കാമുകനുമായി ജാൻവി കപൂറിന്റെ വിവാഹനിശ്ചയം കഴിഞ്ഞു? തിരുപ്പതിയിൽ രഹസ്യമായി ചടങ്ങുകൾ! വൈറലായി ചിത്രങ്ങൾ
ബോളിവുഡിലെ യുവനായികമാരിൽ പ്രധാനിയാണ് ജാൻവി കപൂർ. അഭിനയത്തിന്റെ കാര്യത്തിലും ശക്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്ന കാര്യത്തിലുമെല്ലാം ബോളിവുഡിലെ മറ്റു യുവതാരങ്ങളെക്കാളൊക്കെ ഏറെ മുന്നിലാണ് ജാൻവി കപൂറിന്റെ സ്ഥാനം. അനശ്വര നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി, അമ്മയുടെ പാത പിന്തുടർന്നാണ് സിനിമയിലേക്ക് എത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ ജാൻവിക്ക് കഴിഞ്ഞു.
ശ്രീദേവിയുടെ മകളെന്ന നിലയിൽ അരങ്ങേറ്റം മുതൽ തന്നെ ജാൻവി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയിരുന്നു. ജാൻവിയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട്. നിരവധി ഗോസിപ്പുകളും ജാൻവിയുടെ പേരിൽ വന്നിട്ടുണ്ട്. കുറച്ചു കാലങ്ങളായി തന്റെ ബാല്യകാല സുഹൃത്തായ ശിഖർ പഹാരിയുമായി നടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സജീവമാണ്. ഇപ്പോഴിതാ, താരത്തെ കുറിച്ച് ഞെട്ടിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരിക്കുകയാണ്.

കാമുകൻ ശിഖർ പഹാരിയുമായി ജാൻവി കപൂറിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നാണ് അഭ്യൂഹം. ബോളിവുഡ് മാധ്യമങ്ങളാണ് ഇങ്ങനെയൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കാമുകൻ ശിഖർ പഹാരിയയ്‌ക്കൊപ്പം ജാൻവി കപൂർ തിരുപ്പതി സന്ദർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തകളും പുറത്തുവരുന്നത്.
പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങളിലാണ് ജാൻവി കപൂറും ശിഖർ പഹാരിയായും ക്ഷേത്ര ദർശനത്തിന് എത്തിയത്. ഇവർ ദർശനം നടത്തുന്ന വീഡിയോകൾ വൈറലായിരുന്നു. വീഡിയോയിൽ കൈകൂപ്പുന്നതിനിടെ ഇവരുടെ വിരലിൽ ഒരു വജ്ര മോതിരം കാണാം. ഇതാണ് രഹസ്യമായി ഇവരുടെ വിവാഹ നിശ്ചയം നടന്നിട്ടുണ്ടാവാനുള്ള കാരണമായി പറയപ്പെടുന്നത്. എന്നാൽ ഇത് സംബന്ധിച്ച് രണ്ടുകൂട്ടരുടേയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല.
അതേസമയം വിവാഹ നിശ്ചയം കഴിഞ്ഞു എന്നത് വെറും അഭ്യൂഹം മാത്രമാണെന്ന ചില റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സിയാസാറ്റ് ഡോട്ട് കോമിന്റെ റിപ്പോർട്ട് പ്രകാരം, വാർത്തയിൽ സത്യമില്ലെന്നാണ് പറയുന്നത്. ജാൻവിയിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ താൻ വളരെ റൊമാന്റിക് ആയ വ്യക്തിയാണെന്നും തന്നെ സംബന്ധിച്ച് പ്രണയം എന്നത് ജീവിതത്തിൽ അത്യവശ്യമായ ഒന്നാണെന്നും ജാൻവി കപൂർ പറഞ്ഞിരുന്നു.
ആരോഗ്യകരമായ ഒരു ബന്ധത്തിലായിരിക്കുമ്പോൾ ഇമേജ് ഭയമില്ലാതെ നിങ്ങൾക്ക് നിങ്ങളായി തന്നെ ഇരിക്കാൻ സാധിക്കും. ഒരാളുടെ വളർച്ചയ്ക്ക് അങ്ങനൊരു ഇടം ആവശ്യമാണ്. അവരിൽ നിന്നുള്ള വാത്സല്യവും പ്രോത്സാഹനവുമെല്ലാം ആവശ്യമാണ്. അതുകൊണ്ട് തന്നെ പ്രണയത്തിലായിരിക്കുക എന്നത് വലിയ കാര്യമാണെന്ന് താൻ കരുതുന്നുവെന്നും ജാൻവി പറഞ്ഞു.

അതേസമയം ജാൻവിയും ശിഖർ പഹാരിയും പ്രണയത്തിലാണെന്ന വാർത്തകൾ കുറെ കാലമായി ബോളിവുഡിൽ സജീവമാണ്. എന്നാൽ ഇരുവരും ഇതുവരെ ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ജാൻവിയുടെ ആദ്യ സിനിമയായ ധഡക് പുറത്തിറങ്ങുന്നതിന് മുന്നേ തന്നെ ഇവർ പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ ഉണ്ട്. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും വൈറലായി മാറിയിട്ടുണ്ട്. രണ്ടുപേരും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾക്ക് പരസ്‌പരം നൽകാറുള്ള കമന്റുകളും ആരാധക ശ്രദ്ധനേടാറുണ്ട്.
ബവാൽ ആണ് ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വരുൺ ധവാൻ ആയിരുന്നു നായകൻ. മിസ്റ്റർ ആൻഡ് മിസിസ് മഹി, ദേവര, ഉൽജ എന്നിങ്ങനെ വമ്പൻ ചിത്രങ്ങൾ ജാൻവിയുടെതായി അണിയറയിൽ ഉണ്ട്. ദേവര ജാൻവിയുടെ ആദ്യ തെന്നിന്ത്യൻ സിനിമയാണ്. ജൂനിയർ എൻടിആർ ആണ് ചിത്രത്തിലെ നായകൻ. ജാൻവിക്ക് പുറമെ ബോളിവുഡിൽ നിന്ന് സെയ്‌ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications