ദേശീയ അവാര്‍ഡ് പലര്‍ക്കും അംഗീകരിക്കാനായില്ല; ഇത് ഒത്തിരി ആഗ്രഹിച്ചു നേടിയ കയ്യടികള്‍

സ്‌ക്രീനില്‍ കാണുമ്പോള്‍ താരമെന്ന് തോന്നിപ്പിക്കാതെ, നമ്മളില്‍ ഒരാളാള്‍ എന്ന് തോന്നിപ്പിക്കുന്നിടത്താണ് അഭിനേതാവിന്റെ വിജയം. അങ്ങനെ മലയാളികള്‍ക്ക് നമ്മളില്‍ ഒരാള്‍ എന്ന തോന്നലുണ്ടാക്കിയിട്ടുള്ള നടിയാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരം അടക്കം നേടി സുരഭി കയ്യടി നേടുമ്പോള്‍ നമ്മളില്‍ ഒരാളുടെ വിജയം എന്ന തോന്നലാണ് മലയാളികള്‍ക്ക്. ഇപ്പോഴിതാ അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യമായി സുരഭി മിന്നി തിളങ്ങുകയാണ്.

സാധാരണക്കാരില്‍ സാധാരണക്കാരിയില്‍ നിന്നും മലയാള സിനിമയിലെ മാണിക്യത്തിലേക്കുള്ള സുരഭിയുടെ യാത്ര ആരേയും പ്രചോദിപ്പിക്കുന്നതാണ്. ഒരു സിനിമക്കഥയിലെന്നത് പോലെയുള്ള ട്വിസ്റ്റുകളും കാത്തിരിപ്പിന്റെ ഡ്രാമയുമൊക്കെ അതിനുണ്ട്. ഈ വിജയം എല്ലാ അര്‍ത്ഥത്തിലും സുരഭി അര്‍ഹിക്കുന്നതാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും മാണിക്യത്തെക്കുറിച്ചുമൊക്കെ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് സുരഭി ലക്ഷ്മി.

Surabhi Lakshmi

അജയന്റെ രണ്ടാം മോഷണം റിലീസിന് ശേഷം എല്ലാവരും സംസാരിക്കുന്നത് സുരഭിയേയും മാണിക്യത്തേയും കുറിച്ചാണ്. എന്ത് തോന്നുന്നു?

വളരെയധികം സന്തോഷമുണ്ട്. ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ല. നല്ല വേഷമാണെന്ന് അറിയാമായിരുന്നു. ഒരു അഭിനേതാവിന് പെര്‍ഫോം ചെയ്യാന്‍ വേണ്ടതെല്ലാം ഈ കഥാപാത്രത്തിലുണ്ടായിരുന്നു. രണ്ട് ഗെറ്റപ്പുകള്‍, ടൊവിനോ തോമസിന്റെ അമ്പതാം സിനിമ, അദേഹം മൂന്ന് ഗെറ്റപ്പില്‍ വരുന്നു, വലിയ ബജറ്റിലുള്ള ത്രിഡി സിനിമ, മൂന്ന് നായികമാര്‍, നല്ല തിരക്കഥ, പുതുമുഖമെങ്കിലും കഴിവുള്ള സംവിധായകന്‍ എന്നെല്ലാം അറിയാമായിരുന്നു. എങ്കിലും ഇത്ര ഗംഭീര സ്വീകരണം ലഭിക്കുമെന്ന് റിലീസ് ചെയ്ത ശേഷമാണ് മനസിലാകുന്നത്. മാണിക്യത്തെ സ്വീകരിച്ചതില്‍ സ്‌നേഹവും സന്തോഷവും അറിയിക്കുന്നു.

ഒരുപാട് കാത്തിരുന്ന് ലഭിക്കുന്ന അംഗീകാരവും കയ്യടിയും ആണെന്ന് തോന്നുന്നുണ്ടോ?

ഏതൊരു അഭിനേതാവിനെ പോലെയും ആളുകള്‍ കാണുന്ന സിനിമകളില്‍ അഭിനയിക്കണമെന്നും കഥാപാത്രങ്ങള്‍ നന്നാകാനും ആളുകള്‍ നല്ലത് പറയുന്നത് കേള്‍ക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നു. അതിനൊക്കെ വേണ്ടിയാണല്ലോ നമ്മള്‍ അഭിനയിക്കുന്നത്. എല്ലാവരും സ്വീകരിക്കുന്ന കഥാപാത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. മുമ്പും നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ ചിലപ്പോള്‍ സിനിമ നല്ല രീതിയില്‍ ഓടാതെ വരികയോ കഥാപാത്രങ്ങള്‍ ശരിയാവാകാതെ വരികയോ ചെയ്‌തേക്കാം. ഇതെല്ലാം ഒത്തിണങ്ങിയൊരു സിനിമയിലേക്ക് എത്തിപ്പെടുക എന്നത് വലിയൊരു ഘടകമാണ്. അത്തരത്തിലൊരു സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഇതുപോലെ സ്വീകരിക്കപ്പെടുന്ന സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം. ഇതൊരു തുടക്കമാകട്ടെ.

ദേശീയ പുരസ്‌കാരം നേടിയ നടിയാണ്. എങ്കിലും അര്‍ഹിക്കുന്ന വേഷത്തിലേക്കും അംഗീകാരങ്ങളിലേക്കും എത്താന്‍ വൈകിയെന്ന തോന്നലുണ്ടോ?

നാഷണല്‍ അവാര്‍ഡ് ലഭിച്ചു എന്നു കരുതി എല്ലാമായി എന്നില്ല. എന്റേത് സ്റ്റെപ് ബൈ സ്റ്റെപ്പ് വെച്ചു കൊണ്ടുള്ള യാത്രയായിരുന്നു. എല്ലാവരേയും പോലെ അവാര്‍ഡ് കിട്ടുമ്പോള്‍ തുടര്‍ന്ന് പ്രധാനപ്പെട്ട വേഷങ്ങള്‍ ഇനി നമ്മളെ വിശ്വസിച്ച് ഏല്‍പ്പിക്കുമെന്ന് കരുതും. പക്ഷെ എല്ലായിപ്പോഴും അങ്ങനെ സംഭവിക്കണം എന്നില്ല. കാലം കഴിയുന്തോറും നമ്മള്‍ അതിന് പ്രാപ്തരാണെന്ന് ഇവിടെ നിന്നു കൊണ്ട് തന്നെ തെളിയിക്കണം. അതിന് നമുക്ക് ലഭിക്കുന്ന ഓരോ കുഞ്ഞ് കഥാപാത്രങ്ങളിലും ആക്ടര്‍ എന്ന നിലയില്‍ പണിയെടുക്കണം. ഈ മീഡിയയത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും കാണിച്ചാല്‍ അവസരങ്ങള്‍ നമ്മളെ തേടിയെത്തും. നമ്മള്‍ എങ്ങും പോകുന്നില്ല. ഇവിടെ തന്നെ നില്‍ക്കുകയല്ലേ. 2005 ല്‍ തുടങ്ങിയ യാത്രയാണ്. ഇനിയങ്ങോട്ടുള്ള കാലം മാണിക്യം പോലെ തിളങ്ങാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

അവാര്‍ഡ് ലഭിക്കുന്നതോടെ, പ്രത്യേകിച്ചും നടിമാര്‍ക്ക് അവസരം കുറയുന്നതായി കാണാറുണ്ട്. അങ്ങനെയുണ്ടോ ഉണ്ടെങ്കില്‍ എന്തുകൊണ്ടാകാം?

അങ്ങനെയുണ്ടോ? ദേശീയ അവാര്‍ഡ് ലഭിച്ച കീര്‍ത്തി സുരേഷും അപര്‍ണ ബാലമുരളിയും ഇപ്പോഴും നല്ല വേഷങ്ങള്‍ അഭിനയിക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ നില്‍ക്കുന്ന സ്ഥലവും വരുന്ന സ്ഥലവും പ്രധാനമാണ്. അവര്‍ നായികമാരായി നില്‍ക്കുന്ന സമയത്തു തന്നെയാണ് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. അതിനാല്‍ അവരെ തേടി നല്ല സിനിമകളും കഥാപാത്രങ്ങളും എത്തും. എനിക്ക് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഞാന്‍ സീരിയലിലായിരുന്നു. മീന്‍കാരന്റെ ഭാര്യയായി അഭിനയിക്കുന്ന സമയത്താണ് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. പലര്‍ക്കും അത് അംഗീകരിക്കാന്‍ പോലും സാധിച്ചിരുന്നില്ല. അതൊന്നും ഗൗനിക്കാതെ എന്താണോ അതില്‍ ശ്രദ്ധിച്ച് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നാല്‍ അവസരം കിട്ടും. എനിക്ക് അവാര്‍ഡ് കിട്ടുമ്പോള്‍ ഞാന്‍ വലിയ നായികയായിരുന്നില്ല. അവസരം ചോദിച്ചപ്പോള്‍ പല സംവിധായകരും 'നായികയാക്കാനും പറ്റില്ല, നായികയുടെ അമ്മയാക്കാനും പറ്റില്ല. സുരഭിയ്ക്ക് തരുമ്പോള്‍ നല്ല വേഷം തരണ്ടേ പക്ഷെ അങ്ങനെയുള്ള വേഷവും ഇല്ല' എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഞാനും അങ്ങനെ വിശ്വസിച്ചു. കിട്ടുന്ന വേഷം ചെയ്യാം എന്നു കരുതി.

എപ്പോഴാണ് മാണിക്യം എന്ന കഥാപാത്രത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞുവെന്ന തോന്നല്‍ ഉണ്ടാകുന്നത്?

മാണിക്യത്തിലേക്ക് പ്രവേശിച്ചു എന്ന് പറയാന്‍ സാധിക്കില്ല. മാണിക്യത്തില്‍ വിശ്വസിക്കുകയാണ് ചെയ്യേണ്ടത്. അഘാതമായി ആ കഥാപാത്രത്തിലേക്ക് ശാരീരീകമായും മാനസികവുമായി വിശ്വസിക്കുകയാണ് ചെയ്തത്.

