എക്സ്ക്ലൂസിവ്: ബേസിൽ എത്തിയത് യാദൃശ്ചികമായി, മരണമാസ്സിന് റഫറൻസുകൾ ഇല്ല; സംവിധായകൻ ശിവപ്രസാദ് പറയുന്നു
ബേസിൽ ജോസഫ് നായകനായി എത്തിയ മരണമാസ്സ്, ഒ.ടി.ടി. റിലീസിൽ എത്തി നിൽക്കുകയാണ്. പരസ്യം, ടെലിഫിലിം മേഖലകളിൽ തിളങ്ങി നിൽക്കുന്ന ശിവപ്രസാദിന്റെ ആദ്യ ഫീച്ചർ ഫിലിം ആണ് മരണമാസ്സ്. നടനും എഴുത്തുകാരനുമായ സിജു സണ്ണിയും സംവിധായകനും ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, ബാബു ആന്റണി, അനിഷ്‌മ, തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നു. പ്രശസ്ത നടൻ ടോവിനോ തോമസും, സഹോദരൻ ടിങ്സ്റ്റൻ തോമസും, റാഫേൽ പൊഴോലിപറമ്പിലും, തൻസിർ സലാമും ചേർന്നാണ് മരണമാസ്സ് നിർമ്മിച്ചത്.
മരണമാസ്സിന്റെ ഒ.ടി.ടി. റിലീസിനോട് അനുബന്ധിച്ച് ഫില്മിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ശിവപ്രസാദ് തന്റെ മുഖ്യധാരാ സിനിമയിലേക്കുള്ള യാത്രയെക്കുറിച്ചും, ചിത്രത്തെ കുറിച്ചും, നായകൻ ബേസിൽ ജോസഫിന്റെ കഥാപാത്രത്തെ കുറിച്ചും, മനസ്സ് തുറന്നു. തുടർന്ന് വായിക്കുക...
മരണമാസ്സ് പോലെ ഒരു മുഴുനീള ഡാർക്ക് കോമഡി സിനിമയിലേക്ക് എത്തിയത് എങ്ങിനെയാണ്?
ഇത് സിജു സണ്ണിയുടെ ഐഡിയയാണ്. ഞങ്ങൾ കുറച്ചു സ്ക്രിപ്റ്റുകൾ ചർച്ച ചെയ്തിരുന്നു, ഐഡിയകൾ ഷെയർ ചെയ്യുമായിരുന്നു. അതിനിടെ സിജു പറഞ്ഞ ഒരു ത്രെഡാണ് ഈ സിനിമയുടെ കോർ ഐഡിയ. ബസ്സിൽ വച്ച് നടക്കുന്ന ഒരു സംഭവമാണ് സിജു ആദ്യം പറഞ്ഞത്. അത് കേട്ടപ്പോൾ തന്നെ കുറച്ച് ക്രേസി ആയിട്ടുള്ള സംഭവമാണെന്ന് തോന്നി. പിന്നെ വ്യക്തിപരമായി എനിക്ക് ഇത്തരത്തിൽ ഉള്ള ക്വിർകി കോമഡി ചെയ്യാൻ ഇഷ്ടമാണ്. എന്റെ ഷോർട്ട് ഫിലിമുകളിൽ ആയാലും, പരസ്യങ്ങളിൽ ആയാലും, കുറച്ചു തലതിരിഞ്ഞ തമാശകൾ എനിക്കിഷ്ടമാണ്. അങ്ങനെ ഞങ്ങൾ ഈ ഐഡിയ ഡെവലപ്പ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഡാർക്ക് കോമഡി മലയാള സിനിമയ്ക്ക് ഇന്നും അത്ര പരിചിതമായ ജോണർ അല്ല. ഇത്തരം ഒരു മുഴുനീള ചിത്രം ചെയ്യുമ്പോൾ നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?
മരണമാസ്സ് ചെയ്യുമ്പോൾ ഉള്ള ഏറ്റവും വലിയ വെല്ലുവിളി, ഇത് മറ്റുള്ളവരുമായി എങ്ങനെ കമ്മ്യൂണിക്കേറ്റ് ചെയ്യും, എന്നതായിരുന്നു. ഇത് ഷൂട്ട് ചെയ്തെടുക്കാൻ പെട്ടെന്ന് പറ്റും. എന്നാൽ, ഈ സിനിമയിൽ കോമഡി ഉണ്ട് എന്നത് എങ്ങനെ പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യും എന്നതാണ് ചോദ്യം. എന്നാൽ എനിക്ക് കിട്ടിയ ക്രൂ ആയാലും, നടീ-നടന്മാരായാലും, നല്ല ഹ്യൂമർ സെൻസ് ഉള്ളവരായിരുന്നു. ഈ ഒരു തരത്തിലുള്ള കോമഡി ചെയ്യുന്നതിൽ എല്ലാവരും ആവേശത്തിലായിരുന്നു. അത് കൊണ്ട് തന്നെ സിനിമയുടെ മേക്കിങ് പ്രോസസ്സ് വളരെ എളുപ്പമായിരുന്നു.

ഇപ്പോൾ മലയാളത്തിൽ ഏറ്റവും വ്യത്യസ്തമായ സിനിമകൾ ചെയ്യുന്ന നടനാണ് ബേസിൽ ജോസഫ്. എങ്ങനെയാണ് അദ്ദേഹത്തെ കാസ്റ്റ് ചെയ്യാൻ തീരുമാനിക്കുന്നത്?
മരണമാസ്സ് എഴുതുന്ന സമയത്ത് കാസ്റ്റ് തീരുമാനിച്ചിരുന്നില്ല. ഈ റോൾ ആര് ചെയ്യും എന്ന് ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായ നടൻ ടോവിനോ തോമസുമായി ചർച്ച ചെയ്തിരുന്നു. ആ സമയത്താണ്, എങ്കിൽ പിന്നെ എന്തു കൊണ്ട് ബേസിൽ ജോസഫിനെ ആ റോളിലേക്ക് ആലോചിച്ചുകൂടാ എന്ന് തോന്നിയത്. ഒരു നിമിത്തം പോലെ ആ സമയത്ത് തന്നെ ബേസിൽ അവിടേക്ക് കടന്നു വരികയും ചെയ്തു. അത് ഒട്ടും പ്ലാൻ ചെയ്തതല്ല, വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. അങ്ങനെ ഞങ്ങൾ ബേസിലിനോട് സംസാരിച്ചു. ഒരു സോളോ ഹീറോ സബ്ജെക്ട് അല്ല, ഒരു ഗ്രൂപ്പ് പരിപാടിയാണ് എന്നു പറഞ്ഞു തന്നെയാണ് അവതരിപ്പിച്ചത്. പക്ഷെ കഥ കേട്ടപ്പോ ബേസിലിന് രസകരമായി തോന്നി, അങ്ങനെയാണ് ആ കാസ്റ്റിംഗ് നടന്നത്.

മമ്മൂട്ടിയുടെ ആരോഗ്യം ത്യപ്തികരമാണോ? സനിൽ കുമാറിന്റെ വാക്കുകൾ വൈറൽ ആവുന്നു
മരണമാസ്സ് ടീമിന്റെ അവിഭാജ്യ ഘടകമാണ് നടനും നിർമാതാവുമായ ടോവിനോ തോമസ്. എങ്ങനെയാണ് അദ്ദേഹത്തിലേക്ക് എത്തിയത്?
ടോവിനോ തോമസിന് ഈ സിനിമയുടെ വൺ ലൈൻ സ്റ്റോറി അയച്ചിരുന്നു. അത് ഒരു ദിവസം കാലത്ത് 4 മണിക്ക് പെട്ടെന്നുണ്ടായ ഒരു ചിന്തയാണ്. ഈ കഥ ആർക്ക് അയച്ചു കൊടുക്കും, ഇത് ആര് പ്രൊഡ്യൂസ് ചെയ്യും എന്നൊക്കെ ഓർത്തു ടെൻഷൻ ഓടിച്ചിരുന്ന സമയമായിരുന്നു അത്. അങ്ങനെ ഒരു പുലർച്ച നേരത്ത്, എങ്കിൽ പിന്നെ ടോവിനോയ്ക്ക് അയച്ചു കൊടുത്താലോ എന്ന് തോന്നി. അപ്പോൾ തന്നെ വാട്സ്ആപ്പിൽ കഥ അയച്ചു. പക്ഷെ പിന്നീടാണ് ഞാൻ ചിന്തിച്ചത്, ടോവിനോ ഇതിൽ അഭിനയിക്കാൻ എന്തായാലും ചാൻസ് ഇല്ല, അദ്ധേഹത്തിന്റെ ഒരു ഏരിയ അല്ലല്ലോ, എന്നൊക്കെ. അതിന് ശേഷം, ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാമോ എന്ന് വെറുതെ ഒന്ന് ചോദിച്ചു. അപ്പോൾ തന്നെ അദ്ദേഹം, ഇത് കൊള്ളാം, ഇന്റെറെസ്റ്റിങ് ആണ്, ഞാൻ പ്രൊഡ്യൂസ് ചെയ്യാം, എന്ന് പറഞ്ഞു.
