നായക വേഷം എന്റെ സ്വപ്‌നമല്ല, നിവിന്‍ പോളി ഷോയ്ക്കായി ഞാനും കാത്തിരിക്കുന്നു; മനസ് തുറന്ന് അജു വര്‍ഗീസ്

കഴിഞ്ഞ ദിവസമാണ് നീരജ് മാധവ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ പുറത്തിറങ്ങുന്നത്. വിനോദിന്റേയും ഗൗരിയുടേയും പ്രണയത്തിലൂടെ സഞ്ചരിക്കുന്ന സീരീസിന്റെ കഥാന്ത്യത്തില്‍ പക്ഷെ നായകന്‍ അജു വര്‍ഗീസിന്റെ പപ്പനാണ്. നടനെന്ന നിലയില്‍ അജു വര്‍ഗീസിന്റ ബെഞ്ച് മാര്‍ക്കാവുകയാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

അനുഭവ പരിസരത്തുള്ള പലരേയും ഓര്‍മ്മപ്പെടുത്തുന്ന, ചിലപ്പോള്‍ അവനവനെ തന്നെ കണ്ണാടിയില്‍ കണ്ടതു പോലെ തോന്നുന്ന കഥാപാത്രമാണ് പപ്പന്‍. യഥാസ്ഥിതികനായ യുവാവില്‍ നിന്നുള്ള പപ്പന്റെ പരിണാമം പ്രേക്ഷകരുടെ മനസില്‍ ആഴത്തില്‍ സ്പര്‍ശിക്കപ്പെടാന്‍ കാരണം പ്രകടനത്തില്‍ അജു വര്‍ഗീസ് കൊണ്ടു വരുന്ന ആത്മാര്‍ത്ഥതയാണ്. പപ്പനെക്കുറിച്ചും തന്റെ കരിയറിനെക്കുറിച്ചുമൊക്കെ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് അജു വര്‍ഗീസ്.

Aju Varghese

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ വിജയത്തെ എങ്ങനെ നോക്കിക്കാണുന്നു?

പ്രേക്ഷകര്‍ ഒരു വര്‍ക്ക് സ്വീകരിക്കുന്നതോടെ വലിയൊരു ഉത്തരവാദിത്തം പൂര്‍ത്തിയായി എന്ന ചിന്തയാണ് വരിക. സ്വാഭാവികമായും സന്തോഷമുണ്ട്. അതില്‍ കൂടുല്‍ സമയം അതില്‍ ഞാന്‍ ചെലവിടാറില്ല. കാരണം നേരത്തെ ചെയ്ത വര്‍ക്കാണ്.

താങ്കളുടെ കഥാപാത്രമായ പപ്പേട്ടനോടുള്ള ആളുകളുടെ സ്‌നേഹം വലിയ സന്തോഷം തന്നെയായിരിക്കുമല്ലോ?

പപ്പന്‍ കുറച്ച് കാലം കഴിഞ്ഞാല്‍ സമൂഹത്തില്‍ നിന്നും കാലഹരണം ചെയ്യപ്പെടാന്‍ പോകുന്ന സ്പീഷീസിന്റെ പ്രതിനിധിയാണ്. അത് അവതരിപ്പിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. അതിലൂടൊരു വിമര്‍ശനം വിഷ്ണു മുന്നോട്ട് വെക്കുന്നുണ്ട്. സമൂഹത്തില്‍ ഒരുപാട് പപ്പന്മാരുണ്ട്. പപ്പന്റെ പരിണാമം മറ്റുള്ളവര്‍ക്ക് എന്തെങ്കിലും തരത്തില്‍ പ്രചോദനമാകുമ്പോഴാണ് ആ കഥാപാത്രം പൂര്‍ണ്ണമാകുന്നത്. ഇതുപോലുള്ള പപ്പന്മാരുടെ ഉള്ളില്‍ ഒരു ചിന്തയെങ്കിലും ഉണ്ടായാല്‍ മതി.

പപ്പനെ പോലെ ഒരേസമയം യാഥാസ്ഥിതികനും, എന്നാല്‍ റിലേറ്റബിളും ലൈക്കബളുമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഒരു ബാലന്‍സിംഗ് ആവശ്യമായി വരുമല്ലോ. അത് എങ്ങനെയാണ് കണ്ടെത്തുന്നത്? എന്തെങ്കിലും റഫറന്‍സ് ഉണ്ടായിരുന്നുവോ?

എഴുത്തിന്റെ പിന്തുണ ഗംഭീരമായുള്ള കഥാപാത്രമാണ് പപ്പന്‍. ഉദാഹരണമായി, പ്രോപ്പര്‍ട്ടികള്‍ ഉപയോഗിച്ചുള്ള പപ്പന്റെ മാനറിസങ്ങള്‍ കാണിക്കുന്നത് നേരത്തെ തന്നെ തിരക്കഥയിലുണ്ടായിരുന്നു, ചാര്‍ജര്‍ വച്ചും ലഡു വച്ചുമൊക്കെയുള്ളത്. സംസാരിക്കുമ്പോള്‍ ചാര്‍ജര്‍ വീഴുന്നതും വീണ്ടും എടുത്ത് കുത്തുന്നതും വീണ്ടും വീഴുന്നതുമെല്ലാം വിഷ്ണു എഴുതിയിരുന്നതാണ്. അത്രയും മനോഹരമായൊരു ആര്‍ക്കുള്ള കഥാപാത്രം ലഭിക്കുക തന്നെ അപൂര്‍വ്വമാണ്. നല്ല ഭാഗ്യവും വേണം. എപ്പോഴും കിട്ടുന്ന ഒന്നല്ല. ആ ബാലന്‍സിംഗ് എല്ലാം നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടതായിരുന്നു. വിഷ്ണുവിന്റെ കറക്ഷന്‍സ് കൂടെയാകുമ്പോള്‍ ബാക്കി ഒത്തു വന്നു. ഞാന്‍ വിഷ്ണു പറഞ്ഞത് ചെയ്യുക മാത്രമാണ് ചെയ്തത്. പിന്നെ, പപ്പന്‍ എനിക്ക് റിലേറ്റബിള്‍ ആണ്. പപ്പന്റെ തലമുറ എന്റേത് കൂടിയാണ്. അല്ലാതെ മറ്റ് റഫറന്‍സുകള്‍ ഇല്ലായിരുന്നു.

കോമഡിയിലേക്ക് തിരികെ വരാനുള്ള തീരുമാനത്തിന് പിന്നില്‍?

കോമഡി, സീരിയസ് എന്നൊന്നും ഞാന്‍ വേര്‍ തിരിവ് നടത്തിയിട്ടില്ല. കൊവിഡിന് ശേഷം ആകെ എടുത്ത തീരുമാനം കഥാഗതിയില്‍ സംഭാവന ചെയ്യുന്ന കഥാപാത്രങ്ങള്‍ ആയിരിക്കണം എന്നതാണ്. അതിന് ദൈര്‍ഘ്യം പ്രധാനമല്ല. ഹെലന് ശേഷം വന്നത് അധികവും അത്തരം കഥാപാത്രങ്ങള്‍ ആയിരുന്നു. പക്ഷെ അത് പ്ലാന്‍ ചെയ്തതായിരുന്നില്ല. ഇതും അതിനിടയ്ക്ക് വന്നതാണ്. പ്ലാന്‍ ചെയ്തൊരു നീക്കം സിനിമയില്‍ സാധ്യമല്ല.

സമീപകാലത്ത് തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും സിനിമ/സീരീസുകളിലും ഒരു മാറ്റം കാണാന്‍ സാധിക്കുന്നുണ്ട്. അതിന് പിന്നില്‍ എന്താണ്?

കൊവിഡ് സമയത്താണ് അത്തരമൊരു ആത്മപരിശോധനയുണ്ടാകുന്നത്. സ്വയം ചൂഴ്ന്ന് നോക്കാനുള്ള സമയം കിട്ടിയത് അപ്പോഴാണ്. പ്രേക്ഷകരുടെ പ്രതികരണവും ആരോഗ്യപരമായ വിമര്‍ശനങ്ങളുമെല്ലാം ഉള്‍ക്കൊണ്ടു കൊണ്ടാണ് നേരത്തെ പറഞ്ഞതു പോലൊരു തീരുമാനം എടുക്കുന്നത്. അതുകൊണ്ട് സംഭവിച്ച സ്വാഭാവികമായ മാറ്റമാണിത്. സമീപനവും പാഷനും അത് തന്നെ. ഒന്ന് ഫില്‍റ്റര്‍ ചെയ്തുവെന്ന് മാത്രം.

നായക കഥാപാത്രങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ പ്ലാനുണ്ടോ?

ഇല്ല. നായക കഥാപാത്രം ഒരിക്കലും എന്റെ താല്‍പര്യങ്ങളിലോ സ്വപ്നങ്ങളിലോ ഉള്ള കാര്യമല്ല. ക്യാരക്ടര്‍ റോളുകള്‍ ചെയ്യാന്‍ സാധിക്കുന്നൊരു നടനാവുക എന്നതാണ് എന്റെ സ്വപ്നം. എല്ലാ ഭാവങ്ങളും തന്മയത്തോടെ പ്രകടിപ്പിക്കാന്‍ സാധിക്കുന്നൊരു കാലം. അതിലേക്കുള്ള യാത്രയും പഠനവുമാണ് ഓരോ സിനിമയും.

സിനിമകളേക്കാള്‍ അജു വര്‍ഗ്ഗീസ് എന്ന നടനെ കുറേക്കൂടി ക്രീയേറ്റീവായി ഉപയോഗപ്പെടുത്തുന്നത് ഒടിടി ലോകമാണോ?

അങ്ങനെ പറയാന്‍ പറ്റില്ല. സിനിമകള്‍ ഷോര്‍ട്ട് ഫോര്‍മാറ്റിലായിരിക്കും. ചില കഥാപാത്രങ്ങള്‍ പ്രത്യേക കാരണത്തിന് മാത്രമായി വന്ന് പോകും. ഒടിടിയാകുമ്പോള്‍ ആ കഥാപാത്രത്തിലൂടെ സഞ്ചരിക്കാനുള്ള സമയമുണ്ട്. ആ വ്യത്യാസമാണ് എനിക്ക് കാണാന്‍ സാധിക്കുന്നത്. ടെസ്റ്റ് മാച്ചും വണ്‍ഡേയും പോലൊരു വ്യത്യാസമാണ് എനിക്ക് കാണാന്‍ സാധിക്കുന്നത്.

സോഷ്യല്‍ മീഡിയ പ്രതികരണങ്ങളും റിവ്യുകളും കരിയറിലെ തിരഞ്ഞെടുപ്പുകളിലും തീരുമാനങ്ങളിലും സ്വാധീനിക്കാറുണ്ടോ?

തീര്‍ച്ചയായും. സോഷ്യല്‍ മീഡിയയില്‍ ആരോഗ്യപരമായി അഭിപ്രായങ്ങളും, ആത്മാര്‍ത്ഥമായി തന്നെ കറക്ഷനുകളും പറയുന്ന പ്രേക്ഷകരെ ഞാന്‍ കണ്ടിട്ടുണ്ട്. ആത്മാര്‍ത്ഥമാണെന്ന് തോന്നുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത് ഉള്‍ക്കൊള്ളാനും അതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടു വരാനും ശ്രമിക്കാറുണ്ട്. എന്‍ഡ് ഓഫ് ദ ഡെ നമ്മുടെ ജോലി അവരെ രസിപ്പിക്കുക എന്നതാണല്ലോ. അതിനാല്‍ അവരുടെ താല്‍പര്യങ്ങള്‍ക്കും അഭിപ്രായങ്ങള്‍ മുന്‍ഗണനയുണ്ട്.

