അച്ഛനും അമ്മയും ഫ്രണ്ട് ആവുകയല്ല, ഫ്രണ്ട്ലി ആവുകയാണ് വേണ്ടത്; സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഞാന്‍ നിര്‍ത്തി
ആര്‍ജെ, അവതാരക, അഭിനേത്രി, എഴുത്തുകാരി തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായൊരു ഇടം സ്വന്തമാക്കിയിട്ടുണ്ട് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ മാനസികാരോഗ്യ രംഗത്തും ചലനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് അശ്വതി. ബിക്കമ്മിംഗ് എന്ന സംരംഭത്തിലൂടെയാണ് അശ്വതി ഈ മേഖലയില്‍ സാന്നിധ്യമാകുന്നത്. ബിക്കമ്മിംഗിനെക്കുറിച്ചും പാരന്റിംഗിനെക്കുറിച്ചുമൊക്കെ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് അശ്വതി ശ്രീകാന്ത്.
ബിക്കമ്മിംഗിന്റെ തിരക്കുകളിലാണല്ലോ. എപ്പോഴാണ് ഇങ്ങനൊരു ആശയത്തിന് പിന്നാലെ ഇറങ്ങിത്തിരിക്കാന്‍ തീരുമാനിക്കുന്നത്?
ബിക്കമ്മിംഗിന്റെ തിരക്കുകളിലാണ്. നന്നായി പോകുന്നു. പണ്ടുമുതലേ മാനസികാരോഗ്യം എനിക്ക് ഇഷ്ടമുള്ള ഏരിയയായിരുന്നു. അതിനാല്‍ തന്നെ അതേക്കുറിച്ച് നിരന്തരം പഠിക്കാന്‍ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷം മുമ്പ് ലൈഫ് കോച്ചിംഗിനെക്കുറിച്ച് അറിയുന്നതും പഠിക്കുകയും ചെയ്യുന്നത്. പ്രാക്ടീസ് ചെയ്യാനുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു. തുടര്‍ന്ന് വണ്‍ ഓണ്‍ വണ്‍ സെഷനുകള്‍ നടത്തുകയും ചെയ്തിരുന്നു. കോച്ചിംഗ് വരുന്ന മിക്ക ആളുകള്‍ക്കും എന്തെങ്കിലും സൈക്കോളജിക്കല്‍ കാര്യങ്ങളും കൂടെയുണ്ടെന്ന് ബോധ്യപ്പെട്ടു. പ്രത്യക്ഷത്തില്‍ തങ്ങള്‍ക്കൊരു പ്രശ്നവുമില്ലെന്ന് കരുതിയാണ് അവര്‍ വരിക. പക്ഷെ നമ്മള്‍ സംസാരിക്കുമ്പോള്‍ അവരില്‍ പലര്‍ക്കും സൈക്കോളജിക്കല്‍ സപ്പോര്‍ട്ടും വേണ്ട സാഹചര്യമുണ്ട്. അതോടെ എന്തുകൊണ്ട് എന്തുകൊണ്ട് ഇതൊരു ടീമിമായി രൂപീകരിച്ചുകൂട എന്ന് ചിന്തിച്ചു.

രണ്ട് വര്‍ഷമായി അതിന്റെ പുറകെയാണ്. ഒരു പ്ളാറ്റ്ഫോം ബിക്കമിംഗ് എന്ന പേരില്‍ ഉണ്ടാക്കിയെടുത്തു. മെന്റല്‍ ഹെല്‍ത്തിലും വെല്‍ബീയിംഗിലും പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ഇന്‍ഹൗസ് ടീമുമുണ്ട്. എന്തു തരത്തിലുള്ള സൈക്കോളജക്കില്‍ സപ്പോര്‍ട്ട് വേണ്ടി വന്നാലും ലഭ്യമാക്കാന്‍ സാധിക്കുന്ന തരത്തില്‍ ബിക്കമ്മിംഗിനെ വളര്‍ത്തുകയാണ് ലക്ഷ്യം. കൊച്ചിയില്‍ ഓഫീസുണ്ട്. ഓണ്‍ലൈന്‍ സെഷനുകളാണ് പ്രധാനമായും ഇപ്പോള്‍ നടത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരേയും ആവശ്യക്കാരേയും കണക്ട് ചെയ്യുക എന്നതാണ് നിലവില്‍ ചെയ്യുന്നത്.
സംരംഭകയായി മാറുമ്പോള്‍ വെല്ലുവിളികളുണ്ടായിരുന്നില്ലേ?
