തൃശ്ശൂരില്‍ നിന്നും ബിഹാര്‍ വഴി ഐഎഫ്എഫ്‌കെയിലേക്ക്
അന്ധവിശ്വാസങ്ങളേയും ദളിത് ജീവിതത്തേയും കുറിച്ച് സംസാരിക്കുന്ന ബിഹാറി ഭാഷയിലുള്ള സിനിമയാണ് സ്വാഹ. രാജ്യാന്തര ശ്രദ്ധ നേടിയ ചിത്രം ഐഎഫ്എഫ്‌കെയിലും ശ്രദ്ധ നേടുകയാണ്. ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരു മലയാളി പെണ്‍കുട്ടിയുമുണ്ട്. തൃശ്ശൂര്‍ സ്വദേശിയായ നീതു സുധ മോഹന്‍ദാസ്. സിനിമയുടെ സൗണ്ട് റെക്കോര്‍ഡിസ്റ്റായ നീതു ബീഹാറിലെ ഉള്‍ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് ശബ്ദം റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. ഏറെ പ്രതിസന്ധികളും കഷ്ടതകളും നേരിട്ടാണ് നീതു തന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നത്.
''സ്വാഹ 2022 ല്‍ ഷൂട്ട് ചെയ്ത സിനിമയാണ്. നേരത്തെ മോഹന്‍ദാസ് സാറിനെ അസിസ്റ്റ് ചെയ്തിരുന്നു. ആ പരിചയത്തില്‍ ഒരു ഫീച്ചര്‍ സിനിമ അദ്ദേഹം എന്നെ ഏല്‍പ്പിക്കുകയായിരുന്നു. അതിനെക്ക് വളരെയധികം ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. അങ്ങനെയാണ് ബീഹാറിലെ ഗയയില്‍ എത്തുന്നതും സൗണ്ട് റെക്കോര്‍ഡ് ചെയ്യുന്നതും. വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. കാലാവസ്ഥ ആണെങ്കിലും, റിസോഴ്‌സിന്റെ അഭാവം ആണെങ്കിലും.'' നീതു പറയുന്നു.

''ആദ്യമായി പങ്കെടുക്കുന്ന ഐഎഫ്എഫ്‌കെയില്‍ ഞാന്‍ വര്‍ക്ക് ചെയ്ത സിനിമ ഉണ്ടെന്നത് അതിയായ സന്തോഷവും അഭിമാനവും നല്‍കുന്നതാണ്. മോഹന്‍ദാസ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നത് എന്നെ ഹംബിള്‍ ആക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ സൗണ്ട് ഡിസൈന്‍ സിനിമയെ വല്ലാതെ എലിവേറ്റ് ചെയ്യുന്നതാണ്. നിശബ്ദതയെ മനോഹരമായി ഉപയോഗിച്ചിട്ടുണ്ട് അദ്ദേഹം. മിനിമലും പക്ഷെ എഫക്ടീവുമാണ് സ്വാഹയിലെ ശബ്ദം. ബിഹാരിയിലാണ് സിനിമ ചെയ്തിരിക്കുന്നത്. ആഴത്തില്‍ വേരുള്ള സംസ്‌കാരത്തെ അടയാളപ്പെടുത്തുന്ന സിനിമയാണ്. അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.'' എന്നും നീതു പറയുന്നു.
സൗന്ദര്യബോധത്തിന്റെ നെറുകയിൽ പ്രഹരിക്കുന്ന സിനിമ; സബ്സ്റ്റൻസ് റിവ്യു
സിങ്ക് സൗണ്ട് റെക്കോര്‍ഡിസ്റ്റും സൗണ്ട് ഡിസൈനറുമായ നീതു നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയാണ് നീതു സിനിമയിലേക്ക് എത്തുന്നത്. കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തു നിന്നും, സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തില്‍ നിന്നും വന്ന് ശബ്ദം പോലെ പെണ്‍കുട്ടികള്‍ അധികം കടന്നു ചെല്ലാത്തൊരു മേഖലയില്‍ സാന്നിധ്യം അറിയിക്കുകയാണ് നീതു.
