നല്ല ആര്‍ട്ട് ആയതുകൊണ്ട് മാത്രം ആരും സിനിമ കാണില്ല; എന്നെ സിനിമാക്കാരനാക്കിയ ഐഎഫ്എഫ്‌കെ

ആവാസ വ്യൂഹം, പുരുഷ പ്രേതം എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് കൃഷാന്ദ് ആര്‍കെ. ആവാസവ്യൂഹത്തിലൂടെ ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട് കൃഷാന്ദ്. ഐഎഫ്എഫ്‌കെയിലൂടെയാണ് കൃഷാന്ദ് മലയാള സിനിമയിലേക്ക് വരവറിയിക്കുന്നത്. ഇന്ന് ഐഎഫ്എഫ്‌കെയുടേയും മലയാള സിനിമയുടേയും മുഖമാണ് കൃഷാന്ദ്. സമാന്തര സിനിമയും വാണിജ്യ സിനിമയും സമ്മേളിക്കുന്നതാണ് കൃഷാന്ദിന്റെ സിനിമകള്‍.

തന്റെ പുതിയ സിനിമയുമായി കൃഷാന്ദ് ഐഎഫ്എഫ്‌കെയിലേക്ക് എത്തിയിരിക്കുകയാണ്. സംഘര്‍ഷ ഘടന എന്ന സിനിമയുമായാണ് കൃഷാന്ദ് മേളയ്ക്ക് എത്തുന്നത്. ഈ സന്ദര്‍ഭത്തില്‍ കൃഷാന്ദ് ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ്.

ചൈനീസ് പുസ്തകത്തെ ആസ്പദമാക്കിയൊരുക്കിയ സിനിമയല്ലേ സംഘര്‍ഷ ഘടന?

നോവലിനെയോ കഥയേയോ ആസ്പദമാക്കിയല്ല സിനിമയൊരുക്കിയിരിക്കുന്നത്. വാഷിംഗ് മെഷീന്‍ ഉപയോഗിക്കാനുള്ള മാനുവല്‍ പോലെ, സൈന്യധിപനും ചക്രവര്‍ത്തിക്കും പടയാളികള്‍ക്കുമെല്ലാം എങ്ങനെ യുദ്ധം ചെയ്യണം എന്ന് പറഞ്ഞു കൊടുക്കുന്ന വാര്‍ മാനുവലാണ്. മൂവായിരം വര്‍ഷം മുമ്പ് ഒരു സൈന്യാധിപന്‍ രാജാവിന് തന്റെ പടയാളികളെ കൈകാര്യം ചെയ്യാന്‍ വേണ്ടി എഴുതി നല്‍കിയതാണ്.

krishandhrk

എല്ലായിടത്തും പഠിക്കാനുള്ളതാണ്. ബിസിനസിലും മാനേജ്‌മെന്റിലുമെല്ലാം. അമ്പത് പേജ് മാത്രമുള്ളൊരു പുസ്തകമാണ്. ക്വാട്ടുകള്‍ മാത്രമേ ആ പുസ്‌കതമാണ്. മലയാളത്തില്‍ യുദ്ധകല എന്നാണ് പേര്. ആര്‍ട്ട് ഓഫ് വാര്‍ എന്നാണ് ഇംഗ്ലീഷ് പേര്. എല്ലാ ഭാഷയിലും ഉള്ളതാണ്. അതിനെ ഒരു യഥാര്‍ത്ഥ സാഹചര്യത്തിലേക്ക് കൊണ്ടു വരികയാണ് സിനിമയില്‍. ആ പുസ്തകത്തിന്റെ ആവശ്യകതയും അനാവശ്യകതയും പ്രസക്തിയും അപ്രസക്തിയുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയാണ്. അതെങ്ങനെ യുദ്ധത്തിനെതിരെയാകുന്നുവെന്നത് സിനിമ കണ്ടാലേ മനസിലാകൂ.

ഈ വര്‍ഷത്തെ ഐഎഫ്എഫ്‌കെയെ എങ്ങനെയാണ് വിലയിരുത്തുന്നത്?