വളരെ വ്യത്യസ്തനായ, ഒരു എക്‌സെൻട്രിക് നായകനാണ് ബേസിൽ അവതരിപ്പിച്ച ലൂക്ക്. എങ്ങിനെയാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയത്?
ലൂക്ക് എന്ന കഥാപാത്രത്തിനും, ഈ സിനിമയ്ക്കും, അങ്ങനെ റഫറൻസുകൾ ഒന്നും തന്നെയില്ല. ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്ന സമയത്തൊക്കെ ഞങ്ങൾ ശ്രമിച്ചത് കഴിയുന്നത്ര ഒറിജിനാലിറ്റി ഈ സബ്ജക്ടിലേക്ക് കൊണ്ടുവരാനാണ്. നമ്മൾ തന്നെ പത്രങ്ങളിൽ വായിച്ചതോ, അല്ലെങ്കിൽ നമ്മുടെ കൂട്ടുകാരുടെ കഥകളിൽ കേട്ടിട്ടുള്ളതോ, സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതോ ആയിട്ടുള്ള പല പല ആൾക്കാരുടെ ചെറിയ സ്വഭാവ സവിശേഷതകൾ ലൂക്കിലേക്ക് എടുത്തിട്ടുണ്ട്. പക്ഷെ അവരൊക്കെ ചെയ്തിട്ടുള്ളതിൽ നിന്ന് കുറച്ചു കൂടി കൂടുതൽ ആണ് ലൂക്കിന്റെ രീതികൾ. ബേസിലിന്റെ കാരക്ടറിന് മാത്രമല്ല, മറ്റൊരു കഥാപാത്രത്തിനും മുൻ മാതൃകകൾ ഇല്ല.
നായകനോളം തന്നെ പ്രാധാന്യമുള്ള, രസികൻ കഥാപാത്രങ്ങളും, വലിയ താരനിരയും ഉണ്ട് മരണമാസ്സിൽ. അതിലേക്ക് എത്തിയത് എങ്ങനെയാണ്?
മരണമാസ്സിന്റെ കാസ്റ്റിംഗ് വളരെ രസകരമായിരുന്നു. മിന്നൽ മുരളിയിൽ വർക്ക് ചെയ്ത സമയത്ത് ആ ചിത്രത്തിന്റെ കാസ്റ്റിംഗ് ചെയ്തത് ഞാൻ ആണ്. കാസ്റ്റിംഗ് നന്നായാൽ സിനിമയുടെ പകുതി നന്നാവും എന്നാണ് വിശ്വാസം. കഥാപാത്രങ്ങളുടെ മുഖങ്ങൾ പ്രേക്ഷകരിലേക്ക് കറക്റ്റ് ആയി എത്തുക എന്നതാണ് പ്രധാനം. അത് കറക്റ്റ് ആയാൽ കഥാപാത്രങ്ങൾ വളരെ ഈസിയായി ആളുകളോട് കണക്ട് ആവും. ഒരുപാട് പേരെ പരിഗണിച്ചതിന് ശേഷമാണ് പല കഥാപാത്രങ്ങളുടെയും കാസ്റ്റിംഗ് ഞങ്ങൾ നടത്തിയത്.
ഉദാഹരണത്തിന്, ബാബു ആന്റണി ചെയ്ത കഥാപാത്രം സ്ഥിരം കോമഡി ചെയ്യുന്ന മറ്റൊരു ആർട്ടിസ്റ്റ് ചെയ്താൽ വർക്ക് ആവില്ല. അതൊരു സാധാരണ റോൾ ആയി പോവും. സുരേഷ് കൃഷ്ണയുടെ കഥാപാത്രം ആണെങ്കിലും, വളരെ ഗൗരവക്കാരൻ എന്ന ഇമേജ് ഉള്ള ഒരു നടനെയാണ് വേണ്ടത്. അദ്ദേഹം ഫൺ കഥാപാത്രങ്ങൾ മുൻപേ ചെയ്തിട്ടുണ്ടെങ്കിലും, ആദ്യാവസാനം ഹ്യൂമർ കൈകാര്യം ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും. ഞാൻ ചെയ്തിട്ടുള്ള പരസ്യങ്ങൾ ഉൾപ്പെടെ എല്ലാ പ്രൊജക്ററ്റുകളിലും കാസ്റ്റിംഗ് കുറച്ചു സമയമെടുത്താണ് ചെയ്യാറ്.
