പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ കണ്ണ് നനച്ച സിനിമ; തമിഴിലും വിജയത്തിളക്കവുമായി അഞ്ജലി

മലയാളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം നേടിയ കയ്യടി നേടിയിട്ടുള്ള നടിയാണ് അഞ്ജലി നായര്‍. ഇപ്പോഴിതാ തമിഴകത്തും കയ്യടി നേടുകയാണ് അഞ്ജലി. ഈയ്യടുത്തിറങ്ങിയ തമി്‌ഴ് ചിത്രം ചിത്തയിലെ അഞ്ജലിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നാലെ ചിത്രത്തിലെ പ്രകടനത്തിന് അഞ്ജലിയെ തേടി ഫിലിംഫെയര്‍ പുരസ്‌കാരവുമെത്തി. ഇപ്പോഴിതാ തന്റെ പുരസ്‌കാര നേട്ടത്തെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചുമെല്ലാം ഫില്‍മിബീറ്റ് മലയാളത്തോട് മനസ് തുറക്കുകയാണ് അഞ്ജലി നായര്‍.

മലയാളത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇപ്പോഴിതാ തമിഴിലും. എന്ത് തോന്നുന്നു?

അവാര്‍ഡുകള്‍ കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. പുരസ്‌കാരങ്ങള്‍ നമ്മളേയും നമ്മുടെ സിനിമയേയും ആളുകളുടെ മനസില്‍ മുദ്രകുത്തുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ട് ഒരുപാട് സന്തോഷമുണ്ട്. മലയാളത്തില്‍ നിന്നും വന്ന് തമിഴില്‍ ഫിലിംഫെയര്‍ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്.

Anjali Nair

എങ്ങനെയാണ് ചിത്തയിലേക്ക് എത്തുന്നത്?

ദൃശ്യം 2 കണ്ടാണ് ചിത്തയിലേക്ക് എത്തുന്നത്. സംവിധായകന്‍ അരുണും നടന്‍ സിദ്ധാര്‍ത്ഥും ചര്‍ച്ച ചെയ്താണ് എന്നെ തീരുമാനിക്കുന്നത്. ചെന്നൈയില്‍ എത്തിയ ദിവസം തന്നെ മേക്കപ്പിട്ട് ലുക്ക് ടെസ്റ്റ് നടത്തി. അടുത്ത ദിവസം തന്നെ റിഹേഴ്‌സലും തുടങ്ങി. എല്ലാം പെട്ടെന്നായിരുന്നു. ഷൂട്ടിംഗ് പളനിയിലായിരുന്നു.

അമ്മ വേഷങ്ങള്‍ തുടര്‍ച്ചയായി ചെയ്തു കൊണ്ടിരിക്കുന്ന, ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട, ഒരാള്‍ എന്ന നിലയില്‍ ചിത്തയിലെ വേഷം തിരഞ്ഞെടുക്കുമ്പോള്‍ ആശങ്കയുണ്ടായിരുന്നുവോ?

അമ്മ വേഷം തുടര്‍ച്ചയായി ചെയ്യുന്നു എന്നൊരു തോന്നല്‍ എനിക്കില്ല. ഇടയ്ക്ക് മറ്റ് വേഷങ്ങളും ചെയ്യുന്നുണ്ട്. പക്ഷെ പ്രോമിനന്റ് ആയി നില്‍ക്കുന്നത് അമ്മ വേഷങ്ങള്‍ക്കാണ് എന്നു മാത്രം. പക്ഷെ എനിക്ക് ഞാന്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന തോന്നലുണ്ടായിട്ടില്ല. ചിത്ത വന്നപ്പോള്‍ നല്ലൊരു ക്രൂവിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നു എന്ന് മാത്രമാണ് ചിന്തിച്ചത്. അമ്മ വേഷം സ്വീകരിക്കുന്നതില്‍ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ആവണിയുടെ അമ്മയാണ്. ചിത്ത ചെയ്തു കൊണ്ടിരിക്കെയാണ് രണ്ടാമത് ഗര്‍ഭിണിയാകുന്നത്. അതുകൊണ്ട് കഥാപാത്രത്തെ ഉള്‍ക്കൊള്ളുക എന്നത് എളുപ്പമായിരുന്നു.

മകളുടെ അമ്മ, സ്ത്രീ എന്ന നിലയില്‍ ചിത്ത എന്ന സിനിമയും അത് മുന്നോട്ട് വെക്കുന്ന ആശയവും എങ്ങനെയാണ് സ്വാധീനിച്ചത്?

ഒരുപാട് സ്വാധീനം ചെലുത്തിയ സിനിമയാണ് ചിത്ത. ഒരുപാട് പേരുടെ കണ്ണുനനച്ചു, സിനിമ പൂര്‍ത്തിയാക്കാന്‍ പറ്റാത്തവരുമുണ്ട്. സഹിക്കാന്‍ പറ്റില്ലെന്ന്് കരുതി കാണാത്തവരുമുണ്ട്. അതില്‍ നിന്നൊക്കെ മനസിലാക്കാന്‍ സാധിക്കുന്നത് സിനിമ പലര്‍ക്കും റിലേറ്റബിള്‍ ആണെന്നതാണ്. പെണ്‍കുട്ടികളുടെ അമ്മ എന്ന നിലയില്‍ എനിക്കും ആശങ്കകള്‍ തന്നെ മുഹൂര്‍ത്തങ്ങള്‍ നല്‍കിയ സിനിമയായിരുന്നു. സിനിമയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന്റെ നല്ല ഉദാഹരണമാണ് ചിത്ത.

ചിത്തയുടെ ചിത്രീകരണത്തിനിടെയാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത് എന്ന് പറഞ്ഞതായി കണ്ടിരുന്നു. ആ സമയം ഓര്‍ത്തെടുക്കാന്‍ സാധിക്കുമോ?

വലിയ സന്തോഷം നല്‍കിയ നിമിഷമായിരുന്നു. സെറ്റില്‍ ഇക്കാര്യം പറയുമ്പോള്‍ അവര്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന് ടെന്‍ഷനുണ്ടായിരുന്നു. ഷൂട്ട് ഒരുപാട് ബാക്കിയുണ്ടായിരുന്നു. എന്റെ ഫിസിക്കല്‍ അപ്പീയറന്‍സിലെ മാറ്റം ബുദ്ധിമുട്ടാകുമോ എന്ന് ചിന്തിച്ചിരുന്നു. പക്ഷെ അവര്‍ വളരെ സന്തോഷത്തോടെയാണ് വാര്‍ത്തയെ സ്വീകരിച്ചത്. സിദ്ധാര്‍ത്ഥും നിമിഷയും സംവിധായകന്‍ അരുണും മറ്റ് താരങ്ങളും ക്രൂവുമെല്ലാം വളരെ നന്നായി സഹകരിച്ചു. ഏഴ് മാസം ആ സിനിമയുടെ കൂടെയായിരുന്നു ഗര്‍ഭിണിയെന്ന നിലയില്‍.

ചിത്തയിലൂടെ നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും നേടി. ഒരു തമിഴ് സിനിമ, രണ്ട് മലയാളി നടിമാര്‍ പുരസ്‌കാരം നേടുന്നു. എങ്ങനെ നോക്കിക്കാണുന്നു?

നിമിഷയുടെ ആദ്യ തമിഴ് ചിത്രമാണ് ചിത്ത. ആദ്യ സിനിമയില്‍ തന്നെ നിമിഷയ്ക്ക് അവാര്‍ഡുകള്‍ കിട്ടുന്നുവെന്നതില്‍ സന്തോഷമുണ്ട്. മുമ്പും ഞാന്‍ നിമിഷയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ച് തമിഴില്‍ അഭിനയിക്കുകയും, അതിലൂടെ രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. അതില്‍ ഒരുപാട് സന്തോഷമുണ്ട്. എല്ലാ ഭാഷയിലും ഇറങ്ങിയ സിനിമ എന്ന നിലയിലും ചിത്തയുടെ പേര് പറഞ്ഞ് പരിചയപ്പെടാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്.

നടിയാണ്, ഇപ്പോഴിതാ നടിയുടെ അമ്മയും. രണ്ടും എങ്ങനെ ബാലന്‍സ് ചെയ്യുന്നു?

അതെ, നടിയും നടിയുടെ അമ്മയുമാണ്. ബാലന്‍സ് ചെയ്യാന്‍ എളുപ്പമാണ്. എന്റെ അമ്മ കൂടെയുണ്ട്. ആവണിയുടെ സിനിമയും പഠനവുമൊക്കെ അമ്മ ഭംഗിയായി നോക്കുന്നുണ്ട്. അതിനാല്‍ എനിക്ക് വലിയ ബുദ്ധിമുട്ടുകളില്ല. ഞാന്‍ ഷൂട്ടിന് പോകുമ്പോള്‍ ചെറിയ ആളേയും കൂടെ കൊണ്ടു പോകും. ഭര്‍ത്താവും കൂടെ വരും. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും സഹായിച്ചു മുന്നോട്ട് പോകുന്നു.

എങ്ങനെയാണ് മകള്‍ സിനിമയിലേക്ക് എത്തുന്നത്?

എട്ടാം മാസം അഞ്ചു സുന്ദരികള്‍ എന്ന സിനിമയിലൂടെ തുടക്കം കുറിച്ചതാണ് ആവണി. പിന്നീട് നിരവധി സിനിമകള്‍ ചെയ്തു. ശ്രദ്ധ നേടുന്നത് അജു വര്‍ഗ്ഗീസിന്റെ സിനിമയായ ഫിനിക്‌സാണ്. ഓഡിഷനിലൂടെയാണ് ആ സിനിമയിലെത്തുന്നത്. മലയാളത്തില്‍ അജയന്റെ രണ്ടാം മോഷണം, മച്ചാന്റെ മാലാഖ, ഛായം, റിവോള്‍വര്‍ റിങ്കോ, തമിഴില്‍ വിക്രം സാറിന്റെ മകളായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ കുറച്ച് സിനിമകള്‍ അടിപ്പിച്ചു ചെയ്തു കൊണ്ടിരിക്കുകയാണ്.

നല്ല അഭിനേത്രിയാണെന്ന് തെളിയിച്ചതാണ്. പുരസ്‌കാരങ്ങളും നേടിയെത്തി. എങ്കിലും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നുവെന്ന് തോന്നിയിട്ടുണ്ടോ?

നല്ല അഭിനേത്രിയാണെന്ന് തെളിയിച്ചിട്ടുണ്ടോ എന്ന് പറയാനറിയില്ല. പക്ഷെ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോഴും ഇപ്പോള്‍ ഫിലിംഫെയര്‍ കിട്ടിയപ്പോഴും മറ്റേതൊരു പുരസ്‌കാരം ലഭിക്കുമ്പോഴും മുന്നില്‍ പ്രതീക്ഷയാണ്, ഇനി നല്ല വേഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷ. മുഴുനീള വേഷങ്ങള്‍ തേടിയെത്തുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ആ വിശ്വാസം പലപ്പോഴും തച്ചുടയ്ക്കപ്പെട്ടതായി തോന്നിയിട്ടുണ്ട്. പലപ്പോഴും വര്‍ഷത്തില്‍ ഒരു നല്ല സിനിമ മാത്രം ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. ദൃശ്യം 2, ചിത്ത, അതൊക്കെ വലിയ ഗ്യാപ്പുകള്‍ക്ക് ശേഷം കിട്ടിയ വലിയ സിനിമകളും, നല്ല പ്രശംസ ലഭിച്ച സിനിമകളുമാണ്. എങ്കിലും തുടര്‍ച്ചയായി നല്ല സിനിമകള്‍ ലഭിക്കാത്തതിന്റെ വിഷമം മാത്രമേയുള്ളൂ.

Anjali Nair

കൂടുതലും ദുഖപുത്രിയായിട്ടാണ് അഞ്ജലിയെ സിനിമകളില്‍ കാണാറുള്ളത്. ജീവിതത്തില്‍ എങ്ങനെയാണ്?

ഗേള്‍ നെക്സ്റ്റ് ഡോര്‍, അടുത്തറിയുന്നയാള്‍ എന്നൊക്കെ തോന്നിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ജീവിതത്തിലും ഞാന്‍ വളരെ ഹോംലിയായ ആളാണ്. എപ്പോഴും മുഖത്ത് ദുഖം നിലനില്‍ക്കുന്നതായി തോന്നുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്. സ്ഥിരമായി അത്തരം വേഷങ്ങള്‍ ചെയ്തിട്ടുള്ളതു കൊണ്ടാണോ എന്നറിയില്ല.

ഒരുപാട് സിനിമകള്‍ ചെയ്തു. എങ്കിലും ഇനിയും എക്സ്പ്ലോര്‍ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ജോണറും കഥാപാത്രവുംഏതാകും?

ഒരുപാട് സിനിമകള്‍ ചെയ്യുന്നതിലല്ല, ചെയ്യുന്ന സിനിമയില്‍ സിഗ്നേച്ചര്‍ കഥാപാത്രം ചെയ്യണം, എന്തെങ്കിലും കാമ്പുള്ള വ്യ്ക്തിത്വത്തെ സമൂഹത്തിന് കാണിച്ചു കൊടുക്കുന്ന കഥാപാത്രം ചെയ്യണം എന്നാണ് ആഗ്രഹം.

More from Filmibeat

Read more about: anjali nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X