നീതുവിന്റെ അച്ഛന്‍ ആര്‍മിയിലായിരുന്നു. അമ്മ ടീച്ചറായിരുന്നു. സഹോദരന്‍ സയന്റിസ്റ്റാണ്, ഡെന്‍മാര്‍ക്കിലാണ് ജോലി ചെയ്യുന്നത്. പത്താം ക്ലാസ് വരെ കരിയറിനെക്കുറിച്ചുള്ള ചിന്തകളൊന്നും ഉണ്ടായിരുന്നില്ല. ഏട്ടനെ പോലെ എഞ്ചിനീയറിംഗ് ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത്. പ്ലസ് വണ്‍-പ്ലസ് ടു കാലത്താണ് സിനിമയെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത്. 17 വര്‍ഷമായി കര്‍ണാടിക് മ്യൂസിക് പഠിച്ചിരുന്നു. ഇപ്പോഴും സംഗീതം കൂടെ തന്നെയുണ്ട്. ശബ്ദത്തിനോട് ഭയങ്കരമായ ആകര്‍ഷണം തോന്നാന്‍ അതൊരു കാരണമായി മാറി. അങ്ങനെയാണ് ശബ്ദം എന്ന മേഖല തിരഞ്ഞെടുക്കുന്നത്.
അപ്പോഴും തന്റെ ധാരണ ശബ്ദം മ്യൂസിക്കിന്റെ ഭാഗമാണ് എന്നാണ് നീതു പറയുന്നത്. തുടര്‍ന്ന് എഫ്ടിഐയേയും എസ്ആര്‍എഫ്ടിഐ എന്നിങ്ങനെ രണ്ട് സാധ്യതകള്‍ മുന്നിലെത്തി. ഇതിനിടെ സുഹൃത്തിന് എസ്ആര്‍എഫ്ടിഐയില്‍ അഡ്്മിഷന്‍ കിട്ടിയത് കൂടുതല്‍ ആവേശം നല്‍കി. ശബ്ദം പഠിക്കണമെങ്കില്‍ ഫിസിക്‌സ് പഠിച്ചിരിക്കണം. അതിനാല്‍ ഫിസിക്‌സില്‍ ഡിഗ്രിയെടുത്തു. തുടര്‍ന്ന് എസ്ആര്‍എഫ്ടിഐയിലേക്കുള്ള എന്‍ട്രന്‍സ്. അപ്പോഴും സിനിമയെക്കുറിച്ച് വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും ഇന്ത്യയില്‍ നിന്നുമുള്ള 25 പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഓറിയന്റേഷനും അഭിമുഖവും കഴിഞ്ഞ് അവസാന പത്ത് പേരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു, നീതു പറയുന്നു.
അച്ഛന്‍ പാട്ടുമായി അടുപ്പമുള്ളയാളാണ്. അച്ഛനില്‍ നിന്നാണ് എനിക്കും ചേട്ടനും സംഗീതം ലഭിക്കുന്നത്. അച്ഛന്റെ അച്ഛന്‍ കവിയായിരുന്നു. അതാണ് കലയുമായുള്ള അടുപ്പം. അച്ഛന്റെ പിന്തുണ എപ്പോഴുമുണ്ടായിരുന്നു. എങ്കിലും ഈ കരിയറിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ഇപ്പോഴും അച്ഛനുമുണ്ട്. അതേസമയം അമ്മയ്ക്ക് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. മകളോടുള്ള സ്‌നേഹത്തിന്റെ പുറത്ത് സമ്മതിക്കുകയായിരുന്നു. എട്ടനായിരുന്നു വീട്ടില്‍ സംസാരിക്കുകയും കണ്‍വിന്‍സ് ചെയ്യിപ്പിക്കുന്നതെന്നും നീതു പറയുന്നു.
