ബോളിവുഡിൽ വീണ്ടും കല്യാണമേളം?, സിദ്ധാർഥും കിയാരയും വിവാഹം എങ്ങനെവേണമെന്ന ചർച്ചയിലെന്ന് റിപ്പോർട്ട്
ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും. അടുത്തിടെയായി ബോളിവുഡ് ആരധകർക്കിടയിൽ ചർച്ചയായിരിക്കുന്നത് ഇവരുടെ പ്രണയവും വിവാഹവുമൊക്കെയാണ്. ഒരിടക്ക് ഇരുവരും ബ്രേക്കപ്പ് ആയി എന്ന വാർത്തകൾ വന്നിരുന്നെങ്കിലും ഇപ്പോൾ ഇവർ പ്രണയത്തിലാണെന്നും ഉടൻ വിവാഹമുണ്ടായേക്കുമെന്ന റിപ്പോർട്ടുകളും സജീവമായിരുന്നു.
ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ ഏറെനാളുകളായി കേൾക്കുന്നുണ്ടായിരുന്നെങ്കിലും അത് നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ താരങ്ങൾ ചെയ്തിരുന്നില്ല. എന്നാൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ഈ അഭ്യൂഹങ്ങൾ ശക്തിപ്പെടുത്തിയിരുന്നു. ഷേർഷ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് കിയാര-സിദ്ധാർഥ് ജോഡികൾ കൂടുതൽ ആഘോഷിക്കപ്പെട്ടത്. ചിത്രത്തിലെ ഇരുവരുടെയും കെമിസ്ട്രി ഇഷ്ടപ്പെട്ട ആരാധകർ ജീവിതത്തിലും കാണാൻ ആരാധകർ ആഗ്രഹിച്ചിരുന്നു.

രണ്ടു താരങ്ങളും ഇത്തവണ കോഫി വിത്ത് കരണിൽ എത്തിയിരുന്നു. അതിൽ സിദ്ധാർത്ഥിന്റെ എപിസോഡ് സംപ്രേഷണം ചെയ്‌തെങ്കിലും അതിൽ പ്രണയ വാർത്തകൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ താരം തയ്യാറായിട്ടില്ല. അതേസമയം, ഈ ആഴ്ച സംപ്രേഷണം ചെയ്യുന്ന കിയാരയുടെയും ഷാഹിദ് കപൂറിന്റെയു പുതിയ എപ്പിസോഡിന്റെ ടീസറിൽ വിവാഹം സംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ട്.
ഷാഹിദ് കപൂറാണ് ഈ വർഷം അവസാനം ഇവരുടെ വിവാഹം ഉണ്ടാകും എന്ന് നേരിട്ടല്ലാത്ത സൂചന നൽകിയിരിക്കുന്നത്. 'ഈ വർഷാവസാനം എപ്പോഴെങ്കിലും ഒരു വലിയ പ്രഖ്യാപനം ഉണ്ടാകും അതൊരിക്കലും ഒരു സിനിമയുടെ പ്രഖ്യാപനമായിരിക്കില്ലെന്നാണ്' ഷാഹിദ് പറയുന്നത്. കിയാരയും സിദ്ധാർഥും ഒരുമിച്ച് നിൽക്കുന്നത് മനോഹരമായ കാഴ്ചയാണെന്നും ഷാഹിദ് പറയുന്നുണ്ട്. അവർ നല്ല കപ്പിളാണെന്നും ഷാഹിദ് പറയുന്നുണ്ട്. ഇവർക്കുണ്ടാകുന്ന കുട്ടികളും സുന്ദരന്മാരായിരിക്കുമെന്ന് കരണും പറയുന്നത് ടീസറിൽ കാണാം.
വിവാഹമുടക്കുമെന്ന സൂചന ലഭിച്ചതോടെ വിവാഹം എങ്ങനെയാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, താരങ്ങൾ തങ്ങളുടെ വിവാഹം എങ്ങനെ വേണമെന്ന ചർച്ചയിലാണെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
രണ്ടുപേർക്കും വിവാഹം എങ്ങനെ നടത്തണം എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. കിയാര അദ്വാനിക്ക് ഇന്ത്യൻ ബോളിവുഡ് ശൈലിയിൽ വിവാഹം ആഘോഷമായി നടത്താനാണ് ആഗ്രഹമെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു, അതേസമയം സിദ്ധാർത്ഥ് മൽഹോത്ര ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി ചടങ്ങ് നടത്താനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇരുവർക്കും ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, വിവാഹം സംബന്ധിച്ച സൂചനകൾ സത്യമാണോ എന്ന് ഈ ആഴ്ചത്തെ കോഫി വിത്ത് കരണിന്റെ സംപ്രേഷണത്തിന് ശേഷമേ വ്യക്തമാവു. എന്നിരുന്നാലും ഒരു ബോളിവുഡ് വിവാഹം കൂടി കാണാം കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.


Click it and Unblock the Notifications