സ്ത്രീ പ്രാതിനിധ്യത്തിന്റേയും സ്ത്രീ സാന്നിധ്യത്തിന്റേയും ഐഎഫ്എഫ്‌കെ; ഗേള്‍ഫ്രണ്ട്‌സ് സംവിധായക ശോഭന
ഇത്തവണത്തെ ഐഎഫ്എഫ്‌കെ അടയാളപ്പെടുത്തുക സ്ത്രീകളുടെ പേരിലായിരിക്കുമെന്ന് സംവിധായക ശോഭന പടിഞ്ഞാറ്റേല്‍. ശോഭനയുടേതുള്‍പ്പടെ നാല് സ്ത്രീകള്‍ സംവിധാനം ചെയ്ത സിനിമകള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഗേള്‍ ഫ്രണ്ട്‌സ് എന്ന ചിത്രവുമായാണ് ശോഭന ഫെസ്റ്റിവലിനെത്തുന്നത്. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നും നാല് സംവിധായകമാരുടെ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നത് വളരെ പ്രധാനപ്പെട്ടൊരു മുന്നേറ്റം തന്നെയാണ്.
സെക്ഷ്വല്‍ മൈനോരിറ്റികളോട് ചേര്‍ന്നു നിന്നുകൊണ്ടും ചേര്‍ത്തു പിടിച്ചുമാണ് തന്റെ സിനിമ സംസാരിക്കുന്നത് എന്നാണ് ശോഭന ഫില്‍മിബീറ്റ് മലയാളത്തോട് പറയുന്നത്. ഐഎഫ്എഫ്‌കെയെക്കുറിച്ചും തന്റെ സിനിമയെക്കുറിച്ചുമൊക്കെ ശോഭന സംസാരിക്കുകയാണ്.

29-ാമത് ഐഎഫ്എഫ്‌കെ അടയാളപ്പെടുത്തുക സ്ത്രീ സാന്നിധ്യം കൊണ്ടും സ്ത്രീ പ്രാതിനിധ്യം കൊണ്ടുമായിരിക്കും എന്നാണ് ശോഭന പറയുന്നത്. ഇതാദ്യമായിട്ടാണ് നാല് സംവിധായകമാരുടെ സിനിമകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. എപ്പോഴെങ്കിലും ഒന്നോ രണ്ടോ സിനിമകള്‍ വരുന്നതായിരുന്നു ഇതുവരെ പതിവ്. ഇതിലെ ഒരു സിനിമയുടെ നിര്‍മ്മാണം കെഎഫ്ഡിസിയാണ്. മറ്റ് മൂന്ന് സിനിമകളും അവര്‍ തന്നെ സ്വയം നിര്‍മ്മിച്ചാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. സിനിമയോടുള്ള പാഷന്‍ അത്രത്തോളം ഉണ്ടായതിനാലാണ് അവര്‍ എന്ത് നഷ്ടം വന്നും സിനിമയെടുക്കണം എന്ന് തീരുമാനിക്കുന്നത് എന്നും ശോഭന പറയുന്നു.
അങ്ങനെ സിനിമയോട് പാഷന്‍ ഉള്ള ഒരുപാട് സ്ത്രീകളുണ്ട്. അവര്‍ക്ക് മുന്നോട്ട് വരാനുള്ള പ്രചോദനമായിരിക്കും ഈ ഐഎഫ്ഫ്‌കെ എന്നാണ് തോന്നുന്നത്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറയുന്നു. ക്യാമറയുടെ പിന്നിലും സ്ത്രീ പ്രാതിനിധ്യം ശക്തമാകുന്നതോടെ വരാന്‍ പോകുന്ന മാറങ്ങളെക്കുറിച്ചും ശോഭന സംസാരിക്കുന്നുണ്ട്.
''പുരുഷന്മാര്‍ ഔട്ട്‌ഡേറ്റഡ് ആയിപ്പോകും. വലിയരീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്നുറപ്പാണ്. ഇന്‍ഡിപെന്റഡ് സിനിമയും വാണിജ്യ സിനിമയും വേറെ വേറെ തന്നെ കാണണം. ഈ ഫെസ്റ്റിവല്‍ സമാന്തര സിനിമകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഒന്നാണ്. അതിന്റെ കൂടെ ഭാഗമാണ് ഞങ്ങളുടെ സിനിമകളുടെ തിരഞ്ഞെടുപ്പ്. മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ എത്രത്തോളം സ്ത്രീകള്‍ക്ക് സംവിധായകര്‍ ആകാന്‍ സാധിക്കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. എന്നിരുന്നാലും ദൃശ്യ ഭാഷയിലടക്കം കാര്യമായ മാറ്റങ്ങള്‍ വരുമെന്നുറപ്പാണ്.'' എന്നാണ് ശോഭന പറയുന്നത്.
വളരെ മുമ്പ് തന്നെ ഞാന്‍ സ്ഥിരമായി ഐഎഫ്എഫ്‌കെയില്‍ വരികയും സിനിമകള്‍ കാണുകയും ചെയ്യാറുണ്ട്. അന്നൊക്കെ കാണികളായി നാലോ അഞ്ചോ സ്ത്രീകള്‍ മാത്രമാണ് ഉണ്ടാവുക. അവിടെ നിന്നും നാല് സംവിധായികമാര്‍ ഉണ്ടാകുന്നിടത്ത് വരെ എത്തിയല്ലോ നമ്മള്‍. 2000ത്തിലൊക്കെ ഞാന്‍ വരുമ്പോള്‍ ചുറ്റും നോക്കുമ്പോള്‍ നാലോ അഞ്ചോ സ്ത്രീകളേ ഉണ്ടാകൂ. അതും നമുക്ക് അറിയാവുന്നവര്‍ തന്നെയായിരിക്കും. പ്രേക്ഷകര്‍ കൂടി. അതുപോലെ സംവിധായകരും കൂടുതല്‍ ഉണ്ടായെന്നാണ് ശോഭന ചൂണ്ടിക്കാണിക്കുന്നത്.
എല്ലാ മേഖലകളിലും സ്ത്രീകള്‍ കയറി വരുന്ന സമയാണിത്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മാറ്റം കൂടിയാണിത്. സ്ത്രീകളെ വീടിന് പുറത്ത് ജോലിയ്ക്ക് വിടാതിരുന്ന കാലമായിരുന്നല്ലോ. പിന്നീട് സ്ത്രീകള്‍ ജോലിയ്ക്ക് പോയിത്തുടങ്ങി. പിന്നീട് ജോലിയുടെ സ്വഭാവം മാറി. കാലത്തിന് അനുസരിച്ച് പല മാറ്റങ്ങളുമുണ്ടായി. അതുപോലെ തന്നെയാണ് സിനിമാ മേഖലയില്‍ സംവിധായകമാരുണ്ടാകുന്നതെന്നും അവര്‍ പറയുന്നു. അതേസമയം കെഎഫ്ഡിസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന തിക്താനുഭവവും അവര്‍ പങ്കുവെക്കുന്നുണ്ട്.
അവിടെ കുറേ ബയാസുണ്ട്. മൂന്ന് തവണ ഞാന്‍ തുടര്‍ച്ചയായി കെഎഫ്ഡിസിയില്‍ അപേക്ഷ നല്‍കിയതാണ്. ഓരോ തവണയും പുതിയ വിഷയങ്ങളും, സ്ത്രീപക്ഷ വിഷയങ്ങളും സമര്‍പ്പിക്കുമ്പോഴും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് അപേക്ഷ തള്ളുകയായിരുന്നു ചെയ്തിരുന്നത്. അവരെ കണ്‍വിന്‍സ് ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളും എനിക്കില്ല. അതിനാല്‍ എനിക്ക് കണ്‍വിന്‍സ് ആയൊരു സിനിമ ഞാന്‍ സംവിധാനം ചെയ്തു എന്നു കൂടി പറയാനുള്ളതാണ് എന്റെ സിനിമ എന്നാണ് ശോഭന പറയുന്നത്.
ഭയങ്കര ഹ്യുമിലിയേറ്റിംഗ് ആയ ആ പ്രൊസസിലൂടെ വീണ്ടും കടന്നു പോകാന്‍ വയ്യാത്തതിനാലാണ് ഞാന്‍ പിന്നീട് അപേക്ഷിക്കാതിരുന്നത്. അതുകാരണമാണ് വേണ്ടെന്ന് വെക്കുന്നത്. തുടര്‍ച്ചയായി മൂന്ന് തവണ അപേക്ഷിച്ചതാണ്. അതേസമയം, അവര്‍ വേറെ സ്ത്രീകള്‍ക്ക് കൊടുക്കുന്നുണ്ട്. അവിടെ ചില തരത്തിലുള്ള നെപ്പോട്ടിസം വര്‍ക്ക് ചെയ്യുന്നുണ്ട് എന്ന സംശയമുണ്ടാകുന്നതാണ് എന്റെ അനുഭവം എന്നും അവര്‍ അഭിപ്രായപ്പെടുന്നു.


Click it and Unblock the Notifications











