ജീവിതത്തിലെ പുതിയൊരു തുടക്കവുമായി മകൾ; മുഖംതിരിച്ച് ചിരഞ്ജീവി!, കാരണം അന്വേഷിച്ച് ആരാധകർ
തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ താരങ്ങളിൽ ഒരാളാണ് തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി. ചിരഞ്ജീവിയും കുടുംബവുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തെലുങ്ക് സിനിമയെ മുന്നോട്ട് നയിക്കുന്നവരിൽ ഒരാളാണ് ചിരഞ്ജീവി.
വളരെ സാധാരണ കുടുംബത്തിൽ ജനിച്ച ചിരഞ്ജീവിയുടെ വളർച്ച സിനിമ സ്വപ്‌നം കാണുന്ന എല്ലാവര്ക്കും പ്രചോദനമാണ്. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും തിളങ്ങിയിട്ടുണ്ട് താരം. പത്മഭൂഷൺ അടക്കമുള്ള ബഹുമതികളും താരത്തെ തേടി എത്തിയിട്ടുണ്ട്.

ഏകദേശം 150 ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചിരഞ്ജീവി തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നായകന്മാരിൽ ഒരാളാണ്. ചിരഞ്ജീവി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ കണക്കിലെടുത്ത് നടന് അടുത്തിടെ ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ചിരുന്നു.
കൈനിറയെ ചിത്രങ്ങളുമായി തെലുങ്ക് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ചിരഞ്ജീവി. വാൾട്ടർ വീരയ്യ ആണ് ചിരഞ്ജീവിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മോഹൻലാൽ നായകനായ ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഗോഡ്‌ഫാദറിന്റെ വിജയത്തിന് ശേഷം എത്തിയ ചിത്രമാണിത്. വാൾട്ടയർ വീരയ്യയും ഹിറ്റായി മാറിയിരിക്കുകയാണ്.

അതേസമയം, ചിരഞ്ജീവിയുടെ മകൻ രാം ചരണും തെന്നിന്ത്യൻ സിനിമയിലെ വലിയ താരങ്ങളിൽ ഒരാളാണ് ഇന്ന്. അതുപോലെ മൂത്ത മകളും സിനിമയിലേക്ക് ചുവടു വെച്ചിരിക്കുകയാണ്. നിർമാണ രംഗത്താണ് മകൾ സുസ്മിത കൊണിഡേല ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. നേരത്തെ കോസ്റ്റും ഡിസൈനർ ആയിട്ടൊക്കെ സുസ്മിത പ്രവർത്തിച്ചിട്ടുണ്ട്.
ഗോൾഡ് ബോക്‌സ് എന്റർടെയ്ൻമെന്റ്‌സ് എന്ന പേരിലാണ് താരപുത്രി സ്വന്തമായി ഒരു ബാനർ ആരംഭിച്ചിരിക്കുന്നത്. ശ്രീദേവി ശോഭൻ ബാബു എന്ന ചെറിയ ബജറ്റ് ചിത്രവുമായാണ് സുസ്മിത നിർമ്മാണ രംഗത്ത് ചുവടു വെക്കുന്നത്. .

പ്രശാന്ത് കുമാർ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, സുസ്മിത കൊണിഡേലയുടെ ആദ്യ ഫീച്ചർ ചിത്രമാണ്. മുൻപ് ഒടിടി സീരീസുമായി എത്തിയിരുന്നെങ്കിലും അത് അത്ര വലിയ വിജയമായി മാറിയിരുന്നില്ല. അതേസമയം, മകളുടെ പുതിയ സംരംഭത്തിനോട് മുഖം തിരിച്ചിരിക്കുകയാണ് ചിരഞ്ജീവി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പുതിയ ബാനറുകളേയും പുതിയ പ്രതിഭകളേയും എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ള മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ മകളുടെ കന്നി സംരംഭത്തിൽ നിന്ന് സ്വയം അകന്നു നിൽക്കുകയാണ് എന്നാണ് വിവരങ്ങൾ. സുസ്മിതയുടെ സിനിമയ്ക്ക് അദ്ദേഹം ഒരു പ്രോത്സാഹനവും പിന്തുണയും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല, പക്ഷേ സിനിമയ്ക്ക് എന്താണ് സംഭവിക്കുക എന്നതിൽ നിർമ്മാതാക്കൾക്ക് കൃത്യമായ ധാരണയുണ്ടെന്നും. ചിരഞ്ജീവിയുടെ പ്രമോഷന് ശേഷവും സിനിമ വിജയിച്ചില്ലെങ്കിൽ അതിന്റെ ചീത്തപ്പേര് ചിരുവിന് വരരുതെന്നും ആഗ്രഹിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെന്നും ഇൻഡസ്ട്രിയിൽ സംസാരമുണ്ട്.
എന്നാൽ മുൻപും ബോക്സ്ഓഫീസിൽ പരാജയപ്പെട്ട നിരവധി സിനിമകൾ ചിരഞ്ജീവി പ്രമോട്ട് ചെയ്തിട്ടുണ്ട്. വലിയ സംവിധായകരുടേത് മുതൽ പുതുമുഖങ്ങളുടേത് വരെ അതിൽ ഉൾപ്പെടും. അതുകൊണ്ട് തന്നെ സിനിമയുടെ പരാജയം പേടിച്ചല്ല എന്നാണ് ഒരു കൂട്ടർ അഭിപ്രയപ്പെടുന്നത്. തന്റെ പിന്തുണയില്ലാതെ മകൾ വിജയിക്കുന്നത് കാണാനുള്ള അച്ഛന്റെ ആഗ്രഹമാണ് ഇതിന് പിന്നിലെന്നും ചിലർ പറയുന്നുണ്ട്.


Click it and Unblock the Notifications