For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാറയില്‍ കണ്ടത് എന്നെതന്നെ'; നാല് വയസുള്ള കുട്ടിയുടെ അമ്മയുടെ മെസേജ്; അക്ഷയ് ഹരീഷ് സംസാരിക്കുന്നു

  |

  സോഷ്യല്‍ മീഡിയയില്‍ സാറയാണ് താരം. ജൂഡ് ആന്റണി സംവിധാനം ചെയ്ത അന്ന ബെന്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സ്ത്രീയുടെ തിരഞ്ഞെടുപ്പുകളേയും സ്വപ്നങ്ങളേയും കുറിച്ചാണ് സാറാസ് സംസാരിക്കുന്നത്. അതേസമയം ചില വിമര്‍ശനങ്ങളും സാറാസ് നേരിടുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചുമെല്ലാം ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് തിരക്കഥാകൃത്തായ അക്ഷയ് ഹരീഷ്.

  പൂന്തോട്ടത്തിലൊരു പൂമ്പാറ്റ; കളര്‍ഫുള്‍ ചിത്രങ്ങളുമായി സോഫിയ ചൗധരി

  ''ഞെട്ടിക്കുന്നതാണ് പ്രതികരണങ്ങള്‍. ഇത്രയ്ക്ക് വലിയൊരു പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സാറ നമ്മുടെ സ്ഥിരം നായികയല്ല. ജൂഡ് സറിന്റെ സിനിമകളുടെ പ്രേക്ഷകര്‍ കുടുംബമാണ്. അവര്‍ക്കിത് എത്രത്തോളം ഇഷ്ടപ്പെടുമെന്നോ റിലേറ്റ് ചെയ്യാന്‍ സാധിക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ ഒരുപാട് അമ്മമാരാണ് സാറയില്‍ അവരെ കണ്ടതെന്ന് പറഞ്ഞ് മെസേജ് അയക്കുന്നത്. ഇത്രയും പേര്‍ക്കിത് റിലേറ്റ് ചെയ്യാന്‍ സാധിക്കുന്നുവെന്ന് അറിയുമ്പോള്‍ ഒരുപാട് സന്തോഷം'' അക്ഷയ് സംസാരിച്ച് തുടങ്ങുന്നു.

  സാറയിലേക്ക്

  സാറയിലേക്ക്

  ജൂഡ് സറിന്റെ ഒരു പോസ്റ്റില്‍ നിന്നുമായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ ഓം സാന്തി ഓശാന എന്ന സിനിമയിലെ ഒരു രംഗവും മനസിലുണ്ടായിരുന്നു. കുട്ടിയോട് ദേഷ്യപ്പെട്ടുകൊണ്ട് തന്റെ ക്ലിപ്പ് വലിച്ചൂരുന്ന നസ്രിയയുടെ രംഗം. അതിനകത്തൊരു ഹ്യൂമറുണ്ടായിരുന്നു. നായിക കുട്ടിയോട് ചൂടാകുന്നത് നമ്മള്‍ കാണാത്തതായിരുന്നു. അതേസമയം ഞാന്‍ വായിച്ചു കൊണ്ടിരുന്ന പുസ്തകമായിരുന്നു സുഭാഷ് ചന്ദ്രന്റെ സമുദ്രശില. അതില്‍ പറയുന്നത് മകനേയും സ്വന്തം അമ്മയേയും പരിചരിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഷ്ടപ്പാടുകളെക്കുറിച്ചായിരുന്നു. അവരുടെ ഒരു ദിവസം ഇവരെ പരിചരിക്കുക എന്നത് മാത്രമാണ്. നമ്മുടെയൊക്കെ അമ്മമാര്‍ ചെയ്യുന്നത് ഇതൊക്കെയല്ലേ എന്ന് ചിന്തിച്ചു. നമ്മള്‍ക്ക് വേണ്ടി അവരുടെ വ്യക്തിജീവിതം മാറ്റിവെക്കുകയല്ലേ അവര്‍ ചെയ്യുന്നത്?

  അങ്ങനെയാണ് ഇങ്ങനത്തൊരു ജീവിതം എനിക്ക് വേണ്ട എന്നൊരു പെണ്‍കുട്ടി പറഞ്ഞാല്‍ നമുക്കവളെ കുറ്റം പറയാന്‍ പറ്റില്ലല്ലോ എന്ന ചിന്തയുണ്ടാകുന്നത്. കല്യാണം വേണ്ട, കുട്ടികള്‍ വേണ്ട എന്നൊക്കെ പറയുന്ന സ്ത്രീയെ നെഗറ്റീവ് കഥാപാത്രമായിട്ടാണ് കണ്ടിട്ടുള്ളത്. അവര്‍ നായികയായി വരികയാണെങ്കില്‍, അവരുടെ ആംഗിളില്‍ നിന്നും കഥ പറയണമെന്ന് തോന്നി. അങ്ങനെയാണ് സാറ ഉണ്ടാകുന്നത്.

  വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്

  വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്

  ഒരുപാട് പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയേക്കണമെന്നില്ലെന്ന് കരുതിയിരുന്നു. പക്ഷെ ഞാന്‍ ഞെട്ടിപ്പോകുന്നതായിരുന്നു പ്രതികരണം. എന്റെ അധ്യാപികമാര്‍ മുതല്‍ ഒരുപാട് പേര്‍ അവര്‍ക്ക് സാറയുമായി റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ടെന്ന് പറഞ്ഞു. അവരൊക്കെ ജീവിതത്തില്‍ കല്യാണം കഴിക്കാനോ കുഞ്ഞിനെ നോക്കാന്‍ വേണ്ടിയോ കരിയറും പഠനവുമൊക്കെ മാറ്റി വച്ചവരായിരിക്കാം. കുടുംബത്തിന് വേണ്ടി എപ്പോഴും ഭാര്യമാര്‍ സാക്രിഫൈസ് ചെയ്യുന്നതാണ് നമ്മള്‍ കണ്ടിട്ടുള്ളത്.

  സിനിമ അംഗീകരിക്കപ്പെടുമോ എന്നൊരു സംശയം ഇല്ലാതിരുന്നില്ല. എന്നാല്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇറങ്ങി നാലാം ദിവസമാണ് എതിര്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു തുടങ്ങുന്നത് പോലും. ആദ്യ ദിവസം മുതല്‍ ഒരുപാട് സ്ത്രീകളാണ് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുത്തി സിനിമയ്ക്ക് പിന്തുണയുമായി എത്തിയിരുന്നത്.

  വിമര്‍ശകരോട് പറയാനുള്ളത്

  വിമര്‍ശകരോട് പറയാനുള്ളത്

  സിനിമ പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക എന്നതാണ്. ഈ നാട്ടിലെ നിയമം ലംഘിക്കാത്തിടത്തോളം, ഒരു ക്രൈം ചെയ്യാത്തിടത്തോളം വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കണം. വിഷയത്തിലുള്ള അറിവില്ലായ്മയാണ് ഇത്തരം വിമര്‍ശനങ്ങളുടെ കാരണം. എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യണമെന്നൊന്നുമല്ല സിനിമ പറയുന്നത്. ഈ കഥാപാത്രത്തിന് അങ്ങനൊരു സാഹചര്യവുമായി ഒരു തരത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ല. അങ്ങനെയുള്ളപ്പോള്‍ ആ കുട്ടിയ്ക്ക് ജന്മം നല്‍കി അതിനൊരു മോശം രക്ഷിതാവ് ആയി ആ കുട്ടിയുടെ കുട്ടിക്കാലം നശിപ്പിക്കുന്നതിനേക്കാള്‍ നല്ലത് വേണ്ട എന്നു വെക്കുന്നതല്ലേ. അമ്മയുടെ ആരോഗ്യം എന്നത് ശാരീരികവും മാനസികവുമാണ്. അതൊരു തെറ്റായിരുന്നുവെങ്കില്‍ എന്തിനാണ് ഇങ്ങനൊരു നിയമമുണ്ടാക്കിയത്?