മരണമാസ്സ് ടീമിനൊപ്പം ഷൂട്ട് ചെയ്യുമ്പോൾ മറക്കാനാവാത്ത എന്തെകിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഈ ഷൂട്ടിങ്ങിനിടയിൽ നടന്ന പ്രധാന സംഭവം, സുരേഷ് ഏട്ടൻ 'കോൺവിൻസിങ് സ്റ്റാർ' ആയതായിരുന്നു. ആരും പ്രതീക്ഷിക്കാതെ ഒരു ദിവസം അദ്ദേഹം സോഷ്യൽ മീഡിയയുടെ കോൺവിൻസിങ് സ്റ്റാർ ആയി. ആ സമയം വളരെ രസകരമായിരുന്നു. പെട്ടെന്ന് ഒരു ദിവസം ട്രോളുകൾ വന്ന് തുടങ്ങി, രണ്ടാമത്തെ ദിവസം അതിനേക്കാൾ വലിയ ട്രോളുകൾ വരുന്നു. ആ സമയത്തു ഞങ്ങൾ ഒരു റീല് ഒക്കെ ചെയ്തിരുന്നു.
മരണമാസ്സ് ഓ.ടി.ടി. റിലീസിൽ എത്തി നിൽക്കുകയാണ്. കുറച്ചു കൂടി വലിയൊരു പ്രേക്ഷകസമൂഹത്തിലേക്ക് ചിത്രം എത്തുമ്പോൾ, എന്താണ് പ്രതീക്ഷകൾ?
പ്ലാറ്റ്‌ഫോം ഏതായാലും, ചിത്രം കാണുന്ന ആളുകൾക്ക് ഇത് എന്ജോയ് ചെയ്യാൻ പറ്റുമെന്നാണ് വിശ്വാസം. ഇത്തരം ജോണറുകൾ - സ്പൂഫ്, ഡാർക്ക് കോമഡി തുടങ്ങിയവ ഇഷ്ടപ്പെടുന്നവർക്ക്, മരണമാസ്സ് ആസ്വദിക്കാൻ പറ്റും. ആളുകൾ ചിരിക്കും എന്ന കാര്യത്തിൽ ടീം കോൺഫിഡന്റ് ആണ്.
പരസ്യചിത്രങ്ങളും, കേരള സ്റ്റേറ്റ് ഫിലിം അവാർഡ് നേടിയ ടെലിഫിലിമും ഉൾപ്പെടെ സംവിധാനം ചെയ്ത്, താങ്കൾ മുഖ്യധാരാ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്തൊക്കെയാണ്?
വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോണം (ചിരിക്കുന്നു). കുറച്ചു വ്യത്യസ്തമായ ജോണറുകൾ പരീക്ഷിക്കണമെന്നുണ്ട്. എനിക്ക് കുറച്ചു ഇന്റൻസ് ആയ ഇമോഷണൽ സിനിമകളും, ഡീപ്പ് ആയ മാനുഷിക ബന്ധങ്ങളെ കുറിച്ചു സംസാരിക്കുന്ന ചിത്രങ്ങളും ചെയ്യാൻ ആഗ്രഹമുണ്ട്. എന്നാൽ അതിനോടൊപ്പം തന്നെ ഹ്യൂമറും എന്റെ സിനിമകളിൽ ഉണ്ടാവും. എല്ലാ സിനിമയിലും തമാശ ഉണ്ടാവണമെന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു കോമഡി പടവും ചെയ്യണം. ഇപ്പോൾ ഒന്നിലധികം സ്ക്രിപ്റ്റുകളിൽ വർക്ക് ചെയ്യുന്നുണ്ട്. പക്ഷെ അടുത്ത സിനിമ ഏതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.


Click it and Unblock the Notifications











