'ഐഎഫ്എഫ്‌കെക്കാരുടെ ഗുരുസ്വാമി'; നല്ല സിനിമ തേടിയുള്ള ഒരു ചുമട്ടുതൊഴിലാളിയുടെ യാത്ര
ഓരോ ഐഎഫ്എഫ്‌കെ കാലം വരുമ്പോഴും കോഴിക്കോട് നടുവണ്ണൂരില്‍ നിന്നും വാസു എന്ന ചുമട്ടുതൊഴിലാളി വണ്ടി കയറും. പിന്നെയുള്ള വാസുവിന്റെ നാളുകള്‍ സിനിമയുടെ ലോകത്താണ്. സിനിമകള്‍ കണ്ടും സിനിമാ ചര്‍ച്ചകളില്‍ പങ്കെടുത്തും സിനിമാക്കാരുമായി സംവദിച്ചുമൊക്കെ അങ്ങനെ.
കുട്ടിക്കാലം മുതല്‍ വാസുവിന്റെ മനസില്‍ കയറിക്കൂടിയതാണ് സിനിമ. കൗതുകത്തിന് തുടങ്ങിയ സിനിമ കാണല്‍ പിന്നീട് വാസുവിനൊരു ലഹരിയായി മാറി. സിനിമ വാസുവിന്റെ ജീവിതമായി മാറാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇന്ന് ഐഫ്എഫ്‌കെയിലെ സ്ഥിരം കാണികള്‍ക്കെല്ലാം വാസുവേട്ടന്‍ സുപരിചിതനാണ്. 1994 മുതല്‍ ഐഎഫ്എഫ്‌കെയില്‍ വാസുവുണ്ട്. ആ യാത്ര അദ്ദേഹം ഫില്‍മിബീറ്റ് മലയാളത്തോട് പങ്കുവെക്കുകയാണ് വാസു നടുവണ്ണൂര്‍.

''എന്റെ ചെറുപ്പകാലത്ത് നടുവണ്ണൂരിലും തെരുവത്തക്കടവിലുമായി രണ്ട് സിനിമാശാലകളുണ്ടായിരുന്നു. ഞങ്ങള്‍ കുടുംബസമേതം എല്ലാ ആഴ്ചകളിലും പോയി സിനിമ കാണാന്‍ പോകുമായിരുന്നു. പിന്നീട് നടുവണ്ണൂരില്‍ ഉപാസന ഫിലിം സൊസൈറ്റി രൂപീകരിക്കപ്പെട്ടു. തമ്പ് ആയിരുന്നു ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ. തമ്പ് കണ്ടപ്പോള്‍ മുമ്പ് കണ്ട സിനിമകളില്‍ നിന്നും വ്യത്യസ്തത തോന്നി. ആഖ്യാനരീതിയിലും കലാപരമായുമെല്ലാം ആ സിനിമ വളരെ മികച്ചൊന്നായിരുന്നു. അന്ന് മുതലാണ് സമാന്തര സിനിമകള്‍ കാണാനും അടുത്തറിയാനും തുടങ്ങുന്നത്.'' അദ്ദേഹം പറയുന്നു.
സിനിമ കാണലില്‍ മാത്രം ഒതുങ്ങുന്നില്ല അദ്ദേഹതിന്റെ സിനിമാപ്രേമം. ഗ്രാമങ്ങളില്‍ സിനിമ പരിചയപ്പെടുത്താന്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകനായും അദ്ദേഹം എത്താറുണ്ട്. നടുവണ്ണൂരിലെ ഫിലിം സൊസൈറ്റിയുടെ സജീവ പ്രവര്‍ത്തകനാണ് അദ്ദേഹം. ഗ്രാമങ്ങളില്‍ സിനിമ കാണിക്കാന്‍ പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിച്ചിട്ടുണ്ട് വാസു. അതിനായി പലപ്പോഴും സ്വന്തം കൈയില്‍ നിന്നു പോലും കാശ് എടുക്കേണ്ടി വന്നിട്ടുണ്ട്. കല്യാണ വീടുകളിലും സംസ്‌കാരിക പരിപാടികളിലും സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ ഓര്‍മ്മകളും അദ്ദേഹത്തിന്റെ യാത്രയിലുണ്ട്.
''1994 മുതലാണ്, ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കുന്നത്. കോഴിക്കോടായിരുന്നു ആദ്യമായി ഫെസ്റ്റില്‍ വന്നത്. അന്ന് മുതല്‍ സ്ഥിരം പങ്കെടുക്കാറുണ്ട്. മുടങ്ങാതെ തന്നെ വരാറുണ്ട്. പരിചയപ്പെടുമ്പോള്‍ ഞാനൊരു ചുമട്ടുതൊഴിലാളിയാണെന്ന് അറിയുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടാറുണ്ട്. ഒരു ചുമട്ടുതൊഴിലാളി, ആഗോള സിനിമകള്‍ കാണുകയും അതേക്കുറിച്ച് എഴുതുകയും ചെയ്യുന്നത് അത്ഭുതമായിട്ടാണ് ആളുകള്‍ കാണുന്നത്.'' എന്നാണ് വാസു പറയുന്നത്.
ഐഫ്എഫ്‌കെയിലെ സ്ഥിരം സാന്നിധ്യമായതിനാല്‍ സിനിമാ പ്രവര്‍ത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. പഴയ തലമുറയില്‍ പെട്ട കാണികളുടെ വരവ് കുറഞ്ഞ് കുറഞ്ഞ് വരികയാണ്. രാഷ്ട്രീയ ബോധമുള്ള ഒരു പറ്റം ചെറുപ്പക്കാരുടെ സംഗമമായാണ് ഐഎഫ്എഫ്‌കെ മാറുന്നത്. പുതിയ ജീവിത രീതികള്‍, ഫാഷന്‍, പുതിയ സമീപനങ്ങള്‍, ആഗോള രാഷ്ട്രീയത്തിലെ മാറ്റങ്ങളെക്കുറിച്ചുള്ള അറിവ് തുടങ്ങിയവ നേടാനുള്ള വേദിയായും ഐഎഫ്എഫ്‌കെ മാറുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
മേള ഒരുകാലത്ത് പാട്ടും കൂത്തും ഡാന്‍സും ആയിട്ടാണ് പലരുടേയും മനസില്‍ നിന്നിരുന്നത്. എന്നാല്‍ ഇന്ന് ഗൗരവ്വത്തോടെ തന്നെ സിനിമ കാണാന്‍ വരുന്നവരുണ്ട്. മുപ്പതാം വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ വളരെ സീരിയസായൊരു മേളയായി മാറുകയാണ് ഐഎഫ്എഫ്‌കെ എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ഐഎഫ്എഫ്‌കെയുടെ നടത്തിപ്പില്‍ ചില വിമര്‍ശനങ്ങളും വാസു ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ബുക്കിംഗ് സിസ്റ്റം കുറേക്കൂടി ശാസ്ത്രീയമാക്കണം. ഡെലിഗേറ്റുകള്‍ എല്ലാവരേയും ഒരേ പോലെ കാണണം. വിഐപികള്‍ക്ക് വേണ്ടി സീറ്റ് ഒഴിച്ചിടുന്നത് ഒഴിവാക്കി കുറേക്കൂടി, ജനകീയവും ജനാധിപത്യവുമായ രീതിയില്‍ ഫെസ്റ്റിവല്‍ നടത്തണമെന്നാണ് വാസുവിന്റെ അഭിപ്രായം.
മേളയുടെ ഇപ്പോഴത്തെ പ്രശ്‌നം, ഐഎഫ്എഫ്‌കെയില്‍ വരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന് സാധിക്കുന്നില്ല എന്നതാണ്. സര്‍ക്കാര്‍ മുന്‍കാലങ്ങളിലായി പറഞ്ഞു കൊണ്ടിരുന്നത് ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സ് പണിയുമെന്നാണ്. പക്ഷെ ഇതുവരെ അതിന്റെ നടപടികളൊന്നും ആരംഭിച്ചിട്ടില്ല. ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സും തീയേറ്ററുകളും വന്നാല്‍ കുറേക്കൂടി ഡെലിഗേറ്റുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

