സീരിയല്‍ ചെയ്യുന്നതിനാല്‍ സിനിമ നഷ്ടപ്പെട്ടിട്ടുണ്ട്; ജോലിയ്ക്ക് പോകുന്നവര്‍ മാത്രമല്ല കരുത്തയായ സ്ത്രീകള്‍

ഒരിക്കല്‍ പരാജയപ്പെട്ട ഇടത്തേക്ക് വിജയിച്ച് തിരിച്ചു വരുന്ന മാസ് രംഗങ്ങള്‍ സിനിമയില്‍ കാണാറുണ്ട്. ജീവിതത്തില്‍ അതുപോലൊരു മാസ് കാണിച്ചിരിക്കുകയാണ് സ്വാസിക. ലബ്ബര്‍ പന്ത് എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അതിശക്തമായാണ് സ്വാസിക തിരിച്ചുവന്നിരിക്കുന്നത്. തമിഴിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ലബ്ബര്‍ പന്ത്. ചിത്രത്തിലെ നായികയായി സ്വാസിക, 15 വര്‍ഷം മുമ്പ് തനിക്ക് ലഭിക്കാതെ പോയ കയ്യടികള്‍ പലിശയും ചേര്‍ത്ത് വാങ്ങിക്കൂട്ടുന്നു.

തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തിലെ കാഴ്ചപ്പാടുകളെക്കുറിച്ചുമൊക്കെ ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് സ്വാസിക.

swasika

തന്നേക്കാള്‍ മുതിര്‍ന്ന നടന്റെ അമ്മയായിമ്മയായിട്ടാണ് ലബ്ബര്‍ പന്തില്‍ അഭിനയിക്കുന്നത്. കഥാപാത്രത്തിന്റെ പ്രായം നോക്കാതെ അഭിനയിക്കാനുള്ള ആ ധൈര്യം എവിടെ നിന്നുമാണ് ലഭിക്കുന്നത്?

ആദ്യം കഥ കേട്ടപ്പോള്‍ അത്തരം ചിന്തകളിലേക്ക് പോയിരുന്നു. വേണോ വേണ്ടയോ എന്നുണ്ടായിരുന്നു. എന്നാല്‍ കഥ മുഴുവന്‍ കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തപ്പോള്‍ ഇതൊരു സാധാരണ കഥാപാത്രം അല്ലെന്ന് മനസിലായി. പെര്‍ഫോം ചെയ്യാന്‍ ഉണ്ടെന്നും ഇത് ചെയ്താല്‍ എന്റെ കരിയറിന് ഗുണം ചെയ്യുമെന്നും തമിഴില്‍ നല്ലൊരു റീഎന്‍ട്രി ആകുമെന്നും തോന്നി. അഭിനേതാവ് എന്ന നിലയില്‍ തൃപ്തി കണ്ടെത്താന്‍ സാധിക്കുമെന്നും മനസിലായി. അങ്ങനെയാണ് ധൈര്യം സംഭരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് ശേഷവും മലയാളത്തില്‍ അര്‍ഹിക്കുന്ന തരത്തില്‍, നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ?

അവാര്‍ഡ് ലഭിക്കുക എന്നത് ചിലര്‍ക്ക് അവരുടെ വ്യക്തിപരമായ സന്തോഷം മാത്രമായിരിക്കും. അതുകൊണ്ട് കരിയറില്‍ വലിയ മാറ്റങ്ങള്‍ ഉടനെ സംഭവിക്കണം എന്നില്ല. ചില ആളുകള്‍ക്ക് അങ്ങനെ സംഭവിക്കും. എന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു. വലിയൊരു മാറ്റം സംഭവിച്ചിട്ടില്ല. കാരണം എന്താണെന്നും അറിയില്ല.

സമീപകാലത്തായി മലയാളത്തില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ. പ്രത്യേകിച്ചും ചതുരത്തിന് ശേഷം?