പുതിയ സിനിമയായ നാന്‍സി റാണിയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

നാന്‍സി റാണി എന്ന സിനിമയുടെ സംവിധായകന്‍ മനു പ്രിയപ്പെട്ട വ്യക്തിയായിരുന്നു. അദ്ദേഹം ഇപ്പോഴില്ല. ഈ വിഷയത്തെക്കുറിച്ച് അറിയുന്നത് പ്രസ് മീറ്റിന്റെ സമയത്താണ്. അറിയാത്ത കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പറ്റില്ല. എന്നിരുന്നാലും ആ സിനിമ റിലീസായി കാണണം എന്ന് ഞങ്ങള്‍ എല്ലാവരും അതിയായി ആഗ്രഹിക്കുന്നുണ്ട്.

താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട നിര്‍മ്മാതാക്കളുടെ പരാതികളോട് നടന്‍ എന്ന നിലയിലും, നിര്‍മ്മാതാവ് എന്ന നിലയിലുമുള്ള പ്രതികരണം എന്താണ്?

നിര്‍മ്മാതാക്കളുടെ സംഘടനയിലുള്ള ഓരോരുത്തരും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവരാണ്. ഇന്‍ഡസ്ട്രിയിലെ മാറ്റങ്ങളും മാര്‍ക്കറ്റിലെ വ്യതിചലനങ്ങളും വിശലകനം ചെയ്തുള്ള തീരുമാനങ്ങളാണ് അവരുടേത്. എനിക്ക് അതിലുള്ള ഒരേയൊരു നിര്‍ദ്ദേശം മുറിക്കുള്ളിലെ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നതാണ്. ഞാനത് നേരത്തെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്.

ഈയ്യടുത്തായി നടന്നു കൊണ്ടിരിക്കുന്ന സിനിമയിലെ വയലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകളോടുള്ള പ്രതികരണം എന്താണ്?

സിനിമകള്‍ കുട്ടികളെ സ്വാധീനിക്കും. മുതിര്‍ന്നവര്‍ക്ക് ഇത് സിനിമയാണെന്നും ഇതൊരു മായാ ലോകമാണെന്നുമുള്ള തിരിച്ചറിവുണ്ടാകും. പക്ഷെ കുട്ടികളെ തീര്‍ച്ചയായും സ്വാധീനിക്കും. മോശം കാര്യങ്ങളായിരിക്കും എളുപ്പത്തില്‍ സ്വാധീനിക്കുക. നല്ല കാര്യങ്ങള്‍ എടുത്ത് അത് ജീവിതത്തില്‍ പ്രതിഫലിപ്പിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കുട്ടികളെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതും. എ സര്‍ട്ടിഫിക്കറ്റ് നല്‍കി തീയേറ്ററില്‍ വരുമ്പോള്‍ ഓക്കെയാണ്. പക്ഷെ ഒടിടിയില്‍ വരുമ്പോള്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാഴ്ചയില്‍ നിന്നും ഇത്തരം രംഗങ്ങളെ തടയാന്‍ സാധിച്ചെന്ന് വരില്ല. സോഷ്യല്‍ മീഡിയയിലൂടെ ക്ലിപ്പുകള്‍ പ്രചരിക്കുന്നതും കാണാനാകും. ആ എക്സ്പോഷര്‍ നമുക്ക് തടയാന്‍ സാധിക്കില്ല. അതുകൊണ്ട് ഒരു പരിധി വരെ, കുട്ടികളെ സ്വാധീനിക്കുന്നതാണ് സിനിമ എന്ന ബോധ്യത്തോടെ സിനിമയെടുക്കണം എന്നാണ് എന്റെ അഭിപ്രായം.

