അവസരം ചോദിച്ചു വിളിച്ചപ്പോൾ മോശം അനുഭവം; വടിവേലുവിൽ നിന്നുണ്ടായ പെരുമാറ്റത്തെ കുറിച്ച് നടി!
തമിഴ് സിനിമയിലെ ഹാസ്യതാരങ്ങൾക്കിടയിൽ ഒഴിച്ചുകൂടാനാവാത്ത നടനാണ് വടിവേലു. ഒരു നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ ചിരിപ്പിക്കാൻ കഴിവുള്ള താരത്തിന് കേരളത്തിലടക്കം വലിയ ജനപ്രീതിയാണ് ഉള്ളത്. കോളിവുഡ് സിനിമയുടെ കോമഡി ഐക്കണായാണ് നടനെ വിശേഷിപ്പിക്കുന്നത്. കോമഡിയിൽ സൂപ്പർ സ്‌റ്റാർഡം ലഭിച്ച നടനാണ് വടിവേലു. മൂന്ന് പതിറ്റാണ്ടിലേറെയായ കരിയറിൽ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
എന്നാൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടൻ. 2017 ൽ വിജയ് നായകനായ മെർസലിൽ അഭിനയിച്ച ശേഷം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നായ് ശേഖർ റിട്ടേൺസ് എന്ന ചിത്രത്തിലൂടെയാണ് നടൻ തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലെത്തിയ ആരാധകരെ നിരാശരാകുന്നതായിരുന്നു ചിത്രം. വടിവേലു സ്വയം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ രണ്ടാം ഇന്നിംഗ്‌സിൽ അധികം നാൾ സിനിമയിൽ തുടരാൻ കഴിയില്ലെന്ന അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്ന് ഉയർന്നത്.

അതിനു പിന്നാലെയാണ് നടൻ മാമന്നനിൽ അഭിനയിച്ചത്. മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ ആയിരുന്നു നായകൻ. ഫഹദ് ഫാസിൽ വില്ലനായി എത്തിയപ്പോൾ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയത് വടിവേലുവാണ്. കഴിഞ്ഞ മാസം 29ന് റിലീസായ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ക്യാരക്ടർ വേഷത്തിലാണ് വടിവേലു അഭിനയിച്ചിരിക്കുന്നത്. വടിവേലുവിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
ഈ ചിത്രത്തിലൂടെ മറ്റൊരു വടിവേലു കൂടി തമിഴ് സിനിമയിൽ പിറന്നിരിക്കുകയാണ് എന്നാണ് സിനിമാ പ്രേമികൾ അഭിപ്രായപ്പെടുന്നത്. വൈകാരിക രംഗങ്ങളിലെല്ലാം മികച്ചു നിന്ന വടിവേലു ഇനിയും നിരവധി ക്യാരക്ടർ റോളുകളിൽ എത്തണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വടിവേലുവിനായി തമിഴ് സിനിമയിൽ മികച്ച ക്യാരക്ടർ റോളുകൾ ഉണ്ടാവണമെന്നും ഭാവിയിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങളുണ്ടെന്നാണ് ആരാധകർ പറയുന്നത്.
അതിനിടെ വടിവേലുവിനെതിരെ ഒരു ആരോപണവുമായി എത്തിയിരിക്കുകയാണ് നടി ദേവി ശ്രീ. അവസരം ചോദിച്ച് വിളിച്ചപ്പോൾ വടിവേലുവിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് ദേവി ശ്രീയുടെ ആരോപണം. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. "ഞാൻ വടിവേലുവിനൊപ്പം ഇന്ദ്രലോകത്തിലും നാ അഴകപനിലും അഭിനയിച്ചിട്ടുണ്ട്. വിവേകിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവേകിന്റെ സിനിമയിൽ അഭിനയിച്ച ശേഷം വടിവേലുവിന്റെ സിനിമകളിൽ നിന്നൊന്നും അവസരം ലഭിച്ചില്ല. വിവേകിനൊപ്പം 12 സിനിമകൾ ചെയ്യുന്നതിനിടയിലും ഒരു അവസരവും വന്നില്ല.

നയ് ശേഖർ സിനിമയുടെ സമയത്ത് അതിൽ അഭിനയിക്കാൻ അവസരം ചോദിച്ച് ഞാൻ വടിവേലുവിനെ വിളിച്ചിരുന്നു. ഞാൻ ആരാണെന്ന് അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചത്. ഇന്ദ്രലോകത്തിലും നാ അഴകപ്പനിലും അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ; ഓ കുണ്ടാച്ചിയ എന്ന് അദ്ദേഹം ചോദിച്ചു. "ശരി, എന്തെങ്കിലും അവസരം ഉണ്ടെങ്കിൽ ഞാൻ പറയാം" എന്ന് പറഞ്ഞു വേഗം ഫോൺ കട്ട് ചെയ്തു", എന്നാണ് ദേവി ശ്രീ ആരോപിച്ചത്. നടൻ എന്നും ഇങ്ങനെ തന്നെയാണെന്നും ദേവി ശ്രീ കൂട്ടിച്ചേർത്തു
വടിവേലുവിനൊപ്പം മുമ്പ് അഭിനയിച്ച നിരവധി താരങ്ങൾ അടുത്തിടെ നടനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ബോണ്ടാമണി, സിസാർ മനോഹർ, ഭാവ ലക്ഷ്മണൻ തുടങ്ങിയ താരങ്ങൾ അതിൽ ഉൾപ്പെടുന്നു. അതിനിടയിലാണ് ദേവി ശ്രീയുടെ ആരോപണം.


Click it and Unblock the Notifications