ലൈംഗിക അതിക്രമത്തെ വെള്ളപൂശുന്ന പിആര്‍ തന്ത്രം; 'ഫെമിനിസ്റ്റ്' നായകന്റെ മുഖംമൂടി വലിച്ച് കീറുന്ന ബ്ലേക്ക്
ബോളിവുഡിലെ മിന്നും താരമാണ് ബ്ലേക്ക് ലൈവ്‌ലി. പണം കൊണ്ടും പ്രശസ്തി കൊണ്ടും പകരക്കാരില്ലാത്ത താരം. നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുള്ള പ്രതിഭ. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ബ്ലേക്ക്. ഹോളിവുഡിലെ കരുത്തരില്‍ ഒരാളാണ് ബ്ലേക്ക്. എന്നിട്ടും സ്ത്രീയെന്ന നിലയില്‍ ബ്ലേക്കിനും അതിക്രമങ്ങള്‍ നേരിടേണ്ടി വരികയാണ്. സിനിമാ സെറ്റിലെ സത്രീ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കുകയാണ് ബ്ലേക്ക് ഇപ്പോള്‍ നടത്തുന്ന പോരാട്ടം.
സംഭവങ്ങളുടെ തുടക്കം ഇറ്റ് എന്‍ഡ്‌സ് വിത്ത് അസ് എന്ന സിനിമയുടെ ലൊക്ഷേനില്‍ വച്ചാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ ഇറ്റ് എന്‍ഡ്‌സ് വിത്ത് അസ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ചായിരുന്നു സിനിമ സംസാരിച്ചത്. വിരോധാഭാസമെന്ന് പറയാമല്ലോ, ഇറ്റ് എന്‍ഡ്‌സ് വിത്ത് അസ് സെറ്റില്‍ നടന്ന അതിക്രമങ്ങളുടെ കഥ സിനിമാലോകത്തെയാകെ പിടിച്ചുലച്ചിരിക്കുകയാണ്.

ഇറ്റ്‌സ് എന്‍ഡ്‌സ് വിത്ത് അസിന്റെ സംവിധായകനും നായകനുമായ ജസ്റ്റില്‍ ബാല്‍ഡോണിയ്‌ക്കെതിരെ ലൈംഗിക അതിക്രമം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ബ്ലേക്ക് ഉന്നയിച്ചിരിക്കുന്നത്. 80 പേജുള്ള പരാതിയില്‍ ബാല്‍ഡോണിയ്ക്കും അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനി വെഫേയറര്‍ സ്റ്റുഡിയോയ്ക്കും സിഇഒ ജേമി ഹീത്തിനുമെതിരെയാണ് ബ്ലേക്ക് രംഗത്തെത്തിയിരിക്കുന്നത്. ലൈംഗിക അതിക്രമം, വ്യക്തിഹത്യ, സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണം തുടങ്ങിയ ആരോപണങ്ങളാണ് ബ്ലേക്ക് ബാല്‍ഡോണിയ്ക്കും ഹീത്തിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്.
കട്ട് പറഞ്ഞ ശേഷവും ബാല്‍ഡോണി തന്നെ ചുംബിച്ചുവെന്നാണ് ബ്ലേക്ക് ആരോപിക്കുന്നത്. ബ്ലേക്കിന്റെ വണ്ണം കൂടിയതിന് ദേഷ്യപ്പെട്ടു. ബ്ലേക്കിന്റെ സമ്മതമില്ലാതെ ലൈംഗിക രംഗങ്ങള്‍ അവസാന നിമിഷം ഉള്‍പ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സെറ്റില്‍ ഇറ്റിമസി കോര്‍ഡിനേറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ചിത്രീകരണത്തിനിടെ പോലും ചുംബന രംഗം ഇംപ്രവൈസ് ചെയ്ത് ഉള്‍പ്പെടുത്തിയെന്നും ബ്ലേക്ക് ആരോപിക്കുന്നു.
ബാല്‍ഡോണിയും ഹീത്തും ലൈംഗിക ചുവയുള്ള തമാശകള്‍ പറഞ്ഞു, ഹീത്തിന്റെ ഭാര്യയുള്‍പ്പടെയുള്ള സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ തന്നെ കാണിച്ചു, ബ്ലേക്ക് കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ സമ്മതില്ലാതെ ബാല്‍ഡോണി വാനിലേക്ക് കയറി ചെന്നു, താരം വിവസ്ത്രയായിരിക്കുമ്പോള്‍ വാനിലേക്ക് കയറാന്‍ ഹീത്ത് ശ്രമിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. ബ്ലേക്കിന്റെ ശരീരത്തെക്കുറിച്ചും ലൈംഗിക അവയവത്തെക്കുറിച്ചും ബാല്‍ഡോണിയും ഹീത്തും മോശമായ രീതിയില്‍ സംസാരിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. താനുള്‍പ്പടെയുള്ള സെറ്റിലെ സ്ത്രീകളോട് ബാല്‍ഡോണി ലൈംഗികചുവയോടെ സംസാരിക്കുകയും സ്പര്‍ശിക്കുകയും ചെയ്തതായും പരാതിയില്‍ ബ്ലേക്ക് പറയുന്നുണ്ട്.
ബാല്‍ഡോണിയുടെ ഭാഗത്തു നിന്നുമുണ്ടായ നിരന്തര ശല്യത്തെ തുടര്‍ന്ന് നിര്‍മ്മാണ കമ്പനിയെ ബന്ധപ്പെട്ടുവെന്നാണ് ബ്ലേക്ക് പറയുന്നത്. ഇതിന് ശേഷം മാത്രമാണ് സെറ്റില്‍ ഇന്റിമസി കോര്‍ഡിനേറ്ററെ നിയോഗിക്കുന്നത്. ഇതിനിടെ സെറ്റില്‍ മതിയായ സുരക്ഷയില്ലാതിരുന്നതിനാല്‍ തനിക്കും കുഞ്ഞിനും കൊവിഡ് ബാധിച്ചുവെന്നും ബ്ലേക്ക് പറയുന്നുണ്ട്. ഇക്കാര്യം തന്നോട് മറച്ചുവച്ചതായും ബ്ലേക്ക് ആരോപിക്കുന്നുണ്ട്. എന്നാല്‍ മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ബാല്‍ഡോണി ഒരുക്കിയിരുന്നില്ലെന്നും മറിച്ച് ഷൂട്ട് വൈകുന്നത് മൂലമുണ്ടാകുന്ന പണ നഷ്ടത്തെക്കുറിച്ചായിരുന്നു ബാല്‍ഡോണിയുടെ വേവലാതിയെന്നും ബ്ലേക്ക് ആരോപിക്കുന്നുണ്ട്.
പ്രശ്‌നങ്ങള്‍ സെറ്റില്‍ അവസാനിക്കുന്നതായിരുന്നില്ല. അടുത്ത ഭാഗം അരങ്ങേറുന്നത് സിനിമയുടെ പ്രൊമോഷന്‍ സമയത്താണ്. നായകനും സംവിധായകനുമായിരുന്നിട്ട് കൂടിയും പ്രൊമോഷന്‍ പരിപാടികളിലൊന്നിലും ബാല്‍ഡോണി പങ്കെടുത്തിരുന്നില്ല. ബ്ലേക്ക് ഒറ്റയ്ക്കായിരുന്നു പ്രൊമോഷനില്‍ പങ്കെടുത്തത്. ഈ സമയം സോഷ്യല്‍ മീഡിയയില്‍ ബ്ലേക്കിനെതിരെ ശക്തമായ ഹേറ്റ് കാംപയിന്‍ നടന്നിരുന്നു. ബ്ലേക്ക് അധികാരം ഉപയോഗിച്ച് സിനിമയുടെ അവകാശങ്ങളെല്ലാം തട്ടിയെടുത്തുവെന്നും അഹങ്കാരിയാണെന്നുമൊക്കെയായിരുന്നു പ്രചരണം.