  ഈ നിയമം 1971ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നുവെന്നത് തന്നെ വലിയ കാര്യമാണ്. സ്ത്രീയുടെ മാനസിക പ്രശ്നം കൂടി നമ്മള്‍ പരിഗണിക്കണം. നമ്മള്‍ എന്തൊക്കെ തരത്തിലുള്ള വാര്‍ത്തകള്‍ കാണുന്നു, കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും മറ്റും. ചിലര്‍ ഇതുപോലെ തീരുമാനമെടുക്കും. ചിലര്‍ കുഞ്ഞിനെ അവഗണിക്കും. അത് ആ കുട്ടിയുടെ ബാല്യകാലത്തെ വളരെ മോശമായിട്ടാകും ബാധിക്കുക. കുട്ടിക്കാലം എന്നത് വളരെ പ്രധാനപ്പെട്ടൊരു കാലഘട്ടമാണ്. അത് നല്ലതല്ലെങ്കില്‍ കുട്ടി ഭാവിയില്‍ എന്തായി തീരുമെന്ന് പറയാനാകില്ല. അതിനേക്കാള്‍ എത്രയോ ഭേദമാണ് സാറ ചെയ്യുന്നത്. എല്ലാവരും പോയി അബോര്‍ഷന്‍ ചെയ്യണമെന്നല്ല ഈ സിനിമ പറയുന്നത്. കല്യാണം, അമ്മയാവുക എന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. അതിനുള്ള അവകാശം നമ്മുടെ നിയമം നല്‍കുന്നുണ്ട്. അതില്‍ മറ്റൊരാള്‍ക്കും ഒരു പങ്കുമില്ല. അത് മനസിലാക്കാതെയും സിനിമ കാണാതേയുമാണ് പലരും വിമര്‍ശിക്കുന്നത്.

  സാറാസിന് മുമ്പ്

  സാറാസിന് മുമ്പ്

  കോളേജില്‍ പഠിക്കുമ്പോള്‍ ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്യുമായിരുന്നു. പഠനമൊക്കെ കഴിഞ്ഞ് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണമെന്നുമുണ്ടായിരുന്നു. പക്ഷെ ഇത്ര വേഗത്തില്‍ ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല. ജൂഡ് സര്‍ അങ്ങനൊരു പോസ്റ്റിട്ടതും ഞാന്‍ മെയില്‍ അയച്ചതും സര്‍ മറുപടി തരികയും എല്ലാം വളരെ പെട്ടെന്നായിരുന്നു സംഭവിച്ചത്.

  ജൂഡ് എന്ന സംവിധായകന്‍

  യാതൊരുവിധ മറകളുമില്ലാതെ പെരുമാറുന്ന വ്യക്തിയാണ് ജൂഡ് സര്‍. നമ്മള്‍ എഴുതിയത് ഇഷ്ടമായാല്‍ കെട്ടിപ്പിടിച്ച് കൊള്ളാമെന്ന് പറയും. അല്ലെങ്കില്‍ ഇഷ്ടമായില്ലെന്ന് മുഖത്ത് നോക്കി പറയും. അതുകൊണ്ട് എളുപ്പമായിരുന്നു. ഞാന്‍ ആദ്യം എഴുതിയ സിനിമയുടെ രണ്ടാം പകുതി കുറേക്കൂടി സീരിയസായിരുന്നു. സീരിയസ് കാര്യത്തെ അത്ര ഹാര്‍ഡ് ഹിറ്റിംഗ് ആയി അവതരിപ്പിച്ചാല്‍ പ്രേക്ഷകരിലേക്ക് എത്തുമോ എന്ന് സംശയമുണ്ടായിരുന്നു. ഹാര്‍ഡ് ഹിറ്റിംഗായി അവതരിപ്പിച്ചാല്‍ ചിലപ്പോഴൊരു പത്ത് പേരിലേക്ക് എത്തിയേക്കാം. എ്ന്നാല്‍ വലിയൊരു വിഭാഗത്തിന്റെ ഉള്ളില്‍ ഒരു സ്പാര്‍ക്ക് ഉണ്ടാക്കണമെങ്കില്‍ ലൈറ്റ് മൂഡ് വേണമായിരുന്നു. അത് ജൂഡ് സറിന്റെ മികവാണ്.

  അന്നയിലേക്ക്

  അന്നയിലേക്ക്

  കഥ കേട്ടപ്പോള്‍ അന്നയ്ക്കും കുടുംബത്തിനും ഇഷ്ടമായി. കഥ ആലോചിച്ചപ്പോള്‍ അന്നയായിരുന്നു മനസില്‍ വന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ 25-26 വയസു വരെയുള്ള കാലഘട്ടങ്ങള്‍ കാണിക്കുന്നുണ്ട്. മുതിര്‍ന്നപ്പോള്‍ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും സ്‌കൂള്‍ കാലത്തെ നിഷ്‌കളങ്കതയും ഒരുപോലെ അവതരിപ്പിക്കാന്‍ പറ്റുന്നൊരാള്‍ തന്നെ വേണമായിരുന്നു. അതുകൊണ്ട് അന്ന തന്നെയായിരുന്നു മനസിലുണ്ടായിരുന്നത്. അന്ന നേരത്തെ തന്നെ നമ്മളെ ഞെട്ടിച്ച നടിയാണ്. അന്നയ്ക്ക് ഇത് ഇഷ്ടമായില്ലായിരുന്നുവെങ്കില്‍ എന്ത് ചെയ്തേനെ എന്നായിരുന്നു ആലോചിച്ചിരുന്നത്.

