'ഇതേത് ഭാഷ? ഹിന്ദിയെ ഇങ്ങനെ കൊല്ലരുതേ'; ഓസ്‌കാര്‍ വേദിയില്‍ അവതാരകന്റെ ഹിന്ദി; ട്രോളി ഇന്ത്യക്കാർ
97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ഓസ്‌കാറുകള്‍ നേടി അനോറ ചരിത്രം കുറിച്ചിരിക്കുകയാണ്. ചിത്രത്തിലൂടെ നാല് ഓസ്‌കാറുകളാണ് ഷോണ്‍ ബേക്കറെ തേടിയെത്തിയത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഓസ്‌കാര്‍ വേദിയില്‍ നടന്ന മറ്റൊന്നാണ്.
കോനന്‍ ഒബ്രയാന്‍ ആയിരുന്നു ഓസ്‌കാറിന്റെ അവതാരകന്‍. ചാനല്‍ അവതാരകനായും സ്റ്റാന്‍റ് അപ്പ് കൊമേഡിയനായും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് കോനന്‍. ഓസ്‌കാര്‍ വേദിയില്‍ വച്ച് അദ്ദേഹം പറഞ്ഞ ഹിന്ദിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്‌പെയ്ന്‍, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതിനിടെയാണ് കോനന്‍ ഹിന്ദി പറഞ്ഞത്. ഹിന്ദിയ്ക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ ഭാഷകളിലും അദ്ദേഹം സംസാരിക്കുന്നുണ്ട്.

''ഇന്ത്യയിലെ ജനങ്ങള്‍ക്ക് എന്റെ നമസ്‌കാരം. അവിടെ ഇപ്പോള്‍ രാവിലെയാണ്. അതിനാല്‍ പ്രഭാതഭക്ഷണത്തിനൊപ്പം നിങ്ങള്‍ ഓസ്‌കാര്‍ കാണുകയാകുമെന്നു കരുതുന്നു'' എന്നാണ് കോനന്‍ ഹിന്ദിയില്‍ പറഞ്ഞത്. താരത്തില്‍ നിന്നുണ്ടായ സമീപനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കോനന്‍ പറഞ്ഞ ഹിന്ദി ഞങ്ങള്‍ക്ക് മനസിലായില്ലെന്നാണ് ഇന്ത്യക്കാര്‍ പറയുന്നത്.
കോനന്‍ ഹിന്ദിയെ കശാപ്പു ചെയ്തുകളഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കോനന്‍ ഹിന്ദിയാണോ പറഞ്ഞത് എനിക്ക് ഒന്നും മനസിലായില്ല, ഇത് ഏത് ഇന്ത്യയിലെ ഹിന്ദി, ഇതേത് ഭാഷ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. അതേസമയം താരത്തെ അഭിനന്ദിക്കുന്നവരുമുണ്ട്. അറിയാത്തൊരു ഭാഷ സംസാരിക്കുന്നവരെ അഭിസംബോധന ചെയ്യാന്‍ ആ ഭാഷ പഠിക്കാന്‍ ശ്രമിച്ചതിനെ അഭിനന്ദിക്കണമെന്നാണ് അവര്‍ പറയുന്നത്. എന്തായാലും സംഭവം ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതേസമയം, ഓസ്‌കാര്‍ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് അനോറ. മികച്ച സിനിമ, നടി, സംവിധാനം ഉള്‍പ്പടെ അഞ്ച് ഓസ്‌കാറുകളാണ് അനോറ നേടിയത്. ദ ബ്രൂട്ടലിസ്റ്റിലൂടെ എഡ്രിയാന്‍ ബ്രോഡി മികച്ച നടനും അനോറയിലൂടെ മൈക്കി മാഡിസണ്‍ മികച്ച നടിയുമായി. ഷോണ്‍ ബേക്കര്‍ ആണ് മികച്ച സംവിധായകന്‍. സഹനടനുള്ള ഓസ്‌കാര്‍ നേടിയത് കീറന്‍ കല്‍ക്കിന്‍ ആണ്. എ റിയല്‍ പെയിന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയ സിനിമ. മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ സോയി സാല്‍ദാനിയ നേടി. ചിത്രം എമീലിയ പെരസ് ആണ്.

ഓസ്‌കാറില്‍ ഇന്ത്യയ്ക്ക് നിരാശയാണ് നേരിടേണ്ടി വന്നത്. അനൂജയിലായിരുന്നു ഇത്തവണത്തെ ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷകള്‍. പ്രിയങ്ക ചോപ്രയും ഗൂനീത് മോംഗയും പിന്നണിയിലുണ്ടായിരുന്ന സിനിമയാണ് അനൂജ. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു അനൂജ മത്സരിച്ചത്. എന്നാല്‍ ഡച്ച് ചിത്രമായ അയാം നോട്ട് എ റോബോട്ട് ആണ് പുരസ്‌കാരം നേടിയത്.
ആഡം ജെ ഗ്രേവ്‌സും സുചിത്ര മട്ടായിയും ചേര്‍ന്നാണ് അനൂജ സംവിധാനം ചെയ്തത്. ഗൂനിത് മോംഗയ്ക്ക് രണ്ടാം ഓസ്‌കാര്‍ നേടിക്കൊടുക്കാന്‍ ചിത്രത്തിന് സാധിക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയിരുന്നത്. നേരത്തെ എലിഫന്റ് വിസ്‌പേഴ്‌സിലൂടെ ഗുനീത് മോംഗ ഓസ്‌കാര്‍ നേടിയിരുന്നു. പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.


Click it and Unblock the Notifications