എന്റെ സിനിമയുടെ സൗണ്ട് ഡിസൈന്‍ ചെയ്ത മോഹന്‍ദാസ് വിപി. വളരെയധികം അനുഭവ സമ്പത്തുള്ള വ്യക്തിയാണ്. ജയദേവന്‍ ചക്കാടത്തിന്റെ വര്‍ക്ക് ഇഷ്ടമാണ്. അദ്ദേഹം മലയാളിയാണെന്നതും ഇഷ്ടപ്പെടാനുള്ള കാരണമാണ്. അതീഷ് ചട്ടോപാധ്യയ എന്ന സീനിയറുടെ വര്‍ക്കും ഇഷ്ടമാണ്. എന്റെ സീനിയര്‍ കൂടിയായ ദീക്ഷ. ആദ്യമായി എന്നെ അസിസ്റ്റ് ചെയ്യാന്‍ വിളിപ്പിക്കുന്നത് ദീക്ഷയാണ് ഇവരെല്ലാമാണ് തന്റെ പ്രചോദനമെന്നാണ് നീതു പറയുന്നത്.

തന്റെ ആദ്യ ഐഎഫ്എഫ്‌കെ എല്ലാം കൊണ്ടും നീതുവിന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. ''മേളയില്‍ കണ്ട സിനിമകളില്‍ ആദ്യം പറയാനുള്ളത് ഫെമിനിച്ചി ഫാത്തിമയെക്കുറിച്ചാണ്. കയ്യടക്കത്തോടെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഏച്ചുകെട്ടുകളില്ലാതെയാണ് സിനിമ ചെയ്തിരിക്കുന്നത്. കണ്ടറിയേണ്ട അനുഭവമാണ് ഫെമിനിച്ചി ഫാത്തിമ. നമ്മുടെ ചുറ്റുപാടില്‍ നടക്കുന്ന കഥയായാണ് അനുഭവപ്പെടുന്നത്. കൂടാതെ വിക്ടോറിയ, ആനിമേഷന്‍ ചിത്രമായ ഫ്രഞ്ച് ചിത്രം ബോട്ട് ഇന്‍ ദ ഗാര്‍ഡന്‍, ബ്രസീലിയിന്‍ സിനിമ ബേബി, അങ്കമ്മാള്‍, പാത്ത് എന്നിവയും.'' ഇഷ്ട സിനിമകളെക്കുറിച്ച് നീതു പറയുന്നു.
ചെറിയ സമയത്തിനുള്ളില്‍ തന്നെ തന്റെ മേഖലിയില്‍ നല്ലൊരു ഫിലിമോഗ്രഫി ഉണ്ടാക്കിയെടുക്കാന്‍ നീതുവിന് സാധിച്ചിട്ടുണ്ട്. ആദ്യമായി അസിസ്റ്റ് ചെയ്യുന്നത് നെറ്റ്ഫ്‌ളിക്‌സിന്റെ വൈറ്റ് ടൈഗറിലാണ്. നകുല്‍ കാംതെയെ ആയായിരുന്നു അസിസ്റ്റ് ചെയ്തത്. പഠിച്ചു കൊണ്ടിരിക്കെ ചെയ്ത സിനിമ. ഇന്‍ഡസ്ട്രയില്‍ നീതുവിന് ലഭിച്ച ഓപ്പണിംഗ് ആയിരുന്നു അത്. ശേഷം മോഹന്‍ദാസിനൊപ്പം ക്ലാസ് എന്ന സീരീസും ഗുഞ്ചന്‍ അഗസ്ത്യന്‍ ഷായെ ഭോല എന്ന ചിത്രത്തിലും അസിസ്റ്റ് ചെയ്തു. റോളിംഗ് ലൈഫ് എന്ന സിനിമയാണ് സ്വതന്ത്രമായി ആദ്യമായി ചെയ്യുന്നത്. കിക്കിംഗ് ബോള്‍സ്, ഷീ ബില്‍ഡ്‌സ് തുടങ്ങിയ ഡോക്യുമെന്ററികളും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് എന്ന ഫെസ്റ്റിവല്‍ ഫേവറിറ്റ് ആയ മലയാളം സിനിമയും ചെയ്തിരുന്നു. ആമസോണ്‍ പ്രൈമിന്റെ ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈ എന്ന സീരീസും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











