ഡൊമിനിക്കിന് പിന്നാലെ ബസൂക്കയും: മമ്മൂട്ടി ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് വൈകുന്നതിന് കാരണം...
മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ തീയറ്ററിൽ എത്തിയത് ബസൂക്ക എന്ന ചിത്രമാണ്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ നിന്ന് ആവറേജ് എന്ന അഭിപ്രായമാണ് നേടിയത്. ബോക്സ് ഓഫീസിൽ ആവട്ടെ, ബസൂക്ക ഒരു സാമ്പത്തിക പരാജയമായിത്തീരുകയും ചെയ്തു. മമ്മൂട്ടിക്കൊപ്പം നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോൻ പ്രധാന വേഷത്തിലെത്തിയ ബസൂക്ക, ഇനിയും ഒ.ടി.ടി.യിൽ എത്തിയിട്ടില്ല.
മെഗാസ്റ്റാറും ഗൗതം മേനോനും ആദ്യമായി ഒന്നിച്ച, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് എന്ന ചിത്രവും, ഇത് പോലെ ഒ.ടി.ടി റിലീസ് വൈകിയ അവസ്ഥയിലാണ്. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിനെ പോലെ തന്നെ, ഡിജിറ്റൽ റൈറ്റ് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബസൂക്ക ഇനിയും ഒ.ടി.ടി. സ്‌ക്രീനുകളിൽ എത്തതെന്നാണ് വിവരം.
ബസൂക്ക ഒ.ടി.ടി റിലീസ് വൈകുന്നതിന് കാരണമെന്ത്?

മമ്മൂട്ടിയുടെ ഈ വർഷമിറങ്ങിയ രണ്ടു ചിത്രങ്ങളും ഒ.ടി.ടി.യിൽ റിലീസ് ആവാത്തതിന്റെ നിരാശയിലാണ്, സൂപ്പർതാരത്തിന്റെ ആരാധകരും, സിനിമാപ്രേമികളും. കഴിഞ്ഞ ചില വർഷങ്ങളായി ഗംഭീര സിനിമകളുടെ ഭാഗമായും, അത്യുജ്വല പ്രകടനങ്ങൾ കൊണ്ടും ഞെട്ടിച്ചുകൊണ്ടിരിക്കുന്ന മെഗാസ്റ്റാറിന്, 2025ൽ ഒരു ആവറേജ് തുടക്കമാണ് കിട്ടിയത്. അദ്ധേഹത്തിന്റെ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സും, ബസൂക്കയും, എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്നതിൽ വിജയിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ ആവറേജ് വിജയമായപ്പോൾ, ഡീനോ ടെന്നീസിന്റെ ആദ്യ സംവിധാന സംരംഭം സാമ്പത്തിക പരാജയമായിത്തീർന്നു.

റിപോർട്ടുകൾ അനുസരിച്ച്, ബസൂക്ക ഒ.ടി.ടി.യിൽ റിലീസാവാത്തതിന് കാരണവും ഇത് തന്നെയാണ്. മമ്മൂട്ടി നായകനായ ഗെയിം ത്രില്ലറിന്റെ ഒ.ടി.ടി. സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ 5 എന്ന പ്രമുഖ പ്ലാറ്റ്‌ഫോം ആണെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ, ചിത്രത്തിന്റെ നിർമ്മാതാക്കളും, സീ 5 ടീമും തമ്മിൽ ഇതുവരെ ഒ.ടി.ടി. സ്ട്രീമിംഗ് തുകയുടെ കാര്യത്തിൽ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല. ഈ തർക്കം പരിഹരിക്കാതെ ബസൂക്ക ഒ.ടി.ടി സ്‌ക്രീനുകളിൽ എത്തില്ല എന്നാണ് അറിയാൻ കഴിയുന്നത്.
മലയാള സിനിമയോട് ഒ.ടി.ടി.ക്ക് അവഗണയോ?
കാത്തിരിപ്പിന് വിരാമം, ബിഗ് ബോസ് സീസൺ 7 എത്തുന്നു, അർഹിക്കുന്നവർ കപ്പുയർത്തട്ടേയെന്ന് പ്രേക്ഷകർ!
എത്ര വലിയ താരം അഭിനയിക്കുന്ന ചിത്രമാണെങ്കിലും, തീയറ്ററിൽ പരാജയമായിത്തീർന്നാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ മലയാളം പ്രൊജെക്ടുകൾക്ക് നൽകുക തുച്ഛമായ തുകയാണ്. എന്നാൽ, മറ്റു ഭാഷകളിലെ പരാജയ ചിത്രങ്ങൾ പോലും ഇവർ അവിശ്വസനീയമായ വില കൊടുത്ത് വാങ്ങാൻ തയ്യാറാവുന്നു. ഈ പ്രവണതക്കെതിരെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും, സംവിധായകരും, പ്രൊഡ്യൂസർമാരും മുൻപ് പരസ്യമായി രംഗത്ത് വന്നിരുന്നു. മലയാളത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല ചിത്രങ്ങളും, തീയറ്ററിൽ അർഹിച്ച വിജയം നേടിയില്ല എന്ന ഒറ്റ കാരണം കൊണ്ട് ഒ.ടി.ടി റിലീസ് ലഭിക്കാതെ ഇരിക്കുകയാണ്.
സ്ട്രീമിങ് തുകയുടെ പേരിൽ ധാരണ ആയില്ല എന്ന ഒറ്റ കാരണത്താലാണ്, ജനുവരിയിൽ പുറത്തിറങ്ങാനിരുന്ന മോഹൻലാൽ ചിത്രം തുടരും, ഏപ്രിലിലേക്ക് മാറ്റിയത്. ഇതിനെതിരെ, സംവിധായകൻ തരുൺ മൂർത്തി ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ, തുടരും വലിയ ബോക്സ് ഓഫീസ് വിജയമായി തീർന്നതോടെ കഥ മാറി. പിന്നീട്, റെക്കോർഡ് തുകയ്ക്ക് ചിത്രത്തിന്റ ഒ.ടി.ടി. റൈറ്റ്സ് വാങ്ങാൻ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ജിയോ ഹോട്ട്സ്റ്റാർ തയ്യാറാവുകയായിരുന്നു. വൈകിയെങ്കിലും, മമ്മൂട്ടി ചിത്രങ്ങളായ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സും ബസൂക്കയും, അധികം വൈകാതെ ഒ.ടി.ടി.യിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് നിർമാതാക്കൾ.


Click it and Unblock the Notifications











