അവരേക്കാള്‍ പത്തിരട്ടി സന്തോഷം എനിക്കുണ്ട്! ആരാധകന്റെ കുഞ്ഞിന് പേരിട്ടതിനെക്കുറിച്ച് ഭാവന
ആരാധകരുടെ പ്രിയങ്കരിയാണ് ഭാവന. തന്റെ നിറഞ്ഞ ചിരിയും എനര്‍ജിയുമൊക്കെ കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടി. എന്നാല്‍ കഴിഞ്ഞ കുറേ കൊല്ലങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത ഭാവന കന്നഡ സിനിമയിലൂടെ തിരികെ വന്നുവെങ്കിലും മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നീണ്ടു പോവുകയായിരുന്നു.
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഭാവന തിരികെ എത്തുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരികെ എത്തുന്നത്. ഷറഫുദ്ദീന്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ട്രെയിലര്‍. ഇതിനിടെ ഇപ്പോഴിതാ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ഭാവന.

നേരത്തെ തന്റെ ആരാധകരായ ദമ്പതികളുടെ മകള്‍ക്ക് ഭാവന പേരിട്ടത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ഒരു ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് താരം എത്തിയപ്പോഴായിരുന്നു പേരിടല്‍ നടന്നത്.സന്ദീപ്-സുമ ദമ്പതികളാണ് താരത്തെക്കൊണ്ട് തങ്ങളുടെ മകളുടെ പേര് വിളിപ്പിച്ചത്. രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ പേര് സമൃദ്ധ എന്നായിരുന്നു. വൈറലായി മാറിയ ഈ സംഭവത്തെക്കുറിച്ച് ഭാവന മനസ് തുറക്കുകയാണ്.
ഞാന്‍ തീരെ പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യമായിരുന്നു അത്. ഒരു ഉദ്ഘാടനത്തിന് പോയപ്പോഴാണ് ഒരു ഭാര്യയും ഭര്‍ത്താവും വന്നിട്ടുണ്ടെന്നും അവരുടെ കുഞ്ഞിന്റെ പേര് ഭാവന വിളിക്കണമെന്നാണ് അവരുടെ ആഗ്രഹമെന്നും എന്നോട് പറയുകയായിരുന്നു. കുറച്ച് നേരം നോക്കിയ ശേഷം ഞാനോ ഞാനോ എന്ന് ചോദിക്കുകയായിരുന്നു ഞാന്‍. പേര് നേരത്തെ തന്നെ അവര്‍ തീരുമാനിച്ചിരുന്നു. ഞാനൊന്ന് വിളിച്ച് തരണമെന്നാണ് പറഞ്ഞത്.
അവര്‍ക്ക് എത്ര സന്തോഷം അതില്‍ നിന്നുമുണ്ടായോ അതിന്റെ പത്തിരട്ടി സന്തോഷം എനിക്കുണ്ടായിരുന്നു. എനിക്കത് വളരെ വൈകാരികമായൊരു നിമിഷമായിരുന്നു. അതൊക്കെ ഒരു അനുഗ്രഹമായിട്ടാണ് കാണുന്നത്.
മുമ്പ് ഊട്ടിയിലൊരു സിനിമ ചെയ്തു കൊണ്ടിരിക്കേ, ഒരു തമിഴ് കുടുംബം വന്നു. കുട്ടിയ്ക്ക് ഒരു പേര് പറഞ്ഞു തരുമോ എന്ന് ചോദിച്ചു. ഞാനോ എന്ന് ഞാന്‍ അമ്പരന്നു പോയി. അന്ന് ഞാന്‍ തമിഴില്‍ ഒരു സിനിമയെങ്ങാനുമേ ചെയ്തിട്ടുള്ളൂ. പെട്ടെന്ന് മനസിലേക്ക് വന്നത് ഗായത്രി എന്ന പേരായിരുന്നു. അവര്‍ കുട്ടിയ്ക്ക് ഗായ്ത്രി എന്ന് പേരിടുകയും ചെയ്തു. എനിക്കിത് സ്ഥിരം പരിപാടിയാണെന്ന് കരുതരുത്. അത് ഭയങ്കര രസമായിട്ട് ചെയ്ത് പോയതാണ്.
ഇതെനിക്ക് പക്ഷെ ഭയങ്കര ഇമോഷണലായൊരു കാര്യമായിരുന്നു. ഇടയ്ക്കിടെ ആളുകള്‍ അതേക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഞാനും ആ കുട്ടിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. കുറേക്കാലം കഴിഞ്ഞ് എനിക്ക് പേരിട്ടത് നിങ്ങളാണെന്ന് പറഞ്ഞ് വരുമോ എന്നൊക്കെ ആലോചിക്കാറുണ്ട്. നല്ലൊരു നിമിഷമായിരുന്നു അതെന്നും ഭാവന പറയുന്നു.
പിന്നാലെ അഭിനയ ജീവിതത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് ഇട്ട പോസ്റ്റില്‍ ഹേറ്റേഴ്‌സിനും നന്ദി പറഞ്ഞതിനെക്കുറിച്ചും ഭാവന സംസാരിക്കുന്നുണ്ട്.

എന്നെ ഇഷ്ടപ്പെടുന്നവരുമുണ്ട് ഇഷ്ടപ്പെടാത്തരവുമുണ്ട്. രണ്ട് പേരില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്. എല്ലാവരും നമ്മളെ ഇഷ്ടപ്പെട്ടാല്‍ അതിന്റെ വില മനസിലാക്കാന്‍ സാധിക്കില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ളവരും ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരും ഒരുപാട് ഇഷ്ടമുള്ളവരുമുണ്ട്. എന്റെ 20 വര്‍ഷത്തിന്റെ പങ്ക് അവര്‍ക്കും കൂടെ കൊടുത്തതാണെന്നേയുള്ളൂവെന്നാണ് ഭാവന പറയുന്നത്.
അതേസമയം, ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടൈൻമെന്റ്സും ചേർന്ന് രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുൾ ഖാദർ എന്നിവരാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് നിർമ്മിക്കുന്നത്. ഭാവന, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.


Click it and Unblock the Notifications