ഞാന്‍ പഠിച്ചത് എംബിഎയാണ്. പക്ഷെ ഞാനൊരു ബിസിനസ് പേഴ്സണല്‍ അല്ല. അതിന്റേതായ വെല്ലുവിളികളുണ്ടായിരുന്നു. എന്റെ ഭര്‍ത്താവ് ബിസിനസുകാരനാണ്. അതായിരുന്നു എനിക്കുണ്ടായിരുന്ന പിന്തുണ. എന്തെങ്കിലും നിര്‍ദ്ദേശങ്ങളും പിന്തുണയും വേണമെങ്കില്‍ അതിന് സാധിക്കുന്ന ഒരാള്‍ വീട്ടില്‍ തന്നെയുണ്ട്. മറ്റൊന്ന് എനിക്ക് ശരിയായ സുഹൃത്തുക്കളേയും കിട്ടി എന്നതാണ്. സൗഹൃദങ്ങള്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഒരു യാത്രയക്കായി ഇറങ്ങിത്തിരിക്കുമ്പോള്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ വന്നു ചേരുമെന്ന് പറയുന്നത് പോലെ. തുടക്കം മുതല്‍ ഓരോ കാര്യങ്ങളും പഠിച്ചാണ് ചെയ്യുന്നത്. അതുകൊണ്ടാണ് പുറത്തേക്ക് ഇതേക്കുറിച്ച് സംസാരിക്കാന്‍ രണ്ട് വര്‍ഷം വേണ്ടി വന്നത്. വെബ് സൈറ്റ് അടക്കമുള്ള ഓരോ കാര്യങ്ങളും പഠിച്ചാണ് ചെയ്തത്. ആ സമയത്ത് ഞാന്‍ മീഡിയയില്‍ സജീവമായിരുന്നു. പരിപാടികളൊക്കെ പതിയെ കുറച്ച് കുറച്ച് പൂര്‍ണമായും ബിക്കമ്മിംഗിലേക്ക് ഇറങ്ങാനും സമയമെടുത്തു. കുറച്ച് റിസ്‌കുള്ള തീരുമാനമായിരുന്നു.
സിനിമ-ടെലിവിഷന്‍ രംഗത്തു നിന്നും ഇടവേളയെടുത്തിരിക്കുകയാണോ?
തല്‍ക്കാലം മീഡിയയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. പുതിയ ഷോകളൊന്നും കമ്മിറ്റ് ചെയ്യുന്നില്ല. സംരംഭകത്വം എന്ന് പറയുന്നത് നമ്മുടെ മുഴുവന്‍ ശ്രദ്ധയും ആവശ്യമുള്ള ജോലിയാണ്. എന്നുകരുതി പൂര്‍ണമായും മാറി നില്‍ക്കുന്നില്ല. വ്യത്യസ്തമായ എന്തെങ്കിലും വന്നാല്‍ ചെയ്യും. ചെയ്തതു തന്നെ ചെയ്യാനില്ല.
ചുറ്റുമുള്ളവരുടെ ചോദ്യങ്ങളെ എങ്ങനെയാണ് നേരിടുന്നത്?
എന്നെ അറിയുന്ന ആളുകള്‍ ആരും അങ്ങനെ ചോദിക്കില്ല. അഭിനയം എന്റെ പാഷനായിരുന്നില്ല. അഹങ്കാരമായി പറയുന്നതല്ല. ബിക്കമ്മിംഗ് പോലെ സോള്‍ഫുള്‍ ആയ കാര്യങ്ങള്‍ ചെയ്യാന്‍ പണ്ടു തൊട്ടേ ആഗ്രഹമുള്ളയാളാണ് ഞാന്‍. അതിന്റെ കൂടെ ഭാഗ്യത്തിന് അവസരങ്ങളും വിസിബിലിറ്റിയും ലഭിച്ചു. എനിക്ക് വന്ന അവസരങ്ങളില്‍ നല്ലത് തിരഞ്ഞെടുത്തു എന്നതല്ലാതെ അതിനായി ഞാന്‍ കഠിനാധ്വാനമൊന്നു ചെയ്തിട്ടുമില്ല. എന്റെ ചുറ്റുമുള്ള ആളുകള്‍ക്ക് എന്നെ അറിയാം. ഇതുപോലെ എന്തിലേക്കുമോ എഴുത്തിലേക്കോ ഞാന്‍ തിരിഞ്ഞു പോകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവര്‍ക്കൊന്നും ഒരു അത്ഭതവുമില്ല.
