'സാമന്തയ്ക്ക് ഗുരുതരമായ ചർമ്മ രോഗമോ'; പ്രചരിക്കുന്ന വാർത്തകളിൽ വിശദീകരണവുമായി മാനേജർ!
കഴിഞ്ഞ ഒരു വർഷമായി സാമന്തയുടെ ലൈഫ് മൊത്തത്തിൽ മാറി. കഴിഞ്ഞ ഒക്ടോബർ നാലിനാണ് നടൻ നാഗചൈതന്യയുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചുവെന്ന് സാമന്ത പ്രഖ്യാപിച്ചത്. 2021ലെ ന്യൂ ഇയർ ആഘോഷത്തിന് ശേഷമാണ് ഇരുവരും പരസ്പരം അകന്ന് തുടങ്ങിയതും അവസാനം വേർപിരിയൽ പ്രഖ്യാപിച്ചതും.
ഏഴ് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരായവരായിരുന്നു സാമന്തയും നാഗ ചൈതന്യയും. വിണ്ണയ് താണ്ടി വരുവായ എന്ന ഹിറ്റ് റൊമാന്റിക്ക് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് പതിപ്പിൽ നാഗചൈതന്യയും സാമന്തയുമായിരുന്നു നായകനും നായികയുമായത്.
ശേഷമാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ശേഷവും ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു. ബന്ധം വേർപിരിഞ്ഞ ശേഷം ഇരുവരും തങ്ങളുടെ അഭിനയ ജീവിതത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
സാമന്ത വിവാഹ മോചനത്തിന് ശേഷം ബോളിവുഡിലേക്കും അരങ്ങേറിയിരുന്നു. ഫാമിലിമാൻ 2വിൽ വില്ലത്തി വേഷം ചെയ്ത് സാമന്ത എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. ശരീരത്തിലും വലിയ മേക്കോവറുകൾ വിവാഹമോചനത്തിന് ശേഷം സാമന്ത നടത്തിയിരുന്നു.

ഫാമിലി മാൻ 2വിന് ശേഷം സാമന്ത ചെയ്തത് പുഷ്പ സിനിമയായിരുന്നു. ചിത്രത്തിൽ ആദ്യമായി സാമന്ത ഐറ്റം ഡാൻസ് അവതരിപ്പിച്ചു. സാമന്തയുടെ പ്രകടനത്തിന് മികച്ച പ്രതികരമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്.
സോഷ്യൽമീഡിയയിൽ വളരെ ആക്ടീവായ സാമന്തയെ ഇപ്പോൾ പക്ഷെ സോഷ്യൽമീഡിയയിൽ കാണാറില്ല. പബ്ലിക്കുമായി ബന്ധപ്പെടുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കിയിരിക്കുകയാണ് താരം.
സാമന്ത ഇപ്പോൾ അമേരിക്കയിലാണ്. മുമ്പുണ്ടായിരുന്ന ചർമ്മ രോഗം വീണ്ടും വന്നതിനാൽ അതിനുള്ള ചികിത്സയ്ക്കായി സാമന്ത അമേരിക്കയ്ക്ക് പോയിയെന്നാണ് റിപ്പോർട്ടുകൾ വന്നത്.

സൂര്യരശ്മികൾ ഏൽക്കുന്നത് മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിൽ നിന്ന് വിട്ട് നിൽക്കുകയാണ്.
ഷൂട്ടിങ് തുടങ്ങിയ പല സിനിമകളും നീട്ടിവെക്കുകയും പുതിയ സിനിമകളുടെ റിലീസ് മാറ്റുകയും ചെയ്തിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് എപ്പോഴാണ് തിരിച്ചെത്തുന്നതെന്ന വിവരം പുറത്തുവന്നിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് സമാന്തയുടെ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. മുമ്പ് ഇതേ ചർമ്മ രോഗം വന്നപ്പോൾ താരത്തിന് വിഷാദം അടക്കം പിടിപെട്ടിരുന്നു.

സാമന്തയുടെ അസുഖം സംബന്ധിച്ച് നിരവധി വാർത്തകൾ പുറത്തുവന്നതോടെ താരത്തിന്റെ മാനേജർ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. മാനേജർ മഹേന്ദ്ര ഇന്ത്യൻ എക്‌സ്‌പ്രസിനാണ് സാമന്തയുടെ അസുഖം സംബന്ധിച്ച് വിശദീകരണം നൽകിയത്.
കേൾക്കുന്ന വാർത്തകളിൽ ഒട്ടും സത്യമില്ലെന്നും സാമന്ത സുഖമായി ഇരിക്കുന്നുവെന്നുമാണ് മാനേജർ പറഞ്ഞത്. പക്ഷെ സാമന്ത എന്തിനാണ് യുഎസ്സിലേക്ക് പോയത് എന്നതിന്റെ കാരണം മാനേജർ വെളിപ്പെടുത്തിയിട്ടില്ല.
ആക്ഷൻ ത്രില്ലർ ചിത്രം യശോദയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഓഗസ്റ്റിൽ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടിവെക്കുകയായിരുന്നു. ചിത്രത്തിൽ മലയാളി താരം ഉണ്ണി മുകുന്ദനും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ വീഡിയോയ്ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് യശോദയുടെ റിലീസ് നീട്ടിയതെന്നും റിപ്പോർട്ടുകളുണ്ട്. ശാകുന്തളമാണ് സമാന്തയുടെ മറ്റൊരു പ്രോജക്ട്.
ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങിയെങ്കിലും ഇപ്പോൾ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. അഭിജ്ഞാന ശാകുന്തളം അടിസ്ഥാനമാക്കിയാണ് ശാകുന്തളം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ സൂഫിയും സുജാതയും സിനിമയിലൂടെ ശ്രദ്ധ നേടിയ ദേവ് മോഹനും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദുഷ്യന്തനെയാണ് ദേവ് മോഹൻ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications