ആരെക്കണ്ടാലും ഉമ്മ വെക്കുന്നു; വിജയ് സേതുപതി കാരണം സെറ്റിൽ നിന്ന് സ്ഥലം വിട്ട ശ്രുതി ഹാസൻ
തമിഴ്, തെലുങ്ക് സിനിമകളിൽ ജനപ്രിയയായ നടിയാണ് ശ്രുതി ഹാസൻ. കമൽ ഹാസന്റെ മകളാണെങ്കിലും താരപുത്രി എന്ന നിലയിലല്ല ശ്രുതി ഹാസൻ കരിയറിൽ വളർന്നത്. 21ാം വയസ് മുതൽ വീട് മാറി സ്വന്തം സാമ്പത്തിക കാര്യങ്ങൾ വരെ അച്ഛനെ ആശ്രയിക്കാതെ സ്വയം നോക്കുന്ന ശ്രുതി സിനിമാ കരിയറിലും ഇതേ രീതി പിന്തുടർന്നു. നടി, ഗായിക, സംഗീത സംവിധായിക തുടങ്ങി പല മേഖലകളിൽ ശ്രുതി ഹാസൻ കൈ വെച്ചു.
ഹിന്ദി സിനിമകളിലാണ് ശ്രുതി ആദ്യം ശ്രമിച്ചത്. എന്നാൽ ഇവിടെ ഒരു കരിയർ വളർത്തുക ശ്രമകരമാണെന്ന് മനസ്സിലാക്കിയ ശ്രുതി ഹാസൻ പിന്നീട് തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തമിഴിൽ ചെയ്ത ഏഴാം അറിവ് എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടു. ഇതിന് ശേഷം നിരവധി അവസരങ്ങൾ ശ്രുതി ഹാസനെ തേടി വന്നു.
കരിയറിൽ ഉയർച്ച പോലെ തന്നെ താഴ്ചയും ശ്രുതിക്ക് വന്നു. വർഷങ്ങൾ നീണ്ട കരിയറിൽ ചുരുക്കം സിനിമകളിലെ നടിയെന്ന നിലയിൽ ശ്രുതിക്ക് അടയാളപ്പെടുത്താൻ കഴിഞ്ഞുള്ളൂ. ഇതിനിടെ ചില സിനിമകൾ കനത്ത പരാജയവും ഏറ്റുവാങ്ങി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാവുകയാണ് ശ്രുതി ഹാസൻ.

തെലുങ്കിൽ വീര സിംഹ റെഡ്ഡി, വാൾട്ടാർ വീരയ്യ എന്നീ രണ്ട് സിനിമകൾ ശ്രുതിയുടേതായി പുറത്തിറങ്ങി. അടുപ്പിച്ചിറങ്ങിയ ഈ സിനിമകളിൽ നന്ദമൂരി ബാലകൃഷ്ണ, ചിരഞ്ജീവി എന്നീ സൂപ്പർ സ്റ്റാറുകളായിരുന്നു നായകൻമാർ. പ്രഭാസിനൊപ്പമെത്തുന്ന സലാറാണ് ശ്രുതിയുടെ വരാനിരിക്കുന്ന സിനിമകളിൽ പ്രധാനപ്പെട്ടത്.
ശ്രുതിയെക്കുറിച്ച് രസകരമായൊരു വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ശ്രുതി ഹാസനും നടൻ വിജയ് സേതുപതിയും ഒരുമിച്ചഭിനയിച്ച സിനിമയായിരുന്നു ലാബം. 2021 ലാണ് സിനിമ റിലീസ് ചെയ്തത്. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഒരു ദിവസം പെട്ടെന്ന് ശ്രുതി ഹാസൻ സ്ഥലം വിട്ടത്രെ. ഇതിന് കാരണമായത് വിജയ് സേതുപതിയും.
പൊതുവെ സുഹൃത്തുക്കളോടും ആരാധകരോടും സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് വിജയ് സേതുപതി. ആരാധകരെ കെട്ടിപ്പിടിച്ച് വിജയ് സേതുപതി ചുംബിക്കുന്നത് ശ്രുതി ഹാസൻ കണ്ടു. കൊവിഡ് വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന സമയമായിരുന്നു ഇത്. മാസ്കും സാമൂഹിക അകലവുമുള്ള സമയത്ത് വിജയ് സേതുപതി ആളുകളെ ചുംബിക്കുന്നത് കൊറോണ വ്യാപനത്തിന് കാരണമാവുമെന്ന് കരുതി ശ്രുതി പോവുകയായിരുന്നത്രെ.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ പിതാവിനെക്കുറിച്ച് ശ്രുതി ഹാസൻ സംസാരിച്ചിരുന്നു. അച്ഛന്റെ സാമ്പത്തിക സഹായം വാങ്ങാൻ തനിക്ക് താൽപര്യമില്ലായിരുന്നു. കരിയറിലും അദ്ദേഹം ഉപദേശിക്കുന്നത് കുറവാണ്. ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശങ്ങളാണ് അദ്ദേഹത്തിൽ നിന്നും തേടാറെന്നും ശ്രുതി ഹാസൻ പറഞ്ഞു.

തന്റെ കാമുകൻ ശന്തനു ഹസാരികയെക്കുറിച്ചും ശ്രുതി സംസാരിച്ചു. കാമുകൻ തന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. പങ്കാളിയുമായി സൗഹൃദം വെക്കുന്നതാണ് നല്ലതെന്നും സൗഹൃദമുണ്ടെങ്കിൽ ബഹുമാനവും സ്നേഹവുമൊക്കെ സ്വാഭാവികമായി വരുമെന്നും ശ്രുതി ഹാസൻ പറഞ്ഞു. അക്ഷര ഹാസനെന്നാണ് ശ്രുതിയുടെ അനിയത്തിയുടെ പേര്.
ഡൂഡിൽ ആർട്ടിസ്റ്റാണ് ശന്തനു ഹസാരിക. ഇരുവരും ഏറെനാളായി പ്രണയത്തിലാണ്. മുംബൈയിലാണ് ശന്തനു ജോലി ചെയ്യുന്നത്. കാമുകനൊപ്പമുള്ള ചിത്രങ്ങൾ ശ്രുതി ഹാസൻ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ശന്തനുവിന്റെ ആർട്ട് വർക്ക് കണ്ട് ആരാണിതെന്ന് താൻ അന്വേഷിച്ചെന്നും ഇൻസ്റ്റഗ്രാമിൽ മെസേജയക്കുകയും ചെയ്തെന്നും ശ്രുതി അടുത്തിടെ പറഞ്ഞിരുന്നു. പിന്നീട് സൗഹൃദമായി. ഈ സൗഹൃദം പ്രണയമായി മാറുകയായിരുന്നെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.


Click it and Unblock the Notifications