മള്‍ട്ടി ടാസ്‌കിംഗിന്റെ ബുദ്ധിമുട്ടുകള്‍ അലട്ടാറില്ലേ?
ഒരു ജീവിതമേയുള്ളൂ. എക്സ്പ്ലോര്‍ ചെയ്യാനുള്ളതൊക്കെ എക്സ്പ്ലോര്‍ ചെയ്യുക. നാളെ റിഗ്രറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. അന്ന് അങ്ങനെ ചെയ്യാമായിരുന്നു എന്ന് പിന്നീട് ചിന്തിക്കേണ്ടി വരരുത്. വളരെ മോശം അവസ്ഥയായിരിക്കുമത്. റിഗ്രറ്റ് എന്നത് എന്നത് ഉപയോഗശൂന്യമായൊരു വികാരമാണ്. അങ്ങനെ പിന്നീട് റിഗ്രറ്റ് ചെയ്യാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ ഇപ്പോള്‍ സാധിക്കുന്നതെല്ലാം ചെയ്യണം. എന്നുകരുതി ഒരു കാര്യം ചെയ്യുമ്പോള്‍ അത് മറ്റൊന്നിനെ ബാധിക്കാറുമില്ല. ചെയ്യുന്ന കാര്യം പൂര്‍ത്തിയാക്കിയ ശേഷം മാത്രമാണ് അടുത്തതിലേക്ക് കടക്കുന്നത്. പണ്ടേ ഞാന്‍ ഇങ്ങനെയാണ്. അതിനാല്‍ ഇതൊന്നും ബുദ്ധിമുട്ടായി തോന്നുന്നില്ല.
പാരന്റിംഗിനെക്കുറിച്ച് നിരന്തരം സംസാരിക്കാറുണ്ട്. ഒരുപാട് ലേണിംഗും അത്ര തന്നെ അണ്‍ലേണിംഗും വേണ്ടതല്ലേ പാരന്റിംഗ്?
ഒരുകാലത്ത് ഞാന്‍ വിചാരിച്ചിരുന്നത് നമുക്ക് അറിയുന്നതെല്ലാം പറഞ്ഞു കൊടുത്ത് ഒരു കുട്ടിയെ വളര്‍ത്തിയെടുക്കുന്നതാണ് പാരന്റിംഗ് എന്നായിരുന്നു. കുട്ടിയുടെ വ്യക്തിത്വം ഉണ്ടായി വരുന്നതില്‍ പൂര്‍ണമായ പങ്കും മാതാപിതാക്കള്‍ക്ക് ആണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ അത് അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞു. കുട്ടികള്‍ ഒരു ക്ലീന്‍ സ്ലേറ്റ് ആയിട്ടല്ല വരുന്നത്. തലമുറകളായി കൊണ്ടു നടക്കുന്ന കാര്യങ്ങള്‍ അവരുടെ ഉള്ളിലും കാണും. എല്ലാ കുട്ടികളും യുണീക് ആണ്. അവരുടെ ഉള്ളിലുള്ളതിനെ പോളിഷ് ചെയ്തെടുക്കുകയാണ് നമ്മളുടെ ഉത്തരവാദിത്തം. എന്നാല്‍ ഈ ലോകത്ത് ഇങ്ങനെയൊക്കെയാണ് പറഞ്ഞു മനസിലാക്കി കൊടുക്കാനും സാധിക്കുന്ന സപ്പോര്‍ട്ട് സിസ്റ്റവും മെന്ററുമായിരിക്കണം മാതാപിതാക്കള്‍.
പക്ഷെ പലപ്പോഴും നമ്മള്‍ കരുതുന്നത് ഇതെല്ലാം നമ്മുടെ നിയന്ത്രണത്തിലാണെന്നാണ്. നമ്മള്‍ വിചാരിക്കുന്നത് പോലെയാണ് കുട്ടിയെ വളര്‍ത്തിയെടുക്കേണ്ടത് എന്നു കരുതും. പക്ഷെ അങ്ങനെയല്ല. കുട്ടി എന്താകണമെന്ന് അവര്‍ക്കറിയാം. അതിന് അവരെ എഫിഷ്യന്റ് ആകാന്‍ സഹായിക്കുകയാണ് നമ്മുടെ ദൗത്യം. എനിക്കുണ്ടായ ഒരു തിരിച്ചറിവാണ് ഇത്.
മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് നമ്മള്‍ എപ്പോഴും പറയുന്നതാണ്. എല്ലാ ബന്ധങ്ങളിലും കൂട്ട് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രണയത്തിലും സാഹോദര്യത്തിലും മാതാപിതാക്കളുമായുള്ള ബന്ധത്തിലുമൊക്കെ സൗഹൃദത്തിന്റെ അടിത്തറ വേണം. പക്ഷെ അതേസമയം തന്നെ മാതാപിതാക്കള്‍ കുട്ടികളുടെ ബെസ്റ്റ് ഫ്രണ്ട് ആവുക എന്നത് പ്രാക്ടിക്കലല്ല. എന്തൊക്കെ പറഞ്ഞാലും കുട്ടികള്‍ക്ക് നമ്മളോട് ചില കാര്യങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടാകും. തിരിച്ച് നമ്മളുടെ എല്ലാ കാര്യങ്ങള്‍ കുട്ടികളോടും പറയാന്‍ സാധിക്കില്ല. അവര്‍ക്ക് അവരുടെ സുഹൃത്തിനോട് മാത്രം പറയാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ടാകും. അതിനെ അംഗീകരിക്കുക. അതേസമയം തന്നെ അവര്‍ക്ക് എന്തും പറയാനുള്ളൊരു ഇടം തുറന്നു കൊടുക്കുകയും വേണം. മാതാപിതാക്കള്‍ മാതാപിതാക്കളാണ്. അതിനപ്പുറത്തേക്ക് പോകേണ്ടതില്ല. അങ്ങനെ പല ലേണിംഗും അണ്‍ലേണിംഗും നടക്കുന്നുണ്ട്.
പാരന്റിംഗിലെ ഈ മാറിനടത്തത്തോടുള്ള മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ എങ്ങനെയാണ്?
എന്റെ തലമുറയിലെ ഒരുപാട് മാതാപിതാക്കള്‍ ആ ഇനിഷിയേറ്റീവ് എടുക്കുന്നുണ്ട്. നമ്മളെ വളര്‍ത്തിയ പാരന്റിംഗ് രീതിയ്ക്ക് കുറേ പ്രശ്നങ്ങളുണ്ട്. നല്ല വശങ്ങള്‍ ഇല്ല എന്നല്ല. എങ്കിലും ആ രീതികളുണ്ടാക്കിയ ട്രോമ ഇപ്പോഴും കൊണ്ടു നടക്കുന്നവരാണ് പലരും. അതിനാല്‍ പാരന്റിംഗില്‍ മാറ്റം വരുത്തേണ്ടത് ഉണ്ടെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ അതെങ്ങനെ എന്ന് അറിവുണ്ടാകില്ല. സൗഹൃദം ആകുമ്പോള്‍ അതിന് അതിര് നിശ്ചയിക്കാന്‍ സാധിക്കാതെ വരും. പഴയ പാരന്റിംഗ് രീതി പിന്തുടരുമ്പോള്‍ കുട്ടിയില്‍ നിന്നും അകന്ന് നില്‍ക്കേണ്ടിയും വരും. ഇത് രണ്ടും ബാലന്‍സ് ചെയ്യുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ബോധപൂര്‍വ്വമുള്ള എഫേര്‍ട്ട് ആവശ്യമുള്ള ഒന്നാണ്. പാരന്റിംഗ് നല്ല പഠനം ആവശ്യമുള്ള ജോലിയാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. കുട്ടികള്‍ക്ക് ട്രോമ നല്‍കാതെ നല്ല ഹെല്‍ത്തിയായി വളര്‍ത്താന്‍ സാധിക്കണം. അതിനല്‍പ്പം എഫേര്‍ട്ട് എടുക്കണം. അടിച്ചുവളര്‍ത്താന്‍ എളുപ്പമാണ്. എന്നാല്‍ ആ എഫേര്‍ട്ട് എടുക്കാന്‍ തയ്യാറാകുന്നവര്‍ ഇപ്പോള്‍ കൂടുതലാണ്. ബിക്കമ്മിംഗില്‍ പാരന്റിംഗ് കോച്ചിങ് സേവനം നല്‍കുന്നുണ്ട്.
കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എങ്ങനെയാണ്?
