'അന്ന് എങ്ങനെ പെരുമാറണമെന്ന് പോലും അറിയില്ലായിരുന്നു'; ഡിവോഴ്സിനെ കുറിച്ചുള്ള ചോദ്യത്തിന് സ്വാതിയുടെ പ്രതികരണം
അടുത്തകാലത്തായി നിരവധി വിവാഹമോചന വാർത്തകളാണ് തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ കേട്ടത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും നടിയുമായ നിഹാരിക കോനിഡേലയുടെ വരെ വിവാഹമോചന വാർത്തകൾ അടുത്തിടെ ചർച്ചയായി മാറിയിരുന്നു. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്‌ഡിയുടെ വിവാഹമോചനം.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി സ്വാതി റെഡ്‌ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹ ബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്.

2018 ലാണ് സ്വാതിയും ഭർത്താവ് വികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. പിന്നീട് തിരികെ ഇനിത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്. തുടർന്നാണ് അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിയാൻ തീരുമാനിച്ചു എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
എന്നാൽ സ്വാതിയോ നടിയുമായി അടുപ്പമുള്ളവരോ ഭര്‍ത്താവോ ഇതേക്കുറിച്ച് ഇതുവരെ വ്യകതമായൊരു പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനം സംബന്ധിച്ച ചോദ്യത്തിന് സ്വാതി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. പുതിയ ചിത്രമായ മന്ത് ഓഫ് മധു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ സ്വാതി നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത നൽകാമോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഒന്നും പറയില്ല എന്നായിരുന്നു നടിയുടെ മറുപടി. 'ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസ്സിലാണ്, അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല',
'ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ചോദ്യത്തിന് ഞാൻ മറുപടി നൽകാൻ ആഗ്രഹിക്കുന്നില്ല', സ്വാതി റെഡ്‌ഡി പറഞ്ഞു.
മാസങ്ങൾക്ക് മുൻപ് മറ്റൊരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും തനിക്ക് ഒന്നും പറയാനില്ലെന്ന് തന്നെയായിരുന്നു സ്വാതിയുടെ മറുപടി. 'ഇപ്പോള്‍ എനിക്കൊന്നും പറയാനില്ല. ഉണ്ടാകുമ്പോള്‍ ഞാന്‍ തന്നെ പറഞ്ഞോളാം' എന്നാണ് നടി പറഞ്ഞത്. അതേസമയം ഇതുവരെ ആയിട്ടും സ്വാതി വ്യക്തമായൊരു മറുപടി നൽകിയിട്ടില്ലെന്നത് ആരാധകരുടെ സംശയം ബലപ്പെടുത്തുന്നുണ്ട്.

മലേഷ്യന്‍ എയര്‍ലൈന്‍സിലെ പൈലറ്റാണ് വികാസ്. പൊതു സുഹൃത്തു വഴി പരിചയപ്പെട്ട ഇരുവരും അധികം വൈകാതെ പ്രണയത്തിലാവുകയായിരുന്നു. വിവാഹം വരെ പ്രണയം മറച്ചുവയ്ക്കാൻ സ്വാതിക്ക് സാധിച്ചിരുന്നു. 2018 ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം. പിന്നീട് കൊച്ചിയില്‍ വിരുന്നും ഒരുക്കിയിരുന്നു.
തമിഴ് , തെലുങ്ക്, മലയാളം സിനിമകളിലെല്ലാം അഭിനയിച്ചിട്ടുള്ള സ്വാതി ടെലിവിഷനിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പിന്നീട് 2008ല്‍ പുറത്തിറങ്ങിയ സുബ്രഹ്‌മണ്യപുരം എന്ന സിനിമയിലൂടെയാണ് സ്വാതി താരമാകുന്നത്. 2011ല്‍ ആമേന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സ്വാതിയുടെ മലയാളത്തിലേക്കുള്ള എൻട്രി. 2013ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് 24 കാതവും സ്വാതിക്ക് വലിയ സ്വീകാര്യത നേടി കൊടുത്ത ചിത്രമാണ്.


Click it and Unblock the Notifications