സമാന്തര സിനിമകളോടുള്ള അടങ്ങാത്ത ആവേശമാണ് വാസു നടുവണ്ണൂരിനെ ഓരോ ഫെസ്റ്റവലിലേക്കും എത്തിക്കുന്നത്. ഇറാനിയന്‍ സംവിധായകനായ മജീദ് മജിദിയുടെ ബാച്ചെ 4 സീസണ്‍സ്, ചില്‍ഡ്രന്‍ ഓഫ് ഹെവന്‍, കളര്‍ ഓഫ് പാരഡൈസ്, സോള്‍ ഫൂള്‍ മൗണ്ടന്‍. ജാഫര്‍ പനാഹിയുടെ ദ സര്‍ക്കിള്‍, ദിസ് ഈസ് നോട്ട് എ ഫിലിം, ടാക്‌സി, മൊഹ്‌സെല്‍ മക്മല്‍ ബഫിന്റെ ഗേസ്, പൗണ്ട് തുടങ്ങിയവയും ഇറ്റാലിയന്‍ സംവിധായനായ വിറ്റോറിയേ ദെസികയുടെ ബൈസിക്കിള്‍ തീവ്‌സും റഷ്യന്‍ സംവിധായകനായ സെര്‍ജീഐസെസ്റ്റിന്റെ ദ ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍, തുടങ്ങിയവ വാസുവിന് വളരെയെറെ ഇഷ്ടപ്പെട്ട സിനിമകളാണ്. സത്യജിത്ത് റേയുടെ അപൂര്‍ സഞ്ചയം , പഥേര്‍ പാഞ്ചാലി, അപരാജിത, പിന്നെ അടൂരിന്റെ സിനിമകളും അദ്ദേഹത്തിന്റെ ഇഷ്ട സിനിമകളുടെ പട്ടികയിലുണ്ട്.
ഓരോ ഫെസ്റ്റിവല്‍ കഴിയുമ്പോഴും അടുത്ത ഫെസ്റ്റിവലിലേക്ക് എത്താനുള്ള ആവേശവുമായാണ് വാസു യാത്രയാകുന്നത്. പിന്നീടുള്ള കാലം തന്റെ ജോലിയിലൂടെ ലഭിക്കുന്നതില്‍ നിന്നും ഒരു പങ്ക് അതിനായി മാറ്റിവെച്ച് അദ്ദേഹം കാത്തിരിക്കും.


Click it and Unblock the Notifications