മൂത്തകുട്ടിയായ സമയത്ത് അവളുടെ രസകരമായ നിമിഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുമായിരുന്നു. എന്നാല്‍ അത് ചിലപ്പോഴൊക്കെ അവള്‍ക്ക് ഇഷ്ടമാകുന്നില്ല എന്ന് ബോധ്യമായി. അവളുടെ പ്രൈവസിയെ ബാധിച്ചേക്കാം. വളനറബിള്‍ ആയൊരു മൊമന്റില്‍ അവള്‍ എന്നോട് പറഞ്ഞത് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുവെന്ന് കരുതുക. നാളെ പുറത്ത് വച്ച് മറ്റൊരാള്‍ വന്ന് അമ്മയുടെ പോസ്റ്റ് കണ്ടിരുന്നുവെന്ന് പറഞ്ഞ് അക്കാര്യം അവളോട് ചോദിക്കുമ്പോള്‍ കുട്ടിയ്ക്ക് ഉണ്ടാകുന്നൊരു ബുദ്ധിമുട്ടുണ്ട്. അതിനാല്‍ മൂത്തയാളുടെ സമ്മതത്തോടു കൂടിയാണ് ഞാന്‍ പോസ്റ്റുകള്‍ പങ്കുവെക്കാറുള്ളത്. രണ്ടാമത്തെയാളുടെ കാര്യത്തില്‍ നാളെ അവള്‍ക്ക് നാണക്കേടുണ്ടാകില്ലാത്ത കാര്യങ്ങളേ പോസ്റ്റ് ചെയ്യാറുള്ളൂ. അവരുടെ സ്വകാര്യതയെ ഹനിക്കുന്നതൊന്നും പങ്കുവെക്കാറില്ല. മൂത്തയാളുടെ ഇന്‍ഫിബിഷന്‍സൊക്കെ മാറിയിട്ടുണ്ട്. അവളിപ്പോള്‍ വ്ളോഗ് ചെയ്യാം എന്നൊക്കെ പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയ കമന്റ് ബോക്സിലെ പ്രതികരണങ്ങളില്‍ വന്ന മാറ്റം ശ്രദ്ധിച്ചിരുന്നുവോ?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നമ്മുടെ സമൂഹത്തിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ബോഡി ഷെയ്മിംഗ് ആയൊരു കമന്റ് ഒരാള്‍ പങ്കുവച്ചാല്‍ അതിന് മറുപടി പറയാന്‍ താഴെ പത്തു പേരെത്തും. നമ്മള്‍ മറുപടി പറയുന്നതിന് മുമ്പ് തന്നെ പ്രതിരോധം തീര്‍ക്കാനെത്തുന്നവര്‍. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വരുന്ന മാറ്റം കമന്റുകളില്‍ പ്രതിഫലിക്കുന്നുണ്ട്. നേരത്തെ വിവാദങ്ങളിലൊക്കെ പ്രതികരിക്കുമായിരുന്നു. എന്നാല്‍ അതുകൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് തിരിച്ചറിയുകയും, എനിക്ക് സ്ലട്ട് ഷെയ്മിംഗ് ലഭിക്കുക മാത്രമാണ് സംഭവിക്കുക എന്നും അത്രയും ഊര്‍ജ്ജം നഷ്ടപ്പെടുത്താനില്ല എന്നും ബോധ്യമുള്ളതിനാല്‍ പലതില്‍ നിന്നും വിട്ടു നില്‍ക്കാറുണ്ട്. ആളുകളുടെ കാഴ്ചപ്പാടും, ആളുകളെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും മാറിയിട്ടുണ്ടെന്ന് സാരം.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നാലെ നടക്കുന്ന ചര്‍ച്ചകളും എങ്ങനെ നോക്കിക്കാണുന്നു?
എരിവും പുളിയുമുള്ള കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ ഫോക്കസ് ചെയ്യുന്നത് എന്ന് വിഷമുണ്ടാക്കുന്നതാണ്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരുപാട് കാര്യങ്ങള്‍ വേറെയുമുണ്ട്. പക്ഷെ മനുഷ്യന്റെ ബേസിക് സ്വഭാവം അങ്ങനെയാണ്. ഗോസിപ്പ് പങ്കുവെക്കാനാണ് ഭാഷ കണ്ടുപിടിച്ചതെന്ന് പറയുന്നത് പോലെയാണത്. വേതനം അടക്കം ശ്രദ്ധ കിട്ടേണ്ട കാര്യങ്ങളിലേക്കും ചര്‍ച്ച പോകണംഎന്നാണ്ആഗ്രഹം


Click it and Unblock the Notifications