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടില്ല. ചതുരത്തിന് ശേഷം അതുപോലുള്ള കഥാപാത്രങ്ങള്‍ വരുമെന്നാണ് കരുതിയത്. പക്ഷെ അതല്ല സംഭവിച്ചത്. വിവേകാന്ദന്‍ വൈറലാണ് ഉടനെ വന്നൊരു ഓഫര്‍. അത് തീര്‍ത്തും വ്യത്യസ്തമായിരുന്നു. അന്വേഷണത്തിന് തുടക്കം എന്ന സിനിമയിലെ കഥാപാത്രവും വ്യത്യസ്തമായിരുന്നു.

സീരിയലും സിനിമയും ബാലന്‍സ് ചെയ്ത് കൊണ്ടു പോവാന്‍ സാധിച്ചത് എങ്ങനെയാണ്?

അതൊന്നും ഞാനായി പ്ലാന്‍ ചെയ്തതല്ല. സീരിയല്‍ ചെയ്തു കൊണ്ടിരിക്കെ സിനിമയില്‍ അവസരം വന്നു. അത് സീരിയിലിന്റെ ആളുകളോട് പറഞ്ഞപ്പോള്‍ അവസരം നഷ്ടപ്പെടുത്തണ്ട എന്ന് പറഞ്ഞ് അവര്‍ പിന്തുണ നല്‍കി. ഡേറ്റ്‌സും കാര്യങ്ങളും അഡ്ജസ്റ്റ് ചെയ്തു തന്നു. അവരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. അങ്ങനെയാണ് രണ്ടും ബാലന്‍സ് ചെയ്തു കൊണ്ടു പോകുന്നത്. എനിക്കത് ഒരു ഭാഗ്യമായിട്ടാണ് തോന്നുന്നത്. രണ്ടിടത്തും ഒരുപോലെ നില്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കുന്നതല്ല. ഞാനായിട്ട് പ്രത്യേകിച്ച് ഒന്നും അതിനായി ചെയ്തിട്ടില്ല.

സീരിയിലില്‍ അഭിനയിക്കുന്ന ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് സിനിമയില്‍ അവസരമുണ്ട്. പക്ഷെ നായികമാര്‍ക്ക് സിനിമ കിട്ടില്ല. എന്തായിരിക്കും ഇതിന് പിന്നില്‍?

സീരിയലില്‍ അഭിനയിക്കുന്ന ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും സിനിമയില്‍ അങ്ങനെ അവസരങ്ങളില്ല. സീരിയലുകള്‍ കുറച്ച ശേഷം മാത്രമാണ് അവര്‍ക്കും സിനിമകള്‍ ലഭിക്കുന്നത്. അല്ലാതെ രണ്ടും ഒരുമിച്ച് കൊണ്ടു പോകാനുള്ള പ്രിവിലേജ് സിനിമ ഇന്‍ഡസ്ട്രി സീരിയലുകാര്‍ക്ക് കൊടുത്തിട്ടില്ല. വളരെ സങ്കടകരമായ കാര്യമാണത്.

എല്ലാത്തിലും മാറ്റങ്ങള്‍ വരുന്ന, ചരിത്രം മാറ്റിയെഴുതുന്ന കാലമാണിത്. സ്ത്രീകഥാപാത്രങ്ങളെ പൊളിച്ചെഴുതുന്നു, പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കുന്നു. മൊത്തത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ മാറാത്തതാണ് സീരിയലില്‍ അഭിനയിക്കുന്നവര്‍ക്ക് സിനിമയില്‍ അവസരം നല്‍കാതിരിക്കുന്നത്. പറയുന്ന കാരണം ദിവസവും കാണുന്നവരുടെ മുഖം സിനിമയില്‍ കാണുമ്പോള്‍ അതിനൊരു വാല്യു ഇല്ലെന്നതാണ്. അത് ഒന്ന് മാറ്റി ചിന്തിക്കണം. സീരിയിലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കുന്ന അവസ്ഥ വന്നാല്‍ നന്നായിരിക്കും. നല്ല കഴിവുള്ള അഭിനേതാക്കള്‍ ഒരുപാട് ഉണ്ട് സീരിയലുകളില്‍. പ്രത്യേകിച്ചും ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകള്‍.

