പികെ റോസി ജീവിച്ച് മരിച്ച മണ്ണിലാണ് നമ്മള്‍ ഇന്ന് നില്‍ക്കുന്നത്; ഇത് വലിയ മാറ്റത്തിന്റെ തുടക്കം: ആദിത്യ ബേബി
29-ാമത് ഐഎഫ്എഫ്‌കെയില്‍ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമയാണ് കാമദേവന്‍ നക്ഷത്രം കണ്ടു. ഇത്തവണ ഐഎഫ്എഫ്‌കെയില്‍ നാല് സ്ത്രീകള്‍ സംവിധാനം ചെയ്ത സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. ഐഎഫ്എഫ്‌കെയുടെ ചരിത്രത്തില്‍ അതൊരു അടയാളപ്പെടുത്തലാണ്. ഈ സാഹചര്യത്തില്‍ തന്റെ സിനിമായാത്രയെക്കുറിച്ച് സംസാരിക്കുകയാണ് ആദിത്യ ബേബി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍.
ഐഫ്എഫ്‌കെയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാല് സംവിധായകമാരുടെ സിനിമകള്‍ മലയാളത്തില്‍ നിന്നും പ്രദര്‍ശിപ്പിക്കുന്നത്. മൊത്തത്തില്‍ 50 ലധികം സ്ത്രീ സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്ത്രീ പ്രാതിനിധ്യം ഇത്തവണത്തെ ഐഎഫ്എഫ്‌കെയില്‍ വളരെ വലുതാണ്. അവര്‍ക്കെല്ലാം ഒപ്പം വേദി പങ്കിടാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് ആദിത്യ ബേബി പറയുന്നത്.

അതിനപ്പുറത്തേക്ക് സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയും അതിനുള്ള സാഹചര്യമില്ലെന്ന് കരുതുകയും ചെയ്യുന്നവര്‍ക്ക് ഇതൊരു പ്രചോദനമാകുമെന്നാണ് കരുതുന്നത്. ഒന്ന് ശ്രമിച്ച് നോക്കാനുള്ള നീക്കമെങ്കിലും അവരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് തോന്നുന്നത്. വലിയൊരു മാറ്റത്തിന്റെ തുടക്കമാണ് ഇതെന്ന് കരുതുന്നുവെന്നും ആദിത്യ പറയുന്നു.
''ഞാന്‍ മനസിലാക്കിയടത്തോളം, നമ്മള്‍ ജീവിക്കുന്ന സാമൂഹിക സ്ഥിതിയില്‍ തുടര്‍ന്ന് വരുന്ന ചില വിശ്വാസങ്ങളും സംസ്‌കാരങ്ങളുമൊക്കെയുണ്ട്. പണ്ട് കാലത്തെ സ്ത്രീ സങ്കല്‍പ്പം തന്നെ വേറെയായിരുന്നു. നല്ല സ്ത്രീയെന്നാല്‍, 'നല്ല വസ്ത്രം' ധരിക്കുകയും, മക്കളെ നോക്കുകയും, കുടുംബിനിയുമായിരുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേറെ വേറെ തന്നെ റോളുകള്‍ നിശ്ചയിക്കപ്പെട്ടിരുന്നു. ജെന്ററിന്റെ പേരിലുള്ള വലിയ വിവേചനം അവിടെ കാണാം. അത് മാറി വരാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമേ ആയിട്ടുള്ളൂ.'' ആദിത്യ പറയുന്നു.
സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം നേടാനും ജോലി ചെയ്യാനും അവരുടെ ഇഷ്ടങ്ങള്‍ പ്രകടിപ്പിക്കാനും അതിനായി പോരാടാന്‍ തുടങ്ങിയിട്ടും കുറച്ച് കാലമേ ആയിട്ടുള്ളൂ. മലയാളത്തിലെ ആദ്യ നടിയായ പികെ റോസി, ജീവിക്കുകയും അഭിനയിക്കുകയും മരിച്ച് വീഴുകയും ചെയ്ത മണ്ണിലാണ് നമ്മളിപ്പോള്‍ നില്‍ക്കുന്നത്. അവര്‍ ഒരു ദളിത് സ്ത്രീയായിരുന്നു. അവര്‍ നാടകത്തിലും സിനിമയിലും അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിച്ചു. അത്തരം സാഹചര്യങ്ങളെയെല്ലാം ചെറുത്തു തോല്‍പ്പിച്ചാണ് നമുക്ക് ഇന്ന് ഇവിടെ വരെ എത്താനായത് എന്നാണ് ആദിത്യ ചൂണ്ടിക്കാണിക്കുന്നത്.