കുറേക്കൂടി ചെറുപ്പക്കാരെ കാണാന്‍ സാധിക്കുന്നുണ്ട്. കുറേക്കൂടി നല്ല സിനിമകളുടെ കളക്ഷനുണ്ട്. മലയാളത്തിലെ സ്വതന്ത്ര്യ സിനിമകളില്‍ നിന്നും കുറേ പേരുണ്ട്. അതൊക്കെ വളരെ നല്ല മാറ്റങ്ങളാണ്.

ഐഎഫ്എഫ്‌കെ ജീവിതത്തില്‍ എങ്ങനെയാണ് സ്വാധീനമുണ്ടാക്കിയത്?

ഞാനൊരു തിരുവനന്തപുരംകാരനാണ്. പണ്ടേ ഇവിടെ വരും. തള്ളിക്കയറി സിനിമകള്‍ കണ്ടിട്ടുണ്ട്. സിനിമ കള്‍ച്ചറിന്റെ ഭാഗമാണ്. സിനിമാ വിദ്യാഭ്യാസം കിട്ടുന്നതും ലോകനിലവാരമുള്ള സിനിമകളെ പരിചയപ്പെടുന്നതും ഐഎഫ്എഫ്‌കെയിലൂടെയാണ്. ഇത്തരം ഫെസ്റ്റിവലിന്റേയും അക്കാദമിയുടേയും പര്‍പ്പസ് തന്നെ പുതിയ ടാലന്റുകളെ കണ്ടെത്തുകയും അവര്‍ക്ക് സിനിമയൊരുക്കാനുള്ള അവസരം നല്‍കുകയുമാണ്.

കൃഷാന്ദിന്റെ സിനിമകള്‍ രണ്ട് എക്‌സ്ട്രീമിലുള്ള വിഷയങ്ങള്‍ ഒരുമിക്കുന്നത് കാണാം. സയന്‍സും മിത്തുമൊക്കെ പോലെ. അതെന്തുകൊണ്ടാണ്?

ഞാനൊരു കമ്യൂണിക്കേഷന്‍ ഡിസൈനറാണ്. അതാണ് പഠിച്ചത്. ഐഐടിയില്‍ ഫാക്കല്‍റ്റിയാണ്. സങ്കീര്‍ണമായ വിഷയത്തെ, മനസിലാക്കുന്ന രീതിയില്‍, എന്നാല്‍ അതിന്റെ എസന്‍സ് ചോരാതെ തന്നെ കമ്യൂണിക്കേറ്റ് ചെയ്യുന്നതിലാണ് കാര്യം. അതാണ് സിനിമയിലും ചെയ്യാന്‍ ശ്രമിക്കുന്നത്. ഒരുപാട് സിനിമകളില്‍ നിന്നും ഞാന്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. അതുപോലെ തന്നെ കമ്യൂണിക്കേഷന്‍ ഡിസൈനില്‍ നിന്നും പ്രചോദനം ലഭിച്ചിട്ടുണ്ട്. വിഷ്വല്‍ കമ്യൂണിക്കേഷന്‍, ഡിസൈന്‍സ്, ഗ്രാഫിക്‌സ്, ഇന്‍ഫോഗ്രാഫിക്‌സ്, ടെക്സ്റ്റ് വച്ചുള്ളത്. അതെല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

പ്രചോദനമായ സിനിമകള്‍ ഏതെല്ലാം?

ഒരുപാടുണ്ട്. സംഘര്‍ഷ ഘടന ചൈനീസ് സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടൊരുക്കിയതാണ്. വോങ് കര്‍ വായ്, ഡിയോ യോങിന്റെയൊക്കെ സിനിമകളില്‍ നിന്നും പ്രചോദനമുണ്ടായിട്ടുണ്ട്. കുറസോവയുടെ സിനിമകളുടേയും ഇന്‍ ദ മൂഡ് ഫോര്‍ ലവ്വിന്റേയും ഡയറക്ട് റഫറന്‍സുകളുണ്ട്. ബ്രൂസ് ലീയുടെ സിനിമകളുടെ റഫറന്‍സുകളുമുണ്ട്. അതൊക്കെ അറിയുന്നവര്‍ക്ക് ഇഷ്ടപ്പെടുകയും അറിയാത്തവര്‍ക്ക് അതൊരു പരിപാടിയായി തോന്നുകയും ചെയ്യും.