പെട്ടെന്ന് ഓര്‍മ്മ വരുന്ന പേരുകള്‍ ബീന ആന്റണിയും ദേവി ചന്ദനയുമൊക്കെയാണ്. അവര്‍ ഏത് തരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യും. ആണുങ്ങളില്‍ കെപിഎസി സജി, കിഷോര്‍ പാലോട്, യദു ചേട്ടന്‍ അങ്ങനെ കുറേ പേരുണ്ട്. അവര്‍ക്ക് ചെയ്യാന്‍ പറ്റും.പക്ഷെ അവര്‍ക്കാര്‍ക്കും അവസരം കിട്ടുന്നില്ല. ഞാനും അനുഭവിച്ചതാണ്. സീരിയല്‍ പൂര്‍ണമായും നിര്‍ത്തണം, എന്ന് പറയുന്നുണ്ട് ഇപ്പോഴും. ശരിക്കും അതിന്റെ ആവശ്യമില്ല. സീരിയലും സിനിമയും ഒരുമിച്ച് കൊണ്ടു പോകാനുള്ള അവസരം കൊടുത്തല്‍ മതി. ജനങ്ങള്‍ക്ക് അതൊരു പ്രശ്‌നമാകും എന്ന് തോന്നുന്നില്ല. സിനിമയിലുള്ളവരുടെ കാഴച്ചപ്പാട് മാറണം.

സീരിയല്‍ ചെയ്തത് കൊണ്ട് മാത്രം നഷ്ടമായ വലിയ അവസരങ്ങളെന്തെങ്കിലും ഉണ്ടോ?

വലിയ അവസരങ്ങള്‍ എന്നു പറയാനില്ല. എങ്കിലും അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സീരിയല്‍ ചെയ്യുന്നതിനാല്‍ വേണ്ട എന്ന് പറഞ്ഞ് മാറ്റിയതായി വേറെ ആളുകള്‍ വഴി ഞാന്‍ അറിഞ്ഞിട്ടുണ്ട്. എന്നോട്ട് കഥ പറഞ്ഞ സിനിമകളൊന്നും മാറിപ്പോയിട്ടില്ല. ചര്‍ച്ചകളില്‍ അവര്‍ സീരിയല്‍ ചെയ്യുന്നതാണ് അതിനാല്‍ വേണ്ട എന്ന് പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്. പക്ഷെ അതൊന്നും വലിയ നഷ്ടങ്ങളായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ച വലിയ സംവിധായകരുടെ കൂടെ സീരിയല്‍ ചെയ്യുമ്പോള്‍ തന്നെ അഭിനയിക്കാന്‍ സാധിച്ചു. സീത സീരിയല്‍ നടന്നു കൊണ്ടിരിക്കെ തന്നെയാണ് ജോഷി സാര്‍ വിളിക്കുന്നത്. നല്ല കഥാപാത്രവുമായിരുന്നു.

തമിഴിലേക്കുള്ള തിരിച്ചുവരവ് വളരെ വൈകാരികമായൊരു നിമിഷം ആയിരുന്നല്ലോ. ആ നിമിഷം മനസിലൂടെ ഓടിയത് എന്തായിരുന്നു?

തമിഴിലേക്കുള്ള തിരിച്ചുവരവ് വൈകാരികമായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ തമിഴില്‍ കാലു കുത്താന്‍ ശ്രമിച്ചതാണ്. പക്ഷെ നടന്നില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷം ഒരു ബ്രേക്ക് കിട്ടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നതുമില്ല. ഈ സിനിമ ചെയ്തപ്പോഴും എത്രത്തോളം ആളുകള്‍ ഏറ്റെടുക്കുമെന്ന് ധാരണയില്ലായിരുന്നു. നന്നാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുപോലെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ളൊരു സ്വീകാര്യത തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ചു. സിനിമ ആളുകള്‍ ഏറ്റെടുത്തു.

