സുര്യയുടെ കുടുംബത്തിൽ സംഭവിച്ചത് ജയം രവിയുടെ കുടുംബത്തിലും? നടനും ഭാര്യയും മാറി താമസിക്കുകയാണെന്ന് റിപ്പോർട്ട്
തമിഴ് സിനിമയിലെ ജനപ്രിയ താരമാണ് ജയം രവി. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന എഡിറ്ററും നിർമാതാവുമായ വി മോഹന്റെ മകനാണ് താരം. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയതാണ് ജയം രവി. തെലുങ്ക് സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് സഹോദരൻ മോഹൻരാജ സംവിധാനം ചെയ്ത ജയം എന്ന സിനിമയിലൂടെ നായകനുമായി. വളരെ പെട്ടെന്ന് തന്നെ നെക്സ്റ്റ് ഡോർ ബോയ് ഇമേജ് സ്വന്തമാക്കി ജയം രവി തമിഴ് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുകയായിരുന്നു.
മോഹൻരാജയുടെ മിക്ക സിനിമകളിലും ജയം രവിയായിരുന്നു നായകൻ. നടന്റെ തുടക്കകാലത്തെ മിക്ക സിനിമകളും നിർമിച്ചത് അച്ഛൻ മോഹൻ തന്നെയാണ്. കുടുംബത്തിന്റെ പിന്തുണയുള്ളതിനാൽ തന്നെ സൂപ്പർ സ്റ്റാറുകൾ വാഴുന്ന തമിഴകത്ത് അതിവേഗം ഒരിടം നേടാൻ ജയം രവിക്ക് കഴിഞ്ഞു. റൊമാന്റിക് സിനിമകളിലാണ് ജയം രവി ആദ്യ കാലങ്ങളിൽ തിളങ്ങിയത്. എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി, സന്തോഷ് സുബ്രമണ്യം, ഉനക്കും എനക്കും തുടങ്ങിയ സിനിമകൾ അതിൽ ചിലതാണ്.

അങ്ങനെ റൊമാന്റിക് ഹീറോ ആയി തിളങ്ങി നിൽക്കെ 2009ൽ ആയിരുന്നു ജയം രവിയുടെ വിവാഹം. ആരതിയാണ് നടന്റെ പങ്കാളി. ചെറുപ്പം മുതൽ സുഹൃത്തുക്കളായിരുന്ന ഇവർ പ്രണയത്തിലാവുകയും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു. രണ്ടു മക്കളാണ് ജയം രവിക്കുള്ളത്. അതിൽ ഒരാൾ ടിക് ടിക് ടിക് എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 14 വർഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ജയം രവിയും ആരതിയും.
അതിനിടെ, ജയം രവിയുടെ കുടുംബവുമായി ബന്ധപ്പെട്ട ഒരു വാർത്ത തമിഴ് സിനിമ ലോകത്ത് ചർച്ചയാവുകയാണ്. സുര്യയെയും ജ്യോതികയെയും പോലെ ജയം രവിയും കുടുംബത്തിൽ നിന്ന് മാറി ഭാര്യയും മക്കളുമായി വേറെ താമസം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതിൽ ജയം രവിയുടെ അച്ഛൻ മോഹൻ സങ്കടത്തിലാണെന്നും പറയുന്നു. തമിഴ് നടനും സിനിമാ നിരൂപകനുമായ ബെയിൽവാൻ രംഗനാഥനാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.
നേരത്തെ നടൻ സൂര്യയും ഭാര്യ ജ്യോതികയും വീട്ടിൽ നിന്ന് മാറി മുംബൈയിൽ താമസം തുടങ്ങിയതായി പറഞ്ഞതും രംഗനാഥൻ തന്നെയാണ്. ജ്യോതികയും സൂര്യയുടെ അച്ഛൻ ശിവകുമാറുമായുള്ള പ്രശ്‌നങ്ങളെ തുടർന്നായിരുന്നു ഇതെന്നായിരുന്നു ആരോപണം. അതിന് പിന്നാലെയാണ് ഇപ്പോൾ ജയം രവിയും കുടുംബത്തിൽ നിന്ന് മാറി താമസിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്.

ഭാര്യ ആരതിയുടെ ആവശ്യപ്രകാരമാണ് ജയം രവി ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് പറയുന്നത്. ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു ജയം രവിയും ആരതിയും സ്‌കൂളിലും കോളേജിലും ഒരുമിച്ച് പഠിക്കുമ്പോഴാണ് ഇവർ പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് ആരതിയെ മാത്രമാകും എന്ന് ജയം രവി പറഞ്ഞതോടെയാണ് നടന്റെ കുടുംബം അന്ന് വിവാഹത്തിന് സമ്മതിച്ചത്.
ആരതിയുടെ അമ്മ സുജാത വിജയകുമാറും തമിഴിലെ അറിയപ്പെടുന്ന നിർമാതാവാണ്. ഏതാനും സിനിമകളും സീരിയലുകളും അവർ നിർമിച്ചിട്ടുണ്ട്. മൈസൂർ രാജകുടുംബവുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് ബെയിൽവാൻ പറയുന്നത്. എന്തായാലും, ബെയിൽവാൻ രംഗനാഥന്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാണ്. മുൻപും തമിഴ് സിനിമ ലോകത്തെ താരങ്ങളെ കുറിച്ച് വെളിപ്പെടുത്തലുകളുമായി ബെയിൽവാൻ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.


Click it and Unblock the Notifications