കെജിഎഫ് നായിക ശ്രീനിധി ഷെട്ടി രഹസ്യമായി വിവാഹം കഴിച്ചു! ചർച്ചയാക്കി സോഷ്യൽ മീഡിയ; സത്യാവസ്ഥ ഇങ്ങനെ
ഒരൊറ്റ സിനിമയിലൂടെ തന്നെ കരിയര്‍ മാറിയ താരങ്ങള്‍ നിരവധിയാണ്. കന്നട സിനിമയില്‍ കരിയറിൽ അത്തരമൊരു വഴിത്തിരിവുണ്ടായ താരങ്ങളാണ് നടന്‍ യാഷും നടി ശ്രീനിധി ഷെട്ടിയും. സൂപ്പർ ഹിറ്റ് ചിത്രമായ കെജിഎഫ് ആണ് ഇരുവരുടെയും തലവാരമാറ്റിയത്. പ്രശാന്ത് നീല്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയിലെ നായകനായിരുന്നു യാഷ്. നായികയായിട്ടാണ് ശ്രീനിധി എത്തിയത്. സിനിമയിലൂടെ യാഷ് പാൻ ഇന്ത്യൻ തലത്തിൽ തിളങ്ങിയപ്പോൾ തെന്നിന്ത്യയിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ശ്രീനിധിക്ക് സാധിച്ചു.
എന്നാൽ വലിയ സ്വീകാര്യത ലഭിച്ചിട്ടും കെജിഎഫിന് ശേഷം നല്ല അവസരങ്ങൾ ശ്രീനിധിയെ തേടി എത്തിയിട്ടില്ല. തമിഴിൽ വിക്രം നായകനായ കോബ്രയിൽ അഭിനയിച്ചതല്ലാതെ മറ്റൊരു സിനിമയും താരത്തിന് ലഭിച്ചില്ല. ഇപ്പോഴിതാ ശ്രീനിധിയെ കുറിച്ചുള്ള ഒരു വാർത്തയാണ് കന്നഡ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ശ്രീനിധി ഷെട്ടി രഹസ്യമായി വിവാഹം കഴിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നടിയുടെ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് റിപ്പോർട്ടുകൾ. വാർത്തയിൽ ആരാധകർ ഞെട്ടിയിരിക്കുകയാണ്. നിരവധി പേർ താരത്തിന് ആശംസകളുമായും എത്തുന്നുണ്ട്. എന്നാൽ വാർത്തകൾ വ്യാജമാണെന്നാണ് വിവരം. പ്രചരിക്കുന്ന ചിത്രത്തിലെ ശ്രീനിധിയുടെ ഞെറ്റിയിലെ സിന്ദൂരമാണ് ആരാധകരെ സംശയത്തിലാക്കിയത്.
ഈ ചിത്രം വൈറലായതോടെ ശ്രീനിധി ആരോടും പറയാതെ രഹസ്യമായി വിവാഹം കഴിച്ചു എന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയായിരുന്നു. അതേസമയം കർണാടകയിലെ ചില വിഭാഗത്തിൽ പെട്ടവർ വിവാഹം കഴിയാതെ തന്നെ ഞെറ്റിയിൽ സിന്ദൂരം ഇടാറുണ്ടെന്നാണ് ചിലർ പറയുന്നത്. പ്രചരിക്കുന്ന വാർത്തകൾക്ക് താഴെ നടിയുടെ വിവാഹം കഴിഞ്ഞില്ലെന്ന് പറഞ്ഞ് ആരാധകർ തന്നെ എത്തുന്നുണ്ട്.
അടുത്തിടെ ശ്രീനിധിയുടെ പേരിൽ മറ്റൊരു വ്യാജ വാർത്തയും പ്രചരിച്ചിരുന്നു. 'കെജിഎഫ് ചാപ്റ്റർ 2 വിന്റെ സെറ്റിൽ വെച്ച് യഷ് മൂലം എനിക്ക് നാണക്കേടുണ്ടായി. ഇനി ഒരിക്കലും യഷിനൊപ്പം പ്രവർത്തിക്കില്ല. അയാൾ ടോക്സിക്കാണ്. ഹാരാസ് ചെയ്യുന്ന വ്യക്തിത്വമാണ്' എന്ന് ശ്രീനിധി പറഞ്ഞുവെന്ന തരത്തിലാണ് വാർത്ത പുറത്തുവന്നത്. ഉമൈർ സന്ധു എന്നൊരാളുടെ ട്വീറ്റിനെ ആസ്പദമാക്കിയായിരുന്നു വാർത്തകൾ. ഇതോടെ യാഷ് ആരാധകർ ശ്രീനിധിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.

ഒടുവിൽ ശ്രീനിധി തന്നെ വാർത്തയ്‌ക്കെതിരെ രംഗത്തെത്തുകയുണ്ടായി. 'ഇത് വ്യാജ വാർത്തയാണ്. എനിക്ക് അങ്ങനെയൊരു അനുഭവം ഇല്ല. ഇതെല്ലാം കള്ളമാണ്. ചിലർ തെറ്റായ പ്രചരണങ്ങളും കിംവദന്തികളും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നു. ഇത് സ്നേഹം പ്രചരിപ്പിക്കാനുള്ള സ്ഥലമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു',
'യഷിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ ശരിക്കും ഭാഗ്യവതിയാണ്. അദ്ദേഹം ഒരു യഥാർത്ഥ മാന്യൻ, ഒരു ഉപദേശകൻ, ഒരു നല്ല സുഹൃത്ത്, എന്റെ പ്രചോദനം. എല്ലാത്തിനുമുപരിയായി ഞാൻ റോക്കിങ് സ്റ്റാർ യഷിന്റെ വലിയ ആരാധകയാണ്', എന്നായിരുന്നു ശ്രീനിധി പറഞ്ഞത്.
മോഡലിങ് രംഗത്ത് നിന്നുമാണ് ശ്രീനിധി ഷെട്ടി വെള്ളിത്തിരയിലേക്ക് എത്തുന്നത്. മിസ് സൂപ്പര്‍നാഷണൽ ഇന്ത്യ അടക്കം പല സൗന്ദര്യ മത്സരങ്ങളും വിജയിച്ച ശേഷമാണ് നടി സിനിമയിലേക്ക് കടന്ന് വരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ശ്രീനിധി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്.


Click it and Unblock the Notifications