Aju Varghese

ഒരുകാലത്തെ ഹിറ്റ് കോമ്പോ ആയിരുന്നു നിവിന്‍ പോളി-അജു വര്‍ഗീസ്. നിവിന്‍ പോളിയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളോട് എങ്ങനെ പ്രതികരിക്കുന്നു?

മലയാളി പ്രേക്ഷകര്‍ മാത്രമല്ല, തെന്നിന്ത്യയിലെ ഒരുപാട് പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന നടനാണ് നിവിന്‍. അദ്ദേഹത്തിന്റെ ട്രാന്‍സ്ഫര്‍മേഷന്‍ വളരെ മികച്ച രീതിയില്‍ ആഘോഷിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ തട്ടകത്തിലുള്ളൊരു സിനിമയ്ക്കായി ഞാനും കാത്തിരിക്കുകയാണ്. ഞങ്ങളുടെ കോമ്പോ അടുത്തുണ്ടാകുമോ എന്നറിയില്ല. പക്ഷെ എല്ലാവരേയും പോലെ ഒരു നിവിന്‍ പോളി ഷോയ്ക്ക് വേണ്ടി ഞാനും കാത്തിരിക്കുകയാണ്.

Take a Poll

മലര്‍വാടിയില്‍ തുടങ്ങിയ യാത്ര ഇവിടെ എത്തി നില്‍ക്കുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ എന്താണ് പറയാനുള്ളത്?

തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊരു സര്‍പ്രൈസാണ്. ഗുരുക്കന്മാരായ ഒരുപാട് സംവിധായകരുടേയും എഴുത്തുകരുടേയും നിര്‍മ്മാതാക്കളുടേയും ടെക്നീഷ്യന്‍സിന്റേയും മറ്റും സഹായത്തോടെ നടത്തിയ യാത്രയാണ്. ഈ യാത്രയില്‍ എന്തെങ്കിലും രീതിയില്‍ പ്രേക്ഷകരെ രസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതാണ് എന്റെ ടേക്ക് എവെ. ആ ഉത്തരവാദിത്തം തീര്‍ന്നിട്ടില്ല. മറിച്ച് ഉത്തരവാദിത്തം കൂടുതലാണെന്ന ബോധ്യമാണ് ഇപ്പോഴുള്ളത്.

അജു വര്‍ഗ്ഗീസിന്റെ 2025 എങ്ങനെയാണ് പ്ലാന്‍ ചെയ്യുന്നത്?

പ്ലാനിംഗുകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. അഭിനയിക്കുമ്പോഴും അങ്ങനെയാണ്. പ്ലാന്‍ ചെയ്ത് കഥാപാത്രങ്ങളെ സമീപിക്കാറില്ല. കരിയറും അങ്ങനെയാണ്. പ്ലാന്‍ ചെയ്തതൊന്നും വര്‍ക്കൗട്ട് ആയിട്ടുമില്ല. പിന്നെ ആ എക്സ്ടെംപോറിനോട് എനിക്ക് ഭയങ്കരമായൊരു താല്‍പര്യവുമുണ്ട്. അതേസമയം ഹ്രസ്വകാല പ്ലാനുകള്‍ വേണ്ടി വരും. അല്ലാതെ ദീര്‍ഘകാല പ്ലാനുകളില്ല. ഇനി വെക്കുന്നതിനോടും താല്‍പര്യമില്ല.

FAQs
അജു വര്‍ഗീസിന്റെ ആദ്യ സിനിമ ഏതായിരുന്നു?

വിനീത് ശ്രീനിവാസന്‍ ഒരുക്കിയ മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് അജു വർഗീസിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

 
Filmibeat Entertainment

More from Filmibeat

Read more about: aju varghese
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X