പ്രചോദനമായ സംവിധായകര്‍?

സത്യജിത് റേ, അരവിന്ദന്‍, ദിയോ യോങ്, ബോങ് ജൂങ് ഹോ, ലിജോ ജോസ് പല്ലിശ്ശേരി, ഭരതന്‍ ഇവരൊക്കെ പ്രചോദനമായിട്ടുണ്ട്.

സമാന്തര സിനിമയുടേയും വാണിജ്യ സിനിമയുടേയും സ്വഭാവങ്ങള്‍ ബാലന്‍സ് ചെയ്യുന്നത് എങ്ങനെയാണ്?

സാധാരണ പ്രേക്ഷകര്‍ക്കും ഈ ആര്‍ട്ടിനെ മനസിലാക്കാന്‍ വേണ്ടി ഡയലൂട്ട് ചെയ്യാന്‍ ശ്രമിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആര്‍ട്ട് സിനിമകള്‍ കാര്യമായി കാണുന്നവരില്‍ ചിലര്‍ക്ക് സന്തോഷം ലഭിക്കുമ്പോള്‍ ചിലര്‍ക്ക് വിഷമവും തോന്നും. പക്ഷെ ജനകീയമായി ചിന്തിക്കുന്നവര്‍ക്ക് ആര്‍ട്ടിനെ ജനകീയമാക്കുമ്പോള്‍ സന്തോഷം തോന്നും. ചിലതൊക്കെ സംഭവിച്ചു പോകുന്നതും, ചിലത് മനപ്പൂര്‍വ്വം ചെയ്യുന്നതാണ്.

ഈ ഐഎഫ്എഫ്‌കെയില്‍ ഇഷ്ടപ്പെട്ട സിനിമകള്‍ ഏതെല്ലാമാണ്?

ശിവരഞ്ജിനിയുടെ വിക്ടോറിയയാണ് കണ്ടത്. ഇഷ്ടപ്പെട്ടു. കാമദേവന്‍ നക്ഷത്രം കണ്ടു കാണാന്‍ ആലോചിക്കുന്നുണ്ട്. അയാം നെവാങ്ക, സെക്കന്റ് ചാന്‍സ് എന്നിവ ഇഷ്ടപ്പെട്ട സിനിമകളാണ്. അയാം നെവാങ്ക ഒരു മാനുപ്പുലേറ്ററിന്റെ ഭയങ്കര സാധ്യതകള്‍ കാണിച്ചു തരുന്നൊരു സിനിമയാണ്. രസമായിട്ട് ചെയ്തിട്ടുണ്ട്. സെക്കന്റ് ചാന്‍സിന്റെ മൂഡ് ഭയങ്കര രസമാണ്. പീസ്ഫുള്ളാണ്. പാത്ത് നല്ലതാണെന്ന് കേട്ടു. എനിക്ക് ഇഷ്ടമുള്ള ഫിലിം മേക്കറാണ്.

മലയാളത്തിലെ സമാന്തര സിനിമാ മേഖല ദുര്‍ബലമാകുന്നുണ്ടോ?

സമാന്തര സിനിമ ഇന്‍ഡസ്ട്രിയ്ക്ക് ഒരുകാലത്തും ശക്തി പ്രാപിക്കാന്‍ സാധിച്ചിട്ടില്ല. അതിന് ബിസിനസ് ഉണ്ടാക്കാന്‍ സാധിക്കില്ല. എങ്കിലും സംസ്‌കാരത്തിലേക്കും സിനിമ കാണുന്നതിലും ആഡ് ചെയ്യും. അന്ന് വിജയിക്കാതെ പോയ സിനിമകളും നമ്മള്‍ ഇപ്പോള്‍ കാണുമ്പോള്‍ ആസ്വദിക്കുന്നുണ്ടല്ലോ. സിനിമയ്ക്ക് കച്ചവടം എന്നതല്ലാത്ത സാധ്യതകളുണ്ട്. സമാന്തര സിനിമയ്ക്ക് കച്ചവട സാധ്യത കണ്ടെത്താന്‍ സാധിക്കുന്നത് മാജിക് ആണ്. പക്ഷെ ക്യാപിറ്റലിസ്റ്റ് ലോകത്ത് ജീവക്കുകയും, ഇതൊരു വിനോദമായി കാണുകയും ചെയ്യുമ്പോള്‍ വിറ്റുപോകാത്തതിനെ കുറ്റം പറയാതിരിക്കാനും സാധിക്കില്ല.

krishandhrk

സമാന്തര സിനിമകളെ പിന്തുണയ്ക്കുക ഫെസ്്റ്റിവലുകളുടേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്തമല്ലേ?