പ്രൊമോഷനുകള്‍ക്ക് പോകുമ്പോള്‍ മനസ് ഓര്‍മ്മകളിലേക്ക് പോയി. 15 വര്‍ഷം മുമ്പ് ഇന്റര്‍വ്യുവില്‍ ഇരുന്ന എന്നേയും ആ സമയത്ത് കണ്ട ചെന്നൈയും ഓര്‍മ്മ വന്നു. അന്ന് ഞാന്‍ കണ്ട മാധ്യമ പ്രവര്‍ത്തകരെ വീണ്ടും കാണാനായി. അതൊക്കെ നൊസ്റ്റാള്‍ജിയ ആയിരുന്നു. ഇമോഷണലി വളരെ കണക്ടഡ് ആയിരുന്നു. അതിനാലാണ് വൈകാരികമായി സംസാരിച്ചത്.

പതര്‍ച്ചകളില്‍ തളരാതെ, മുന്നോട്ട് പോകാന്‍ സാധിക്കുന്നത് എങ്ങനെയാണ്?

ഞാനായിട്ട് ഒരു പാറ്റേണ്‍ ചിന്തിച്ചിട്ടില്ല. പക്ഷെ, എവിടെയെങ്കിലും ഒരു പരാജയം വരുമ്പോള്‍ ഈ മേഖല വിട്ട് മതിയാക്കി പോകാന്‍ തോന്നിയിട്ടില്ല. അതിനാല്‍ ക്യാമറയ്ക്ക് മുന്നില്‍ വരുമ്പോള്‍ എന്തൊക്കെ ചെയ്യാം എന്ന് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. തമിഴില്‍ അവസരം കിട്ടാതെ വന്നപ്പോള്‍ മലയാളത്തിലേക്ക് വരാമെന്ന് കരുതി ഇങ്ങോട്ട് വന്നു. ശ്രമിക്കാനുള്ള എന്റെ ഊര്‍ജ്ജം കുറഞ്ഞിട്ടില്ല. മലയാളം ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അത് വര്‍ക്കാകുന്നില്ലെന്ന് മനസിലാക്കി സീരിയലിലേക്ക് പോകുന്നത്. അഭിനയിക്കുക എന്നത് മാത്രമായിരുന്നു ആഗ്രഹം. കിട്ടുന്ന അവസരങ്ങളെല്ലാം സ്വീകരിച്ചു. ലൈം ലൈറ്റില്‍ തന്നെ നില്‍ക്കാന്‍ ശ്രമിച്ചു. മുഖം ആളുകള്‍ മറക്കാതിരിക്കുകയായിരുന്നു ലക്ഷ്യം.

ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള വാക്കുകള്‍ ചര്‍ച്ചയായി മാറിയിരുന്നല്ലോ. അവയെ എങ്ങനെയാണ് ഉള്‍ക്കൊണ്ടത്?

എന്നോട് ഒരു ചോദ്യം ചോദിക്കുമ്പോള്‍ എന്താണോ എനിക്ക് പറയാനുള്ളത് അതേ എനിക്ക് പറയാന്‍ സാധിക്കൂ. മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത് പറയാന്‍ എനിക്കാകില്ല. ചില സമയത്ത് എന്റെ കാഴ്ച്ചപാട് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതിനാലാകാം ചര്‍ച്ചാ വിഷയം ആകുന്നത്. അതുകൊണ്ട് എന്റെ തീരുമാനങ്ങള്‍ മാറ്റാന്‍ സാധിക്കില്ല. ഇതുവരെ ഒരു അഭിമുഖത്തിലും ഒരു ചോദ്യവും ഞാന്‍ സ്‌കിപ്പ് ചെയ്തിട്ടില്ല. അതിന്റെ ആവശ്യം തോന്നിയിട്ടില്ല. എന്റെ ശരി എന്താണോ അത് മറുപടിയായി നല്‍കും. ഇതാണ് ശരിയെന്നും എല്ലാവരും ഇത് തന്നെ പിന്തുടരണമെന്നും ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഫേക്ക് മറുപടികള്‍ നല്‍കാനും സാധിക്കുമായിരുന്നു. പക്ഷെ ആ ചോദ്യം വീണ്ടും ചോദിച്ചാലും എന്റെ മറുപടി അത് തന്നെയായിരിക്കും.