അങ്ങ് വാന കുന്നിലെ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ പപ്പയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നുവല്ലോ.

പപ്പയെ ഓര്‍മ്മ വന്നു. എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോള്‍ നാട്ടില്‍ സര്‍ക്കസ് വന്നു. സ്റ്റേജ് ഷോയ്ക്കിടെ ഓഡിയന്‍സില്‍ നിന്നും ഒരു കുട്ടിയെ പാട്ട് അഭിനയിക്കാനായി സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ എന്നെ പപ്പയാണ് എന്നെ ആദ്യമായി സ്റ്റേജിലേക്ക് എടുത്തുവെക്കുന്നത്. ഇത് ഭൂമിയാണ്, ജ്ജ് നല്ല മനുഷ്യനാവാന്‍ നോക്ക് തുടങ്ങിയ ഒരുപാട് നാടകങ്ങള്‍ക്ക് പപ്പ എന്നെ കൊണ്ടുപോയിട്ടുണ്ട്. കലയില്‍ എന്നെ ഏറ്റവും കൂടുതല്‍ പിന്തുണച്ചിരുന്നത് പപ്പയാണ്. ഞാന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴാണ് പപ്പ മരിക്കുന്നത്. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കുന്നതൊക്കെ. എന്നെ ഒരു കലാകാരിയായി കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്ന ആളായിരുന്നു. അതിനായി എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഞാന്‍ അഭിനയിക്കുന്നതോ അവാര്‍ഡ് നേടുന്നതോ ഒന്നും കാണാന്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. പാട്ട് കേട്ടപ്പോള്‍ ആ ഓര്‍മ്മകള്‍ സങ്കടമായി മനസിലേക്ക് വന്നു.

Surabhi Lakshmi

എപ്പോഴും നാടുമായി ചേര്‍ന്നു നില്‍ക്കുന്നതായി കാണാം. ഒരു അഭിനേതാവിന് തന്റെ വേരുകളുമായി ചേര്‍ന്നു നില്‍ക്കേണ്ടത്, അല്ലെങ്കില്‍ നാടുമായി ബന്ധം നിലനിര്‍ത്തേണ്ടത് എത്രത്തോളം അത്യാവശ്യമാണ്?

നമ്മള്‍ വന്ന വഴികള്‍ ഒരിക്കലും മറക്കാന്‍ പാടില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നമ്മളുടെ വേരുകള്‍ക്കുള്ള ശക്തി പ്രധാനമാണ്. ജീവിതത്തില്‍ എന്തെങ്കിലും നെഗറ്റീവ് വരുമ്പോള്‍ പലരും നമ്മളെ തള്ളിപ്പറഞ്ഞാലും നമ്മളെ അറിയുന്നവര്‍ ചേര്‍ന്നു നില്‍ക്കും. അവരൊന്നും സുരഭി സിനിമ നടിയാകും എന്നു കരുതി കൂടെ നിന്നവരല്ല. നമ്മുടെ നാട്ടിലെ ഒരു കലാകാരിയെ പ്രോത്സാഹിപ്പിക്കുക എന്ന് മാത്രം കരുതി എനിക്കൊപ്പം നിന്നവരാണ്. ആ സ്‌നേഹം എനിക്ക് നാട്ടുകാരോടും അവര്‍ക്ക് എന്നോടും എന്നുമുണ്ടാകും.

ഈയ്യടുത്ത് അക്ഷയ് കുമാര്‍ സുരഭിയെക്കുറിച്ച് പറഞ്ഞത് വൈറലായിരുന്നല്ലോ?

ദേശീയ അവാര്‍ഡ് സ്വീകരിക്കന്‍ പോയപ്പോള്‍ അക്ഷയ് കുമാര്‍ തൊട്ട് അടുത്ത സീറ്റിലാണ് ഇരിയ്ക്കുന്നത്. അദ്ദേഹത്തിനോട് സംസാരിക്കാന്‍ നാലു വരി ഹിന്ദി പഠിച്ചാണ് പോയത്. പണ്ട് ദൂരദര്‍ശനില്‍ സിനിമ കാണുന്ന സമയത്ത് അക്ഷയ് കുമാര്‍ 'റഫ് ആന്‍ഡ് ടഫ്' ജീന്‍സിന്റെ പരസ്യത്തില്‍ വരുമായിരുന്നു. ഞാന്‍ അദ്ദേഹത്തിനോട് അത് പറഞ്ഞു. പിന്നീട് സിനിമയെ കുറിച്ച് സംസാരിച്ചു. ആദ്യത്തെ ലീഡ് ചെയ്ത ചിത്രമാണ് എന്റെ ദേശീയ അവാര്‍ഡില്‍ തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് പറഞ്ഞത്. പക്ഷെ അദ്ദേഹം വിചാരിച്ചു ഫസ്റ്റ് പടമാണെന്ന്. അതാണ് പിന്നീട് വൈറലായി മാറിയത്. അദ്ദേഹം അത് ഓര്‍ത്തിരിക്കുന്നു എന്നതില്‍ ഒരുപാട്‌സന്തോഷമുണ്ട്

Read more about: surabhi lakshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X