്തിൽ തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ടെന്നാണ് ഗീത പറഞ്ഞത്. ഒരു ഫ്‌ളൈറ്റ് യാത്രയുടെ ദൂരമല്ലേ ഉള്ളൂ, വിളിച്ചാൽ താൻ തീർച്ചയായും എത്തുമെന്നും ഗീത വ്യക്തമാക്കിയിരുന്നു.
ഗീത അഭിനയിക്കാൻ വരില്ല എന്ന വാർത്ത ഒരിക്കലും ഉണ്ടാകാൻ പാടില്ല. ധനുഷ്, വിജയ് സേതുപതി എന്നിവരുടെ കൂടെ ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വാരിസിൽ എന്തുകൊണ്ടാണ് അഭിനയിക്കാത്തത്, നിങ്ങൾ അല്ലേ വിജയുടെ അമ്മയായി തിളങ്ങിയ നടി എന്നൊക്കെ പലരും ചോദിച്ചു. ആരെ വിളിക്കണം എന്നത് സംവിധായകന്റെ ഇഷ്ടമാണെന്നാണ് അവരോട് പറഞ്ഞതെന്നും നടി പറയുകയുണ്ടായി. ഒരു അഭിമുഖത്തിലാണ് ഗീത ഇക്കാര്യം പറഞ്ഞത്. അതേസമയം, 2021ൽ പുറത്തിറങ്ങിയ മലയാള സിനിമ ജിബൂട്ടിയിലാണ് ഗീത അവസാനമായി അഭിനയിച്ചത്.


Click it and Unblock the Notifications