Swasika

കരുത്തയായ സ്ത്രീ എന്നതിനെ സ്വാസിക നിര്‍വ്വചിക്കുന്നത് എങ്ങനെയാണ്?

എന്റെ മനസിലെ കരുത്തയായ സ്ത്രീ ജോലി ചെയ്യുന്നവര്‍ മാത്രമല്ല. എല്ലാ കാര്യങ്ങളും ഒരേപോലെ ചെയ്യാന്‍ സാധിക്കുന്ന, ബാലന്‍സിംഗ് പവര്‍ ഉള്ളവര്‍ കരുത്തയായ സ്ത്രീയാണെന്ന് തോന്നിയിട്ടുണ്ട്. കുടുംബവും കരിയറും, കുടുംബത്തിലെ കാര്യങ്ങള്‍ നോക്കുന്നതിലും സ്വന്തം കാര്യം നോക്കലുമൊക്കെ പരാതികളില്ലാതെ മാനേജ് ചെയ്തു കൊണ്ടു പോകുന്നത് വലിയ കാര്യമാണ്. പല സ്ത്രീകളേയും കണ്ടിട്ടുണ്ട്, എന്തെങ്കിലും രണ്ട് കാര്യങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ വലിയ ഭാരമായി പറഞ്ഞു കൊണ്ടിരിക്കുന്നവര്‍. ചില സ്ത്രീകളോട് സംസാരിക്കുമ്പോള്‍ ഒരു ദിവസം ചാര്‍ട്ട് ചെയ്തിരിക്കുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നും. മള്‍ട്ടി ടാസ്‌കിംഗ് ചെയ്യാന്‍ പറ്റുന്ന സ്ത്രീകള്‍ കരുത്തരാണ്. പല തരത്തിലുള്ള വികാരങ്ങളേയും പ്രശ്‌നങ്ങളേയുമാണ് നിത്യവും അവര്‍ അഭിമുഖീകരിക്കുന്നത്. എല്ലാത്തിനേയും മറികടക്കാനുള്ള കരുത്ത് അവര്‍ നേടിയെടുത്തിട്ടുണ്ട്. ജോലിയ്ക്ക് പോയി സമ്പാദിക്കുന്നവര്‍ മാത്രമല്ല കരുത്തുള്ളവര്‍.

ഡബ്ല്യുസിസിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും വാര്‍ത്തയായിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഡബ്ല്യുസിസിയും ഹേമ കമ്മിറ്റിയുമൊക്കെ കാണാതെ പോകുന്ന വശങ്ങള്‍ എന്തെങ്കിലുമുണ്ടോ?

ചില കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രശ്‌നങ്ങളെ ഫില്‍റ്റര്‍ ചെയ്താണ് സമീപിക്കുന്നത്. ചിലരുടെ പ്രശ്‌നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നു എന്ന് തോന്നിയിട്ടുണ്ട്. അവര്‍ നല്ലത് ചെയ്യുന്നുണ്ടാകാം, പക്ഷെ എനിക്ക് തോന്നിയതാണ് ഞാന്‍ പറയുന്നത്. ഹേമ കമ്മിറ്റിയില്‍ അഡ്രസ് ചെയ്ത ഒരുപാട് കാര്യങ്ങളുണ്ട്. പലതും വാര്‍ത്തകളില്‍ വരുന്നില്ല. വേതനത്തിന്റെ കാര്യവും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ പ്രശ്‌നങ്ങളുമൊക്കെ. ഹേമ കമ്മിറ്റി പറഞ്ഞ നല്ല കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സംഘടന തയ്യാറാകുമോ എന്ന് കണ്ടറിയണം.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X