സാംസ്‌കാരിക രംഗത്തിന്റേയും സര്‍ക്കാരിന്റേയുമൊക്കെ ഉത്തരവാദിത്തമാണ് അത്. സിനിമ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ചരിത്രത്തിന്റെ റെക്കോര്‍ഡ് ആണെന്നും സ്റ്റാര്‍ പരുപാടിയല്ല എന്നും മനസിലാക്കി സമീപിക്കേണ്ട സിനിമകളുണ്ട്. അതേസമയം, ആളുകള്‍ ആസ്വദിച്ച് കാണുകയും ആടി തിമര്‍ക്കുകയും ചെയ്യുന്ന സിനിമകളുമുണ്ട്. സിനിമ വളരെ ഈസിയായ ആര്‍ട്ട് ഫോമാണ്. ആര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ദൃശ്യത്തിലൂടെ മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് ശബ്ദത്തിലൂടെ മനസിലാക്കാന്‍ സാധിക്കും.

നിര്‍മ്മാണ സമയത്തും പ്ലാറ്റ്‌ഫോമുകള്‍ കണ്ടെത്തുന്നതിലുമാണല്ലോ സമാന്തര സിനിമകള്‍ പ്രശ്‌നം നേരിടുന്നത്

അത് പ്രതീക്ഷിക്കുന്നതും തെറ്റാണ്. ഇതൊരു കച്ചവടം തന്നെയാണ്. ആരുടേയും സിനിമ നല്ലതാണെന്ന് പറഞ്ഞ് ആരും കാണാനിരിക്കില്ല. നമ്മള്‍ എല്ലാവരും കാണുന്ന തരത്തില്‍ പാക്കേജ് ചെയ്ത് കൊടുക്കുന്നതാണ് അവര്‍ കാണുന്നത്. എന്നാല്‍ മാത്രമേ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിലനില്‍പ്പ് സാധിക്കുകയുള്ളൂ. പിന്നെ നല്ലത് എന്നത് വ്യക്തിപരമാണ്. പുഷ്പ 2 ഒരുപാട് പേര്‍ക്ക് നല്ലതും ഒരുപാട് പേര്‍ക്ക് നല്ലതല്ല എന്നായിരുന്നു. പക്ഷെ നമ്പര്‍ നോക്കുമ്പോള്‍ 1000 കോടി കടന്നിട്ടുണ്ട്. പണം എന്നത് റിയല്‍ ആണ്. സിസ്റ്റം ഉണ്ടാക്കി വച്ചിരിക്കുന്നത് തന്നെ അതിനെ അടിസ്ഥാനമാക്കിയാണ്.

ഇതാണോ താങ്കളുടെ സിനിമയില്‍ കാണുന്ന ബാലന്‍സിംഗിന് പിന്നിലും?

എന്റെ ആര്‍ട്ട് വര്‍ക്ക് കാഴ്ച്ചക്കാരുമായി കമ്യൂണിക്കേറ്റ് ചെയ്താല്‍ മാത്രമേ എനിക്ക് ഇതൊരു പ്രൊഫഷന്‍ ആക്കാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ അത് കമ്യൂണിക്കേറ്റ് ചെയ്യിപ്പിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അല്ലാതെ ആര്‍ട്ട് വര്‍ക്ക് നല്ലതാണെന്ന് കരുതി ആരും വാങ്ങിക്കത്തൊന്നുമില്ല. നമ്മുടെ കല ആളുകള്‍ക്ക് മനസിലാകണം. അവര്‍ക്കത് മനസിലാക്കാന്‍ സാധിക്കാത്തത് അവരുടെ കുറ്റമല്ല. നമുക്ക് കഴിവുണ്ടെങ്കില്‍ അവരെ മനസിലാക്കിപ്പിക്കാന്‍ സാധിക്കും.

