രശ്‌മിക മന്ദാനയ്ക്ക് രഹസ്യവിവാഹം? അയാളെന്റെ ഹൃദയം കീഴടക്കിയെന്ന് നടി; വെളിപ്പെടുത്തൽ!
തെന്നിന്ത്യന്‍ സിനിമയിൽ മുൻനിര നായികമാരിൽ ഒരാളാണ് രശ്മിക മന്ദാന. പുഷ്പയുടെ വിജയത്തോടെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായി മാറിയ രശ്‌മിക ഇപ്പോൾ ബോളിവുഡിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഇന്ത്യയൊട്ടാകെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ രശ്‌മികയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തയിൽ നിറയാറുണ്ട്. ഇതിനകം നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച നായികയാണ് രശ്‌മിക.
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ കഴിഞ്ഞ കുറെകാലങ്ങളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് സജീവമാണ്. ഗീത ഗോവിന്ദം അടക്കമുള്ള സിനിമകളിൽ വിജയ് ദേവരകൊണ്ടയുടെ നായികയായിരുന്നു രശ്മിക മന്ദാന. സിനിമയിലെ ഇവരുടെ കെമിസ്ട്രി ആരാധകർ ആഘോഷമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ സജീവമാകുന്നത്. ഇരുവരെയു പൊതുവേദികളിലും പാർട്ടികളിലും ഒരുമിച്ചു കാണാൻ തുടങ്ങിയതും അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ തങ്ങൾ അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരുവരും പറഞ്ഞിട്ടുള്ളത്. ഇടക്കാലത്ത് ഇരുവരും വിവാഹതിരാകുന്നു എന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. പക്ഷേ ഇതിനോടൊന്നും പ്രതികരിക്കാൻ രണ്ടുപേരും തയ്യാറായിരുന്നില്ല. പൊതുവെ തന്റെ വ്യക്തിജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് രശ്‌മിക ശ്രമിക്കാറുള്ളത്. അതിനിടെ തന്റെ 'രഹസ്യ വിവാഹ'ത്തെക്കുറിച്ചുള്ള രശ്മികയുടെ വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
അടുത്തിടെ ടൈഗർ ഷ്രോഫിനൊപ്പം മിസ് മാലിനിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് നടിയുടെ രസകരമായ വെളിപ്പെടുത്തൽ. ആനിമേഷനോടും അതിലെ ഇഷ്ട കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് താൻ ഒരാളെ രഹസ്യമായി വിവാഹം കഴിച്ചിട്ടുണ്ടെന്ന് രശ്‌മിക പറഞ്ഞത്. അഭിമുഖത്തിനിടെ 'രശ്മിക മന്ദാന രഹസ്യമായി വിവാഹം കഴിച്ചത് മറ്റാരുമല്ല നരുട്ടോയെ ആണ്!' എന്ന് അവതാരകനായ ശ്രാവൺ ഷാ പറയുകയായിരുന്നു.
രശ്‌മിക ഇത് സമ്മതിച്ചു. 'അതേ നരുട്ടോ എന്റെ ഹൃദയം കീഴടക്കി', ആ കഥാപാത്രത്തെ താൻ വിവാഹം കഴിച്ചിരിക്കുകയാണെന്ന് താരം പറഞ്ഞു. നരുട്ടോയുടെ പ്രിയപ്പെട്ട കഥാപാത്രമായ ഹിനാറ്റ ആകണമെന്നും ആനിമേഷനിലെ നായികയെപ്പോലെ പർപ്പിൾ നിറത്തിലുള്ള മുടി വേണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും രശ്‌മിക പറഞ്ഞു. മുൻപ് ഇൻസ്റ്റാഗ്രാമിൽ 'എന്റെ കാമുകൻ' എന്ന് പറഞ്ഞ് നരുട്ടോയുടെ ചിത്രം രശ്‌മിക പങ്കുവച്ചിട്ടുണ്ട്.
അതേസമയം, മുൻപൊരിക്കൽ രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. കിരിക് പാർട്ടി എന്ന ആദ്യ ചിത്രത്തിന് ശേഷം ഒപ്പമഭിനയിച്ച നടനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുമായി നടി പ്രണയത്തിലായിരുന്നു. തുടർന്ന് ഇവർ ഒന്നിക്കാൻ തീരുമാനിക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ എൻഗേജ്‌മെന്റ് നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് ഈ വിവാഹം വേണ്ടന്ന് വയ്ക്കുകയായിരുന്നു. രശ്‌മിക കരിയറിൽ ശ്രദ്ധ നൽകാൻ തീരുമാനിച്ചതോടെയാണ് ഇവർ പിരിഞ്ഞതെന്നാണ് അഭ്യൂഹം.

അടുത്തിടെ തെലുങ്കിലെ മറ്റൊരു യുവതാരവുമായി രശ്‌മിക പ്രണയത്തിലാണെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. തെലുങ്ക് യുവതാരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ പേരാണ് രശ്‌മികയുമായി ചേർത്ത് വാർത്തകൾ വന്നത്. അടുത്തിടെയായി പലയിടങ്ങളിലും ഇവരെ പാപ്പരാസികൾ ഒരുമിച്ചു കണ്ടിരുന്നു. അതിനു പിന്നാലെയാണ് പ്രണയത്തിലാണെന്ന ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. എന്നാൽ ഈ വാർത്തകളോട് രശ്മികയോ നടനോ അവരുമായി ബന്ധപ്പെട്ട വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
പുഷ്പ 2 വും ഹിന്ദിയിൽ അനിമൽ എന്ന ചിത്രവുമാണ് രശ്‌മികയുടെതായി അണിയറയിൽ ഉള്ളത്. രൺബീർ കപൂർ നായകനാകുന്ന അനിമൽ അടുത്ത മാസം തിയേറ്ററുകളിൽ എത്തും. രശ്‌മിക മന്ദാനയുടെ മൂന്നാമത്തെ ഹിന്ദി ചിത്രമാണിത്. ഗുഡ് ബൈ. മിഷൻ മജ്‌നു തുടങ്ങിയ സിനിമകളിലാണ് രശ്‌മിക മുൻപ് അഭിനയിച്ചത്.


Click it and Unblock the Notifications











