പുതിയ പ്രണയം കണ്ടെത്തി സാമന്ത! ആരാണ് ആ അജ്ഞാതനെന്ന് ആരാധകർ; നടിയുടെ പോസ്റ്റ് വൈറൽ!
തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ചർച്ചയായ വിവാഹ മോചനമാണ് സമാന്തയുടേയും നാഗ ചൈതന്യയുടേയും. 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുമാസത്തോളം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്കൊടുവിലാണ് തങ്ങൾ പിരിഞ്ഞ വിവരം സമാന്തയും നാഗ ചൈതന്യയും ആരാധകരെ അറിയിച്ചത്. ഏഴ് വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായവർ വേർപിരിഞ്ഞുവെന്നത് ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. 2017ൽ ആയിരുന്നു ഇവരുടെ വിവാഹം. അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ശേഷമാണ് പിരിയാമെന്ന് ഇരുവരും തീരുമാനിക്കുന്നത്.
എന്നാൽ പിരിയാനുണ്ടായ കാരണം ഇന്നും വ്യക്തമല്ല. വിവാഹമോചനത്തിന് ശേഷം അപ്രതീക്ഷിതമായി വന്ന രോഗമടക്കം നിരവധി പ്രതിസന്ധികളാണ് സാമന്തയുടെ ജീവിതത്തിൽ ഉണ്ടായത്. അതിനെയെല്ലാം അതിജീവിച്ചു മുന്നോട്ട് പോകുകയാണ് സാമന്ത ഇപ്പോൾ. നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് ശേഷം സാമന്ത മറ്റാരുമായും ഇതുവരെ പ്രണയത്തിലായിട്ടില്ല. അതേസമയം നാഗ ചൈതന്യ പുതിയ പ്രണയം കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു.

നാഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം. പലയിടങ്ങളിലും ഇരുവരെയും ഒരുമിച്ചു കണ്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. എന്നാൽ ഇരുവരും ഇതേക്കുറിച്ച് തുറന്നു പറയാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് തന്നെ വാർത്തകളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. അതിനിടെ സാമന്തയും പുതിയ പ്രണയം കണ്ടെത്തിയോ എന്ന സംശയങ്ങളുമായി എത്തുകയാണ് ആരാധകർ. സാമന്തയുടെ പുതിയ പോസ്റ്റുകൾ കണ്ടാണ് ആരാധകർ ഇത്തരമൊരു സംശയം ഉന്നയിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം വില്ലനായി എത്തിയ രോഗത്തെയും അതിജീവിച്ച് സിനിമകളിൽ സജീവമായ സമാന്തയ്ക്ക് വലിയ സ്വീകരണമാണ് ആരാധകർ നൽകിയത്. എന്നാൽ കരിയറിൽ അത്ര നല്ല സമയമായിരുന്നില്ല നടിയുടേത്. യശോദ, ശാകുന്തളം എന്നിങ്ങനെ പുറത്തിറങ്ങിയ രണ്ടു സിനിമകളും ബോക്സ്ഓഫീസിൽ പരാജയപ്പെട്ടു. ഖുഷി എന്ന സിനിമയും സിറ്റഡൽ എന്ന വെബ് സീരീസുമാണ് സമാന്തയുടേതായി ഇനി റിലീസിന് ഒരുങ്ങുന്നത്. രണ്ടിന്റെയും ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം ചികിത്സയ്ക്കായി ഒരു വർഷത്തേക്ക് സിനിമകളിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് സാമന്ത.
സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സാമന്ത കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളും റീലുകളുമെല്ലാം വൈറലായി മാറിയിരുന്നു. അതിനൊപ്പമാണ് താരത്തിന്റെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയും ശ്രദ്ധ നേടുന്നത്. "ചിലപ്പോൾ നിങ്ങൾ കേൾക്കുന്നതെല്ലാം വെറുപ്പിനെക്കുറിച്ചായിരിക്കും, എന്നാൽ ഈ ലോകത്ത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ സ്നേഹമുണ്ട്" എന്ന വരികളാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ, "മരണത്തിൽ നിന്ന് നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ല, നമുക്ക് സ്നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാം" എന്നൊരു ഉദ്ധരണിയും സാമന്ത പങ്കുവച്ചിരുന്നു. തുടർച്ചയായി സാമന്ത ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നതാണ് ആരാധകരെ സംശയത്തിലാക്കിയിരിക്കുന്നത്. ഇനി സാമന്ത പ്രണയത്തിലാണെങ്കിൽ തന്നെ ആ അജ്ഞാതൻ ആരായിരിക്കും എന്നും ആരാധകർ ചോദിക്കുന്നു. എന്നാൽ സാമന്ത മനസുതുറക്കാതെ ഇതിനു പിന്നിലെ സത്യം എന്താണെന്ന് അറിയാൻ കഴിയില്ല.
അതേസമയം സാമന്തയുടെ ഖുഷി എന്ന സിനിമയ്ക്കും സിറ്റഡൽ സീരീസിനുമായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വിജയ് ദേവരകൊണ്ടയാണ് ഖുഷിയിൽ നായകനാകുന്നത്. സെപ്റ്റംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ബോളിവുഡ് താരം വരുൺ ധവാൻ ആണ് സിറ്റഡലിലെ നായകൻ.


Click it and Unblock the Notifications