  നാടകീയതയില്ലാതെ

  അതില്‍ ആര്‍ട്ടിസ്റ്റിന് വലിയ റോളുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സിലൊക്കെ വളരെ ഡ്രമാറ്റിക് ആകാന്‍ സാധ്യതയുണ്ടായിരുന്നു. പക്ഷെ സിദ്ധീഖ് സര്‍ ഒട്ടും ഡ്രമാറ്റിക് ആകാതെ ആ ഡയലോഗുകള്‍ കൃത്യമായ വോയ്സ് മോഡുലേഷനില്‍ പറഞ്ഞതു കൊണ്ടാണ് അത് സട്ടില്‍ ആയത്. വളരെ നിര്‍ണായകമായൊരു കാര്യം പറയുമ്പോള്‍ നാടകീയമാകാനുള്ള സാധ്യതയുണ്ട്. അവിടെ അഭിനേതാവിന്റെ പ്രകടനത്തിലൂടെയാണ് അത് അനുഭവപ്പെടാതെ അവതരിപ്പിക്കാന്‍ സാധിക്കുന്നത്. ഡയലോഗിലെ ഡ്രാമയെ അഭിനയം കൊണ്ട് മേക്കോവര്‍ ചെയ്യാന്‍ സാധിക്കുന്ന അഭിനേതാക്കളെ ലഭിക്കുന്നത് കൊണ്ടാണ് സട്ടിലാകുന്നത്.

  Recommended Video

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ
  സണ്ണി വെയ്നിലേക്ക്

  സണ്ണി വെയ്നിലേക്ക്

  ജീവന്‍ എന്ന കഥാപാത്രം ജോലിയൊക്കെ ചെയത് മടുത്ത്, ഇനി നാട്ടില്‍ കുറച്ച് കാലം സമാധാനമായി ഇരിക്കാം എന്നു കരുതി വരുന്ന വ്യക്തിയാണ്. സുഖലോലുപമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന യൂത്തിന്റെ പ്രതിനിധി. അയാളിലുണ്ടാകുന്ന മാറ്റങ്ങളും വളര്‍ച്ചയും പക്വതയുമെല്ലാം പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് നായകന്റേയും നായികയുടേയും പ്രായം പ്രധാനമാണ്. നായകനും അന്നയുടെ അതേ പ്രായമുള്ളൊരു പയ്യന്‍ ആയിരുന്നുവെങ്കില്‍ ഈയൊരു ഇംപകാട് ആകുമായിരുന്നില്ല ഉണ്ടാവുക.

  ഹൃദയം തൊട്ട സന്ദേശങ്ങള്‍

  തന്റെ അമ്മയെക്കുറിച്ചുള്ളൊരു മകന്റെ പോസ്റ്റ് വളരെയധികം ഇംപാക്ട് ഉണ്ടാക്കിയ ഒന്നാണ്. അതുപോലെ രണ്ട് മണിക്കൂര്‍ സാറയില്‍ എന്നെ തന്നെ കണ്ടുവെന്ന, നാല് വയസുളള കുട്ടിയുടെ അമ്മയുടെ മെസേജും വളരെയധികം സ്പ്രര്‍ശിച്ച ഒന്നാണ്. എനിക്ക് പരിചയം പോലുമില്ലാത്തൊരു സ്ത്രീയായിരുന്നു ആ മെസേജ് അയച്ചത്. എവിടെയൊക്കയോ സാറ നമുക്ക് ചുറ്റുമുള്ളവരില്‍ ഉണ്ടെന്ന് അറിയുന്നു. അമ്മയാകാന്‍ ഇഷ്ടമില്ലെന്ന് പറയുന്ന കഥാപാത്രവുമായി അമ്മമാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നുവെന്നതൊരു ഐറണിയാണ്.

  Read more about: anna ben
  English summary
  Akshay Hareesh Writer Of Sara's Starring Anna Ben Opens Up About The Applauses And Criticism, Read More in Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X