നിര്‍മ്മാതാവ് ആകുമ്പോഴും ഇതാണോ രീതി?

അപ്പോഴും ഇത് തന്നെയാണ് സമീപനം. ഒരാള്‍ക്കും കൂടി നമ്മുടെ സിനിമയുമായി കണക്ട് ചെയ്യിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതിന് എന്തും ചെയ്യാമെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ കലാപരമായി ചില കാര്യങ്ങളോട് വിരക്തി തോന്നിയേക്കാം. ഉദാഹരണത്തിന് ചോരക്കളം കാണിക്കില്ല, ഐറ്റം ഡാന്‍സ് ചെയ്യില്ല എന്നൊക്കെ. അപ്പോഴും അതൊക്കെ ഇല്ലാതെ തന്നെ ആളുകളുമായി കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കണം.

സിനമയിലെ വയലന്‍സിനെക്കുറിച്ചുള്ള ചര്‍ച്ചകളെ എങ്ങനെ കാണുന്നു?

അത് ഫിലിംമേക്കറുടെ ചോയ്‌സ് ആണ്. കാണിക്കണം എന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ കാണിക്കാം. അത്തരം രംഗങ്ങളുണ്ടെന്ന് നേരത്തെ തന്നെ പിജി 13, യു ആര്‍ എ, എ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്. അത് മനസിലാക്കി കാണാതിരിക്കാം. അത്രയേയുള്ളൂ. അല്ലാതെ പിള്ളേരെ തെറിവിളിയുള്ള സിനിമ കാണിച്ച ശേഷം നാളെ പിള്ളേര് തെറിവിളിച്ചാല്‍ അത് സിനിമാക്കാരുടെ കുറ്റമല്ല, നമുക്ക് യുക്തിയില്ലാത്തതിനാലാണ്. അവരെ കാണിക്കരുതെന്ന് നേരത്തെ പറയുന്നുണ്ട്.

വളരെ യുണീക് ആണ് കൃഷാന്ദിന്റെ സിനിമകളിലെ കാസ്റ്റിംഗ്. അതിന് പിന്നിലെ ചിന്ത എന്താണ്?

കഥാപാത്രത്തിന് ഏറ്റവും യോജിക്കുന്ന ആളെ കാസ്റ്റ് ചെയ്യുകയല്ല ഞാന്‍ ചെയ്യുന്നത്. സ്ഥിരം അത്തരം കഥാപാത്രം ചെയ്യാത്ത ആളുകളെയാണ് കാസ്റ്റ് ചെയ്യാന്‍ ശ്രമിക്കാറുള്ളത്. അവരെ കഥാപാത്രത്തിലേക്ക് മോള്‍ഡ് ചെയ്യുകയാണ് ചെയ്യാറ്. അവര്‍ കഥാപാത്രത്തിനായി സ്‌പെഷ്യലായി വര്‍ക്ക് ചെയ്യുമ്പോള്‍ അത് ശരിയായി വരും. വില്‍പ്പന പരുപാടിയാണെങ്കില്‍ ഇതൊന്നും നോക്കില്ല. വില്‍ക്കാന്‍ പറ്റുന്ന ആളെ മുന്നില്‍ നിര്‍ത്തി അവര്‍ക്ക് ചേരുന്നത് പോലെ ചെയ്യും.

ഇപ്പോള്‍ ചെയ്യുന്ന പ്രൊജക്ട് ഏതാണ്?

സംഭവ വിവരണം നാലംഗ സംഘം എന്നൊരു സീരീസ് ചെയ്തു കൊണ്ടിരിക്കുകയാണ്. അവസാന ഘട്ടത്തിലാണ്. സോണിയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത്. സഞ്ജു ശിവറാം, നിരഞ്ജ് മണിയന്‍പിള്ള രാജു, വിഷ്ണു അഗസ്ത്യ, ശ്രീനാഥ് ബാബു, ഹക്കീം ഷാജഹാന്‍, ദര്‍ശന, ശാന്തി തുടങ്ങി ഒരുപാട് പേരുണ്ട്.

More from Filmibeat

Read more about: iffk
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X