നായകന്‍ ആവാതിരിക്കാന്‍ അഭിനയം നിര്‍ത്തി; എന്തിന് ഈ പണിയ്ക്ക് ഇറങ്ങിയെന്ന് തോന്നി: വിജയരാഘവന്‍
മലയാളികളുടെ പ്രിയനടനാണ് വിജയരാഘവന്‍. നായകനും വില്ലനായും സഹനടനായുമെല്ലാം അദ്ദേഹം കയ്യടി നേടിയിട്ടുണ്ട്. നായകനായി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള വിജയരാഘവന്‍ പക്ഷെ കൂടുതല്‍ പ്രശംസ നേടിയതും ചെയ്യാന്‍ ആഗ്രഹിക്കുന്നതും ക്യാരക്ടര്‍ റോളുകളാണ്. സിനിമയുടെ മാറിയ കാലത്തും സജീവമായി തന്നെ വിജയരാഘവന്‍ അഭിനയത്തിലുണ്ട്. ഇപ്പോഴിതാ പുതിയ സിനിമയായ കിഷ്‌കിന്ദാ കാണ്ഡത്തിലും അദ്ദേഹം കയ്യടി നേടുകയാണ്.
ഇതിനിടെ ഇപ്പോഴിതാ തന്റെ ഹിറ്റ് ഡയലോഗ് ആയ നടേശാ കൊല്ലണ്ട പിറന്ന കഥ പങ്കുവെക്കുകയാണ് വിജയരാഘവന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ് തുറന്നത്. നടേശാ കൊല്ലണ്ടാ എന്ന് രാവണപ്രഭുവിലാണ് വിജയരാഘവന്‍ പറയുന്നത്. പിന്‍കാലത്ത് മീമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഡയലോഗായി ഇത് മാറുകയായിരുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

''ജീവിതത്തില്‍ പല രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഡയലോഗ് ആയതിനാലാണ് ആളുകള്‍ അത് ഇപ്പോഴും പറയുന്നത്. അല്ലാതെ അതിന് പിന്നില്‍ വലിയ നടനവൈഭവമോ സിറ്റുവേഷനോ ഒന്നുമല്ല. ആ വാചകത്തിന്റെ ഭംഗിയും പറയുന്നതിലെ ഹ്യൂമറുമാണ് അതിന് കാരണം. അടിച്ചൊതുക്കാന്‍ പോയിട്ട് നടേശ കൊല്ലണ്ട എന്ന് പറയുന്നതില്‍ ഒരു വോക്കല്‍ ട്രിക്കറിയുണ്ട്. അതുകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പ്ലെയിനായിട്ട് പറഞ്ഞാല്‍ ശ്രദ്ധിക്കപ്പെടില്ലായിരുന്നു. ശബ്ദം കൊണ്ടുള്ളൊരു കളിയുണ്ടല്ലോ. അതിനാലാണ് ശ്രദ്ധിക്കപ്പെടുന്നത്.'' എന്നാണ് വിജയരാഘവന്‍ പറയുന്നത്.
അതേസമയം താന്‍ മുഴുനീള സിനിമാക്കാരനാകുന്നത് ന്യൂഡല്‍ഹിയ്ക്ക് ശേഷമാണെന്നാണ് വിജയരാഘവന്‍ പറയുന്നത്. എന്നാല്‍ അതിനു മുമ്പും അഭിനയിച്ചിട്ടുണ്ട്. നായകനായും അഭിനയിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഇതിനിടെ നായകനാകാന്‍ മടിച്ച് താന്‍ അഭിനയം തന്നെ നിര്‍ത്തി വച്ചതിനെക്കുറിച്ചും വിജയരാഘവന്‍ സംസാരിക്കുന്നുണ്ട്.
നായകനാകണ്ട എന്ന് വിചാരിച്ച് 2000 ല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതു തന്നെ നിര്‍ത്തി. ഒരു ഫ്രെയ്മിലാകും. എന്നെ വിളിക്കുന്ന സിനിമകളിലൊക്കെ എട്ട് ഫൈറ്റ്, പാട്ട്, കാമുകി, അച്ഛന്‍ എന്നൊക്കെയുള്ള കഥയാകും. മലബാറിലൊക്കെ ഫൈറ്റുള്ളതിനാല്‍ നന്നായി വില്‍ക്കപ്പെടും. രാവിലെ കൂലിപ്പണിയ്ക്ക് ഇറങ്ങുന്നത് പോലെ ഫൈറ്റ് ചെയ്യാന്‍ ഇറങ്ങുന്ന അവസ്ഥയായിരുന്നു എന്നാണ് വിജയരാഘവന്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ അഭിനേതാവ് എന്നത് നഷ്ടമാകും. വൈകുന്നേരമാകുമ്പോഴേക്കും എന്തിനാണ് ഇതിനിറങ്ങുന്നത് എന്നൊരു തോന്നല്‍ ഉണ്ടാകും. എനിക്കുണ്ടായി. അഭിനയത്തില്‍ നായകന്‍ ആണ് മഹത്തരം എന്നൊരു വിചാരം എനിക്കില്ല. ഇന്നുമില്ല. നല്ല അഭിനേതാവുക, അല്ലാതെ സ്റ്റാര്‍ ആവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറയുന്നു.
ഈയ്യടുത്താണ് വിജയരാഘവന് സംസ്ഥാന ചലച്ചിത്ര പുസ്‌കാരം ലഭിച്ചത്. മികച്ച സ്വഭാവ നടനുള്ള പുര്‌സകാരമാണ് വിജയരാഘവന്‍ നേടിയത്. പൂക്കാലം എന്ന ചിത്രത്തിലൂടെയായിരുന്നു വിജയരാഘവന്‍ ഈ പുരസ്‌കാരം നേടിയത്. കിഷ്‌കിന്ദ കാണ്ഡം ആണ് വിജയരാഘവന്റെ പുതിയ സിനിമ. ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഓണത്തിനാണ് റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. വിജയരാഘവന്റെ പ്രകടനവും കയ്യടി നേടുകയാണ്.


Click it and Unblock the Notifications