ഈ പ്രചരണങ്ങള്‍ക്കെല്ലാം പിന്നില്‍ ബാല്‍ഡോണിയാണെന്നാണ് താരം ആരോപിക്കുന്നത്. ക്രൈസിസ് മാനേജ്‌മെന്റ് ഏജന്‍സിയുടെ സഹായത്തോടെയായിരുന്നു ബാല്‍ഡോണി പ്രതികാരം വീട്ടിയത്. വിവിധ സോഷ്യല്‍ മീഡയ പേജുകളിലൂടേയും അക്കൗണ്ടുകളിലൂടേയും പോസ്റ്റിലൂടേയും കമന്റിലൂടേയും ബ്ലേക്കിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുക എന്നതായിരുന്നു ബാല്‍ഡോണിയുടെ തന്ത്രം. അത് ഏതാണ്ട് വിജയിക്കുകയും ചെയ്തു. സിനിമ കയ്യടി നേടിയപ്പോള്‍ അപ്രതീക്ഷിതനായിരുന്ന് ബാല്‍ഡോണി സ്‌നാനം ചെയ്യപ്പെട്ടു. എന്നാല്‍ ബ്ലേക്കിനെ സോഷ്യല്‍ മീഡിയ പ്രശ്‌നക്കാരിയായി മുദ്രകുത്തി.
തനിക്കെതിരെ നടന്ന വേട്ടയാടലിനെതിരെ പ്രതികരിക്കുന്ന ബ്ലേക്കിനെയാണ് ഇപ്പോള്‍ കാണുന്നത്. താരത്തിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്. ബാല്‍ഡോണിയില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്. നാളിതുവരെ ധരിച്ചിരുന്ന സ്ത്രീപക്ഷവാദിയുടെ മുഖംമൂടിയാണ് ബാല്‍ഡോണിയുടെ മുഖത്തു നിന്നും ബ്ലേക്ക് ലൈവ്‌ലി വലിച്ച് പറിച്ചെടുത്തിരിക്കുന്നത്.


Click it and Unblock the Notifications