സ്ത്രീകള്‍ മുന്നോട്ട് വരാന്‍ തയ്യാറാകുമ്പോള്‍, അവരെ തളര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ നമുക്ക് ഒരു കാര്യം നേടിയെടുക്കണമെന്ന് ഉറച്ച തീരുമാനമെടുക്കാന്‍ സാധിച്ചാല്‍ നമ്മളെ തകര്‍ക്കാന്‍ ആര്‍ക്കും പറ്റില്ല എന്നതാണ് സത്യമെന്നും ആദിത്യ പറയുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നുമാണ് ആദിത്യ ഈ അഭിപ്രായം പങ്കുവെക്കുന്നത്.
എന്റെ പ്ലസ് ടു പഠനകാലം കഴിഞ്ഞ ശേഷം എന്റെ ആഗ്രഹം സിനിമയാണെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇതാണ് എന്റെ വഴി എന്ന് ഞാന്‍ മനസിലാക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ വെളിച്ചത്തിലാണ് മുന്നോട്ട് പോകാന്‍ സാധിച്ചത്. അങ്ങനെയാണ് ഐഎഫ്എഫ്‌കെ വരെ എത്താനാകുന്നത്. കഴിഞ്ഞ തവണയും ഉണ്ടായിരുന്നു. രണ്ട് തവണ ഐഎഫ്എഫ്‌കെയിലെത്തുക എന്നത് തന്നെ വലിയൊരു നേട്ടമാണ് തന്നെ സംബന്ധിച്ചെന്നാണ് അവര്‍ പറയുന്നത്.
നമ്മുടെ സിനിമയില്‍ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കുറവാണ്. അഭിനയത്തിലാണ് സ്ത്രീകള്‍ കൂടുതലായിട്ടുള്ളത്. സംവിധാനം, ക്യാമറ, എഡിറ്റിംഗുമൊക്കെ ചെയ്യുന്നവര്‍ വളരെ കുറവാണ്. അതേസമയം, വര്‍ക്കിന്റെ ക്വാളിറ്റിയില്‍ ജെന്റര്‍ മാറ്റം കൊണ്ടു വരുമെന്ന് ഞാന്‍ കരുതുന്നില്ല. മേക്കിംഗിലാണ് സിനിമയുടെ ക്വാളിറ്റി നിലനില്‍ക്കുന്നത്. സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമയില്‍ മാറ്റം വരും. അതേസമയം സ്ത്രീകള്‍ വരുന്നതോടെ സ്ത്രീകാഴ്ചയിലും മാറ്റം വരുമെന്നും ആദിത്യ പറയുന്നു.
ഞങ്ങളുടെ സിനിമയായ കാമദേവന്‍ നക്ഷത്രം കണ്ടു ഒരു സ്ത്രീ രചനയോ സ്ത്രീ കാഴ്ചയോ അല്ല. സിനിമ കാണുന്നവര്‍ക്ക് സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കാണുന്നതിലാണ് പുരുഷന്മാരെ അങ്ങനെ അവതരിപ്പിക്കുന്നതെന്ന് തോന്നിയേക്കാം. പക്ഷെ ഞാന്‍ ഒറ്റയ്ക്കല്ല സിനിമ ചെയ്തത്. ഞങ്ങളൊരു ടീമായിരുന്നു. അതില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു. അതൊരു സ്ത്രീ രചനയോ സ്ത്രീ കാഴ്ചയോ അല്ലായിരുന്നു. കാഴ്ചപ്പാടുകള്‍ വ്യക്തികളുടെ ആശയങ്ങള്‍ അനുസരിച്ചിരിക്കുമെന്നാണ് ആദിത്യ പറയുന്നത്. അതേസമയം സ്ത്രീയുടെ കഥ പുരുഷന്മാര്‍ പറയുന്നതും സ്ത്രീകള്‍ പറയുന്നതും വ്യത്യസ്തമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇന്‍ഡിപെന്‍ഡന്റ് സിനിമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികവും വേദികളുടെ പ്ലാറ്റ്‌ഫോമുകളുടെ അഭാവവുമാണ്. കെഎഫ്ഡിസിയെ പോലുള്ള സംഘടനകള്‍ ഫണ്ട് അനുവദിക്കുകയും, ഐഎഫ്എഫ്‌കെ പോലുള്ള വേദികള്‍ ലഭ്യമാക്കുകയും ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ക്ക് മുന്നോട്ട് വരാന്‍ ധൈര്യം ലഭിക്കും. കെഎഫ്ഡിസിയുടേത് വാഗ്ദാനം പാലിക്കുന്നുണ്ടെന്നാണ് വിക്ടോറിയ പോലുള്ള സിനിമകള്‍ തെളിയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.


Click it and Unblock the Notifications











